Hivision Channel

Kerala news

മിര്‍ച്ചി മാര്‍പ്പുവിന്റെ മരണത്തില്‍ പ്രതിഷേധം കടുപ്പിച്ച് കോതമംഗലം എംഎ കോളേജിലെ വിദ്യാര്‍ത്ഥികള്‍

കോതമംഗലം എംഎ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മിര്‍ച്ചി മാര്‍പ്പു ജീവനൊടുക്കിയതില്‍ കടുത്ത പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികള്‍ തടിച്ച് കൂടി ഗേറ്റിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. വിദ്യാര്‍ത്ഥികളെ ഗേറ്റിന് പുറത്ത് നിര്‍ത്തിയിരിക്കുകയാണ്. കോളേജ് മാനേജ്മെന്റ് സെക്രട്ടറി വാന്നി വര്‍ഗീസിന്റെ വാഹനം വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം സമരം തുടരുമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന് പറഞ്ഞ് ഔദ്യോഗികമായ സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എന്നാല്‍ പ്രിന്‍സിപ്പലിന്റെയോ മാനേജ്മെന്റിന്റെയോ സീലുകളില്ലാത്ത സര്‍ക്കുലറാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഔദ്യോഗികമായ രീതിയില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കുന്ന സര്‍ക്കുലര്‍ പുറത്തിറക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. മിര്‍ച്ചി മാര്‍പ്പുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ മാറ്റി നിര്‍ത്തണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

വിഴിഞ്ഞം കണ്ടെയ്‌നര്‍ കവാടം മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു

പുതിയ നാഴികക്കല്ല് പിന്നിട്ട് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. കണ്ടെയ്‌നര്‍ കവാടം തുറന്നു. തുറമുഖം വഴിയുള്ള കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കം മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ലോകത്തിലേക്ക് ഉള്ള കേരളത്തിന്റെ വികസന കവാടം തുറന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍.

ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ഓട്ടോമേറ്റഡ് സിസ്റ്റമാണ് വിഴിഞ്ഞത്ത്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് റെയില്‍-റോഡ് കണക്റ്റിവിറ്റി കൂടി പൂര്‍ത്തിയാക്കിയെങ്കില്‍ നൂറിരട്ടി ഫലം ഉണ്ടാകുമായിരുന്നു. കേരള ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ അഭിമാനപദ്ധതി മിഷന്‍ സമുദ്രയുടെ പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. ലോകത്തിലേക്ക് ഉള്ള കേരളത്തിന്റെ വികസന കവാടം തുറന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തെ എക്‌സിം ചരക്ക് നീക്കത്തിലൂടെ വ്യാപാര-വ്യവസായ വളര്‍ച്ച മാത്രമല്ല സാധാരണക്കാരുടെ ജീവിതത്തിലും വന്‍ കുതിപ്പ് ഉണ്ടാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. വിഴിഞ്ഞം ഇന്ത്യയും ലോകവും തമ്മിലുള്ള ഗേറ്റ് വേ ആയി മാറിയെന്ന് അദാനി പോര്‍ട്ട് സിഇഒ അശ്വിനി ഗുപ്ത പറഞ്ഞു. തമിഴ്‌നാട്,കര്‍ണാടക,കേരളം റോഡ് കണക്റ്റിവിറ്റി പുതിയ മാറ്റമുണ്ടാക്കും. ഇതിനിടെ മുഖ്യാതിഥിയാകേണ്ട കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ പങ്കെടുത്തില്ല. പ്രതിപക്ഷനേതാവ് പിണറായി വിജയനും ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.

പ്രകൃതിക്ഷോഭം: ധനസഹായത്തിനും നഷ്ടപരിഹാരത്തിനും അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

സംസ്ഥാനത്ത് 2026 ജൂലൈ 29 മുതല്‍ ആഗസ്റ്റ് 10 വരെ ഉണ്ടായ പ്രകൃതിക്ഷോഭങ്ങളില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ആശ്വാസമായി, പ്രകൃതിക്ഷോഭ ദുരിതാശ്വാസ ധനസഹായത്തിനും വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിനും അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 5 വരെ നീട്ടിയതായി കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു.
അതിശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ കൃഷിനാശം സംഭവിച്ച സാഹചര്യത്തില്‍, അര്‍ഹരായ ഒരു കര്‍ഷകനും അപേക്ഷിക്കാനുള്ള അവസരം നഷ്ടപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് സമയപരിധി ദീര്‍ഘിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രകൃതിക്ഷോഭത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തര ആശ്വാസം ഉറപ്പാക്കുന്നതിനും കൂടുതല്‍ കര്‍ഷകരെ വിള ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനുമായി നേരത്തെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ വിവിധ നടപടികള്‍ക്ക് തീരുമാനമെടുത്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് അപേക്ഷാ തീയതി നീട്ടിയത്.
ഇതുവരെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്ത അര്‍ഹരായ എല്ലാ കര്‍ഷകരും സെപ്റ്റംബര്‍ അഞ്ചിനകം അകങട പോര്‍ട്ടല്‍ വഴിയോ സമീപത്തെ കൃഷിഭവനുമായി ബന്ധപ്പെട്ടോ അപേക്ഷ സമര്‍പ്പിക്കണം.
പ്രകൃതിക്ഷോഭം മൂലം കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് അര്‍ഹമായ ധനസഹായവും ഇന്‍ഷുറന്‍സ് നഷ്ടപരിഹാരവും ലഭ്യമാക്കുന്നതിനൊപ്പം കൃഷി പുനരാരംഭിക്കുന്നതിനാവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ മുന്‍ഗണനയോടെ തുടരുമെന്നും മന്ത്രി അറിയിച്ചു.

കേരള ഇനി കേരളം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

കേരള ഇനി കേരളം. സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്ന ‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഭരണഘടയില്‍ അടക്കം ഔദ്യോഗിക രേഖകളില്‍ പേര് കേരളം എന്നാകും. നേരത്തെ ബില്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു.

ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലിഷ് ഉള്‍പ്പെടെയുള്ള ഇതര ഭാഷകളിലും ‘Government of Kerala’ എന്നതിനു പകരം ‘Government of Keralam’ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിത്തുടങ്ങും.

കെ സുരേന്ദ്രന്‍ ബിജെപി ദേശീയ സെക്രട്ടറി

ബിജെപി ദേശീയ നേതൃത്വത്തില്‍ അഴിച്ചുപണി. പുതിയ ബിജെപി ദേശീയഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് 2 പേര്‍ ദേശീയ സെക്രട്ടറിമാരാകും. അനില്‍ ആന്റണി, കെ സുരേന്ദ്രന്‍ എന്നിവര്‍ ദേശീയ സെക്രട്ടറിമാരാകും. 13 വൈസ് പ്രസിഡന്റുമാര്‍, എട്ട് ജനറല്‍ സെക്രട്ടറിമാര്‍ അടങ്ങുന്ന പുതിയ പട്ടിക പുറത്തിറക്കി. പുനഃസംഘടനയില്‍ അനുഭവസമ്പത്തും പുതുതലമുറയുടെ ഊര്‍ജ്ജവും ഒരേപോലെ സംയോജിപ്പിക്കാനാണ് ബിജെപി നീക്കം.

അനില്‍ ആന്റണി നിലവില്‍ ദേശീയ സെക്രട്ടറിയായി തുടരും. എന്നാല്‍ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അബ്ദുള്ളക്കുട്ടിയെ മാറ്റി. ബി.എല്‍.സന്തോഷ് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. പീയുഷ് ഗോയലിനെ ദേശീയ ട്രഷററായി നിയമിച്ചു. ഹേമന്ത് ജോഷി യുവമോര്‍ച്ച അധ്യക്ഷനാകും. വസുന്തര രാജെ സിദ്ധ്യ ഉപാധ്യക്ഷയാകും. രാം മാധവ് ബിജെപി ഉപാധ്യക്ഷനാകും. സ്മൃതി ഇറാനി ദേശീയ ജനറല്‍ സെക്രട്ടറിയാകും.

2027-ല്‍ നടക്കാനിരിക്കുന്ന നിര്‍ണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ടുകൊണ്ടാണ് ഈ മാറ്റങ്ങള്‍ വരുത്തുന്നത്. പാര്‍ട്ടിക്കുള്ളിലെ തലമുറമാറ്റത്തിന്റെ വ്യക്തമായ സൂചന നല്‍കുന്നതാണ് ഈ സംഘടനാ പുനഃസംഘടന. യുവത്വം, സ്ത്രീ പ്രാതിനിധ്യം, പ്രാദേശിക സംതുലനം എന്നിവയില്‍ ഊന്നിയുള്ള പുതിയ ഘടന ബിജെപിയുടെ ദേശീയ തന്ത്രങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലിയിരുത്തല്‍.

കേരള കോണ്‍ഗ്രസ്-ജേക്കബ് അംഗത്വ വിതരണോദ്ഘാടനം

ഇരിട്ടി : കേരള കോണ്‍ഗ്രസ്-ജേക്കബ് 2026-31 വര്‍ഷത്തെ കണ്ണൂര്‍ ജില്ലാതല പാര്‍ട്ടി അംഗത്വ വിതരണം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. വീരാന്‍കുട്ടി ഇരിട്ടിയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വി. വര്‍ഗീസ് ആദ്യ അംഗത്വം ഏറ്റുവാങ്ങി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ജോസ് ചുക്കനാനി അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ഹൈ പവര്‍ കമ്മിറ്റിയംഗം എസ്. ജെ. മാണി, മാത്തുക്കുട്ടി പന്തപ്ലാക്കന്‍, വി.എം. സെബാസ്റ്റ്യന്‍, കെ.ജി. ജോസഫ്, ബാബു പുളിയന്‍മാക്കല്‍ എന്നിവര്‍ സംസാരിച്ചു

സംസ്ഥാനത്ത് റബറിന്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

സംസ്ഥാനത്ത് റബറിന്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. 300 രൂപ ആകുന്നതില്‍ ഒരു സംശയവും വേണ്ട. 200 -250 ആക്കിയെങ്കില്‍ 300 ആക്കാനും നടപടി ഉണ്ടാകും.കര്‍ഷകരെ ചേര്‍ത്ത് നിര്‍ത്തുന്ന കര്‍ഷക ബന്ധുവാണ് ഡയു#ഡിഎഫ് സര്‍ക്കാര്‍.

സര്‍ക്കരിന്റെ മുന്‍ഗണന പട്ടികയില്‍ കര്‍ഷകര്‍ ഉണ്ട്. വന്യജീവി ആക്രമണം തടയാന്‍ ശക്തമായ നാപടി ഉണ്ടാകും. പുരാതന ആധുനികമായ സംവിധാനങ്ങളെയും കൊണ്ട് കൂട്ടിയിണക്കി ഏറ്റവും അനുയോജ്യമായ സംവിധാനമമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആവശ്യമായ ഭൂനിയമ ഭേദഗതികള്‍ ഉണ്ടാകും. നെല്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള പണം തിരികെ നല്‍കും. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കും. പൂട്ടി കിടക്കുന്ന തോട്ടങ്ങളെ തുറന്നു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടികളുമായി മുന്നോട്ടു പോകും. രണ്ടാം ഭൂപരിഷ്‌കരണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യുജിസി-നെറ്റ് പരീക്ഷ: മൂന്ന് വിഷയങ്ങളില്‍ പുനഃപരീക്ഷ പ്രഖ്യാപിച്ച് എന്‍ടിഎ, പരീക്ഷകള്‍ സെപ്റ്റംബര്‍ 9, 10 തീയതികളില്‍

യുജിസി നെറ്റ് പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടര്‍ന്ന് മൂന്ന് വിഷയങ്ങളില്‍ പുനഃപരീക്ഷ നടത്താന്‍ ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) തീരുമാനിച്ചു. ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലാണ് വീണ്ടും പരീക്ഷ നടത്തുന്നത്. സെപ്റ്റംബര്‍ 9, 10 തീയതികളിലായി പരീക്ഷ നടക്കും. സെപ്റ്റംബര്‍ 9-ന് രാവിലെ 9 മുതല്‍ 12 വരെയുള്ള ഒന്നാം ഷിഫ്റ്റില്‍ ഇംഗ്ലീഷും ഉച്ചയ്ക്ക് ശേഷം 3 മുതല്‍ 6 വരെ കൊമേഴ്‌സ് പരീക്ഷയും നടക്കും. സോഷ്യോളജി പരീക്ഷ സെപ്റ്റംബര്‍ 10-ന് രാവിലെ 9 മുതല്‍ 12 വരെ നടക്കും.

പരീക്ഷയെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് എന്‍ടിഎയുടെ നടപടി. പരീക്ഷയുടെ ഉത്തരസൂചിക പുറത്തുവന്നതിന് പിന്നാലെ ചോദ്യപേപ്പറുകളിലെ ഗുരുതരമായ അപാകതകള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പരാതി അന്വേഷിക്കാന്‍ പ്രത്യേക ആഭ്യന്തരസമിതിയെ നിയോഗിച്ചു. സമിതിയുടെ പരിശോധനയില്‍ പരാതികള്‍ ശരിയാണെന്ന് കണ്ടെത്തുകയും പുനഃപരീക്ഷയ്ക്ക് ശുപാര്‍ശ ചെയ്യുകയുമായിരുന്നു.

ഇന്ന് ചിങ്ങം ഒന്ന്

ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞമാസത്തിന്റെ പട്ടിണിപ്പാടങ്ങള്‍ താണ്ടി, സമൃദ്ധിയുടെ സ്വര്‍ണപ്രഭയുമായി പൊന്നിന്‍ ചിങ്ങം വീണ്ടുമെത്തിയിരിക്കുന്നു. മലയാളിക്ക് ചിങ്ങം ഒന്ന് കര്‍ഷകദിനം കൂടിയാണ്. ചിങ്ങപ്പിറവി മലയാളിയുടെ മനസ്സില്‍ ഓണത്തിന്റെ പൂവിളികള്‍ കൂടിയാണ് ഉണര്‍ത്തുന്നത്.

തോരാമഴയുടേയും വറുതിയുടേയും മാസമായ കര്‍ക്കടകം കഴിഞ്ഞെത്തുന്ന ചിങ്ങപ്പുലരി. പഞ്ഞമാസമായ കര്‍ക്കടകത്തിലെ കഷ്ടതകള്‍ മറക്കാന്‍ തുടങ്ങുന്ന സമയം. മഴക്കോളുമാറി മാനം തെളിയുന്ന ദിവസങ്ങള്‍. മണ്ണില്‍ വിത്തെറിഞ്ഞവന്റെ മനസ്സില്‍ സന്തോഷത്തിന്റെ പുതുനാമ്പുകള്‍ വിരിയുന്ന കാലം. വര്‍ഷം കര്‍ഷകനായി ഒരു ദിനം. കൊയ്ത്തുല്‍സവത്തിന്റെയും സമൃദ്ധിയുടേയും ദിനങ്ങളാണ് വരാനിരിക്കുന്നത്. എല്ലാ ദുരിതങ്ങളും മറന്ന്, സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പൊന്‍പുലരിയിലേക്ക് വീണ്ടുമൊരു ചിങ്ങമാസം വന്നെത്തിയിരിക്കുന്നു.

ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ഭാഗമായ ലഹരി പരിശോധയില്‍ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും. തൂഫാന്റെ ഭാഗമായി കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ഓണക്കാലത്ത് ശക്തമായ പരിശോധന ഉണ്ടാകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

എസ്‌ഐമാര്‍ക്ക് ചുമതല നല്‍കുന്ന നടപടികള്‍ രണ്ടുദിവസത്തിനകം പൂര്‍ത്തിയാകുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എസ് എച്ച് ഒ മാരുടെ മാറ്റത്തില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. വൈസ് ചാന്‍സലര്‍ക്കെതിരെ ശവമഞ്ചം ഒരുക്കിയ നടപടിയിലും മന്ത്രി പ്രതികരിച്ചു. കാലടി സര്‍വകലാശാലയില്‍ നടന്നത് പ്രാകൃത നടപടിയെന്ന് അദേഹം വിമര്‍ശിച്ചു. തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.