
കരുവാറ്റയിലെ 74 വയസുകാരന്‍ ശിവന്‍കുട്ടിയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ബന്ധുവായ 13 വയസുകാരിയുടെ കൊട്ടേഷന്‍ ഏറ്റെടുത്ത് കൊലപാതകം നടത്തിയത് മൂന്ന് കൗമാരക്കാര്‍. ഐ ഫോണും ബൈക്കും വാങ്ങാനായാണ് മൃഗീയ കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
കൊല്ലം പരവൂര്‍ സ്വദേശിയായ ശിവന്‍കുട്ടി കരുവാറ്റയില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. പതിമൂന്ന് വയസുകാരിയും ഇതേ വീട്ടില്‍ തന്നെ. ശിവന്‍കുട്ടി വീട്ടില്‍ ഒറ്റക്കുള്ള സമയം നോക്കിയാണ് സുഹൃത്തുക്കളായ മൂന്ന് കൗമാരക്കാരെ പെണ്‍കുട്ടി കൊല നടത്തി സ്വര്‍ണ്ണവും പണവും അപഹാരിക്കാന്‍ വിളിച്ചു വരുത്തിയത്. മകളുടെ പ്രസവത്തിനായി ശിവന്‍കുട്ടിയുടെ ഭാര്യയും പെണ്‍കുട്ടിയും ആശുപത്രിയിലേക്ക് പോയ രാത്രി മൂവര്‍ സംഘം വീടിന്റെ ഓട് പൊളിച്ച് അകത്തു കടന്നു. കൈകലുകള്‍ ബന്ധിച്ച് കഴുത്തില്‍ തുണി മുറിക്കിയാണ് കൊലപ്പെടുത്തിയത്. ശേഷം മൂവരും കൊല്ലത്തേക്ക് ട്രെയിന്‍ കയറി.
തൊട്ടടുത്ത ദിവസം ഒന്നും അറിയാത്ത ആളെ പോലെ പെണ്‍കുട്ടി വീട്ടിലെത്തി നാട്ടുകാരെ വിളിച്ചു കൂട്ടി മരണ വിവരം അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴിയിലെ വൈരുധ്യങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കൊലപാതകം പൂര്‍ണമായി പെണ്‍കുട്ടിയെ വിഡിയോ കോള്‍ വഴി തത്സമയം കാണിച്ചു. കൗമാരക്കാര്‍ കൊലനടത്തിയത് പ്രൊഫഷണല്‍ രീതിയിലാണ്. വിരലടയാളം പതിയാതിരിക്കാന്‍ കൈയ്യുറകള്‍ ധരിച്ചിരുന്നു. തെളിവ് നശിപ്പിക്കാന്‍ വീട്ടിലാകെ മുളക് പൊടി വിതറി. മോഷ്ടിച്ച ആറു പവന്‍ സ്വര്‍ണം പോലീസ് വീണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെടിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് പൊലീസ്.














