Hivision Channel

hivision

ബ്രേക്ക് ദി ചെയിന്‍ പദ്ധതി ക്രമക്കേട്; ഡോ. മുഹമ്മദ് അഷീലിനെതിരെ ധനകാര്യ വിഭാഗത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട്

ബ്രേക്ക് ദി ചെയിന്‍ പദ്ധതി ക്രമക്കേടില്‍ സുരക്ഷാ മിഷന്‍ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടി വേണമെന്ന് ധനകാര്യ വിഭാഗത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട്. ചെലവുകളുടെ പൂര്‍ണ ബില്ലുകളോ രേഖകളോ ഹാജരാക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക ഇടപാടുകള്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് വഴിയല്ല നടത്തിയതെന്നും പദ്ധതി നടപ്പാക്കാന്‍ സാമൂഹ്യ സുരക്ഷാ മിഷനെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവുകള്‍ നിലവില്‍ ഇല്ലെന്നും ധനകാര്യ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.

സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുടെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അനുമതി ഇല്ലാതെ 33 ലക്ഷം വകുപ്പുകള്‍ക്ക് മുന്‍കൂറായി നല്‍കി എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബില്ലുകളിലും അവ്യക്തതയുണ്ട്. സ്പോണ്‍സര്‍ഷിപ്പ് ആയി ലഭിച്ച സാധനങ്ങള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ല. ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ പര്‍ച്ചേസുകള്‍ നടത്തി. സാമൂഹ്യസുരക്ഷാ മിഷന്‍ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയ അഷീലിന്റെ വിശദീകരണത്തില്‍ തൃപ്തിയില്ല. അഷീലിനെതിരെ വകുപ്പുതല അച്ചടക്ക നടപടി വേണമെന്നും ശുപാര്‍ശയുണ്ട്.

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കൃത്യം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് വിധി.

പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് വിധി. ജൂലൈ 6ന് നേരത്തെ വിധി പറയുമെന്ന് അറിയിച്ചിരുന്നെങ്കിലും ജഡ്ജിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മാറ്റിവെക്കുകയായിരുന്നു.

ഓട്ടോറിക്ഷകൾ കുത്തിത്തുറന്നുള്ള മോഷണം: പ്രതിയെ പിടികൂടി തലശ്ശേരി പോലീസ്

തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഓട്ടോറിക്ഷകളുടെ ഡാഷ് ബോർഡുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന പ്രതിയെ തലശ്ശേരി പോലീസ് പിടികൂടി. കഴിഞ്ഞ കുറെ കാലമായി ഓട്ടോ ഡ്രൈവർമാർക്കും പോലീസിനും തലവേദനയായി മാറിയ മോഷണ പരമ്പരയ്ക്കാണ് ഇതോടെ അറുതിയായത്. തലശ്ശേരി പോലീസ് സ്റ്റേഷനിലെ സി.പി.ഒ ഷിജിൻ കാരായിയുടെ അർപ്പണബോധത്തോടെയുള്ള ഇടപെടലാണ് പ്രതിയെ കുടുക്കാൻ സഹായകമായത്.

കഴിഞ്ഞ ജൂലൈ ഏഴാം തീയതി രാവിലെ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള സിറ്റി ലാബിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഡാഷ് ബോക്സ് കുത്തിത്തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന പേഴ്സിൽ നിന്ന് എണ്ണായിരം രൂപ മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച് പതിനൊന്ന് മണിയോടെ സ്റ്റേഷനിൽ വിവരം ലഭിച്ച ഉടൻ തന്നെ ഷിജിൻ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സമീപത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചപ്പോൾ മാസ്ക് ധരിച്ച ഒരാൾ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളിൽ കയറിയിറങ്ങുന്ന ദൃശ്യങ്ങൾ പതിഞ്ഞതായി കണ്ടെത്തി. പ്രതിയെ കണ്ടെത്തുന്നതിനായി അന്ന് വൈകുന്നേരം ഷിജിൻ പഴയ ബസ് സ്റ്റാൻഡിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

തുടർന്ന് പിറ്റേദിവസം എട്ടാം തീയതി രാവിലെ വീണ്ടും സ്റ്റാൻഡിലെത്തിയ ഷിജിൻ, ഓട്ടോറിക്ഷകൾ നിർത്തിയിട്ടിരിക്കുന്ന ഭാഗങ്ങളിൽ സൂക്ഷ്മമായി നിരീക്ഷണം നടത്തി. ഈ തിരച്ചിലിനിടെ ജൂബിലി കോംപ്ലക്സിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കാക്കി ഷർട്ട് ധരിച്ച് ഡ്രൈവർ സീറ്റിൽ കയറിയിരിക്കുന്ന ഒരാളെ ശ്രദ്ധയിൽപ്പെടുകയും, സി.സി.ടി.വിയിൽ കണ്ട വ്യക്തി തന്നെയാണ് ഇതെന്ന് തിരിച്ചറിയുകയും ചെയ്തു. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

ചെറുതാഴത്ത് സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് തെറിച്ചു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

കണ്ണൂർ: ചെറുതാഴത്ത് സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് തെറിച്ചു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. പരിയാരം മുടിക്കാനം കുണ്ടപ്പാറയിലെ ഇടച്ചേരിയന്‍ തോമസ് (62) ആണ് മരിച്ചത്.
സംഭവത്തില്‍ മകന്‍ ഇ.ടി ജിനുവിന് (31) പരിക്കേറ്റിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടിന് ചെറുതാഴം മേലതിയടത്താണ് അപകടം.

സ്‌കൂട്ടറില്‍ ഏമ്പേറ്റ് വഴി മാട്ടൂലിലേക്ക് പോകുന്നതിനിടെ മേലതിയടം റോഡിന്റെ ഇടതുഭാഗത്തുള്ള കുറ്റിക്കാട്ടില്‍നിന്നും പന്നി ഓടിവന്ന് സ്‌കൂട്ടറിനിടിക്കുക യായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ജിനുവിൻ്റെ തോളെല്ലിനും കൈക്കും പരിക്ക് പറ്റി.

തോമസിന് തലയ്ക്കും നട്ടെല്ലിനുമാണ് പരിക്കേറ്റിരുന്നത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ
ഇന്ന് രാവിലെയാണ് മരിച്ചത്. മൃതദേഹം പരിയാരം പൊലിസ് ഇൻക്വസ്റ്റ് നടത്തി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്, മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി; വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാന്‍ കേന്ദ്രീകരിച്ച് അന്വേഷണം

പാലക്കാട് വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ നാല് ദിവസമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാനില്ലെന്ന് ബന്ധുക്കൾ പറയുന്നത്. ബന്ധുക്കളുടെ പരാതിയില്‍ ഷൊർണൂർ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.ഇവരുടെ വാണിയംകുളത്തുള്ള വീട് കഴിഞ്ഞ നാല് ദിവസമായി പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരുടെ ഫോണുകളിൽ വിളിച്ചു കിട്ടാതെ ആയതോടെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആ വാഹനത്തിൽ മൂന്നുപേരും പോയതായാണ് സംശയിക്കുന്നത്. പൊലീസ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും അന്വേഷിച്ചുവരികയാണ്. ഇവരുടെ കൈവശമുള്ള മൊബൈൽ ഫോണുകൾ എല്ലാം സ്വിച്ച് ഓഫ് ആണ്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ വീട് സ്ഥിതി ചെയ്യുന്ന പനയൂർ തന്നെയാണ് അവസാന ലൊക്കേഷൻ കാണുന്നതെന്ന് പൊലീസ് പറഞ്ഞു.

ചാക്കുകള്‍ക്കൊപ്പം പുസ്തകങ്ങളും കൈയിലേന്തി ചെറുപ്പത്തില്‍ പാതിവഴിയില്‍ മുടങ്ങിയ സ്വപ്നങ്ങള്‍ക്ക് ലക്ഷ്യബോധം കൊണ്ട് പുതിയ ചിറകുകള്‍ നല്‍കിയവര്‍

പേരാവൂര്‍:പേരാവൂര്‍, മുഴപ്പിലങ്ങാട് പഞ്ചായത്തുകളിലെയും ഇരിട്ടി നഗരസഭകളിലെയും ചില വീടുകളില്‍ ഹരിതകര്‍മസേനാംഗങ്ങള്‍ പതിവുപോലെ എത്തിയില്ല. എന്നാല്‍ അത് ജോലിമുടക്കോ അവധിയോ ആയിരുന്നില്ല, തങ്ങളുടെ ജീവിതത്തിന്റെ പുതിയൊരു അധ്യായം കുറിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍. പേരാവൂര്‍ പഞ്ചായത്തിലെ ഹരിതകര്‍മസേനാംഗങ്ങളായ രജനി പി.പി , പ്രമീള എ എന്നിവരാണ് കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയത്.

ചെറുപ്പത്തില്‍ കുടുംബബാധ്യതകളും സാമ്പത്തിക പ്രയാസങ്ങളും കാരണം പഠനം പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്ന ഈ വനിതകള്‍, വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പുസ്തകങ്ങള്‍ തുറക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ചാക്കുകള്‍ ഏന്തിയിരുന്ന കൈകളില്‍ ഇന്നലെ പേനയും ഉത്തരക്കടലാസുമായി അവര്‍ പരീക്ഷാഹാളിലേക്ക് ചുവടുവെച്ചത് അഭിമാനത്തോടെയായിരുന്നു. ദിവസവും വീടുകളിലെത്തി മാലിന്യശേഖരണം നടത്തുന്ന ജോലിക്കിടയിലും കുടുംബജീവിതത്തിനൊപ്പം വിദ്യാഭ്യാസം പൂര്‍ത്തിയാക്കണമെന്ന ഇവരുടെ ദൃഢനിശ്ചയം സമൂഹത്തിന് വലിയൊരു മാതൃകയാണ്.

പഠനത്തിന് പ്രായം തടസ്സമല്ല, പഠിക്കാനുള്ള മനസ്സാണ് ഏറ്റവും വലിയ യോഗ്യതയെന്ന് തെളിയിച്ച ഈ വനിതകള്‍ ഇന്ന് നാടിന് തന്നെ അഭിമാനമായി മാറുകയാണ്. ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പൂര്‍ത്തിയാക്കിയ ഇവര്‍ ഇവിടെ പഠനം അവസാനിപ്പിക്കുന്നില്ല. സാക്ഷരതാ മിഷന്റെ തുല്യതാ ക്ലാസുകളിലൂടെ പത്താം ക്ലാസും പ്ലസ് ടു പരീക്ഷയും വിജയിച്ച് കോളേജ് വിദ്യാഭ്യാസം നേടണമെന്നാണ് ഇവരുടെ ആഗ്രഹം. ചാക്കുകള്‍ക്കൊപ്പം പുസ്തകങ്ങളും കൈയിലേന്തിയ ഈ ഹരിതകര്‍മസേനാംഗങ്ങളുടെ യാത്ര, പഠനത്തിന് പ്രായമില്ലെന്നും ജീവിതത്തിന്റെ ഏതു വഴിയിലും വിദ്യാഭ്യാസമെന്ന പ്രകാശം പരത്താമെന്നും തെളിയിച്ചിരിക്കുകയാണ്.

ഇന്ത്യയില്‍ സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ്ഫോമുകള്‍ക്ക് ഏകീകൃത നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ്ഫോമുകള്‍ക്ക് ഏകീകൃത നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വാട്ട്‌സാപ്പ് യൂസര്‍നെയിം വിവാദത്തിന് പിന്നാലെയാണ് ഐടി മന്ത്രാലയം നടപടികള്‍ ആരംഭിച്ചത്. പഞ്ചാബ് ചിത്രം സത്ലജ് ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയതോടെ ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ പൊതുജനത്തിനായി പ്രദര്‍ശിപ്പിക്കുന്ന എല്ലാ ചിത്രത്തിനും സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കാനും കേന്ദ്രം തയ്യാറെടുക്കുകയാണ്.

വാട്സ്ആപ്പ് യൂസര്‍നെയിം വിഷയത്തില്‍ കേന്ദ്രത്തിനുണ്ടായ ആശങ്കകള്‍ക്ക് പിന്നാലെയാണ് നിയമപരമായ പഴുതുകള്‍ അടയ്ക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പൊതുമാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നത്. ഒരു പ്ലാറ്റ്‌ഫോമിലെ ഫീച്ചര്‍ തടയുമ്പോള്‍ മറ്റ് പ്ലാറ്റ്‌ഫോമുകള്‍ സമാന സേവനങ്ങള്‍ നല്‍കുന്ന സാഹചര്യം ഒഴിവാക്കുകയാണ് നീക്കം. അന്തിമ തീരുമാനത്തിന് മുന്‍പ് എല്ലാ മെസ്സേജിങ് പ്ലാറ്റ്‌ഫോമുകളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. വാട്സ്ആപ്പ്, ടെലഗ്രാം, സിഗ്നല്‍, അരടൈ പ്ലാറ്റ്ഫോമുകള്‍ക്കാണ് പൊതു നിയമം കൊണ്ടുവരുന്നത്. ഇതിനായി ഐടി മന്ത്രാലയ ജോയിന്റ് സെക്രട്ടറി രൂപീകരിച്ച സമിതി ചര്‍ച്ചകള്‍ ആരംഭിച്ചു. വാട്സാപ്പിനും ടെലിഗ്രാമിനും നല്‍കിയ നോട്ടിസുകളുടെ മറുപടികളും കേന്ദ്ര ഐടി ഇലക്ട്രോണിക്സ് മന്ത്രാലയം പരിശോധിച്ചുവരികയാണ്.

അതേസമയം പഞ്ചാബ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജസ്വന്ത് സിങ് ഖല്‍റയുടെ ജീവിതം പ്രമേയമാക്കിയ സത്ലജ് സിനിമയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിയോഗിച്ച സമിതി റിപ്പോര്‍ട്ട് നല്‍കി. സിനിമ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരാണ്. ചിത്രം ഭീകരതയെ വെള്ളപൂശുന്നുവെന്നും സമിതി റിപ്പോര്‍ട്ട് നല്‍കി. സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ചിത്രം ഒടിടിയില്‍ പുറത്തിറക്കിയതോടെ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശിപ്പിക്കുന്ന എല്ലാ സിനിമകള്‍ക്കും സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കാനുള്ള നടപടികളും കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.

കള്ളാടി മണ്ണിടിച്ചില്‍; മണ്ണ് മാറ്റുന്നതിനെ കുറിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

വയനാട് കള്ളാടി ദുരന്തത്തില്‍, മണ്ണ് മാറ്റുന്നതിനെ കുറിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍.മൂന്നംഗ വിദഗ്ധ സമിതിയെയാണ് നിയോഗിച്ചത്.എന്‍ഐടി പ്രൊഫ. ഡോ സന്തോഷ് ജി തമ്പിയും ഡോ ജ്യൂഡ് ഇമ്മാനുവലും CESS ഡയറക്ടറുടെ പ്രതിനിധിയുടെയും നേതൃത്വത്തിലാണ് സമിതി. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ സര്‍ക്കാര്‍ ടൗണ്‍ഷിപ്പിന്റെ സുരക്ഷ സമിതി ഉറപ്പു വരുത്തും. സുരക്ഷിതമായി മണ്ണ് നീക്കുന്നത് സംബന്ധിച്ച മേല്‍നോട്ടം സമിതി വഹിക്കും. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നടത്തിയ കൂടിക്കാഴ്ചയിലാണ് സമിതിയെ നിയോഗിക്കാന്‍ ധാരണയായത്. സമിതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

വന്ദേമാതരം ആലപിക്കാന്‍ പുതിയ മാര്‍ഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഇന്ത്യയുടെ ദേശീയഗീതമായ ‘വന്ദേമാതര’ത്തിന് മാര്‍ഗ്ഗരേഖകള്‍ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ പ്രതീകങ്ങളുടെ ആധികാരികത നിലനിര്‍ത്താനും രാജ്യവ്യാപകമായി ഏകീകരണം ഉറപ്പാക്കാനുമാണ് ഈ അടിയന്തര ഭേദഗതികള്‍. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ യഥാര്‍ത്ഥ കവിതയിലെ ആറ് ചരണങ്ങളും പൂര്‍ണ്ണമായി ആലപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ആദ്യത്തെ രണ്ട് ചരണങ്ങള്‍ മാത്രം പാടുന്ന മുന്‍പത്തെ രീതി ഇതോടെ അവസാനിക്കും. ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളില്‍, വന്ദേമാതരം വേണം ആദ്യം ആലപിക്കാന്‍. ഇതിന് തൊട്ടുപിന്നാലെ ദേശീയഗാനം ആലപിക്കണം. പൂര്‍ണ്ണരൂപത്തിലുള്ള ദേശീയഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം 3 മിനിറ്റും 10 സെക്കന്‍ഡുമായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചു.

മിലിട്ടറി അല്ലെങ്കില്‍ പൊലീസ് ബാന്‍ഡുകള്‍ ഈ ഗീതം പ്ലേ ചെയ്യുമ്പോള്‍, സദസ്സിന് മുന്നറിയിപ്പ് നല്‍കാനായി ഏഴ് തവണ ഡ്രം റോള്‍ അടിച്ച് വേണം ആരംഭിക്കാന്‍. സ്‌കൂളുകളിലും സര്‍വ്വകലാശാലകളിലും ദൈനംദിന പ്രാര്‍ത്ഥനകളുടെയും ഔദ്യോഗിക ചടങ്ങുകളുടെയും ഭാഗമായി വന്ദേമാതരം കൂട്ടമായി ആലപിക്കണമെന്ന് യു.ജി.സിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. വന്ദേമാതരം ആലപിക്കുമ്പോള്‍ കൃത്യമായ ഉച്ചാരണവും ഔദ്യോഗിക വരികളും മാത്രമേ ഉപയോഗിക്കാവൂ എന്ന് കേന്ദ്രം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്ന് ലോക ജനസംഖ്യാ ദിനം

ഇന്ന് ലോക ജനസംഖ്യാ ദിനം. ആഗോള ജനസംഖ്യ പ്രശ്നങ്ങളെക്കുറിച്ചും എല്ലാവര്‍ക്കും ആരോഗ്യകരവും സുസ്ഥിരവുമായ ഭാവി ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചും ഇന്നത്തെ ദിനം ഓര്‍മപ്പെടുത്തുന്നു.

ഇന്നത്തെ കണക്കുകള്‍ പ്രകാരം ലോക ജനസംഖ്യ 800 കോടി കവിഞ്ഞിരിക്കുകയാണ്. അതില്‍ 140 കോടി ജനങ്ങള്‍ വസിക്കുന്നത് നമ്മുടെ ഇന്ത്യയിലാണ്. വിദ്യാഭ്യാസം, ലിംഗസമത്വം ഗുണനിലരാവരുമുള്ള ആരോഗ്യ സംരക്ഷണം എന്നിവയിലൂടെ ജനങ്ങളെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇന്നത്തെ ദിനം ഓര്‍മിപ്പിക്കുന്നത്. ജനസംഖ്യ വര്‍ധനവിലൂടെ ലോകത്തിന് ചില പുരോഗതികള്‍ ഉണ്ടെങ്കിലും വലിയ വെല്ലുവിളികളും നേരിടേണ്ടി വരുന്നു. ജീവിത നിലവാരത്തിലുമുള്ള പുരോഗതി ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിച്ചെങ്കിലും ആരോഗ്യസംരക്ഷണം വിദ്യാഭ്യാസം തൊഴില്‍ പാര്‍പ്പിടം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ പൊലും പല രാജ്യങ്ങളും പ്രതിസന്ധി നേരിടുന്നു. ജനങ്ങളുടെ ഇത്തരത്തിലെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ രാജ്യത്തിന് സാധിച്ചില്ലെങ്കില്‍ അവിടെ ദാരിദ്ര്യവും അസമത്വവും ഉയരുന്നു.

എല്ലാ മനുഷ്യര്‍ക്കും തുല്യത ഉറപ്പിക്കുക എന്നത് തന്നെയാണ് ഇന്നത്തെ ദിനത്തിന്റെ പ്രത്യേകത. 1987 ജൂലെ 11ന് ലോക ജനസംഖ്യ 500 കോടി എത്തിയ കണക്കെടുപ്പിനെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് 1989ല്‍ ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുടെ ഗവേണിംഗ് കൗണ്‍സില്‍ അതിന്റെ പ്രാധാന്യം മനസിലാക്കി ഈ ഒരു ദിവസം ഉള്‍പ്പടുത്തിയത്.