കായിക മേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന ആരോപണം ഉന്നയിച്ച കായിക അധ്യാപകന് ജിജോ ജെയിംസിനെ അന്വേഷണ വിധേയമായി സസ്പെന്‍സ് ചെയ്തു. അടിസ്ഥാന രഹിതമായ ആരോപണമാണെന്നും ജിജോ ജെയിംസിനെ സസ്പെന്‍ഡ് ചെയ്യുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു. അധ്യാപകനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയാണ് ജിജോ ജെയിംസ്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ആരോപണം ഉന്നയിച്ചതിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷം ഉണ്ടായിരുന്നു.
സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരിയുടെ പുതിയ ഉല്‍പ്പന്നങ്ങളായ മൈദ, റവ എന്നിവ വിപണിയിലിറക്കുന്നു. ശബരി ആട്ട, ശബരി ഗോള്‍ഡ് ചായപ്പൊടി, ശബരി ഹോട്ടല്‍ ബ്ലെന്‍ഡ് ചായപ്പൊടി എന്നിവ പുതിയ ബ്രാന്‍ഡഡ് പാക്കിംഗില്‍ പുനരവതരിപ്പിക്കുകയും ചെയ്യും. ഒക്ടോബര്‍ 31ന് വൈകിട്ട് മൂന്നിന് എറണാകുളം ഐഎംഎ ഹൗസില്‍ നടക്കുന്ന ചടങ്ങ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഔദ്യോഗികമായി ഈ പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കും
തൃക്കാക്കര എംഎല്‍എ ഉമ തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ ഓണ്‍ലൈന്‍ ഉപഭോക്തൃ പരാതി പരിഹാര സംവിധാനം ചടങ്ങില്‍ ഹൈബി ഈഡന് എം പി ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കളുടെ പരാതികള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കുന്നതിന് ഈ സംവിധാനം സഹായകമാകും.
കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്. കായികമേള മനപൂര്‍വം അലമ്പാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും അത് നടക്കാന്‍ പോകുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇത് പഴയ നമ്പരാണ്. ഇതൊന്നും കൊണ്ട് മേള അലമ്പാകാന്‍ പോകുന്നില്ല. ഇത് ഭംഗിയായി നടക്കുന്നുവെന്നും അങ്ങനെത്തന്നെ പൂര്‍ത്തിയാകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്ത്തകന് മര്‍ദനമേറ്റ സംഭവത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകരെയല്ല ആരെ മര്‍ദിച്ചാലും അതാര് ചെയ്താലും തെറ്റ് തന്നെയാണ്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കും. അതിന് ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികള്‍ വര്‍ഷങ്ങളുടെ പ്രയത്നത്തിന് ശേഷമാണ് ഇത്തരം മേളകള്ക്കെത്തുന്നതെന്നും അത് അലങ്കോലപ്പെടുത്താന്‍ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ അംഗീകാരത്തോടെ അഞ്ച് വര്‍ഷം ഭരിക്കാനെത്തിയ സര്‍ക്കാരാണിത്. ഞങ്ങളെക്കൊണ്ട് ഇത്തരം മേളകള്‍ നടത്താനാകില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവരുണ്ട്. എന്നാല്‍ കായിമ മേളയും വരാനിരിക്കുന്ന ശാസ്ത്ര, കലാ മേളകളും ഭംഗിയായി തന്നെ നടക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സ്കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന് ആരോപിച്ച അധ്യാപകന് അറസ്റ്റില്‍. പെരുമ്പാവൂര്‍ വെങ്ങോല ശലേം സ്കൂളിലെ കായിക അധ്യാപകന് ജിജോ ജെയിംസിനെയാണ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കായിക മേളയ്ക്കിടെ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു, സാമ്പാറില്‍ നിന്ന് ലഭിച്ചെന്ന വ്യാജേന പുഴുവിനെ പ്രദര്‍ശിപ്പിച്ചെന്നും എഫ്ഐആറില്‍ ആരോപിക്കുന്നു.
ഇന്നലെ രാവിലെയായിരുന്നു കായികമേളയ്ക്കിടെ വിളമ്പിയ സാമ്പാറില്‍ പുഴുവെന്ന ആരോപണം ഉയര്‍ന്നത്. സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ അധ്യാപകന് ജിജോ ജെയിംസ് തനിക്ക് പരാതിയില്ലെന്ന് എഴുതി നല്‍കിയിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അധ്യാപകന്റെ ആരോപണത്തെ പൂര്‍ണ്ണമായും തള്ളുന്ന നിലപാടാണ് വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചത്. കടുത്ത രാഷ്ട്രീയ വിരോധം വെച്ചാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണം ഉന്നയിച്ച അധ്യാപകന്റേത് നാടകം ആണെന്നുമായിരുന്നു എന്‍ ഷംസുദ്ദീന് പ്രതികരിച്ചത്.
റോഡ് അപകടങ്ങളും മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇടപെട്ട് ഹൈക്കോടതി. ബന്ധപ്പെട്ട വകുപ്പുകള്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. നവംബര്‍ 3-ന് കേസ് പരിഗണിക്കുമ്പോള്‍ നിര്‍ദേശങ്ങള്‍ അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നിര്‍ദേശം. ബന്ധപ്പെട്ട വകുപ്പുകള്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
നവംബര്‍ 3-ന് കേസ് പരിഗണിക്കുമ്പോള്‍ നിര്‍ദേശങ്ങള്‍ അറിയിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ചീഫ് സെക്രട്ടിറിയെ നോഡല്‍ ഓഫീസറായി നിശ്ചയിച്ചിട്ടുണ്ട്. കേരള റോഡ് സുരക്ഷാ അതോറിറ്റുിയുടെ നേതൃത്വത്തില്‍ ഏകീകൃത നിരീക്ഷണ പ്ലാറ്റ്ഫോം വികസപ്പിക്കണെമന്നും കോടതി നിര്‍ദേശിച്ചു. കൂടാതെ, 45 ദിവസത്തിനകം പ്ലാറ്റ്ഫോം സജ്ജമാക്കണമെന്നും ബ്ലാക് സ്പോട്ടുകള്‍ കണ്ടെത്തി പരിഹരിക്കണം, അമിതവേഗവും അപകടകരമായ ഡ്രൈവിംഗ് നിയന്ത്രിക്കണം, റോഡുകളുടെ തകരാര്‍ പരിഹരിക്കണം എന്നും കോടതി നിര്‍ദേശിച്ചു.
എസ്ഐആറില്‍ സുപ്രധാന നീരീക്ഷണവുമായി സുപ്രീംകോടതി. ഫോം 6, 7, 8 എന്നിവയുടെ അടിസ്ഥാന ഘടനയില്‍ മാറ്റം വരുത്താനാകില്ല. കമ്മീഷന് അധിക വ്യവസ്ഥകള്‍ ചേര്‍ക്കാം എന്നാല്‍ ചട്ടങ്ങള്‍ മറികടക്കാനാവില്ലെന്ന് കോടതി. രേഖകളിലെ പൊരുത്തകേടുകളുടെ പേരില്‍ വോട്ടര്‍മാരെ ഒഴിവാക്കുന്നതിന് അന്തിമ അനുമതി നല്‍കിയിട്ടില്ലെന്നും സുപ്രീംകോടതി. 2003ലെ വോട്ടര്‍പട്ടികയില്‍ പേരുള്ളവരെ രേഖകളിലെ പൊരുത്തക്കേടുകളുടെ പേരില്‍ ഒഴിവാക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.
എന്യുമറേഷന് ഫോം നല്‍കാത്തതിന്റെ പേരില്‍ വോട്ടവകാശം എന്നെന്നേക്കുമായി നിഷേധിക്കാനാകുമോ എന്നും സുപ്രീംകോടതി ചോദിച്ചു. ഡല്‍ഹി എസ്ഐആര്‍ കേസിനിടെയാണ് സുപ്രീംകോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്. രേഖകളിലെ പൊരുത്തകേടുകളുടെ പേരില്‍ വോട്ടര്‍മാരെ ഒഴിവാക്കുന്നതിന് അന്തിമ അനുമതി നല്‍കിയിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പശ്ചിമബംഗാളില്‍ ഈ പരിശോധന അനുവദിച്ചത് ഇടക്കാല ക്രമീകരണമായി മാത്രമാണ്. ബിഹാര്‍ വിധിയില്‍ ഇതിന്റെ നിയമസാധുത പരിഗണിച്ചിട്ടില്ല. പേര്, പ്രായം, വിലാസം, ഉള്‍പ്പെടെയുള്ളവയിലെ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഒഴിവാക്കലിലാണ് കോടതി നീരീക്ഷണം.
പട്ടികയില്‍ പേരുചേര്‍ക്കാനുള്ള ഫോമുകള്‍ സ്വീകരിക്കുന്നത് പരിഗണിക്കാനും, ആവശ്യമെങ്കില്‍ ഒക്ടോബര്‍ 30 എന്ന സമയപരിധി നീട്ടിനല്‍കാനും തിരഞ്ഞെടുപ്പ് കമ്മീഷനോട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ നടന്ന പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു. കോരുത്തോട് സ്കൂളിലെ താരമാണ് മെഡിക്കല്‍ കോളേജില്‍ നടത്തിയ എല്ലുപരിശോധനയില് പരാജയപ്പെട്ടത്. 14 വയസ്സിന് താഴെയുള്ളവര്‍ മത്സരിക്കുന്ന സബ് ജൂനിയര്‍ വിഭാഗത്തിലാണ് വ്യാജ പ്രായം കാണിച്ച് താരം പങ്കെടുത്തത്. എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം താരത്തിന് 15-നും 18-നും ഇടയില്‍ പ്രായമുണ്ടെന്ന് തെളിഞ്ഞു. സംസ്ഥാന സ്കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്.
ഈ വര്‍ഷം ഉത്തര്‍പ്രദേശില്‍ നിന്ന് കേരളത്തിലെത്തിയ താരം 100 മീറ്റര്‍, 400 മീറ്റര്‍, റിലേ ഇനങ്ങളിലാണ് മത്സരിച്ചത്. 400 മീറ്ററില്‍ സ്വര്‍ണം നേടിയ താരം 100 മീറ്ററിന്റെ ഫൈനലിലേക്കും യോഗ്യത നേടിയിരുന്നു. താരത്തിന് രണ്ട് ആധാര്‍ കാര്‍ഡുകള്‍ ഉണ്ടെന്ന് ആരോപിച്ച് മാര്‍ ബേസില്‍, ഐഡിയല്‍ സ്കൂളുകളാണ് പരാതി നല്‍കിയത്.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തോടൊപ്പമുള്ള ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിച്ച് കേന്ദ്ര മന്ത്രിസഭ യോഗം. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. വിലക്കയറ്റം നേരിടുന്നതിനുള്ള നീക്കമായാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. വര്‍ഷത്തില്‍ രണ്ടുതവണയാണ് സര്‍ക്കാര്‍ ഡി.എയും ഡി.ആറും പരിഷ്കരിക്കുന്നത്. അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനനാണ് ഡിഎ ആയി നല്‍കുന്നത്.
പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്ന സമാനമായ ആനുകൂല്യമാണ് ഡി.ആര്. വിപണിയില്‍ വിലക്കയറ്റം നേരിടുന്നതിനായാണ് കൃത്യമായ ഇടവേളകളില്‍ ഡിഎയും ഡിആറും കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കാറുള്ളത്. കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2% ഡി.എയും ഡി.ആറും വര്‍ധിപ്പിച്ചതോടെ നിരക്ക് അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമായി എത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ പുതിയ വര്‍ധനവ്.
കേരള പേപ്പര്‍ ലോട്ടറിയുടെ മറവില്‍ സോഷ്യല്‍ മീഡിയയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളും ഉപയോഗിച്ച് വ്യാജ ലോട്ടറി നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശന്. സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഒരേ ടിക്കറ്റ് തന്നെ നിരവധി ആളുകള്‍ക്ക് അനധികൃതമായി സാമൂഹികമാധ്യമങ്ങള്‍ വഴി വില്‍ക്കുന്നത് മൂലം സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്.
ഇതിനുപുറമേ, ലോട്ടറി തൊഴിലാളികള്‍ക്കും സാധാരണക്കാരായ പൊതുജനങ്ങള്‍ക്കും ഇത് വലിയ കഷ്ടനഷ്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ലോട്ടറി മേഖലയെ തകര്‍ക്കുന്ന രീതിയില്‍ വലിയൊരു ലോബിയായി, വന്‍ ക്രൈമായി ഇത് മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് പാലക്കാട് പോലുള്ള ജില്ലകളിലാണ് ഈ തട്ടിപ്പ് ഏറ്റവും കൂടുതലായി കാണപ്പെടുന്നതെന്ന് മറുപടിയില്‍ വ്യക്തമാക്കി.
സംഭവത്തില്‍ ലോട്ടറി വകുപ്പ് നിലവില്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. ലോട്ടറി റഗുലേഷന് ആക്ട് അനുസരിച്ച് ഇത്തരത്തില്‍ ക്രമക്കേട് നടത്തിയാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വലിയ ക്രിമിനല്‍ കുറ്റമാണിത്. വ്യാപകമായി വ്യാജ ലോട്ടറി അച്ചടിച്ചു വില്‍ക്കുകയും, എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് അത് യാഥാര്‍ത്ഥ്യമാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ചെറിയ സമ്മാനങ്ങള്‍ നല്കി വിശ്വസിപ്പിക്കുകയും വലിയ സമ്മാനം ലഭിക്കുമ്പോള്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങുകയും ചെയ്യുന്ന വലിയ തട്ടിപ്പാണ് ഇതിന് പിന്നില്‍ നടക്കുന്നത്. ഈ തട്ടിപ്പുകാരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. വലിയ സാമ്പത്തിക നഷ്ടമാണ് ഇതിലൂടെ സര്‍ക്കാരിന് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
വിവരാവകാശ പരിധിയില്‍ നിന്ന് വിജിലന്‍സ് ടി സെക്ഷന്‍ ഒഴിവാക്കിയുള്ള വിജ്ഞാപനത്തിന് സ്റ്റേയില്ല. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന പൊതുതാതപര്യ ഹര്‍ജികളിലെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്കി. ടി സെക്ഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന വിവരങ്ങള്‍ ഏതൊക്കെയെന്ന് അറയിക്കാനാണ് നിര്‍ദ്ദേശം. മൂന്നാഴ്ചയ്ക്കുള്ള സത്യവാങ്മൂലം നല്‍കണം. വിജിലന്‍സ് മുന്‍ ലീഡല്‍ അഡൈ്വസര്‍ അഡ്വ പി മുരളീകൃഷ്ണനും ആര്‍ടിഐ കേരള ഫെഡറേഷന് എന്ന സംഘടനയുമാണ് പൊതുതാതപര്യ ഹര്‍ജികളുമായി ഹൈക്കോടതി സമീപിച്ചത്. ഒക്ടോബര്‍ 22നാണ് വിജിലന്‍സിലെ ടി സെക്ഷനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി വിജ്ഞാപനം പുറത്തിറങ്ങിയത്.