Hivision Channel

latest news

ഇസ്രായേലിലേക്ക് കൃഷി പഠിക്കാന്‍ പോയ സംഘത്തില്‍ നിന്ന് മുങ്ങിയ ബിജു കുര്യന്റെ വിസ റദ്ദാക്കുന്നതില്‍ കൂടുതല്‍ തുടര്‍നടപടികള്‍ ഇന്ന്

ഇസ്രായേലിലേക്ക് കൃഷി പഠിക്കാന്‍ പോയ സംഘത്തില്‍ നിന്ന് മുങ്ങിയ ബിജു കുര്യന്റെ വിസ റദ്ദാക്കുന്നതില്‍ കൂടുതല്‍ തുടര്‍നടപടികള്‍ ഇന്നുണ്ടാകും. വിസ റദ്ദാക്കി തിരികെ അയക്കാന്‍ ഇസ്രായേലിലെ ഇന്ത്യന്‍ എംബസിക്ക് കത്ത് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ബുജു കുര്യനെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇന്ന് വാര്‍ത്താ സമ്മേളനം നടത്തുന്ന കൃഷിമന്ത്രി ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇസ്രായേലിലേക്ക് പോയ സംഘത്തിലെ കര്‍ഷകന്‍ ബിജു കുര്യന്റെ തിരോധാനത്തില്‍ കൃഷി വകുപ്പിനും കുടുംബത്തിനും കൂടുതല്‍ വ്യക്തതയൊന്നുമില്ല. താന്‍ സുരക്ഷിതനാണ് എന്ന് ഭാര്യക്ക് അയച്ച മെസേജിന് ശേഷം ബിജുവിനെ കുറിച്ച് ബന്ധുക്കള്‍ക്കും വിവരമൊന്നുമില്ല.

വിളംബര ജാഥ

ഇരിട്ടി: സി പി ഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ പ്രചരണാര്‍ത്ഥം ഇരിട്ടിയില്‍ വിളംബര ജാഥ നടത്തി.ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രന്‍,അഡ്വ. ബിനോയി കുര്യന്‍, വി.ജി പത്മനാഭന്‍,
പി.പി അശോകന്‍, പി.പി ഉസ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

80 ലക്ഷത്തോളം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ മന്ത്രി

ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ് എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 80 ലക്ഷത്തോളം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ രംഗത്ത് ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് കാമ്പയിന്‍ ആരംഭിച്ചത്.

ഇ ഹെല്‍ത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് വീട്ടിലെത്തിയാണ് 30 വയസിന് മുകളിലുള്ളവരെ സ്‌ക്രീനിംഗ് നടത്തുന്നത്. ജീവിതശൈലീ രോഗങ്ങളും കാന്‍സറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീര്‍ണമാകാതെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നു. ഇതുവരെ ആകെ 79,41,962 പേരെ സ്‌ക്രീനിംഗ് നടത്തിയതില്‍ 19.97 ശതമാനം പേര്‍ (15,86,661) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്. 11.02 ശതമാനം പേര്‍ക്ക് (8,75,236) രക്താതിമര്‍ദ്ദവും, 8.88 ശതമാനം പേര്‍ക്ക് (7,05,475) പ്രമേഹവും, 3.88 ശതമാനം പേര്‍ക്ക് (3,08,825) ഇവ രണ്ടും സംശയിക്കുന്നുണ്ട്.

തദ്ദേശസ്ഥാപനങ്ങളുടെ സേവനം പൂര്‍ണമായും ഓണ്‍ലൈനാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഈ വര്‍ഷം പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ലെന്‍സ്‌ഫെഡിന്റെ ആഭിമുഖ്യത്തില്‍ കെട്ടിട നിര്‍മ്മാണ ചട്ടഭേദഗതികളും ഓണ്‍ലൈന്‍ പ്ലാന്‍സ് സമര്‍പ്പണവും എന്ന വിഷയത്തെക്കുറിച്ചുള്ള ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം

കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞു. ഇതിനായി എല്ലാ വിഭാഗം ആള്‍ക്കാരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടും.എല്ലാ തദ്ദേശസ്ഥാപനങ്ങളിലേയും സോഫ്റ്റ്വെയര്‍ ഏകീകരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു.

സമയബന്ധിതമായും കാര്യക്ഷമമായും കാര്യങ്ങള്‍ നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തും. ഇതിനായി സെല്‍ഫ് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കും. ഇതോടെ ഓണ്‍ലൈന്‍ ആയിത്തന്നെ പ്ലാന്‍ സമര്‍പ്പിക്കാനും ഓണ്‍ലൈനായി തന്നെ കാലതാമസം ഇല്ലാതെ പെര്‍മിറ്റ് ലഭ്യമാക്കാനും സാധിക്കും. അതിനുവേണ്ടി ഫീസ് ഘടനയില്‍ കാലോചിതമായ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.

ഒമ്പതാംക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തില്‍ മനുഷ്യവകാശ കമ്മീഷന്റെ ഇടപെടല്‍

ഒമ്പതാംക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കി ഉപയോഗിച്ച വിഷയത്തില്‍ മനുഷ്യവകാശ കമ്മീഷന്റെ ഇടപെടല്‍. വിഷയം ഗൗരവതരമെന്ന് കമ്മീഷന്‍ അറിയിച്ചു. കൂടുതല്‍ കുട്ടികള്‍ ഈ മേഖലയിലേക്ക് വരുന്നത് കൂടുതല്‍ വിപത്തുകള്‍ ഉണ്ടാകുമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.പരാതി മനുഷ്യാവകാശ കമ്മീഷന്റെ പോലീസ് വിഭാഗം അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കേസുകളുടെ എണ്ണം കൂടുന്നുണ്ട്. അതിനാല്‍, പോലീസുമായും എക്‌സൈസുമായും ചേര്‍ന്ന് ബോധവല്‍ക്കരണ നടപടികള്‍ ശക്തമാക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. ഈ വിഷയത്തില്‍ വീട്ടുകാരന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. പുറത്തുള്ളവര്‍ക്ക് ഇടപെടുന്നതിന് പരിധിയുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഹൈക്കോടതി ഉത്തരവുകള്‍ ഇനി മലയാളത്തിലും

ഹൈക്കോടതി ഉത്തരവുകള്‍ ഇനി മലയാളത്തിലും.കോടതി ഉത്തരവ് പ്രാദേശിക ഭാഷയിലാക്കാനുള്ള ചരിത്ര തീരുമാനം നടപ്പിലാക്കി കേരള ഹൈക്കോടതി.നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ് രണ്ട് ഉത്തരവുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ മലയാളത്തില്‍ പുറത്തിറക്കിയത്. രാജ്യത്തെ ഹൈക്കോടതികളില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു നടപടി.കടുകട്ടി ഇംഗ്ലീഷ് പദപ്രയോഗങ്ങള്‍. സാധാരണക്കാര്‍ക്ക് മനസിലാകാത്ത നിയമസംഹിതകള്‍. കോടതി വിധിന്യായങ്ങള്‍ വായിച്ചുമനസിലാക്കിയെടുക്കാന്‍ സാധാരണക്കാരന് പെടാപ്പാടായിരുന്നു. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് ഉത്തരവുകള്‍ മലയാളത്തിലാക്കുന്നത്. കോടതിയുത്തരവുകളെ സാധാരണക്കാരുമായി അടുപ്പിക്കുന്നതിന് പ്രാദേശികഭാഷകളില്‍ പരിഭാഷ വേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് തന്നെ അടുത്തയിടെ നിരീക്ഷിച്ചിരുന്നു.കേരളാ ഹൈക്കോടതിയാണ് ഈ നിര്‍ദേശം അംഗീകരിച്ച് രണ്ട് ഉത്തരവുകള്‍ മലയാളത്തിലാക്കി പുറത്തിറക്കിയത്.

ചീഫ് ജസ്റ്റീസ് എം മണികുമാര്‍, ജസ്റ്റീസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവാണ് മലയാളത്തിലാക്കി ഹൈക്കോടതി വെബ് സൈറ്റില്‍ ആദ്യം അപ്ലോഡ് ചെയ്തത്. ഉത്തരവ് മലയാളത്തിലും പുറത്തുവന്നെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ഇംഗ്ലീഷ് വിധിന്യായത്തിനാകും നിയമസാധുതയെന്നും വ്യക്തമാക്കിയിട്ടുണ്ട്

കോണ്‍ക്രീറ്റ് മിക്സിംങ്ങ് യന്ത്രത്തില്‍ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍ വെളയനാട് റോഡ് നിര്‍മാണത്തിന് എത്തിച്ച കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തില്‍ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാര്‍ വെസ്റ്റ് ചംമ്പാരന്‍ സ്വദേശി വര്‍മ്മാനന്ദ് കുമാര്‍ (19) ആണ് മരിച്ചത്. രാവിലെയാണ് അപകടം നടന്നത്. വര്‍മ്മാനന്ദ് കുമാര്‍ കോണ്‍ക്രീറ്റ് മിക്സിംങ്ങ് മെഷീനകത്ത് ജോലി ചെയ്യുന്നതിനിടെ പുറമെ നിന്ന് മെഷീന്‍ ഓണ്‍ ആക്കിയതാണ് അപകട കാരണം. സാധാരണ മെഷീന്‍ ഓണ്‍ ആക്കുന്നതിന് മുന്‍പായി സൈറണ്‍ മുഴക്കാറുണ്ടെന്നും എന്നാല്‍ ഇത് ചെയ്യാതെ യു പി സ്വദേശിയായ മറ്റൊരു തൊഴിലാളി മെഷീന്‍ ഓണാക്കിയതാണ് അപകട കാരണമെന്നും മറ്റ് തൊഴിലാളികള്‍ പറയുന്നു.

അപകടം നടന്നയുടനെ മെഷീന്‍ ഓണാക്കിയ യു പി സ്വദേശിയെ കമ്പനി അധികൃതര്‍ പ്ലാന്റില്‍ നിന്നും മാറ്റിയത് മറ്റ് തൊഴിലാളികളുടെ പ്രതിഷേധത്തിനിടയാക്കി. ഇവര്‍ പ്ലാന്റിലെ കോട്ടേജുകളുടെ ഗ്ലാസുകള്‍ അടിച്ച് തകര്‍ത്തു. പിന്നീട് ഇരിങ്ങാലക്കുട പൊലീസ് എത്തിയാണ് തൊഴിലാളികളെ ശാന്തരാക്കിയത്. മെഷീന്‍ ഓണാക്കിയ യു പി സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇസ്രായേലിലേക്ക് പോയ കര്‍ഷകന്‍ മുങ്ങിയതിന് പിന്നില്‍ ചില സംഘങ്ങള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കൃഷി മന്ത്രി

ഇസ്രായേലിലേക്ക് പോയ കര്‍ഷകന്‍ മുങ്ങിയതിന് പിന്നില്‍ ചില സംഘങ്ങള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. വഞ്ചനയാണ് ബിജു കുര്യന്‍ ചെയ്തത്. ബിജു കുര്യന്‍ മുങ്ങിയത് ബോധപൂര്‍വമാണ്. ഇത് സര്‍ക്കാരിന് ലാഘവത്തോടെ കാണാനാവില്ല. ഈ രീതി അനുവദിക്കാനാവില്ല. മുങ്ങിയതിനു പിന്നില്‍ മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ടെന്ന വിവരം ഇപ്പോള്‍ കിട്ടുന്നുണ്ട്. ഇതടക്കം എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ഗൗരവത്തോടെ അന്വേഷിക്കും.

ഇസ്രായേലിലെ കൃഷിരീതികള്‍ പഠിക്കാന്‍ സംസ്ഥാനത്തുനിന്ന് പോയ കര്‍ഷക സംഘത്തില്‍ നിന്ന് മുങ്ങിയ ബിജു കുര്യനെ മടങ്ങുന്നതിന്റെ തൊട്ടുതലേന്നാണ് കാണാതായതെന്ന് കൂടെ ഉണ്ടായിരുന്നവര്‍ വ്യക്തമാക്കിയിരുന്നു. വ്യക്തമായി ആസൂത്രണം ചെയ്താണ് ബിജു കുര്യന്‍ സംഘത്തില്‍ നിന്ന് മുങ്ങിയതെന്ന് സഹയാത്രികര്‍ പറയുന്നു.

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിത്യപൂജ സാധനങ്ങള്‍ക്ക് ക്ഷാമം

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിത്യപൂജ സാധനങ്ങള്‍ക്ക് ക്ഷാമം.പല സാധനങ്ങളും സ്റ്റോക്കില്ലെന്ന് സ്റ്റോക്ക് കീപ്പര്‍ അറിയിച്ചു. കണ്‍സ്യൂമര്‍ ഫെഡിന് മാത്രം കൊടുക്കേണ്ടത് 90 ലക്ഷം രൂപയാണ്. കുടിശിക അടിയന്തിരമായി നല്‍കിയില്ലെങ്കില്‍ സാധനം നല്‍കില്ലെന്ന് കണ്‍സ്യൂമര്‍ ഫെഡ് അറിയിച്ചതായി സ്റ്റോക്ക് കീപ്പര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കി.

ക്ഷേത്ര ഭരണ സമിതികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി

ക്ഷേത്ര ഭരണ സമിതികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. മലബാര്‍ ദേവസ്വത്തിന് കീഴിലെ കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയില്‍ സി പി എം പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തിയതിന് എതിരായ ഹര്‍ജിയിലാണ് ഉത്തരവ്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതല്‍ ക്ഷേത്ര ഭരണ സമിതികളില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരെ നിയമിക്കരുതെന്നും ഉത്തരവിലുണ്ട്.

മലബാര്‍ ദേവസ്വത്തിന് കീഴിലുളള കാളിക്കാവ് ക്ഷേത്ര ഭരണസമിതി തെരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെട്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവെങ്കിലും ഭാവിയില്‍ ഈ ഉത്തരവിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് നിയമവിദഗ്ധര്‍ കരുതുന്നത്. പുക്കോട്ട് കാളിക്കാവ് പാരമ്പര്യേതര ട്രസ്റ്റി നിയമനത്തില്‍ മലബാര്‍ ദേവസ്വം ബോഡിന്റെ വ്യവസ്ഥകളും ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി കണ്ടെത്തി.