ഇരിട്ടി : കേരള കോണ്‍ഗ്രസ്-ജേക്കബ് 2026-31 വര്‍ഷത്തെ കണ്ണൂര്‍ ജില്ലാതല പാര്‍ട്ടി അംഗത്വ വിതരണം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. വീരാന്‍കുട്ടി ഇരിട്ടിയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വി. വര്‍ഗീസ് ആദ്യ അംഗത്വം ഏറ്റുവാങ്ങി. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ജോസ് ചുക്കനാനി അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ഹൈ പവര്‍ കമ്മിറ്റിയംഗം എസ്. ജെ. മാണി, മാത്തുക്കുട്ടി പന്തപ്ലാക്കന്‍, വി.എം. സെബാസ്റ്റ്യന്‍, കെ.ജി. ജോസഫ്, ബാബു പുളിയന്‍മാക്കല്‍ എന്നിവര്‍ സംസാരിച്ചു
സംസ്ഥാനത്ത് റബറിന്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. 300 രൂപ ആകുന്നതില്‍ ഒരു സംശയവും വേണ്ട. 200 -250 ആക്കിയെങ്കില്‍ 300 ആക്കാനും നടപടി ഉണ്ടാകും.കര്‍ഷകരെ ചേര്‍ത്ത് നിര്‍ത്തുന്ന കര്‍ഷക ബന്ധുവാണ് ഡയു#ഡിഎഫ് സര്‍ക്കാര്‍.
സര്‍ക്കരിന്റെ മുന്‍ഗണന പട്ടികയില്‍ കര്‍ഷകര്‍ ഉണ്ട്. വന്യജീവി ആക്രമണം തടയാന്‍ ശക്തമായ നാപടി ഉണ്ടാകും. പുരാതന ആധുനികമായ സംവിധാനങ്ങളെയും കൊണ്ട് കൂട്ടിയിണക്കി ഏറ്റവും അനുയോജ്യമായ സംവിധാനമമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആവശ്യമായ ഭൂനിയമ ഭേദഗതികള്‍ ഉണ്ടാകും. നെല്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള പണം തിരികെ നല്‍കും. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കും. പൂട്ടി കിടക്കുന്ന തോട്ടങ്ങളെ തുറന്നു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടികളുമായി മുന്നോട്ടു പോകും. രണ്ടാം ഭൂപരിഷ്‌കരണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
യുജിസി നെറ്റ് പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടര്‍ന്ന് മൂന്ന് വിഷയങ്ങളില്‍ പുനഃപരീക്ഷ നടത്താന്‍ ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) തീരുമാനിച്ചു. ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലാണ് വീണ്ടും പരീക്ഷ നടത്തുന്നത്. സെപ്റ്റംബര്‍ 9, 10 തീയതികളിലായി പരീക്ഷ നടക്കും. സെപ്റ്റംബര്‍ 9-ന് രാവിലെ 9 മുതല്‍ 12 വരെയുള്ള ഒന്നാം ഷിഫ്റ്റില്‍ ഇംഗ്ലീഷും ഉച്ചയ്ക്ക് ശേഷം 3 മുതല്‍ 6 വരെ കൊമേഴ്‌സ് പരീക്ഷയും നടക്കും. സോഷ്യോളജി പരീക്ഷ സെപ്റ്റംബര്‍ 10-ന് രാവിലെ 9 മുതല്‍ 12 വരെ നടക്കും.
പരീക്ഷയെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് എന്‍ടിഎയുടെ നടപടി. പരീക്ഷയുടെ ഉത്തരസൂചിക പുറത്തുവന്നതിന് പിന്നാലെ ചോദ്യപേപ്പറുകളിലെ ഗുരുതരമായ അപാകതകള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പരാതി അന്വേഷിക്കാന്‍ പ്രത്യേക ആഭ്യന്തരസമിതിയെ നിയോഗിച്ചു. സമിതിയുടെ പരിശോധനയില്‍ പരാതികള്‍ ശരിയാണെന്ന് കണ്ടെത്തുകയും പുനഃപരീക്ഷയ്ക്ക് ശുപാര്‍ശ ചെയ്യുകയുമായിരുന്നു.
ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞമാസത്തിന്റെ പട്ടിണിപ്പാടങ്ങള്‍ താണ്ടി, സമൃദ്ധിയുടെ സ്വര്‍ണപ്രഭയുമായി പൊന്നിന്‍ ചിങ്ങം വീണ്ടുമെത്തിയിരിക്കുന്നു. മലയാളിക്ക് ചിങ്ങം ഒന്ന് കര്‍ഷകദിനം കൂടിയാണ്. ചിങ്ങപ്പിറവി മലയാളിയുടെ മനസ്സില്‍ ഓണത്തിന്റെ പൂവിളികള്‍ കൂടിയാണ് ഉണര്‍ത്തുന്നത്.
തോരാമഴയുടേയും വറുതിയുടേയും മാസമായ കര്‍ക്കടകം കഴിഞ്ഞെത്തുന്ന ചിങ്ങപ്പുലരി. പഞ്ഞമാസമായ കര്‍ക്കടകത്തിലെ കഷ്ടതകള്‍ മറക്കാന്‍ തുടങ്ങുന്ന സമയം. മഴക്കോളുമാറി മാനം തെളിയുന്ന ദിവസങ്ങള്‍. മണ്ണില്‍ വിത്തെറിഞ്ഞവന്റെ മനസ്സില്‍ സന്തോഷത്തിന്റെ പുതുനാമ്പുകള്‍ വിരിയുന്ന കാലം. വര്‍ഷം കര്‍ഷകനായി ഒരു ദിനം. കൊയ്ത്തുല്‍സവത്തിന്റെയും സമൃദ്ധിയുടേയും ദിനങ്ങളാണ് വരാനിരിക്കുന്നത്. എല്ലാ ദുരിതങ്ങളും മറന്ന്, സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പൊന്‍പുലരിയിലേക്ക് വീണ്ടുമൊരു ചിങ്ങമാസം വന്നെത്തിയിരിക്കുന്നു.
ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ഭാഗമായ ലഹരി പരിശോധയില്‍ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും. തൂഫാന്റെ ഭാഗമായി കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ഓണക്കാലത്ത് ശക്തമായ പരിശോധന ഉണ്ടാകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
എസ്‌ഐമാര്‍ക്ക് ചുമതല നല്‍കുന്ന നടപടികള്‍ രണ്ടുദിവസത്തിനകം പൂര്‍ത്തിയാകുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എസ് എച്ച് ഒ മാരുടെ മാറ്റത്തില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. വൈസ് ചാന്‍സലര്‍ക്കെതിരെ ശവമഞ്ചം ഒരുക്കിയ നടപടിയിലും മന്ത്രി പ്രതികരിച്ചു. കാലടി സര്‍വകലാശാലയില്‍ നടന്നത് പ്രാകൃത നടപടിയെന്ന് അദേഹം വിമര്‍ശിച്ചു. തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
കോതമംഗലം എംഎ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥി മിച്ചി മര്‍പ്പുവിന്റെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തമാക്കി സഹപാഠികള്‍. കോളേജിനു മുന്നില്‍ മാനേജ്‌മെന്റിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. വിഷയത്തില്‍,സര്‍വകലാശാല തലത്തില്‍ അന്വേഷണം നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍ പറഞ്ഞു. അരുണാചല്‍പ്രദേശില്‍ നിന്ന് സ്‌കോളര്‍ഷിപ്പോടെ ഉന്നത ബിരുദം പൂര്‍ത്തിയാക്കാന്‍ എത്തിയതാണ് മിച്ചി മര്‍പ്പു എന്ന 21 കാരന്‍.
സ്വയംഭരണ അവകാശമുള്ള കോതമംഗലം മാര്‍ അത്തേനേഷ്യസ് എന്‍ജിനീയറിങ് കോളേജ് പഠനമികവ് ഉയര്‍ത്തുന്നതിന് കൈക്കൊണ്ട് കര്‍ശന നടപടികളാണ് മിച്ചി മര്‍പ്പുവിന്റെ ജീവന്‍ അപഹരിക്കാന്‍ കാരണമായി എന്നാണ് സഹപാഠികളുടെ ആക്ഷേപം. കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള മറ്റെല്ലാ കോളേജുകളിലും ക്രെഡിറ്റ് മാര്‍ക്ക് പരിധി 18 എന്നായിരിക്കെ, എം എ എന്‍ജിനീയറിങ് കോളേജില്‍ മാത്രം അത് 22 ആണ്. അത് നേടാന്‍ കഴിയാത്തവര്‍ കോളേജില്‍നിന്ന് ഇയര്‍ ബാക്ക് ആകും, പഠനം മുടങ്ങും, ഹോസ്റ്റലില്‍ നിന്ന് പുറത്താകും. എന്നാല്‍ ഈ സംവിധാനങ്ങള്‍ കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി താല്‍ക്കാലികമായി മരവിപ്പിച്ചതാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറയുന്നത്. സ്വയം ഭരണാധികാരമുള്ള കോളേജുകള്‍ മാനുഷിക പരിഗണന കൂടി ഉണ്ടാകണമെന്ന് മന്ത്രി റോജി എം ജോണ്‍.
മിച്ചി മര്‍പ്പുവിന്റെ മരണത്തില്‍ സഹപാഠികളുടെ സമരം കനക്കുകയാണ്. കോളേജിനു മുന്നില്‍ വിദ്യാര്‍ത്ഥികള്‍ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചു. വിഷയത്തില്‍ ഒരുതരത്തിലുള്ള പ്രതികരണത്തിനും മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നാണ് വിദ്യാര്‍ഥികളുടെ ആക്ഷേപം. സമരത്തിന് പിന്തുണയുമായി വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തുണ്ട്. ഇന്നലെ വൈകിട്ട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ മിച്ചിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ഇന്ന് വൈകിട്ടോടെ കോതമംഗലത്ത് എത്തും. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ നാളെ ഉണ്ടാകും. ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി വരുംദിവസങ്ങളിലും സമരം ശക്തമാക്കാന്‍ ആണ് വിദ്യാര്‍ഥികളുടെ തീരുമാനം
ഇരിട്ടി:പടിയൂര്‍ ശ്രീനാരായണ എ.യു.പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിന ആഘോഷം സംഘടിപ്പിച്ചു.പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഏ.കെ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി രാജിവ് ,വാര്‍ഡ് മെമ്പര്‍ കെ.വി. തങ്കമണി ,എ.എന്‍ കൃഷ്ണന്‍ കുട്ടി ,ശശിധരന്‍,ദീക്ഷിത ദിലീപ് ,ഹെഡ്മിസ്ട്രസ് സിന്ധു,രശ്മി എന്നിവര്‍ സംസാരിച്ചു.
ഇരിട്ടി:ബെന്‍ഹില്‍ ഇംഗ്ലീഷ് സ്‌കൂളിലെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ റിട്ട. ക്യാപ്റ്റന്‍ പ്രഭാകര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് തോമസ് പതാക ഉയര്‍ത്തി. ക്യാപ്റ്റന്‍ പ്രഭാകര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.സ്റ്റാഫ് സെക്രട്ടറി തോമസ് എംഎഫ്, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ നേഹ മരിയ ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ ദേശഭക്തിഗാനം, സ്‌കിറ്റ്, കലാപരിപാടികള്‍, മധുരപലഹാരവിതരണം എന്നിവ ഉണ്ടായിരുന്നു.
ഇരിട്ടി എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനത്തിന്റെ എണ്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇരിട്ടി യൂണിയന്‍ ഓഫീസിന് മുന്‍പില്‍ യൂണിയന്‍ സെക്രട്ടറി പി എന്‍ ബാബു ദേശീയ പതാക ഉയര്‍ത്തി.യൂണിയന്‍ വൈസ് പ്രസിഡണ്ട് കെ കെ സോമന്‍ ,എ എന്‍ സുകുമാരന്‍ മാസ്റ്റര്‍, പി പി കുഞ്ഞുഞ്ഞ്,ചന്ദ്രമതി ടീച്ചര്‍, എ എം കൃഷ്ണന്‍കുട്ടി,അനൂപ് പനക്കല്‍, കെ.എം സജിത എന്നിവര്‍ സംസാരിച്ചു
2047ല്‍ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 12 വര്‍ഷത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. കഴിഞ്ഞ 12 വര്‍ഷം രാജ്യത്തിന്റെ എല്ലാ വിഭാഗങ്ങളും രാജ്യത്തെ പുതിയ ഉയരങ്ങളില്‍ എത്താന്‍ പ്രയത്‌നിച്ചു. 140 കോടി ജനതയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നു. ലോകം ഇന്ത്യയെയും ഇന്ത്യയുടെ നേട്ടങ്ങളെയും നോക്കിക്കാണുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ചെറിയ സ്വപ്നങ്ങളല്ല, വലിയ സ്വപ്നങ്ങള്‍ കാണണം. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തില്‍ വികസിത രാജ്യമാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 140 കോടി ജനങ്ങള്‍ ഇതിനായി പ്രയത്‌നിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. 25 കോടി ആളുകളെ ദാരിദ്ര്യത്തില്‍നിന്ന് കൈപിടിച്ചുയര്‍ത്തി. വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുകയാണ്. ശക്തമായ ഇന്ത്യയെയാണ് ഇന്ന് ലോകം കാണുന്നത്. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു.