വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റില്‍. പേരാമ്പ്ര ബി ആര്‍സിയിലെ അധ്യാപികയായ നീഷ്മ ആണ് അറസ്റ്റിലായത്. ആവള കുട്ടോത്ത് സ്വദേശിയാണ് നീഷ്മ. കേസില്‍ ഇതുവരെ 3 അധ്യാപികമാര്‍ പിടിയിലായിട്ടുണ്ട്. നീഷ്മ അടക്കം മൂന്ന് പേരും എംഡിഎംഎ ഉപയോഗിക്കുന്നവരാണ്. നീഷ്മയുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു.
പുറത്ത് നിന്ന് വൈദ്യുതി കിട്ടില്ലെങ്കില്‍ ഇന്ന് വൈകീട്ട് നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി മുന്നറിയിപ്പ്. 500 മെഗാവാട്ട് വരെ ഉപയോഗം കൂടാമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. പുറത്തുനിന്ന് വൈദ്യുതി കിട്ടിയില്ലെങ്കില്‍ നിയന്ത്രണമുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്.
പവര്‍ എക്സേഞ്ചില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി കിട്ടിയില്ലെങ്കില്‍ പീക്ക് സമയത്ത് നിയന്ത്രണത്തിന് സാധ്യതയെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. ഇന്നലെ 89 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. പുറത്ത് നിന്ന് വാങ്ങിയത് 74 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. അണക്കെട്ടുകളിലുള്ളത് 30 ശതമാനം വെള്ളം മാത്രമാണ്. വരും വര്‍ഷങ്ങളിലും വൈദ്യുതി ആവശ്യകതയും വിലയും ഉയരുന്നത് മുന്നില്‍ക്കണ്ടാണ് കെഎസ്ഇബി കൂടുതല്‍ വൈദ്യുതി വാങ്ങല്‍ കരാറുകളിലേക്ക് കടക്കുന്നത്. സോളാര്‍ എനര്‍ജി കോര്പ്പേറേഷന് വഴി 200 മെഗാവാട്ട് വാങ്ങാനുള്ള കരാറിനാണ് റഗുലേറ്ററി കമ്മീഷന് അനുമതി നല്‍കിയത്. യൂണിറ്റിന് 2.93 പൈസയാണ് വില. 25 വര്‍ഷത്തേയ്ക്കുള്ള കരാരില്‍ 2028 ഏപ്രില്‍ മുതല്‍ വൈദ്യുതി കിട്ടും. പീക്ക് സമയത്ത് നാല് മണിക്കൂര്‍ വൈദ്യുതി ഉറപ്പാക്കുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനം ഉള്‍പ്പെടുന്നതാണ് കരാര്‍. ജൂണ്‍ 30ന് മുമ്പ് പദ്ധതി നടപ്പായാല്‍ സംസ്ഥാനാന്തര ട്രാന്‍സമിഷന്‍ ചാര്‍ജില്‍ ഇളവ് കിട്ടും. പുലര്‍ച്ചെ രണ്ട് മണിക്ക് വരെ വൈദ്യുതി ഉപയോഗം ഉയരുന്ന സ്ഥിതിക്ക് സോളാര്‍ എനര്‍ജി കോര്പേറേഷന് വഴി കൂടുതല്‍ വൈദ്യുതിക്ക് ശ്രമിക്കണം. ബാറ്ററി എനര്‍ജി സ്റ്റോറേജ്, ഹൈബ്രിഡ് പവര്‍ പ്ലാന്റസ് എന്നിവയെ ആശ്രയിക്കണം. ഇപ്പോള്‍ യൂണിറ്റിന് ശരാശരി 9 രൂപയെന്ന ഉയര്‍ന്ന വിലയ്ക്കാണ് പീക്ക് അവര്‍ സമയത്തേയ്ക്ക് വൈദ്യുതി വാങ്ങുന്നതെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഇനിയുള്ള ഒരാഴ്ച എല്ലാ ജില്ലകളിലും ഇടവേളകളോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂന മര്‍ദ്ദം പശ്ചിമ ബംഗാള്‍ – ഒഡിഷ തീരത്ത് ദിഘക്ക് സമീപം കരയില്‍ പ്രവേശിച്ചു. നിലവില്‍ ന്യൂന മര്‍ദ്ദം വടക്കന്‍ ഒഡീഷ ഗംഗാതീര പശ്ചിമ ബംഗാളിന് മുകളില്‍ സ്ഥിതിചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനിടെ വടക്കന്‍ ഒഡീഷ, തെക്കന്‍ ജാര്‍ഖണ്ഡ്, വടക്കന്‍ ഛത്തീസ്ഗഢ് പ്രദേശങ്ങളിലൂടെ നീങ്ങാന്‍ സാധ്യതയുണ്ടെന്നും കേരളത്തില്‍ മഴയുടെ ശക്തി വര്‍ധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 30ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും 31ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദത്തിന്റെയും കിഴക്കന്‍ അറബിക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നത്.
ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ ശക്തമായ മഴയോടൊപ്പം ഇടിമിന്നലോട് കൂടിയ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ നാളെയും സമാനമായ രീതിയില്‍ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി തീരദേശവാസികളും മലയോര മേഖലയിലുള്ളവരും പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിലെ സ്വകാര്യ ബസ് അപകടം അന്വേഷിക്കാന്‍ പ്രത്യേക സംഘം. ഡിസിആര്‍ബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്, നാറ്റ്പാക് ഉദ്യോഗസ്ഥരും കേസ് അന്വേഷണത്തിനായി ഉണ്ടാകും.
ഞായറാഴ്ച രാവിലെ 10.50 ഓടെയാണ് കോഴിക്കോട് തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡിഫെന്‍ഡര്‍ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് അപകടത്തില്‍പ്പെട്ടത്. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്ത് നടന്ന അപകടത്തില്‍ കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവ് മരിക്കുകയും 39 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുകയായണെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍ പ്രതികരിച്ചു.
പ്രാഥമിക പരിശോധന തുടരുകയാണെന്നും ഡ്രൈവറുടെ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല എന്നും എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ വ്യക്തമാക്കി. അതേസമയം, അപകടത്തില്‍ മരിച്ച കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവിന്റെ സംസ്ക്കാരം വീട്ടുവളപ്പില്‍ പൂര്‍ത്തിയായി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം രാവിലെ 8 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി ആളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു. ദേവസ്വം ബോര്‍ഡ് പരീക്ഷയ്ക്ക് പോകുന്നതിനിടെയാണ് വൈഷ്ണവും സഹോദരന് വൈശാഖും സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ വൈശാഖിനും പരുക്കേറ്റിരുന്നു. പരുക്കേറ്റ നിരവധി പേര് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വകുപ്പുകള്‍ക്ക് ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശവുമായി ധനവകുപ്പ്. പ്രതിസന്ധി കണക്കിലെടുത്ത് കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നാണ് നിര്‍ദേശം. ലാഭകരമല്ലാത്ത പദ്ധതികള്‍ ഒഴിവാക്കണമെന്നും ധനവകുപ്പിന്റെ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുളള ബജറ്റിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാണെന്ന് വ്യക്തമാക്കുന്ന നിര്‍ദ്ദേശങ്ങളുളളത്. നടപ്പ് ബജറ്റിലും വരുന്ന ബജറ്റിലും കര്‍ശനമായ ചെലവ് ചുരുക്കല്‍ വേണ്ടിവരുമെന്നാണ് ധനവകുപ്പിന്റെ മുന്നറിയിപ്പ്. ശമ്പളം ഒഴികെയുളള ചെലവുകള്‍ക്ക് ഈ വര്‍ഷത്തെ അതേ നിരക്കുകള്‍ തന്നെയായിരിക്കണം അടുത്ത വര്‍ഷത്തേക്കും നിശ്ചിയിക്കേണ്ടത്.
ലാഭകരമല്ലാത്ത പദ്ധതികള്‍ ഒഴിവാക്കണം. മാറ്റിവെക്കാവുന്ന അറ്റകുറ്റപ്പണകളും ചെലവുകളും തല്ക്കാലം ഒഴിവാക്കണം. പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കുമ്പോള്‍ തുക, ബജറ്റില്‍ നീക്കി വെച്ചിരിക്കുന്ന തുകയേക്കാള്‍ കൂടരുതെന്നും ധനവകുപ്പിന്റെ സര്‍ക്കുലര്‍ ഓര്‍മ്മിപ്പിക്കുന്നു. ബജറ്റ് മുന്നൊരുക്കങ്ങള്‍ക്ക് മുന്നോടിയായി ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശവുമായി ധനവകുപ്പ് എല്ലാവര്‍ഷവും സര്‍ക്കുലര്‍ പുറപ്പെടുവിക്കാറുണ്ട്.
കോഴിക്കോട് മയക്കു മരുന്ന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടാമത്തെ അധ്യാപകയെയും സര്‍വീസില്‍ നിന്നും പുറത്താക്കി. കൂരാച്ചുണ്ട് സ്വദേശി കാവ്യയെയാണ് പുറത്താക്കിയത്. പേരാമ്പ്ര ബിആര്‍സിയിലെ സ്പെഷ്യല്‍ എഡ്യൂക്കേറ്ററാണ് കാവ്യ. കാവ്യയുടെ സഹപ്രവര്‍ത്തകയായ അധ്യാപിക കീര്‍ത്തനയെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് അധ്യാപികമാരായ കാവ്യയും മരുതോങ്കര സ്വദേശി കീര്‍ത്തനയും വടകര പൊലീസിന്റെ പിടിയിലായത്. പേരാമ്പ്ര ബിആര്‍സിയിലെ സ്പെഷ്യല്‍ എഡ്യൂക്കേറ്ററായിരുന്നു ഇരുവരും. ആദ്യം പിടിയിലായ കീര്‍ത്തനയെ ചോദ്യം ചെയ്തതിലൂടെയാണ് അന്വേഷണം കാവ്യയില്‍ എത്തിയത്. മയക്കുമരുന്ന് ആവശ്യമുള്ളവരില്‍ നിന്ന് പണം സ്വീകരിക്കുന്ന പ്രധാന കേന്ദ്രമാണ് കാവ്യയുടെയും കീര്‍ത്തനയുടെയും ബാങ്ക് അക്കൗണ്ട്.
ആവശ്യക്കാര്‍ പണം ഇവരുടെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കും. എന്നാല്‍ നേരിട്ട് ഇവര്‍ ലഹരിമരുന്ന് കൈമാറിയിരുന്നില്ല. പണം അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു വ്യക്തി വഴിയാണ് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് കാവ്യയുടെയും അക്കൗണ്ട് വഴി നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കീര്‍ത്തനയെ റിമാന്‍ഡ് ചെയ്ത ഉടന്‍തന്നെ സര്‍വീസില്‍ നിന്നും പുറത്താക്കിയിരുന്നു. ഇന്ന് കാവ്യയും പുറത്താക്കി.ഇരുവരെയും ഒന്നിച്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. എങ്കില്‍ മാത്രമേ ഇനി കൂടുതല്‍ പേര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നുള്ള കാര്യത്തില്‍ വ്യക്തത വരൂ. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് യുഡിഎഫ് യുവജന സംഘടനകള്‍ നടത്തിയത്. പേരാമ്പ്ര ബിആര്‍സിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥര്‍ ഓഫീസിലേക്ക് കയറാന്‍ അനുവദിച്ചില്ല.
മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രവും, സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമം. ജന്‍ ധന് യോജന വഴി 5000 രൂപ ബാങ്ക് അക്കൗണ്ടിലേക്കെത്തും എന്ന് പ്രചരിപ്പിച്ചാണ് തട്ടിപ്പിന് ശ്രമം.
സാമൂഹിക മാധ്യമം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ശ്രമം. ജന്‍ ധന് യോജന 2014 ഇല് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ്. 5000 രൂപ അക്കൗണ്ടിലേക്ക് ലഭിക്കും എന്ന ഉറപ്പില്‍ ലിങ്ക് ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് നല്കിയാല് തട്ടിപ്പിന് ഇരയാകും.
ജന്‍ധന്‍ യോജന പ്രകാരം ഓരോ പൗരനും 500 രൂപ അക്കൗണ്ടുകളില്‍ ലഭിക്കുമെന്നാണ് തട്ടിപ്പ് വീഡിയോയില്‍ പറയുന്നത്. ഇതിനായി ലിങ്കില്‍ ക്ലിക്ക് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും മുഖ്യമന്ത്രിയുടെ ചിത്രങ്ങളും വരും. ഇതില്‍ വിവരങ്ങള്‍ കൊടുത്താല്‍ ഒരു സ്ക്രാച്ച് ആന്റ് വിന് കൂപ്പണ്‍ വരും. ഇതില്‍ പ്രസ് ചെയ്താല്‍ തുക അക്കൗണ്ടിലേക്ക് വരുമെന്ന നോട്ടിഫിക്കേഷന്‍ വരും. ഒപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെടും.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് സമാനമായ തട്ടിപ്പിന് ശ്രമം നടന്നിരുന്നു. പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ സൈബര്‍ പൊലീസ് ഇടപെടുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ മഴയുടെ അളവില്‍ വര്‍ധനവ് ഉണ്ടാകും. മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള അഞ്ചു ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശത്തിന്റെ ഭാഗമായി യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ജൂലൈ 30 വരെ മഴ തുടരാനാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദവും മഴയെ സ്വാധീനിക്കും
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ രാജിവെച്ച ധര്‍മേന്ദ്ര പ്രധാന് പകരം പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതിയായിരിക്കും പ്രള്‍ഹാദ് ജോഷി ആദ്യം കൈകാര്യം ചെയ്യുന്ന വിഷയം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി റിക്രൂട്ട്മെന്റ് നടപടികളും വേഗത്തിലാക്കുമെന്ന് അറിയിച്ചിരുന്നു.
ധര്‍മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രള്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചത്. കര്‍ണാടകയിലെ ധാര്‍വാഡ് മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാ അംഗമാണ് പ്രള്‍ഹാദ് ജോഷി. അഞ്ചുതവണ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുമ്പ് കല്‍ക്കരി, ഖനനം, പാര്‍ലമെന്ററി കാര്യങ്ങള്‍ എന്നീ മന്ത്രാലയങ്ങളുടെ ചുമതലയും നിര്‍വഹിച്ചിട്ടുണ്ട്.