ഇരിട്ടി:പടിയൂര്‍ കല്യാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സിഡിഎസ്, ഐഎഫ്‌സിയും സംയുക്തമായി ജെ എല്‍ ജി കര്‍ഷകരുടെ ഔഷധസസ്യ കൃഷി നായ്ക്കുരുണ നടീല്‍ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു. പടിയൂര്‍ കല്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശ്രീജ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ബീന ബാബു അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. വി. തങ്കമണി ഉപജീവന ഉപസമിതി കണ്‍വീനര്‍ സീന രാജീവന്‍ എന്നിവര്‍ സംസാരിച്ചു
ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാര്‍ഡ്) ഓണക്കിറ്റിനായി 53 കോടിയും ഉള്‍പ്പെടെ 253 കോടി രൂപ അടിയന്തരമായി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യര്‍ത്ഥനപ്രകാരം മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
മുന്‍ സര്‍ക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിരുന്നില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. പുതുക്കിയ ബജറ്റില്‍ 315 കോടി രൂപ അനുവദിച്ചതില്‍, 20 കോടി ആദ്യം ലഭിച്ചിരുന്നു. തുക ചെലവഴിച്ചശേഷം കൂടുതല്‍ തുക ആവശ്യമുണ്ടെങ്കില്‍ സര്‍ക്കാരിനെ വീണ്ടും സമീപിക്കാമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ വിപണിയിടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ സ്‌കീമില്‍ നിന്ന് തുക അനുവദിക്കണമെന്നും ഭക്ഷ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.
കാപ്പ കേസില്‍ തടവിലുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് വിയ്യൂര്‍ ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിയോടെ ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ വെച്ചാ സത്യപ്രതിജ്ഞ ചടങ്ങ്. സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ നടന്നത്. ഹൈക്കോടതിയുടെ അനുമതിയോടെയായിരുന്നു ജയിലില്‍ വെച്ചുള്ള സത്യപ്രതിജ്ഞ. മേയര്‍ വി വി രാജേഷാണ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തില്‍ ജനകീയ കല്‍പ്പന മാനിക്കപ്പെടണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ തീരുമാനം കോടതിയ്‌ക്കെടുക്കാം. ജനവിധി മാനിക്കാനാണ് അത്തരം അസാധാരണ തീരുമാനമെന്നും ഉത്തരവില്‍ പറയുന്നു. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരില്‍ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരില്‍ ഒരാളാണ് വാര്‍ഡ് 20 ലെ കൗണ്‍സിലറായ സുഗതന്‍. കഴിഞ്ഞ ജൂണ്‍ 9 മുതല്‍ കാപ്പ ചുമതി നാടുകടത്തപ്പെട്ട ആ സുഗതന്‍ നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാവുന്നു. ഇന്നലെ വിവിധ ഇടങ്ങളില്‍ 15 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. വൈദ്യുതി ഉപഭോഗത്തില്‍ ഉണ്ടായ വര്‍ധനവും വൈദ്യുതി ലഭ്യതയില്‍ ഉണ്ടായ കുറവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മഴ ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ നിയന്ത്രണം തുടരേണ്ടി വരുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ നിലപാട്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള ശ്രമം നടക്കുകയാണെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.
ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരുന്നത്. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മഴയിലുണ്ടായ കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും തിരിച്ചടിയായെന്ന് കെഎസ്ഇബി പറയുന്നു. വൈദ്യുതി ഉപയോഗം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുമെന്നാണ് വിവരം. ബ്രഹ്മദത്തനെ തന്ത്രിയാക്കാന്‍ ദേവസ്വം ബോര്‍ഡില്‍ ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നെന്നും വിവരമുണ്ട്. ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും. താഴമണ്‍ കുടുംബത്തെ മാറ്റേണ്ട സാഹചര്യം ഇല്ലെന്നും കോടതിയെ അറിയിക്കാനാണ് ബോര്‍ഡ് നീക്കം. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിഷയത്തിന്‍ അന്തിമ തീരുമാനമെടുക്കുക.
ശബരിമല തന്ത്രിയാകാന്‍ ബ്രഹ്മദത്തന്‍ യോഗ്യന്‍ അണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ബ്രഹ്മദത്തനെ തന്ത്രിയാക്കാന്‍ ബോര്‍ഡിന് വിരോധമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി നിരീക്ഷിക്കുന്ന കേസ് ആയതുകൊണ്ട് കോടതിയുടെ അഭിപ്രായം തേടുമെന്നും താഴമണ്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
സംസ്ഥാനത്ത് മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മുതല്‍ 400 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍, ഇന്ന് (13.07.2026) സംസ്ഥാനത്ത് വൈകുന്നേരം 7 മണിക്കുശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാം എന്ന് കെ എസ് ഇ ബി അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടെന്ന് വീണ്ടും ആവര്‍ത്തിക്കുകയാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ജലലഭ്യതയില്‍ കുറവാണ് പ്രതിസന്ധിയില്‍ ഉണ്ടായ കുറവാണ് പ്രതിസന്ധിക്ക് കാരണം. ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നും സാധാരണ ലഭിക്കേണ്ട മഴ ഇക്കുറി ലഭിച്ചില്ലെന്നും മന്ത്രി പ്രതികരിച്ചു.
തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറും കാപ്പ കേസ് പ്രതിയുമായ ആര്‍. സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി. നാളെ രാവിലെ 11ന് വിയ്യൂര്‍ ജയിലില്‍ പുനഃ സത്യപ്രതിജ്ഞ നടക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അംഗീകൃത മാധ്യമപ്രര്‍ത്തകര്‍ക്ക് പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്.
സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞദിവസം നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ 13ന് വൈകിട്ട് അഞ്ച് മണി മുതല്‍ ജൂലൈ 14 രാത്രി 9 മണി വരെയാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ സമയം അനുവദിച്ചത്. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകള്‍ക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാല്‍ നെടുമങ്ങാട് കോടതി ജാമ്യം അനുവദിച്ചെങ്കിലും കാപ്പാ കേസില്‍ ഹൈക്കോടതി അനുമതി നല്‍കിയാല്‍ മാത്രമേ സുഗതന് സത്യപ്രതിജ്ഞാ ചടങ്ങിന് എത്താന്‍ കഴിയൂ. എന്നാല്‍ കാപ്പ നിലനില്‍ക്കുന്നതിനാല്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ സുഗതന് തുടര്‍ന്നും പങ്കെടുക്കാനാവില്ല.
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി സുപ്രീംകോടതി.
വിദ്യാര്‍ഥികളോട് അധ്യാപകന്‍ ഇങ്ങനെ ആണോ പ്രവര്‍ത്തിക്കേണ്ടത് എന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. റാം മൂന്ന് മാസമായി ഒളിവിലാണ്, മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് മനസ്സില്‍ വരുന്നത്. പ്രവൃത്തികളുടെ അനന്തരഫലങ്ങള്‍ അധ്യാപകന്‍ തിരിച്ചറിയണം എന്ന് കോടതി ചൂണ്ടിക്കാട്ടി.
ക്ലാസ് മുറിയില്‍ ഒരു വിദ്യാര്‍ഥിയെ ഈ രീതിയില്‍ അപമാനിച്ചാല്‍ എന്തായിരിക്കും പ്രത്യാഘാതം. അത്തരമൊരു പെരുമാറ്റത്തിലൂടെ അധ്യാപകന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.എന്നാല്‍ അധ്യാപകന്‍ വിദ്യാര്‍ഥിയോട് ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് അധ്യാപകന്റെ അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. പറഞ്ഞതില്‍ നിന്ന് പാഠം പഠിച്ചു എന്ന് അധ്യാപകന്റെ അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഏപ്രില്‍ 10നാണ് നിതിന്‍ കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ആരോപണവിധേയരായ ഡോ. എം.കെ റാം പാത്തോളജി വിഭാഗം മുന്‍ മേധാവിയാണ്.
നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മര്‍ദ്ദിച്ചെന്ന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടിക്കൊരുങ്ങി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
പൊലീസ് ഉപദേഷ്ടാവുമായി മന്ത്രി ചര്‍ച്ച നടത്തി. ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ എം ആര്‍ അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്യാനാണ് തീരുമാനം. നിയമോപദേശം ലഭിച്ചാല്‍ പിന്നാലെ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറും. കേസ് അട്ടിമറിക്കാന്‍ എം ആര്‍ അജിത് കുമാര്‍ ഇടപെട്ടതായി എസ്ഐടി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
എഡിജിപിയുടെ ഓഫീസിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്കും അട്ടിമറിയില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെയും നടപടിക്ക് ഡിജിപി ശുപാര്‍ശ ചെയ്യും.
കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ ഗുരുതര സുരക്ഷാവീഴ്ചയെന്ന് അന്വേഷണ കമ്മീഷന്‍. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കുറ്റകരമായ ജാഗ്രതക്കുറവ് സംഭവിച്ചെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. ജയിലുകളിലെ ലഹരി ഉപയോഗവും മൊബൈല്‍ ഫോണ്‍ ലഭ്യതയും തടയാന്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വേണമെന്നും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുക, കാലപ്പഴക്കമുള്ള കെട്ടിടങ്ങള്‍ പുതുക്കി പണിയുക, വീഡിയോ കോണ്‍ഫറന്‍സിംഗ് വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് മറ്റുപ്രധാന ശുപാര്‍ശകള്‍. തടവുകാരുടെ ബാഹുല്ല്യത്തിനും വേതന പരിഷ്‌കരണത്തിലും ആശങ്ക രേഖപ്പെടുത്തിയ കമ്മീഷന്‍ റിപ്പോര്‍ട്ട് ഈ മാസം സര്‍ക്കാരിന് സമര്‍പ്പിക്കും.
‘ജയിലില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ട്. സെല്ലിന്റെ ഇരുമ്പഴി അറുത്തുമാറ്റിയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. അത് ജയില്‍ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. വീഴ്ചയാണ്. ജയില്‍ മുറിയുടെ കമ്പി അറുത്തുമാറ്റാന്‍ പറ്റിയ ടൂള്‍ പ്രതിക്ക് കിട്ടുകയെന്ന് പറഞ്ഞാല്‍ തീര്‍ച്ചയായും വീഴ്ചയാണ്. പല പല സുരക്ഷാ പ്രശ്നങ്ങളും ജയിലുകള്‍ക്കുണ്ട്’, സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.
ജയിലുകള്‍ പലതും പഴയതാണെന്നും പുരാതന കെട്ടിടങ്ങളായതില്‍ ഇടിഞ്ഞുവീഴേക്കാമെന്നും ഇത് ജീവഹാനി വരെ ഉണ്ടാക്കാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പ്രതികളുടെ സുരക്ഷയ്ക്കായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ വലിയ സഹായകരമാണ്. മോഡേണ്‍ ജയിലുകള്‍ വേണമെന്നും സിഎന്‍ രാമചന്ദ്രന്‍ പറഞ്ഞു. ചെയ്യുന്ന ജോലിക്ക് ആനുപാതികമായി തടവുകാരുടെ വേതനം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഭിക്കുന്ന വേതനത്തിന് വേണ്ടുന്നത്രയും തൊഴില്‍ സാഹചര്യം ജയിലുകളിലില്ല. ചെറിയ ജോലിക്കും മുഴുവന്‍ ദിവസത്തെ പണം നല്‍കേണ്ടിവരുന്നുവെന്നും സി എന്‍ രാമചന്ദ്രന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.