തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറക്കുന്ന ഉത്തരവ് പിന്‍വലിക്കുക, തൊഴില്‍ ദിനങ്ങള്‍ 200 ആയി വര്‍ധിപ്പിക്കുക, ഇ എസ് ഐ അനുവദിക്കുക, ആയുധ വാടക പുനസ്ഥാപിക്കുക, ക്ഷേമ നിധി നടപ്പിലാക്കുക, വേതനം 700 രൂപയാക്കി ഉയര്‍ത്തുക, ഫെസ്റ്റിവല്‍ അലവന്‍സ് അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് എന്‍ ആര് ഇ ജി വര്‍ക്കേഴ്സ് ഫെഡറേഷന് ഈ മാസം 22 ന് രാജ്ഭവന് മുന്നില്‍ നടത്തുന്ന തൊഴില്‍ സംരക്ഷണ സംഗമത്തിന്റെ ഭാഗമായാണ് കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തിയത്. എ ഐ ടി യു സി സംസ്ഥാന കമ്മറ്റി അംഗം സി.വിജയന് ഉദ്ഘാടനം ചെയ്തു. സിസിലി ആമക്കാട്ട് അധ്യക്ഷത വഹിച്ചു, എ ഐ ടി യു സി മണ്ഡലം പ്രസിഡണ്ട് വി.പത്മനാഭന്, പഞ്ചായത്ത് അംഗം ഷാജി പൊട്ടയില്‍ ,സിപിഐ കൊട്ടിയൂര്‍ ലോക്കല്‍ സെക്രട്ടറി കെ.എ ജോസ്, ബേബി അമക്കാട്ട്, രാധാകൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഓണകിറ്റ് വിതരണത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി ജി.ആര് അനില്‍. 13 ഉല്‍പ്പന്നങ്ങളും തുണി സഞ്ചിയും ഉള്‍പ്പടെയാണ് വിതരണം ചെയ്യുന്നത്. മെച്ചപ്പെട്ട ഉല്‍പ്പന്നങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെളിച്ചെണ്ണ പ്രത്യേകമാകും വിതരണം ചെയ്യുക. മുഖ്യമന്ത്രിയുടെ തീയതി ലഭ്യമായാല്‍ എ.എ.വൈ കാര്‍ഡുകാര്‍ക്ക് ആദ്യം നല്‍കും. തുടര്‍ന്ന് നീല, വെള്ള കാര്‍ഡുകാര്‍ക്ക് വിതരണം ചെയ്യും. നിശ്ചയിച്ച തീയതിക്ക് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് അവസാന നാലുദിവസം കിറ്റ് വാങ്ങാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
സ്വര്‍ണ വില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 37,880 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4,735 രൂപയായി. 38,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് വില. ഗ്രാമിന് 4,795 രൂപയുമായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഓഗസ്റ്റ് ഒന്നിനാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമായിരുന്നു അന്ന് സ്വര്‍ണത്തിന്റെ വില.
കോഴിക്കോട് വടകരയില്‍ തെങ്ങ് ദേഹത്തേക്ക് വീണ് നാല് കുട്ടികള്‍ക്ക് പരുക്ക്. പുതിയാപ്പില്‍ നിന്ന് സ്കൂളില്‍ പോവുകയായിരുന്ന കുട്ടികള്‍ക്കാണ് പരുക്കേറ്റത്. കാറ്റില്‍ തെങ്ങ് മുറിഞ്ഞ് വീഴുകയായിരുന്നു. ആരുടെയും പരുക്കുകള്‍ ഗുരുതരമല്ല. രാവിലെ ട്യൂഷന് ക്ലാസിലേക്ക് പോകുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് തെങ്ങ് വീഴുകയായിരുന്നു. അതിശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഈ കാറ്റില്‍ തെങ്ങ് മുറിഞ്ഞ് കുട്ടികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ഓടിയെത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി.ഇതില്‍ രണ്ട് കുട്ടികളെ കൂടുതല്‍ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കശ്മീരില്‍ സൈനിക ക്യാമ്പില്‍ ചാവേറാക്രമണം. മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് ജവാന്മാര്ക്ക് പരിക്കേറ്റു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പ്രദേശം വളഞ്ഞ് സൈന്യം. നടപടി തുടരുന്നതായി റിപ്പോര്‍ട്ട്. രണ്ട് ഭീകരര്‍ ആര്‍മി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സൈന്യം തിരിച്ചടിച്ചത്. ഇതോടെ സൈന്യവും ഭീകരരും തമ്മിലേറ്റുമുട്ടലുണ്ടായി. ചാവേര്‍ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. കൂടുതല്‍ ഭീകരരെത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കൂടുതല്‍ സൈന്യത്തെയും സ്ഥലത്തേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്.
മട്ടന്നൂർ: നഗരസഭാ തെരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന്് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സ്ഥാനാർഥികളോടും ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന പെരുമാറ്റച്ചട്ടം സംബന്ധിച്ച ജില്ലാതല മോണിറ്ററിങ്ങ് കമ്മിറ്റി നിർദേശിച്ചു. തെരഞ്ഞെടുപ്പ് പൊതുനിരീക്ഷക ആർ കീർത്തിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.തെരഞ്ഞെടുപ്പ് സമാധാനപരവും നീതിപൂർവ്വവുമായി നടത്താൻ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും സഹകരിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം, വോട്ടെടുപ്പ് എന്നീ പ്രവർത്തനങ്ങളെല്ലാം സമാധാനപരമായിരിക്കുമെന്ന് പാർട്ടി നേതൃത്വം ഉറപ്പുവരുത്തണം. താഴെ തട്ടിലുള്ള പ്രവർത്തകരിൽ വരെ ഈ സന്ദേശം എത്തിക്കാൻ രാഷ്ട്രീയപാർട്ടികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്താൻ നടപടി സ്വീകരിച്ചതായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതായ ചില പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ ശക്തമായ നടപടി പൊലീസ് സ്വീകരിക്കും. വോട്ടെടുപ്പ് ദിവസം സമീപ പഞ്ചായത്തുകളിൽ നിന്ന് ആളുകൾ മട്ടന്നൂരിൽ കേന്ദ്രീകരിക്കുന്നത് തടയാനുള്ള നടപടികളും കൈക്കൊള്ളുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. പ്രചാരണം അവസാനിക്കുന്ന ദിവസത്തെ ക്രമീകരണങ്ങൾക്കായി മട്ടന്നൂരിൽ ആഗസ്റ്റ് 13ന് രാഷ്ട്രീയപാർട്ടികളുടെ യോഗം ചേരും. നഗരസഭയുടെ പ്രസിദ്ധീകരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതായ പരാതിയിൽ പരിശോധിച്ച് നടപടി ആവശ്യമെങ്കിൽ കൈക്കൊള്ളുമെന്ന് കലക്ടർ അറിയിച്ചു.ജില്ലാ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ലിറ്റി ജോസഫ്, റിട്ടേണിംഗ് ഓഫീസർ പി കാർത്തിക്, സിറ്റി ഡിവൈഎസ്പി പി കെ ധനഞ്ജയ ബാബു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, സ്റ്റേഷൻ ഹൗസ് ഓഫീസർ എം കൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും ദേശീയപതാകയിലെ നിറങ്ങളിലുള്ള ദീപാലങ്കാരം നടത്താം. ഏറ്റവും നന്നായി അലങ്കരിച്ച ഓഫീസിന് സമ്മാനം നൽകും. ദീപാലങ്കാര മത്സരത്തിൽ പങ്കെടുക്കുന്ന ഓഫീസുകളുടെ പേര് വിവരം കണ്ണൂർ തഹസിൽദാരെ ആഗസ്റ്റ് 13നകം അറിയിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഫോൺ: 04972700225
കണ്ണൂർ:സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കെ എസ് ആർ ടി സി കണ്ണൂർ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വിനോദയാത്ര നടത്തുന്നു. വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും. ആദ്യ ദിവസം കെ എസ് ആർ ടി സി ഡബിൾ ഡെക്കർ ബസിൽ തിരുവനന്തപുരം നഗരം ചുറ്റിക്കാണും. പത്മനാഭസ്വാമി ക്ഷേത്രം, കുതിരമാളിക, മ്യൂസിയം, പ്ലാനറ്റേറിയം, കോവളം ബീച്ച്, ശംഖുമുഖം ബീച്ച്, ലുലുമാൾ എന്നിവയും കാണാൻ സൗകര്യമൊരുക്കും. രണ്ടാം ദിവസം കുമരകത്ത് ഹൗസ് ബോട്ടിൽ കായൽ സഞ്ചാരവും മറൈൻ ഡ്രൈവിംഗിൽ സൈറ്റ് സീൻ സൗകര്യവും ഒരുക്കും. ഡോർമിറ്ററിയിലെ താമസം ഉൾപ്പടെ ഒരാൾക്ക് 3400 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8089463675, 9496131288, 9048298740 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
ഉരുള്‍പൊട്ടല്‍ നാശം വിതച്ച കണിച്ചാര്‍, കോളയാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനവുമായി യൂണിഫോം സേനയിലേക്ക് പരിശീലനം നേടിയ ഉദ്യോഗാര്‍ഥികള്‍. വിവിധ യൂണിഫോം സേനകളിലേക്ക് ജില്ലാ പഞ്ചായത്തിന്റെ പരിശീലനം ലഭിച്ച പട്ടിക വര്‍ഗത്തിലെ 130 ഓളം യുവതീ യുവാക്കളാണ് സന്നദ്ധ പ്രവര്‍ത്തനത്തിനായി ഒരു ദിവസം രംഗത്തിറങ്ങിയത്. മയ്യില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ അക്കാദമിയിലെ കുട്ടികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സേവന പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഗീത സംസാരിച്ചു.
കണ്ണൂർ:സംസ്ഥാനത്തെ അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ 33 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ മാസം അവസാനത്തോടെ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് ആപ്ലിക്കേഷൻ നിലവിൽ വരുന്നു. എരഞ്ഞോളി, കതിരൂർ, പന്ന്യന്നൂർ, മാങ്ങാട്ടിടം, കോട്ടയം, ചിറ്റാരിപ്പറമ്പ്, അഞ്ചരക്കണ്ടി, വേങ്ങാട്, പിണറായി, ചെമ്പിലോട്, പെരളശ്ശേരി, കരിവെള്ളൂർ-പെരളം, രാമന്തളി, കടന്നപ്പളളി, ഉദയഗിരി, ചെങ്ങളായി, കണ്ണപുരം, ചെറുതാഴം, ചെറുകുന്ന്, പാപ്പിനിശ്ശേരി, കുറ്റിയാട്ടൂർ, മലപ്പട്ടം, കോളയാട്, കണിച്ചാർ, പേരാവൂർ, മാലൂർ, കേളകം, പടിയൂർ, പയ്യാവൂർ, പായം, കൂടാളി ഗ്രാമപഞ്ചായത്തുകളിലും ആന്തൂർ ഉൾപ്പടെ രണ്ട് നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കുക. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പരിശീലനം പൂർത്തിയായി. എരഞ്ഞോളി ഗ്രാമ പഞ്ചായത്തിലും ആന്തൂർ നഗരസഭയിലും സർവേ ആരംഭിച്ചു. മറ്റിടങ്ങളിൽ ഈ മാസം സർവേ നടത്തും.ഹരിത കർമസേന അംഗങ്ങൾ ഹരിതമിത്രം ആപ് ഡൗൺലൗഡ് ചെയ്ത് വീടുകളിലും കടകളിലും കയറിയാണ് വിവരശേഖരണം നടത്തുന്നത്. ശേഷം ക്യൂ ആർ കോഡ് പതിക്കും. തുടർന്നുള്ള മാസങ്ങളിൽ ഇവിടങ്ങളിൽ ശേഖരിക്കുന്ന മാലിന്യങ്ങളുടെ വിവരങ്ങൾ ക്യൂ ആർ കോഡ് വെച്ച് പുതുക്കാനാവും. ആപ്പ് നിലവിൽവരുന്നതോടെ പൊതുജനങ്ങൾക്ക് സേവനങ്ങൾ ആവശ്യപ്പെടാം. പരാതികൾ ഉന്നയിക്കാനും മാലിന്യം തള്ളുന്നത് റിപ്പോർട്ട് ചെയ്യാനും കഴിയും. തദ്ദേശ സ്ഥാപന അധ്യക്ഷർ, അംഗങ്ങൾ, ഹരിതകർമസേന അംഗങ്ങൾ, സൂപ്പർവൈസർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ക്ലീൻ കേരള കമ്പനി, ശുചിത്വമിഷൻ, ഹരിത കേരള മിഷൻ എന്നീ വിഭാഗക്കാർക്ക് ആപ്പിലൂടെ വിവരങ്ങൾ ലഭിക്കും. പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഇത് ഓഫ്ലൈനായും ഓൺലൈനായും ഉപയോഗിക്കാം. തദ്ദേശം, ജില്ല, സംസ്ഥാനതലം വരെ മോണിറ്റർ ചെയ്യാനുള്ള സംവിധാനമാണ് കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ഹരിതമിത്രം ഗാർബേജ് ആപ്പിലുള്ളത്.