ഇരിട്ടി:മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 82ാം ജന്മദിനത്തിന്റെ ഭാഗമായി പുന്നാട് രാജീവ് ജി സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടന്നു.ഷാനിദ് പുന്നാട്, നാഷണല്‍ ഇബ്രാഹിം കെ സി നാരായണന്‍കുട്ടി, പി പി രജീഷ്, കെ സുരത്ത്,വിനോദ് കുമാര്‍ എന്‍ , ശ്രീകുമാര്‍ ,സനൂപ് എന്നിവര്‍ നേതൃത്വം നല്‍കി
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ. തിരുവനന്തപുരം കോട്ടുകാല്‍ ഗ്രാമപഞ്ചായത്തിലെ നന്നംകുഴി സ്വദേശിയായ മൂന്നു വയസ്സുകാരിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
കഴിഞ്ഞ 12 ന് കുട്ടിയുടെ കുടുംബം നാഗര്‍കോവിലില്‍ ക്ഷേത്ര ദര്‍ശനത്തിനുപോയിരുന്നു. യാത്രമധ്യേ കുടുംബം സര്‍ബത്ത് വാങ്ങി കുടിച്ചിരുന്നു. പിന്നാലെയാണ് പതിമൂന്നാം തീയതി മുതല്‍ കുട്ടിക്ക് വയറിളക്കവും ഛര്‍ദിയും തുടങ്ങിയത്. കുട്ടി തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 5 ജില്ലകളില്‍ യല്ലോ അലേര്‍ട്ട്. കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. കേരളം,ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്.
കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കേരളം ലക്ഷദ്വീപ് പുതുച്ചേരി തെക്കന്‍ തമിഴ്നാട് തീരങ്ങളില്‍ ഇന്നും നാളെയും (ഓഗസ്റ്റ് 19, 20) കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) നിലനില്‍ക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പാലക്കാട് സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാര്‍ഥിനി മരിച്ചു. പാലക്കാട് കോങ്ങാട് മല്ലിക്കല്‍ ബസ് സ്റ്റോപ്പിന് സമീപം ഇന്ന് രാവിലെ ആണ് അപകടം നടന്നത്. കോങ്ങാട് കരുണയില്‍ ഗോപീകൃഷ്ണന്റെ മകള്‍ ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്. മുണ്ടൂര്‍ യുവക്ഷേത്ര കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ഥിയാണ്. രാവിലെ കോളജിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
പരീക്ഷാ ക്രമക്കേടുകള്‍ക്ക് പിന്നാലെ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയില്‍ കൂടുതല്‍ അഴിച്ചുപണിക്ക് കേന്ദ്ര സര്‍ക്കാര്‍. അടുത്ത നീറ്റ് യുജി പരീക്ഷയ്ക്ക് പുതിയ പ്രോട്ടോക്കോള്‍ പ്രകാരം വിദഗ്ധരെ നിയമിക്കും. ഇതിനിടെ സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷാ ചോദ്യങ്ങളില്‍ പിഴവെന്ന ഹര്‍ജിയില്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ UPSC-ക്ക് നോട്ടീസ് അയച്ചു. രണ്ട് ദിവസത്തിനകം മെയിന്‍സ് പരീക്ഷ നടക്കാനിരിക്കെയാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടപെടല്‍. എന്‍ടിഎ ആസ്ഥാനം ഒഖ്ലയില്‍ നിന്ന് മിന്റോ റോഡിലേക്ക് മാറ്റും.
UGC നെറ്റ് പരീക്ഷയിലെ വീഴ്ച് എന്‍ ടി എ മനപ്പൂര്‍വം മറച്ചുവെച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജൂണ്‍ 22-നും 30 നുമിടയിലാണ് 87 വിഷയങ്ങളുടെ യുജിസി നെറ്റ് പരീക്ഷ നടന്നത്. പരീക്ഷയ്ക്ക് ശേഷം പിഴവുകളെ സംബന്ധിച്ച് വ്യാപക പരാതിയുമായി വിദ്യാര്‍ഥികള്‍ രംഗത്ത് എത്തി. എന്നാല്‍ ഗുരുതര വീഴ്ചകള്‍ മുന്‍കൂട്ടി അറിഞ്ഞിട്ടും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മനപ്പൂര്‍വം മറച്ചുവെക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും സാമൂഹ്യ സുരക്ഷാ പെര്‍ഷനും തുക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ക്ഷേമനിധി ബോര്‍ഡ് ഈ മാസത്തെ പെന്‍ഷനായി 130. 31 കോടി രൂപ അനുവദിച്ചു. 6.59 ലക്ഷം ഗുണ ഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും. പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ഉണ്ടാകും. ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി 951.39 കോടി രൂപയും അനുവദിച്ചു. 51.59 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും. ഈ മാസം 31 വരെ പെന്‍ഷന്‍ വിതരണം ചെയ്യും. ഈ മാസവും സഹകരണ സംഘം വഴി വീട്ടില്‍ പെന്‍ഷന്‍ എത്തിക്കും.
സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാര്‍ഖണ്ഡിന് മുകളില്‍ തീവ്ര ന്യൂനമര്‍ദ്ദം തുടരുന്നുണ്ടെന്നും കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് കാസര്‍കോഡ്, കണ്ണൂര്‍, എറണാകുളം, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
നാളെ തിരുവനന്തപുരം ജില്ലയില്‍ കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും കൊല്ലത്ത് ആലപ്പാട്ട് മുതല്‍ ഇടവ വരെയും ആലപ്പുഴയില്‍ ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെയും എറണാകുളത്ത് മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ മുതല്‍ മറുവക്കാട് വരെയും തൃശൂരില്‍ ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെയും തീരപ്രദേശങ്ങളില്‍ 0.9 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. മലപ്പുറത്ത് കടലുണ്ടി മുതല്‍ പാലപ്പാട്ടി വരെയും കോഴിക്കോട് ചോമ്പാല ഫിഷിംഗ് ഹാര്‍ബര്‍ മുതല്‍ രാമനാട്ടുകര വരെയും കണ്ണൂരില്‍ വളപട്ടണം- ന്യൂമാഹി, കാസര്‍കോട് കുഞ്ഞത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരയെുമുള്ള തീരപ്രദേശങ്ങളിലും 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.3 മുതല്‍ 2.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കരുവാറ്റയിലെ 74 വയസുകാരന്‍ ശിവന്‍കുട്ടിയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ബന്ധുവായ 13 വയസുകാരിയുടെ കൊട്ടേഷന്‍ ഏറ്റെടുത്ത് കൊലപാതകം നടത്തിയത് മൂന്ന് കൗമാരക്കാര്‍. ഐ ഫോണും ബൈക്കും വാങ്ങാനായാണ് മൃഗീയ കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
കൊല്ലം പരവൂര്‍ സ്വദേശിയായ ശിവന്‍കുട്ടി കരുവാറ്റയില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. പതിമൂന്ന് വയസുകാരിയും ഇതേ വീട്ടില്‍ തന്നെ. ശിവന്‍കുട്ടി വീട്ടില്‍ ഒറ്റക്കുള്ള സമയം നോക്കിയാണ് സുഹൃത്തുക്കളായ മൂന്ന് കൗമാരക്കാരെ പെണ്‍കുട്ടി കൊല നടത്തി സ്വര്‍ണ്ണവും പണവും അപഹാരിക്കാന്‍ വിളിച്ചു വരുത്തിയത്. മകളുടെ പ്രസവത്തിനായി ശിവന്‍കുട്ടിയുടെ ഭാര്യയും പെണ്‍കുട്ടിയും ആശുപത്രിയിലേക്ക് പോയ രാത്രി മൂവര്‍ സംഘം വീടിന്റെ ഓട് പൊളിച്ച് അകത്തു കടന്നു. കൈകലുകള്‍ ബന്ധിച്ച് കഴുത്തില്‍ തുണി മുറിക്കിയാണ് കൊലപ്പെടുത്തിയത്. ശേഷം മൂവരും കൊല്ലത്തേക്ക് ട്രെയിന്‍ കയറി.
തൊട്ടടുത്ത ദിവസം ഒന്നും അറിയാത്ത ആളെ പോലെ പെണ്‍കുട്ടി വീട്ടിലെത്തി നാട്ടുകാരെ വിളിച്ചു കൂട്ടി മരണ വിവരം അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴിയിലെ വൈരുധ്യങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കൊലപാതകം പൂര്‍ണമായി പെണ്‍കുട്ടിയെ വിഡിയോ കോള്‍ വഴി തത്സമയം കാണിച്ചു. കൗമാരക്കാര്‍ കൊലനടത്തിയത് പ്രൊഫഷണല്‍ രീതിയിലാണ്. വിരലടയാളം പതിയാതിരിക്കാന്‍ കൈയ്യുറകള്‍ ധരിച്ചിരുന്നു. തെളിവ് നശിപ്പിക്കാന്‍ വീട്ടിലാകെ മുളക് പൊടി വിതറി. മോഷ്ടിച്ച ആറു പവന്‍ സ്വര്‍ണം പോലീസ് വീണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെടിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് പൊലീസ്.
കോതമംഗലം എംഎ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മിര്‍ച്ചി മാര്‍പ്പു ജീവനൊടുക്കിയതില്‍ കടുത്ത പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികള്‍ തടിച്ച് കൂടി ഗേറ്റിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. വിദ്യാര്‍ത്ഥികളെ ഗേറ്റിന് പുറത്ത് നിര്‍ത്തിയിരിക്കുകയാണ്. കോളേജ് മാനേജ്മെന്റ് സെക്രട്ടറി വാന്നി വര്‍ഗീസിന്റെ വാഹനം വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം സമരം തുടരുമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന് പറഞ്ഞ് ഔദ്യോഗികമായ സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എന്നാല്‍ പ്രിന്‍സിപ്പലിന്റെയോ മാനേജ്മെന്റിന്റെയോ സീലുകളില്ലാത്ത സര്‍ക്കുലറാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഔദ്യോഗികമായ രീതിയില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കുന്ന സര്‍ക്കുലര്‍ പുറത്തിറക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. മിര്‍ച്ചി മാര്‍പ്പുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ മാറ്റി നിര്‍ത്തണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
പുതിയ നാഴികക്കല്ല് പിന്നിട്ട് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. കണ്ടെയ്‌നര്‍ കവാടം തുറന്നു. തുറമുഖം വഴിയുള്ള കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കം മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ലോകത്തിലേക്ക് ഉള്ള കേരളത്തിന്റെ വികസന കവാടം തുറന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍.
ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ഓട്ടോമേറ്റഡ് സിസ്റ്റമാണ് വിഴിഞ്ഞത്ത്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് റെയില്‍-റോഡ് കണക്റ്റിവിറ്റി കൂടി പൂര്‍ത്തിയാക്കിയെങ്കില്‍ നൂറിരട്ടി ഫലം ഉണ്ടാകുമായിരുന്നു. കേരള ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ അഭിമാനപദ്ധതി മിഷന്‍ സമുദ്രയുടെ പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. ലോകത്തിലേക്ക് ഉള്ള കേരളത്തിന്റെ വികസന കവാടം തുറന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തെ എക്‌സിം ചരക്ക് നീക്കത്തിലൂടെ വ്യാപാര-വ്യവസായ വളര്‍ച്ച മാത്രമല്ല സാധാരണക്കാരുടെ ജീവിതത്തിലും വന്‍ കുതിപ്പ് ഉണ്ടാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. വിഴിഞ്ഞം ഇന്ത്യയും ലോകവും തമ്മിലുള്ള ഗേറ്റ് വേ ആയി മാറിയെന്ന് അദാനി പോര്‍ട്ട് സിഇഒ അശ്വിനി ഗുപ്ത പറഞ്ഞു. തമിഴ്‌നാട്,കര്‍ണാടക,കേരളം റോഡ് കണക്റ്റിവിറ്റി പുതിയ മാറ്റമുണ്ടാക്കും. ഇതിനിടെ മുഖ്യാതിഥിയാകേണ്ട കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ പങ്കെടുത്തില്ല. പ്രതിപക്ഷനേതാവ് പിണറായി വിജയനും ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.