Hivision Channel

Local News

ആര്‍ബിഐ പലിശ നിരക്ക് ഉയര്‍ത്തിയേക്കും; റിപ്പോ ഉയരും

പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ പരിധിയ്ക്ക് മുകളില്‍ തന്നെ തുടരുന്നതിനാല്‍ റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തിയേക്കും. ആര്‍ബിഐ അതിന്റെ പ്രധാന വായ്പാ നിരക്ക് 35 ബേസിസ് വരെ ഉയര്‍ത്തുമെന്നാണ് സൂചന. ഒക്ടോബറില്‍ രാജ്യത്തെ പണപ്പെരുപ്പം 6.77 ശതമാനമായി കുറഞ്ഞെങ്കിലും ആര്‍ബിഐയുടെ ടോളറന്‍സ് ബാന്‍ഡിന്റെ മുകളില്‍ തന്നെയായിരുന്നു. 2 മുതല്‍ 6 ശതമാനം വരെയാണ് ആര്‍ബിഐയുടെ പരിധി. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കഴിഞ്ഞ മാസങ്ങളില്‍ കുറയുന്നുണ്ടെങ്കിലും ആഭ്യന്തര വിലയില്‍ ഇതുവരെ പ്രതിഫലിച്ചിട്ടില്ല. കഴിഞ്ഞ ഏഴ് മാസങ്ങളില്‍ ആറിലും ബ്രെന്റ് ക്രൂഡ് വില ഇടിഞ്ഞു, മാര്‍ച്ചില്‍ 139 ഡോളറിലെത്തിയ ബാരലിന് നിലവില്‍ ഏകദേശം 83 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആഗോള എണ്ണവില കുറവാണെങ്കിലും, 2022 മെയ് മുതല്‍ ഇന്ത്യയിലെ ചില്ലറ വിപണി വിലയില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. സെപ്തംബര്‍ 30-ലെ നയ പ്രസ്താവനയില്‍, ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി 2022/23 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ച 7 ശതമാനമായും ചില്ലറ പണപ്പെരുപ്പം 6.7 ശതമാനമായും പ്രവചിച്ചിരുന്നു.

പേരാവൂര്‍ ബ്ലോക്ക് തല ക്രിക്കറ്റ് മത്സരം

പേരാവൂര്‍:കേരളോത്സവം 2022 ന്റെ ഭാഗമായി പേരാവൂര്‍ ബ്ലോക്ക് തല ക്രിക്കറ്റ് മത്സരം മാലൂര്‍ പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടന്നു.പേരാവൂര്‍ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തില്‍ നിന്നും വിജയിച്ച ടീമുകളാണ് ബ്ലോക്ക് തല മത്സരത്തില്‍ പങ്കെടുത്തത്.പഞ്ചായത്ത് അംഗം കാഞ്ഞരോളി രാഘവന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ മാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ഹൈമവതി ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രേഷ്മ സജീവന്‍, പേരാവൂര്‍ ബ്ലോക്ക് സെക്രട്ടറി ആര്‍.സജീവന്‍, ജോയിന്റ് ബി.ഡി.ഒ.സാം ഐസക്ക്,വി.ഇ.ഒമാരായ മുഹമ്മദ് ഹിജാസ്, സംരാഗ്, മുജീബ് എന്നിവര്‍ സംസാരിച്ചു.

കാട്ടുപന്നിയുടെ ജഡം കണ്ടെത്തി.

കാട്ടുപന്നിയുടെ ജഡം കണ്ടെത്തി. മാലൂർ പേരാവൂർ റോഡിൽ വെളളർവള്ളി ആത്തിലേരി മുത്തപ്പൻ മടപ്പുരക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് അഴുകിയ നിലയിൽ കാട്ടു പന്നിയുടെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ജഡം സംസ്കരിച്ചു.

മങ്കിപോക്‌സ് ഇനി മുതല്‍ എംപോക്‌സ് എന്ന പേരില്‍ അറിയപ്പെടും

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ്. വ്യാപനം വര്‍ധിച്ചതോടെ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ച രോഗമാണ് മങ്കിപോക്‌സ്.

മങ്കിപോക്‌സ് ഇനി മുതല്‍ എംപോക്‌സ് എന്ന പേരില്‍ അറിയപ്പെടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ ലോകാരോഗ്യസംഘടന. മങ്കിപോക്‌സ് എന്ന പേരിന് പിന്നിലെ വംശീയത ചൂണ്ടിക്കാട്ടി വിവിധഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. ഇതോടെ ആണ് പേരുമാറ്റുന്നതിനെക്കുറിച്ച് ലോകാരോഗ്യസംഘടന ചര്‍ച്ചകള്‍ ആരംഭിച്ചത്.
ദശകങ്ങളോളം പഴക്കമുള്ള രോഗത്തിന്റെ പേരുമാറ്റാന്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്. ഒന്ന് മങ്കിപോക്‌സ് എന്ന പേര് കറുത്ത വര്‍ഗക്കാരെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്നു എന്ന വാദമാണ് പ്രധാനം. മറ്റൊന്ന് ഈ പേര് തുടരുന്നതോടെ കുരങ്ങുകള്‍ മാത്രമാണ് രോഗത്തിന് കാരണക്കാര്‍ എന്ന തെറ്റിദ്ധാരണ ഉണ്ടാകും എന്നതുമായിരുന്നു.

കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ കുഴൽപ്പണ വേട്ട;ലോറിയിൽ കടത്തിയ 3640000 രൂപ പിടികൂടി

കൂട്ടുപുഴ : എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അനുബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മതിയായ രേഖകളില്ലാതെ ലോറിയിൽ കടത്തിയ 3640000 രൂപ പിടികൂടി.കതിരൂർ സ്വദേശികളായ ഡ്രൈവർ ഷാജീവൻ, ക്ലീനർ ഷിജിത്ത് എന്നിവരെ കസ്റ്റഡിയിലെടുത്തു.

പ്രതികളെയും ലോറി സഹിതം തൊണ്ടിമുതലും തുടർ നടപടികൾക്കായി മട്ടന്നൂർ കോടതിയിൽ ഹാജരാക്കി . പ്രിവന്റീവ് ഓഫീസർമാരായ പി.പ്രമോദൻ,വി.വി.ബിജു,സിവിൽ എക്സൈസ് ഓഫീസർമാരായ വി.എൻ.സതീഷ്,കെ.കെ.രാഗിൽ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗവും,നിയമങ്ങളുടെ വിശദീകരണവും

കണിച്ചാര്‍ പഞ്ചായത്ത് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗവും -നിയമങ്ങളുടെ വിശദീകരണവും സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസമ്മ മംഗലത്തില്‍, പഞ്ചായത്തംഗം ജിമ്മി അബ്രഹാം, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ എം.പി ആശ എന്നിവര്‍ സംസാരിച്ചു.ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമങ്ങളെക്കുറിച്ച് അഡ്വ.രേഖ അഭിലാഷ്, എക്‌സൈസ് ഓഫീസര്‍ പി എസ് ശിവന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ എന്നിവര്‍ വിശദീകരിച്ചു.

കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.

എടുര്‍ – കമ്പനിനിരത്ത് – അങ്ങാടിക്കടവ്- വാണിയപ്പാറ -ചരള്‍ – പാലത്തുംകടവ് റോഡ് നിര്‍മ്മാണത്തിലെ അപാകതയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.

മണ്ഡലം പ്രസിഡണ്ട് ആന്റോ ജോര്‍ജ്, കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡണ്ട് റോജസ് സെബാസ്റ്റ്യന്‍,ജോര്‍ജ് കാനാട്ട്, ജോസ് നരിമറ്റം, ഡെന്നിസ് മാണി,ജോളി ജോണ്‍, ബിന റോജസ്, സെലിന്‍ മാണി, ദേവസ്യ മടയം കുന്നേല്‍, ജയിസണ്‍ ഇടശ്ശേരിതടം, പി.ജെ പോള്‍ , ബിന്ദു സജി, ലീലാമ്മ ജോളി, നജിബ് പറക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധിച്ചത്.

കാട്ടുപന്നികൂട്ടത്തിൻ്റെ ആക്രമണത്തിൽ യുവാവിന് പരിക്ക്

പേരാവൂർ:നിടുംമ്പോയിൽ കൊളക്കാട് റോഡിൽ കാഞ്ഞിരപ്പുഴ പാലത്തിന് സമീപത്തായാണ് 15 ഓളം വരുന്ന കാട്ടുപന്നിക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ ബൈക്കിൽ സഞ്ചരിക്കൂകയായിരുന്ന ചുങ്കക്കുന്ന് സ്വദേശി അനീഷ് (34) പാപ്പിനിപ്പാടത്തിന്  പരിക്കേറ്റത്.അനീഷിനെ നാട്ടുകാർ പേരാവൂരിലെ സൈറസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം.

കോളയാട് പഞ്ചായത്തിലെ പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ ഇല്ല; ആദിവാസികള്‍ ചികിത്സ കിട്ടാതെ വലയുന്നു

കോളയാട് പഞ്ചായത്തിലെ പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ ഇല്ല. ആദിവാസികള്‍ ചികിത്സ കിട്ടാതെ വലയുന്നു.കോളയാട് ഗ്രാമപഞ്ചായത്തിലെ ആദിവാസി സെറ്റില്‍മെന്റായ പെരുവയിലുള്ള ആരോഗ്യകേന്ദ്രത്തില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഡോക്ടറുടെ സേവനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് രോഗികള്‍ 30 കിലോമീറ്റര്‍ അകലെയുള്ള പേരാവൂര്‍, കൂത്തുപറമ്പ് താലൂക്ക് ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നത്.ഒരു താല്‍ക്കാലിക ഡോക്ടര്‍ ഉള്‍പ്പെടെ 3 ഡോക്ടര്‍മാര്‍ ഈ ആരോഗ്യ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു ഡോക്ടര്‍ക്ക് സ്ഥലം മാറ്റം കിട്ടി പോയി. മെഡിക്കല്‍ ഓഫീസര്‍ 3 ദിവസത്തെ പരിശീലനത്തിലുമാണ്.ദിവസവേതന അടിസ്ഥാനത്തില്‍ നിയമിച്ച ഡോക്ടര്‍ രാവിലെ 10 മണിയോടെ സ്‌കൂളില്‍ പ്രതിരോധ കുത്തിവെയ്പ്പിനും പോയതോടെയാണ് പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാതായത്.

പതാക ഉയര്‍ത്തി

പേരാവൂര്‍:കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ പതാക ഉയര്‍ത്തി. അമല്‍ എം.എസ്, കെ.രഗിലാഷ്, സമീര്‍, അമീര്‍ ഫൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.