Hivision Channel

Kerala news

അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം

അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ആന്റോയുടെ ജാമ്യാപേക്ഷ അംഗീകരിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. വീട്ടില്‍ അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചതിനാണ് കേസ്. മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ആന്റോ.നേരത്തെ, അനധികൃതമായി മദ്യം കൈവശം വെച്ച കേസില്‍ ആന്റോയുടെ ജാമ്യാപേക്ഷ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ആന്റോ ഹൈക്കോടതി സമീപിച്ചത്.

ശബരിമല വിഷയത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി വി എന്‍ വാസവന്‍

ശബരിമല വിഷയത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി വി എന്‍ വാസവന്‍. ഈ സമയത്ത് പരസ്പരം കുറ്റപ്പെടുത്തലല്ല, യോജിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് വി എന്‍ വാസവന്‍ പറഞ്ഞു. വകുപ്പ് മന്ത്രി തന്നെ മുന്‍ കൈ എടുത്ത് ദേവസ്വം ബോര്‍ഡിനെ കൂടി ഉള്‍പ്പെടുത്തി മുന്നോട്ട് പോകണം. 32 വകുപ്പുകളുടെ ഏകോപനം ആവശ്യമാണ്. സര്‍ക്കാര്‍ ബോര്‍ഡിനെ സഹായിക്കുകയാണ് വേണ്ടതെന്നും വി എന്‍ വാസവന്‍ പ്രതികരിച്ചു.

‘കഴിഞ്ഞ മണ്ഡല കാലത്ത് ജൂണ്‍ മാസം തന്നെ ആദ്യ യോഗം വിളിച്ചു. തീര്‍ത്ഥാടനം തുടങ്ങും മുമ്പ് ഏഴ് മീറ്റിങുകള്‍ നടത്തിയിരുന്നു. എല്ലാ ഏകോപനവും ചെയ്താണ് കാര്യങ്ങള്‍ ഭംഗിയായി നടപ്പാക്കിയത്. പരസ്പരം കുറ്റപ്പെടുത്തല്‍ അല്ല, യോജിച്ചുള്ള പ്രവര്‍ത്തനമാണ് ആവശ്യം. ചര്‍ച്ച ചെയ്താണ് മുന്നോട്ട് പോകേണ്ടത്’, വി എന്‍ വാസവന്‍ പറഞ്ഞു.

ദേവസ്വം മന്ത്രിയും ബോര്‍ഡും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഈ സര്‍ക്കാരിന്റെ തുടക്കം മുതല്‍ തന്നെ പരസ്യമായതാണ്. മണ്ഡലകാല മുന്നൊരുക്കങ്ങള്‍ തൃപ്തികരമല്ലെന്നാണ് മന്ത്രിയുടെ നിലപാട്. ദേവസ്വം ബോര്‍ഡിന് അലംഭാവമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനാണ് മന്ത്രി കെ മുരളീധരന്റെ തീരുമാനം. മന്ത്രിതല, ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച് മണ്ഡലകാല തീര്‍ത്ഥാടനം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെടാനാണ് മന്ത്രിയുടെ തീരുമാനം.

സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകാന്‍ സാധ്യത

സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകാന്‍ സാധ്യത. നാളെ തെക്കന്‍ ജില്ലകളിലും മറ്റന്നാള്‍ വടക്കന്‍ ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. 24ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ടായിരിക്കും.

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതാണ് മഴ ശക്തമാകാന്‍ കാരണം. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നാണ് അറിയിപ്പ്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി അതിതീവ്ര ന്യൂനമര്‍ദ്ദമായി വീണ്ടും ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. തുടര്‍ന്നും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് സെപ്റ്റംബര്‍ 23-ന് രാവിലെ വടക്കന്‍ ആന്ധ്രപ്രദേശ്, തെക്കന്‍ ഒഡീഷ തീരങ്ങള്‍ക്ക് സമീപം എത്താനാണ് സാധ്യത.

മധ്യ തമിഴ്നാടിനും സമീപ പ്രദേശങ്ങള്‍ക്കും മുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 4.5 മുതല്‍ 7.6 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. കേരളം, തമിഴ്‌നാട്, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലൂടെയും തെക്കുകിഴക്കന്‍ അറബിക്കടലില്‍ നിന്ന് ന്യൂനമര്‍ദ്ദ മേഖലയുമായി ബന്ധപ്പെട്ട മധ്യ തമിഴ്‌നാടിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലുള്ള ചക്രവാതച്ചുഴിയുടെ കേന്ദ്രത്തിലൂടെയും പ്രസ്തുത ചക്രവാതച്ചുഴിയിലേക്ക് സമുദ്രനിരപ്പില്‍ നിന്ന് 5.8 മുതല്‍ 7.6 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ഒരു ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ സെപ്റ്റംബര്‍ 25 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

പ്രതിപക്ഷനേതാവ് പിണറായി വിജയനും പിഎ മുഹമ്മദ് റിയാസ് എംഎല്‍എയ്ക്കും എതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയനും പിഎ മുഹമ്മദ് റിയാസ് എംഎല്‍എയ്ക്കും എതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്. അന്വേഷണം നടത്തുന്നതിനെ അനുകൂലിക്കുന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പ്രാഥമിക അന്വേഷണം നടത്തണോ അതോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണോ എന്നതില്‍ മുഖ്യമന്ത്രി -ആഭ്യന്തര മന്ത്രി കൂടിക്കാഴ്ചയില്‍ തീരുമാനമുണ്ടാകും. രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് തീരുമാനം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാനുളള സാധ്യതയുമുണ്ട്.

നൂറു ദിനം പൂര്‍ത്തിയാക്കി യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര

നൂറു ദിനം പൂര്‍ത്തിയാക്കി യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര. 12 കോടിയിലധികം സൗജന്യ യാത്ര ഓര്‍ഡിനറി ബസ്സുകളിലൂടെ നടന്നുവെന്നാണ് ഗതാഗത വകുപ്പിന്റെ കണക്ക്. സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ള സ്ത്രീകള്‍ക്ക് ആനുകൂല്യം പ്രയോജനപ്പെട്ടു. പദ്ധതി നടപ്പിലാക്കിയതുമൂലം പ്രതിസന്ധിയിലായ സ്വകാര്യബസ് മേഖലയെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി.കെഎസ്ആര്‍ടിസിയു ഓര്‍ഡിനറി ഇതര സര്‍വീസുകളിലും പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ജൂണ്‍ 15നാണ് യുഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനറി ബസ്സുകളിലെ സൗജന്യ യാത്ര ആരംഭിക്കുന്നത്. പദ്ധതിക്ക് പ്രിയദര്‍ശിനിയെന്ന് പേരുമിട്ടു. തിരഞ്ഞെടുപ്പുകാലത്തെ ഇന്ദിര ഗ്യാരണ്ടി നടപ്പിലായത് സര്‍ക്കാരിന് എനര്‍ജി ബൂസ്റ്ററായി. മറ്റൊരു സര്‍ക്കാരും നടപ്പിലാക്കാത്ത സ്ത്രീശക്തീകരണ മാതൃകയെന്ന് വാഴ്ത്തപ്പെട്ടു.

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം: ന്യായീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റാനുള്ള തീരുമാനം പ്രവര്‍ത്തനത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണെന്ന് മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ ഇന്ന് കേന്ദ്രമന്ത്രിയെ കണ്ട കേരളത്തില്‍ നിന്നുള്ള എംപിമാരുമായി സംസാരിച്ച ശേഷം എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇതോടെ പാലക്കാട് റെയില്‍വെ ഡിവിഷനെ വിഭജിച്ച് മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റിയ തീരുമാനം പിന്‍വലിക്കില്ലെന്ന് ഉറപ്പായി.

സംസ്ഥാനത്ത് സ്വര്‍ണ വില കൂടി; ഇന്ന് ഒരു പവന് വില 1,13,480 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 15 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,185 രൂപയായി വില. ഒരു പവന് കണക്കാക്കുമ്പോള്‍ 1,13,480 രൂപയാണ് വില വരുന്നത്. ഇന്നലെ ഉച്ചക്ക് സ്വര്‍ണ വില പവന് 800 രൂപ കുറഞ്ഞ് 1,13,360 രൂപയിലായിരുന്നു ക്ലോസ് ചെയ്തിരുന്നത്. അന്താരാഷ്ട്ര വിലയില്‍ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്.

ഹൈക്കോടതി അനുമതിയോടെയാണ് അരവണ പ്ലാന്റിന്റെ ശേഷി കൂട്ടുന്നത്, വീഴ്ച ഉണ്ടായിട്ടില്ല: ദേവസ്വം ബോര്‍ഡ്

ശബരിമല അരവണ വിവാദത്തില്‍ ദേവസ്വംമന്ത്രി കെ. മുരളീധരനെ തള്ളി ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ വീഴ്ച ഉണ്ടായിട്ടില്ല. ഹൈക്കോടതിയുടെ അനുമതിയോടെയാണ് മണ്ഡലകാലം തുടങ്ങുന്നതിന് മുന്‍പ് അരവണ പ്ലാന്റിന്റെ ശേഷി കൂട്ടുന്നത്.

ഏത് സമയത്ത് തുടങ്ങിയാലും പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ഒന്നര മാസം വേണ്ടി വരും. മണ്ഡലകാലത്തിന് സമാനമായി സ്വാമിമാര്‍ എത്തിയതിനാലാണ് അരവണ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അടുത്തമാസം പത്തിന് അരവണ പ്ലാന്റിന്റെ നവീകരണം പൂര്‍ത്തിയാക്കും. തീര്‍ഥാടകര്‍ക്ക് വേണ്ടത്ര അപ്പവും അരവണയും നല്‍കാനുള്ള കരുതലുണ്ടാവുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

കന്നിമാസപൂജകള്‍ക്കായി നട തുറന്ന ശബരിമലയില്‍ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം നേരിട്ടതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. നട തുറന്ന സമയത്ത് പ്ലാന്റ് ശുദ്ധീകരിക്കാന്‍ നിന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം.

സര്‍ക്കാരിന് അതിന്റെതായ ഉത്തരവാദിത്വം ഉണ്ട്. വേണ്ടിവന്നാല്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ആശങ്ക അറിയിക്കും. ഒരു സ്‌പെഷ്യല്‍ ടീമിനെ വച്ച് ഉത്സവം നടത്തണോ എന്ന കാര്യം മുഖ്യമന്ത്രിയുമായി കൂടി ആലോചിക്കും. ഒരു കാരണവശാലും ഈ പരീക്ഷണത്തിന് നിന്ന് കൊടുക്കാനാകില്ല.

ഭക്തര്‍ക്കുള്ള ഒരു അനുകൂല്യവും മുടങ്ങാന്‍ പാടില്ല. നട തുറന്നിരിക്കുമ്പോള്‍ ഭക്തര്‍ക്ക് പ്രസാദം ലഭിക്കണം. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണ്. ഇനിയൊരു പരീക്ഷണത്തിന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മണ്ഡലകാലത്തിന് മുന്‍പ് ദര്‍ശനത്തിന് വരുന്നവര്‍ക്ക് അരവണയും അപ്പവും വേണ്ടേ? ബോര്‍ഡ് പറയുന്നതിന് ഒരു അടിസ്ഥാനം വേണ്ടേ? നട അടയ്ക്കുമ്പോള്‍ പ്ലാന്റില്‍ പണികള്‍ നടത്തിയാല്‍ പോരെ? അല്ലെങ്കില്‍ ബദല്‍ സംവിധാനം കൊണ്ടുവരണം.ഇപ്പോള്‍ ഉണ്ടായ അരവണ ക്ഷാമം ഒരു സൂചനയാണെന്നും മന്ത്രി വിമര്‍ശിച്ചു.

കഴിഞ്ഞദിവസം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിനെ ഫോണില്‍ വിളിച്ച് ദേവസ്വം മന്ത്രി അതൃപ്തി അറിയിച്ചിരുന്നു. കരുതല്‍ ശേഖരം ഒരുക്കുന്നതില്‍ ബോര്‍ഡിന് വീഴ്ചപറ്റിയെന്ന് വിമര്‍ശിച്ചു.

ലോക കേരളസഭ തുടരില്ലെന്ന യുഡിഎഫ് തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍

ലോക കേരളസഭ തുടരില്ലെന്ന യുഡിഎഫ് തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയതു പോലെ ലോക കേരളസഭ സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ല. അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകള്‍ക്കും നോര്‍ക്ക വഴി നടത്തുന്ന ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്കും മാത്രമാണ് തുക അനുവദിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ലോക കേരളസഭയുടെ ആറാമത് എഡിഷന് സര്‍ക്കാര്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസി ക്ഷേമ പദ്ധതികള്‍ സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ്. അത്തരം നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും കൂടിയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്.

വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

അതേസമയം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും, നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.