Hivision Channel

Kerala news

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഈ മാസം 27ന് ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. തിങ്കള്‍(28) മുതല്‍ മൂന്ന് ദിവസം ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം. ഉപഭോക്താക്കളുടെ സൗകര്യത്തിന് വേണ്ടിയാണ് ഞായറാഴ്ച ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണല്‍ റൂറല്‍ ബാങ്കുകളും ഞായറാഴ്ച സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് (യു.എഫ്.ബി.യു.) പണിമുടക്കിന് ആഹ്വാനംചെയ്തത്. സെപ്റ്റംബര്‍ 26, 27 തീയതികളിലെ വാരാന്ത്യ അവധികള്‍ക്ക് പിന്നാലെയാണ് യു.എഫ്.ബി.യു പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഇടപാടുകാര്‍ക്ക് തടസ്സം സൃഷ്ടിച്ചേക്കാമായിരുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കാനുള്ള നീക്കമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന പണിമുടക്കിന് മുന്‍പായി ഉപഭോക്താക്കള്‍ക്ക് അവശ്യ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പാക്കുകയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യം. പണിമുടക്ക് മാറ്റിവെക്കണമെന്ന് സര്‍ക്കാരും ബാങ്ക് മാനേജ്മെന്റുകളും യൂണിയനുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. പൊതുമേഖലാ ബാങ്കുകള്‍ക്കും റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ക്കും ഞായറാഴ്ച പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍, പണിമുടക്ക് തുടങ്ങുന്നതിന് മുന്‍പ് തന്നെ ഉപഭോക്താക്കള്‍ക്ക് ബാങ്ക് ശാഖകള്‍ വഴിയുള്ള ഇടപാടുകള്‍ നടത്താന്‍ അവസരമുണ്ടാകും.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത കേസില്‍ ഗൂഗിളിന് കത്ത് നല്‍കി പൊലീസ്

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത കേസില്‍ ഗൂഗിളിന് കത്ത് നല്‍കി പൊലീസ്. ഐടി വിഭാഗത്തിന്റെ ഔദ്യോഗിക മെയില്‍ ഐഡിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് കത്ത് അയച്ചിരിക്കുന്നത്.പത്തോളം കെഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു

രണ്ടാഴ്ച മുന്‍പാണ് കൊച്ചി മെട്രോയുടെ എക്സ്റ്റന്‍ഷന്‍ ബ്ലൂ പ്രിന്റ് അടക്കം ചില വാട്സാപ്പ് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടത്. ആരോ ഹാക്ക് ചെയ്ത് പ്രചരിപ്പിച്ചുവെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഐടി വിഭാഗത്തിന്റെ ഔദ്യോഗിക മെയില്‍ ഐഡി ഉപയോഗിച്ചാണ് ഹാക്ക് ചെയ്തത്. അതിനാല്‍ തന്നെ പിന്നില്‍ ഉദ്യോഗസ്ഥരില്‍ ചിലരെന്ന സംശയവും പോലീസിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തത്.

രേഖകള്‍ പ്രചരിപ്പിച്ച വാട്ട്സ്ആപ്പ് കേന്ദ്രീകരിച്ചും കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാണ്. കെഎംആര്‍എല്‍ ഡയറക്ടറുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്. അതീവ രഹസ്യ സ്വഭാവമുള്ള രേഖകള്‍ പുറത്ത് പോയിട്ടില്ലെന്നാണ് കെഎംആര്‍എല്ലിന്റെ വിശദീകരണം.

താമരശേരിയില്‍ വിദ്യാര്‍ഥിക്ക് സ്‌കൂളില്‍ നിന്ന് പാമ്പുകടിയേറ്റു

താമരശേരിയില്‍ വിദ്യാര്‍ഥിക്ക് സ്‌കൂളില്‍ നിന്ന് പാമ്പുകടിയേറ്റു. ചാലക്കര ഗവ. യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അഹിയാന്‍ മുഹമ്മദിനാണ് പാമ്പുകടിയേറ്റത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗ്രൗണ്ടില്‍ വച്ചാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്നാണ് വിവരം. തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കെഎസ്ആര്‍ടിസി ടൂറിസം ഡിവിഷന്‍ ആരംഭിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍

കെഎസ്ആര്‍ടിസി ടൂറിസം ഡിവിഷന്‍ ആരംഭിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. കെഎസ്ആര്‍ടിസിയുടെ ആഭിമുഖ്യത്തില്‍ ഭാരത് ദര്‍ശന്‍ യാത്രകള്‍ ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സര്‍വീസ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്‌റ്റ്വെയര്‍, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെയും ഔദ്യോഗിക ഉദ്ഘാടനം തമ്പാനൂര്‍ ഹോട്ടല്‍ ചൈത്രത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.

സോഫ്റ്റ്വെയര്‍ നിലവില്‍ വന്നതോടെ യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനാകും. ഇന്ത്യന്‍ റെയില്‍വേയ്ക്ക് സമാനമായി കെഎസ്ആര്‍ടിസി ടിക്കറ്റ് റിസര്‍വേഷനിലും വെയിറ്റിങ് ലിസ്റ്റ് ഏര്‍പ്പെടുത്തുന്നതാണ് പുതുതായി ഒരുക്കിയ സംവിധാനം. കെഎസ്ആര്‍ടിസി ബസുകള്‍ ലീസിന് എടുക്കുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തന്റെ എം എല്‍ എ ഫണ്ടില്‍ നിന്ന് രണ്ട് ബസുകള്‍ തിരുവനന്തപുരം ജില്ലയ്ക്ക് സംഭാവന ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

ജലഗതാഗത വകുപ്പിനെയും കെ എസ് ആര്‍ ടി സിയെയും സംയോജിപ്പിച്ചു പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ തീരുമാനിച്ചു. ജലഗതാഗത വകുപ്പ് സിയാലില്‍ നിന്ന് വാടകയ്ക്ക് എടുത്ത സോളാര്‍ ബോട്ടുകളില്‍ സെപ്റ്റംബര്‍ 30 മുതല്‍ പാര്‍വതി പുത്തനാറില്‍ ബോട്ടിങ് ആരംഭിക്കും. വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള ചരക്കുനീക്കത്തില്‍ പങ്കാളിയാകാനുള്ള ചര്‍ച്ചകള്‍ കെഎസ്ആര്‍ടിസി തുടങ്ങി. ഇതിനായി ട്രക്കുകള്‍ വാടകയ്ക്ക് എടുക്കുമെന്ന് മന്ത്രി അറിയിച്ചു

സ്വകാര്യ വാഹന ഉപയോഗം: സര്‍ക്കാര്‍ അനുമതി നല്‍കിയത് 2 മന്ത്രിമാര്‍ക്ക് മാത്രം

വിവാദ റേഞ്ച് റോവര്‍ യാത്രയില്‍ തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാദം പൊളിയുന്നു. സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയത് 2 മന്ത്രിമാര്‍ക്ക് മാത്രം. കുഞ്ഞാലികുട്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രമാണ് പൊതുഭരണ വകുപ്പിന്റെ അനുമതി കിട്ടിയത്. സര്‍ക്കാര്‍ വാഹനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചെന്നിത്തല സ്വന്തം വണ്ടിക്ക് അപേക്ഷ നല്‍കിയത്. അനുമതി ഉണ്ടെന്ന കെ എം ഷാജിയുടെ വാദം ശരിയല്ലെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ ഇന്നലെ തന്നെ പുറത്തുവന്നിരുന്നു.

സ്വകാര്യ വാഹനം കെ എം ഷാജിക്ക് ഔദ്യോഗിക വാഹനമാക്കാന്‍ അനുമതി നല്‍കി ഇതുവരെ പൊതുഭരണവകുപ്പ് ഉത്തരവിറങ്ങിയിട്ടില്ല. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ നിന്ന് കുര്‍ഗിലേക്കുള്ള യാത്രയ്ക്ക് മാത്രമാണ് ഷാജിക്ക് സ്വകാര്യ കാര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ വിഭാഗത്തിന് കൈമാറിയ കത്തില്‍ റേഞ്ച് റോവറിന്റെ നമ്പര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദുരന്ത നിവാരണ നിധിയില്‍ ആളുകള്‍ പണം നല്‍കുന്നത് പാവങ്ങളെ സഹായിക്കാന്‍, ആ ഫണ്ട് മുഖ്യമന്ത്രിക്ക് വിമാനത്തില്‍ പോകാനല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

ദുരന്ത നിവാരണ നിധിയില്‍ ആളുകള്‍ പണം നല്‍കുന്നത് പാവങ്ങളെ സഹായിക്കാന്‍, ആ ഫണ്ട് മുഖ്യമന്ത്രിക്ക് വിമാനത്തില്‍ പോകാനല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ദുരന്ത നിവാരണ ഫണ്ട് ഉപയോഗിക്കാത്തത് സര്‍ക്കാരിന്റെ ഫണ്ട് ആവശ്യമില്ലാതെ കളയുന്നതില്‍ താത്പര്യമില്ല. അതില്‍ നിന്നൊന്നും എടുക്കേണ്ട കാര്യവുമില്ല. ഒരു മഴക്കാറു പോലുമില്ലാതെയാണ് മലപ്പുറത്ത് കെടുതി ഉണ്ടായത്. അവിടെയൊന്നു നേരില്‍ പോയി കാണാന്‍ സര്‍ക്കാരിന്റെ ഫണ്ട് കളയേണ്ട കാര്യമില്ല.

പ്രളയ ദുരിതാശ്വാസഫണ്ട് കൃത്യമായി ആലപ്പുഴ പത്തനംതിട്ട ജില്ലകള്‍ക്ക് കൈമാറിയിട്ടുണ്ട്. അവിടെയെല്ലാം അനര്‍ഹരായ ആളുകള്‍ അപേക്ഷ നല്‍കി. അവിടെ സൂക്ഷ്മമായ പരിശോധന നടന്നു വരികയാണ്. അര്‍ഹരായ ആളുകള്‍ക്ക് തുക നല്‍കും. ധാരാളം അനര്‍ഹരായ ആളുകള്‍ തുക വാങ്ങിച്ചെടുക്കാന്‍ ശ്രമം നടത്തുന്നു. വീട്ടില്‍ വെള്ളം കയറിയ എല്ലാവര്‍ക്കും തുക നല്‍കും.

പൊലീസിന്റെ ഹെലികോപ്റ്ററിന് വലിയ തുകയാണ് നല്‍കേണ്ടി വരുന്നത്. 25 മണിക്കൂറിനു 80 ലക്ഷം. ആ തുക കുറച്ചു എടുക്കാന്‍ കഴിയുമോ എന്ന് ആലോചിക്കുന്നു. ഖജനാവ് ചോര്‍ച്ച തടയാനാണ് ശ്രമിക്കുന്നത്. അത് കൊണ്ടാണ് എഗ്രിമെന്റ് തുടരാതിരുന്നത്. തുടരുന്ന കാര്യം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ തര്‍ക്കങ്ങള്‍ ഇല്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ചില കാര്യങ്ങളില്‍ ഡിലെ ഉണ്ടായി. അത് ബോര്‍ഡുമായി സംസാരിച്ചു ചെയ്ത് വരികയാണ്. റോഡ് നിര്‍മ്മാണത്തിനുള്ള പണം അടിയന്തിരമായി അനുവദിച്ചു.

ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടും. പമ്പയില്‍ വീണ്ടും യോഗം ചേരും. ശബരിമല സീസണ്‍ തയ്യാറെടുപ്പ് നടക്കുന്ന സമയത്ത് ബോര്‍ഡിനെ മാറ്റാന്‍ ഒരു ശ്രമവും സര്‍ക്കാര്‍ നടത്തില്ല. നടത്തിപ്പിന്റെ പ്രധാന ചുമതല ദേവസ്വം ബോര്‍ഡിനാണ്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ചെയ്യേണ്ട കാര്യങ്ങള്‍ ഒക്കെ കൃത്യമായി സര്‍ക്കാര്‍ ചെയ്യുന്നുണ്ട്.

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ സെപ്റ്റംബര്‍ 25 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനുമാണ് സാധ്യത. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് ഉണ്ട്.

പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. പന്തടിക്കളം സ്വദേശി വിജയനാണ് മരിച്ചത്. ചക്കക്കൊമ്പന്‍ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇന്നലെ ജോലി കഴിഞ്ഞ് ജോലി സ്ഥലത്തെ ഷെഡില്‍ കിടന്ന് ഉറങ്ങുകയായിരുന്നു വിജയന്‍. ഇന്ന് രാവിലെ വീട്ടിലേക്ക് വരുന്ന വഴിക്കാണ് കാട്ടാന ആക്രമിച്ചത്. പ്രദേശത്ത് കാട്ടാന ഉണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഇന്നലെ ആര്‍ആര്‍ടി സംഘം അറിയിച്ചിരുന്നു. സംഭവസ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം എത്തിയിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് പേരാണ് ഈ മേഖലയില്‍ മാത്രം മരിച്ചത്. നാട്ടുകാര്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ട്.

നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു

നാടക ചലച്ചിത്ര നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഏറെ നാള്‍ കിടപ്പിലായിരുന്നു. സുഡാനി ഫ്രം നൈജീരിയ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ചു. കെ ടി മുഹമ്മദിന്റെ നിരവധി നാടകങ്ങളില്‍ നായികയായിരുന്നു. തിരുവള്ളൂരിലെ വീട്ടിലായിരുന്നു അന്ത്യം സംഭവിച്ചത്.

ഏറെ വര്‍ഷങ്ങളായി നാടക രംഗത്ത് സജീവമായിരുന്നുവെങ്കിലും വെള്ളിത്തിരയില്‍ വളരെ വൈകിയാണ് സാവിത്രി ശ്രീധരന്‍ ശ്രദ്ധിക്കപ്പെട്ടത്. മുമ്പ് ചില ചെറിയ വേഷങ്ങളില്‍ വെള്ളിത്തിരയില്‍ എത്തിയിരുന്നെങ്കിലും സുഡാനി ഫ്രം നൈജീരിയയിലെ ജമീല ഉമ്മ എന്ന കഥാപാത്രത്തിലൂടെയാണ് സാവിത്രി ശ്രീധരന്‍ എന്ന നടി മലയാളിയുടെ ഹൃദയത്തില്‍ ചേക്കേറിയത്. കോഴിക്കോട്ടെ നാടക വേദികളില്‍ പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമായിന്നു സാവിത്രി.

വോട്ടര്‍പട്ടിക ശുദ്ധീകരണം നവംബര്‍ 30നകം പൂര്‍ത്തിയാക്കണം: ചീഫ് ഇലക്ടറല്‍ ഓഫീസര്‍

കണ്ണൂര്‍:ജില്ലയിലെ വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയ നവംബര്‍ 30നകം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. ഡി സജിത്ത് ബാബു. ജില്ലാ കലക്ടറേറ്റില്‍ നടന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബര്‍ 30നു മുമ്പ് ലഭിക്കുന്ന എഎസ്ഡി (ആബ്സന്റ്, ഷിഫ്റ്റ്, ഡെത്ത്) അപേക്ഷകളില്‍ പൂര്‍ണമായി നടപടികള്‍ സ്വീകരിക്കണം. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള മരണ രജിസ്റ്റര്‍ പ്രകാരം മരണപ്പെട്ടവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ഓരോ മാസവും സ്വീകരിക്കണം. സ്ഥലത്തില്ലാത്തവരും സ്ഥലം മാറിപ്പോയവരുമായ വോട്ടര്‍മാരെ കണ്ടെത്തി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ വച്ചുതാമസിപ്പിക്കുന്ന ബിഎല്‍ഒമാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

പോളിംഗ് സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. റാംപ്, ടോയ്ലെറ്റ്, കുടിവെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അവിടങ്ങളില്‍ ഉറപ്പുവരുത്തണം. ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത പോളിംഗ് സ്റ്റേഷനുകള്‍ മാറ്റി പുതിയത് കണ്ടെത്തുന്നതിനുള്ള നടപടികളും വേഗത്തിലാക്കണം. വിദ്യാലയങ്ങളിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകള്‍ സജീവമാക്കുകയും അവ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ്, സബ് കളക്ടര്‍ രവി മീണ, അസിസ്റ്റന്റ് കളക്ടര്‍ എസ് സ്വാതി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ വി ശ്രുതി, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിഎം-വിവിപാറ്റ് വെയര്‍ ഹൗസും സിഇഒ സന്ദര്‍ശിച്ചു. സന്ദര്‍ശന വേളയില്‍ ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ വി ശ്രുതി എന്നിവര്‍ക്കു പുറമെ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ സി എം ഗോപിനാഥന്‍ (ഐഎന്‍സി), സി എറമുള്ളാന്‍ (ഐയുഎംഎല്‍), കെ ശഹറാസ് (സിപിഐഎം), എം ഗംഗാധരന്‍ (സിപിഐ) തുടങ്ങിയവരും സന്നിഹിതരായിരുന്നു.