Hivision Channel

latest news

കാന്‍സറിന് ഉപയോഗിക്കുന്ന മരുന്ന് ലഹരിക്കായി ഉപയോഗിക്കുന്നു; കര്‍ശന പരിശോധനയ്ക്ക് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം

കേരളത്തില്‍ പരമ്പരാഗത ലഹരിവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ, ആളുകള്‍ ലഹരിക്കായി വീര്യം കൂടിയ ഇതര മരുന്നുകളെ ആശ്രയിക്കുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ വരും ദിവസങ്ങളില്‍ പ്രത്യേക പരിശോധനകള്‍ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡോക്ടറുടെ കൃത്യമായ കുറിപ്പടി ഇല്ലാതെ ഒരു തരത്തിലുള്ള വീര്യം കൂടിയ മരുന്നുകളും വിതരണം ചെയ്യരുതെന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ വാഹനങ്ങള്‍ മദ്യപിച്ച് ഓടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ സര്‍വീസില്‍ ചേരുമ്പോള്‍ ലഹരി ഉപയോഗിക്കുന്നില്ല എന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ഒരിക്കല്‍ ലഹരി ഉപയോഗം തെളിഞ്ഞാല്‍ ജോലി നഷ്ടപ്പെടും എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കും. ഇത്തരം നിയമങ്ങള്‍ കൊണ്ടുവരാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെക്രട്ടേറിയറ്റിന് മുന്നില്‍ മണ്ണ് തിന്ന് എല്‍പി സ്‌കൂള്‍ ടീച്ചര്‍ റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിഷേധം

സെക്രട്ടേറിയറ്റിന് മുന്നില്‍ മണ്ണ് തിന്ന് എല്‍പി സ്‌കൂള്‍ ടീച്ചര്‍ റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിഷേധം. നിയമനം നടക്കാത്തതിനാലാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധാത്മകമായി പ്രതിഷേധം നടത്തിയത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാര്‍ഥികള്‍ സമരവുമായി വീണ്ടും രംഗത്തെത്തിയത്.

കഴിഞ്ഞ വര്‍ഷം മെയ് 31നാണ് എല്‍പി സ്‌കൂള്‍ അധ്യാപകരുടെ റാങ്ക് ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ചത്. എന്നാല്‍ ലിസ്റ്റ് വന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും നിയമനം അനിശ്ചിതത്വത്തിലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കണമെന്നുമാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. ഡിവിഷന്‍ ഫാള്‍ നേരിടുന്ന അധ്യാപകരെ പ്രധാനാധ്യാപക ഒഴിവുകളിലേക്ക് പുനര്‍വിന്യസിച്ച്, വിരമിക്കല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് നിയമനം അടിയന്തരമായി നടപ്പിലാക്കണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നു.

ഇടത് സര്‍ക്കാറിന്റെ അവസാന കാലത്തും ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.2025 മെയ് 31-ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നാമമാത്രമാണെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. പല ജില്ലകളില്‍ ഇതുവരെ ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ച കേസ്;ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് തിരിച്ചടി. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി അപ്പീലില്‍ തീരുമാനം വരുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. 20 വര്‍ഷം തടവിനാണ് പള്‍സര്‍ സുനിയെ വിചാരണ കോടതി ശിക്ഷിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പള്‍സര്‍ സുനി നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയെന്നും നടി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശിക്ഷ മരവിപ്പിച്ചാല്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചു കാണുന്നുവെന്ന് കരുതപ്പെടുമെന്നും നടി വാദിച്ചു. പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ശിക്ഷ വര്‍ധിപ്പിക്കണമെന്ന അപ്പീല്‍, കോടതി പരിഗണനയിലാണ്. ഒന്നാം പ്രതി കൊടും ക്രിമിനലാണ്. തുടര്‍ച്ചയായി ജാമ്യാപേക്ഷ നല്‍കിയതിന് പ്രതിക്ക് കോടതി പിഴയിട്ടിട്ടുണ്ട്. സുപ്രീംകോടതി ജാമ്യം നല്‍കി ഇറങ്ങി ഒരുമാസമാകും മുന്‍പ് പ്രതി വീണ്ടും മറ്റൊരു കേസില്‍ പ്രതിയായി. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും സര്‍ക്കാര്‍ വാദിച്ചു. ഇരു കൂട്ടരുടേയും വാദം കേട്ട ശേഷമാണ് കോടതി ഹര്‍ജി തള്ളിയത്.

ഔഷധസസ്യ കൃഷിക്ക് തുടക്കമായി

ഇരിട്ടി:പടിയൂര്‍ കല്യാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സിഡിഎസ്, ഐഎഫ്‌സിയും സംയുക്തമായി ജെ എല്‍ ജി കര്‍ഷകരുടെ ഔഷധസസ്യ കൃഷി നായ്ക്കുരുണ നടീല്‍ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു. പടിയൂര്‍ കല്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശ്രീജ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ബീന ബാബു അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. വി. തങ്കമണി ഉപജീവന ഉപസമിതി കണ്‍വീനര്‍ സീന രാജീവന്‍ എന്നിവര്‍ സംസാരിച്ചു

ഇത്തവണയും എഎവൈ വിഭാഗത്തിന് ഓണത്തിന് കിറ്റ്;ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാര്‍ഡ്) ഓണക്കിറ്റിനായി 53 കോടിയും ഉള്‍പ്പെടെ 253 കോടി രൂപ അടിയന്തരമായി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യര്‍ത്ഥനപ്രകാരം മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.

മുന്‍ സര്‍ക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിരുന്നില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. പുതുക്കിയ ബജറ്റില്‍ 315 കോടി രൂപ അനുവദിച്ചതില്‍, 20 കോടി ആദ്യം ലഭിച്ചിരുന്നു. തുക ചെലവഴിച്ചശേഷം കൂടുതല്‍ തുക ആവശ്യമുണ്ടെങ്കില്‍ സര്‍ക്കാരിനെ വീണ്ടും സമീപിക്കാമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ വിപണിയിടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ സ്‌കീമില്‍ നിന്ന് തുക അനുവദിക്കണമെന്നും ഭക്ഷ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.

കേരള രാഷ്ട്രീയത്തില്‍ ഇതാദ്യം, ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തു

കാപ്പ കേസില്‍ തടവിലുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് വിയ്യൂര്‍ ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിയോടെ ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ വെച്ചാ സത്യപ്രതിജ്ഞ ചടങ്ങ്. സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ നടന്നത്. ഹൈക്കോടതിയുടെ അനുമതിയോടെയായിരുന്നു ജയിലില്‍ വെച്ചുള്ള സത്യപ്രതിജ്ഞ. മേയര്‍ വി വി രാജേഷാണ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തില്‍ ജനകീയ കല്‍പ്പന മാനിക്കപ്പെടണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ തീരുമാനം കോടതിയ്‌ക്കെടുക്കാം. ജനവിധി മാനിക്കാനാണ് അത്തരം അസാധാരണ തീരുമാനമെന്നും ഉത്തരവില്‍ പറയുന്നു. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരില്‍ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരില്‍ ഒരാളാണ് വാര്‍ഡ് 20 ലെ കൗണ്‍സിലറായ സുഗതന്‍. കഴിഞ്ഞ ജൂണ്‍ 9 മുതല്‍ കാപ്പ ചുമതി നാടുകടത്തപ്പെട്ട ആ സുഗതന്‍ നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; മഴ ലഭിച്ചില്ലെങ്കില്‍ നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാവുന്നു. ഇന്നലെ വിവിധ ഇടങ്ങളില്‍ 15 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. വൈദ്യുതി ഉപഭോഗത്തില്‍ ഉണ്ടായ വര്‍ധനവും വൈദ്യുതി ലഭ്യതയില്‍ ഉണ്ടായ കുറവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മഴ ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ നിയന്ത്രണം തുടരേണ്ടി വരുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ നിലപാട്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള ശ്രമം നടക്കുകയാണെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.

ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരുന്നത്. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മഴയിലുണ്ടായ കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും തിരിച്ചടിയായെന്ന് കെഎസ്ഇബി പറയുന്നു. വൈദ്യുതി ഉപയോഗം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.

കണ്ഠരര് ബ്രഹ്മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുമെന്നാണ് വിവരം. ബ്രഹ്മദത്തനെ തന്ത്രിയാക്കാന്‍ ദേവസ്വം ബോര്‍ഡില്‍ ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നെന്നും വിവരമുണ്ട്. ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും. താഴമണ്‍ കുടുംബത്തെ മാറ്റേണ്ട സാഹചര്യം ഇല്ലെന്നും കോടതിയെ അറിയിക്കാനാണ് ബോര്‍ഡ് നീക്കം. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിഷയത്തിന്‍ അന്തിമ തീരുമാനമെടുക്കുക.

ശബരിമല തന്ത്രിയാകാന്‍ ബ്രഹ്മദത്തന്‍ യോഗ്യന്‍ അണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ബ്രഹ്മദത്തനെ തന്ത്രിയാക്കാന്‍ ബോര്‍ഡിന് വിരോധമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി നിരീക്ഷിക്കുന്ന കേസ് ആയതുകൊണ്ട് കോടതിയുടെ അഭിപ്രായം തേടുമെന്നും താഴമണ്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും; കെഎസ്ഇബി

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.

സംസ്ഥാനത്ത് മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മുതല്‍ 400 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍, ഇന്ന് (13.07.2026) സംസ്ഥാനത്ത് വൈകുന്നേരം 7 മണിക്കുശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാം എന്ന് കെ എസ് ഇ ബി അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടെന്ന് വീണ്ടും ആവര്‍ത്തിക്കുകയാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ജലലഭ്യതയില്‍ കുറവാണ് പ്രതിസന്ധിയില്‍ ഉണ്ടായ കുറവാണ് പ്രതിസന്ധിക്ക് കാരണം. ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നും സാധാരണ ലഭിക്കേണ്ട മഴ ഇക്കുറി ലഭിച്ചില്ലെന്നും മന്ത്രി പ്രതികരിച്ചു.

ആര്‍. സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി.

തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറും കാപ്പ കേസ് പ്രതിയുമായ ആര്‍. സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി. നാളെ രാവിലെ 11ന് വിയ്യൂര്‍ ജയിലില്‍ പുനഃ സത്യപ്രതിജ്ഞ നടക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അംഗീകൃത മാധ്യമപ്രര്‍ത്തകര്‍ക്ക് പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്.

സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞദിവസം നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ 13ന് വൈകിട്ട് അഞ്ച് മണി മുതല്‍ ജൂലൈ 14 രാത്രി 9 മണി വരെയാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ സമയം അനുവദിച്ചത്. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകള്‍ക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാല്‍ നെടുമങ്ങാട് കോടതി ജാമ്യം അനുവദിച്ചെങ്കിലും കാപ്പാ കേസില്‍ ഹൈക്കോടതി അനുമതി നല്‍കിയാല്‍ മാത്രമേ സുഗതന് സത്യപ്രതിജ്ഞാ ചടങ്ങിന് എത്താന്‍ കഴിയൂ. എന്നാല്‍ കാപ്പ നിലനില്‍ക്കുന്നതിനാല്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ സുഗതന് തുടര്‍ന്നും പങ്കെടുക്കാനാവില്ല.