Hivision Channel

hivision

മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്. പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കും. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷണത്തിന്റെ ചുമതല. കെഎസ്യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് പേരാണ് കേസിലെ പ്രതികള്‍.

കേസില്‍ ശരിരായ അന്വേഷണം നടന്നില്ലെന്ന ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണാ ജോര്‍ജ് എത്തിയപ്പോള്‍ പ്രതിഷേധിക്കാനെത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ അവരെ ആക്രമിച്ചുവെന്നും വധിക്കാന്‍ ശ്രമിച്ചുവെന്നും ഇതില്‍ അന്നത്തെ മന്ത്രിയായിരുന്ന വീണയ്ക്ക് പരുക്കേറ്റു എന്നുമായിരുന്നു കേസ്. എന്നാല്‍ ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും ഇത് വ്യാജ പരാതിയാണെന്നുമായിരുന്നു അന്നത്തെ പ്രതിപക്ഷത്തിന്റെ നിലപാട്. ഫെബ്രുവരി 25നാണ് കെഎസ്യു പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്.

എസ്ഐടി അന്വേഷിച്ച് കേസിന്റെ നിജസ്ഥിതി കണ്ടെത്തണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം. നിലവില്‍ റെയില്‍വേ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ആദ്യം ചുമത്തിയിരുന്നത് എങ്കിലും കോടതി ഇടപെടലില്‍ അതൊഴിവാക്കി റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യവും ഉണ്ടായിരുന്നു. പരാതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സൂക്ഷ്മത പുലര്‍ത്താത്തതിന് സിപിഐഎം യോഗങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

മഴ ശക്തം; കണ്ണൂര്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

മഴ ശക്തമായി തുടരുന്നതിനാല്‍ കണ്ണൂര്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ പ്രവേശനത്തിന് താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഡിടിപിസി അറിയിച്ചു. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനത്തിനും നിയന്ത്രണമുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ റാഫ്റ്റിങ്, കയാക്കിങ് ഉള്‍പ്പടെയുള്ളവയ്ക്ക് വിലക്കേര്‍പ്പെടുത്തിയിതായും ഡിടിപിസി അറിയിച്ചു.

മഴയുടെ ശക്തി കുറയുന്നതിന് അനുസരിച്ച് നിയന്ത്രണത്തില്‍ ഇളവ് വരുത്തും. കടല്‍ ക്ഷോഭത്തിനുള്ള സാധ്യത കണക്കിലെടുത്ത് ബീച്ചുകളിലേക്ക് ഉള്‍പ്പെടെ ഉള്ള യാത്ര ഒഴിവാക്കണമെന്നും ഡിടിപിസി അറിയിച്ചു. ബീച്ചുകളോട് അനുബന്ധിച്ചുള്ള പാര്‍ക്കുകള്‍ ഉള്‍പ്പെടെ താല്‍ക്കാലികമായി അടച്ചിട്ടിട്ടുണ്ട്. മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനത്തിനും നിലവില്‍ നിരോധനമുണ്ട്.

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഗ്രാമിന് 35 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,220 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് ഇടിഞ്ഞത് 280 രൂപയാണ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 1,05,760 രൂപ എന്ന നിരക്കിലാണ് വില്‍ക്കുന്നത്.

മഴക്കെടുതി; ഏത് സാഹചര്യവും നേരിടാന്‍ സജ്ജം, പരുക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍, എന്‍.ഡി.ആര്‍.എഫ്, പൊലീസ് ഉള്‍പ്പെടെ ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ജില്ല കളക്ടര്‍മാരുടെ യോഗം റവന്യൂ മന്ത്രി വിളിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ്, പൊലീസ് സേനകള്‍ ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയും ചിലയിടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടര്‍മാരുമായും ഫോണില്‍ ബന്ധപ്പെട്ടു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ റവന്യൂ മന്ത്രി ഏകോപിപ്പിക്കും. 11 മണിക്ക് ജില്ല കളക്ടര്‍മാരുടെ യോഗം റവന്യൂ മന്ത്രി വിളിച്ചിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫ് പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണ്. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്’ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ അറിയിച്ചു.

അതിശക്തമായ മഴയില്‍ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കനത്ത നാശം. 3 പേര്‍ മരിച്ചു. അടൂര്‍മലയില്‍ ഉരുള്‍പൊട്ടി വീട്ടമ്മ മരിച്ചു. പയ്യാനിത്തോട്ടത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അമ്മയെ കാണാതായി. കോലാഹലമേട്ടില്‍ മണ്ണിടിഞ്ഞ് 72 കാരനും മരിച്ചു. പത്തനംതിട്ട റാന്നിയില്‍ സ്ഥിതി അതീവഗുരുതരമാണ്. റോഡുകളെല്ലാം വെള്ളത്തിലാണ്. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ആശങ്കയാണ്.

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ രണ്ട് മരണം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എല്ലാ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മധ്യ കേരളത്തില്‍ മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി അടൂര്‍മലയില്‍ ഉരുള്‍പൊട്ടി വയോധിക മരിച്ചു. ഭര്‍ത്താവും മാതാവും രക്ഷപ്പെട്ടു.

അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ സുമതി എന്ന വീട്ടമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. അടൂര്‍മല സ്വദേശി രവിയുടെ ഭാര്യയാണ് മരിച്ച സുമതി. 500 അടിയോളം താഴ്ചയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം കണ്ടെടുത്തത്. രവിയേയും മകന്‍ രാജേഷിനേയും രക്ഷപ്പെടുത്തി.

പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ജോണി എന്നയാളുടെ വീട് പൂര്‍ണമായും തകര്‍ന്നു. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന ജോണിയുടെ മകന്‍ ജോസഫാണ് മരിച്ചത്. ജോണിയുടെ ഭാര്യ ഗ്രേസിയ്ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. അതിശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടി. ഇടുക്കി കുടയത്തൂര്‍ അടൂര്‍മലയിലാണ് ഉരുള്‍പൊട്ടിയത്. മഷികല്ലേല്‍ രവിയുടെ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് വീട് പൂര്‍ണ്ണമായും തകര്‍ന്നു. കോട്ടയം പയ്യാനിത്തോട്ടത്തെ ഉരുള്‍പൊട്ടലിലും വീട് തകര്‍ന്നു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് അതിതീവ്രമഴ; മൂന്ന് മണിക്കൂറില്‍ എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് അതിതീവ്രമഴ. വരും മണിക്കൂറുകളില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിലേക്കായി എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് എല്ലാ ജില്ലകള്‍ക്കും നിലവില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പുകള്‍ ഇങ്ങനെ:

പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത.
ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിര്‍ദേശങ്ങള്‍
ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.

ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും സാധ്യത

ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

നാളെയും മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും. കൂടാതെ ഇന്നും നാളെയും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസറഗോഡ് (ഓറഞ്ച് അലര്‍ട്ട് : അടുത്ത മൂന്ന് മണിക്കൂര്‍ മാത്രം) ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളം കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.

കര്‍ക്കിടക ഫെസ്റ്റും, ആരോഗ്യ ബോധവത്കരണ ക്ലാസും

പടിയൂര്‍ – കല്ല്യാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി.എസ്, ഐ എഫ് സി, എഫ് എന്‍ എ ച്ച് ഡബ്ലു എ്‌നനിവയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കിടക ഫെസ്റ്റും, ആരോഗ്യ ബോധവത്കരണ ക്ലാസും
പടിയൂര്‍ കല്യാട് കൃഷിഭവന്‍ പരിസരത്തു സംഘടിപ്പിച്ചു.പടിയൂര്‍ കല്യാട് വൈസ് പ്രസിഡന്റ് വി വി രാജീവ് ന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജ ഉദ്ഘാടനം നിര്‍വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. രാമചന്ദ്രന്‍,കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ട്രീസ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. കര്‍ക്കിടക ആരോഗ്യ സംരക്ഷണം എന്ന വിഷയത്തില്‍ ഡോ:അനൂപ് ടി ജോര്‍ജ് ക്ലാസെടുത്തു.

വടകര എംഡിഎംഎ കേസ്; ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയാ സംഘത്തലവന് അറസ്റ്റിലായ അധ്യാപികമാരുമായി നേരിട്ട് ബന്ധം

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി എസ്ഐടി. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയാ സംഘത്തലവന് കേസിലെ പ്രതികളുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഇയാള്‍ വയനാട് സ്വദേശിയാണ്. വയനാട് സ്വദേശി വിവിധ കേസുകളില്‍ പങ്കാളി എന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതികളായ അധ്യാപികമാര്‍ക്ക് എംഡിഎംഎ മാഫിയാ തലവനുമായി നേരിട്ട് ബന്ധമുണ്ടെന്നു പൊലീസ് കണ്ടെത്തി.

അതേസമയം, കേസില്‍ വിദ്യാഭ്യാസ വകുപ്പ് ഉന്നതതല അന്വേഷം പ്രഖ്യാപിച്ചു. നാലംഗ സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. എസ്എസ്‌കെ സ്റ്റേറ്റ് അഡീഷണല്‍ പ്രൊജക്ട് ഡയറക്ടറാണ് അന്വേഷണ തലവന്‍. പേരാമ്പ്ര ബിആര്‍സിയിലും സമീപ ബിആര്‍സികളിലും സമിതി അന്വേഷണം നടത്തും. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനും സമിതിക്ക് നിര്‍ദേശമുണ്ട്.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഇടനിലക്കാരാക്കി അവരുടെ അക്കൗണ്ട് വഴി പണം സ്വീകരിക്കുന്ന രീതിയാണ് കേസില്‍ പരീക്ഷിച്ചിരുന്നത്. ഒരു അക്കൗണ്ടിലേക്ക് മാത്രം നൂറിലേറെ പേരാണ് പണം അയച്ചിട്ടുള്ളത്. ലഹരിയുടെ മുഖ്യവിതരണക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനോട് പങ്കുവയ്ക്കാന്‍ അറസ്റ്റിലായ കാവ്യ, കീര്‍ത്തന, നീഷ്മ എന്നീ അധ്യാപകര്‍ തയാറായിട്ടില്ല.

അറസ്റ്റിലായവരുടെ അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങള്‍ എത്തിയെന്നാണ് കണ്ടെത്തല്‍. ഈ പണം നര്‍ക്കോട്ടിക് ബിസിനസ് വഴി ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞാല്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനാണ് പൊലീസിന്റെ നീക്കം. പിടിക്കപ്പെടാതിരിക്കാന്‍ പ്രതികള്‍ വിദേശ ഫോണ്‍ നമ്പറുകളാണ് ഉപയോഗിച്ചിരുന്നത് എന്ന വിവരവും പൊലീസിന് ലഭിച്ചു.