Hivision Channel

hivision

സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച് ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ പുറത്തിറക്കി കെഎസ്ആര്‍ടിസി

സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച് ജീവനക്കാര്‍ക്ക് സര്‍ക്കുലര്‍ പുറത്തിറക്കി കെഎസ്ആര്‍ടിസി. ബസിന്റെ മുന്‍വശത്തും വാതിലുകള്‍ക്കും സമീപം പ്രിയദര്‍ശിനി എന്ന സ്റ്റിക്കര്‍ പതിക്കണം. അതുപോലെ തന്നെ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റില്‍ രേഖപ്പെടുത്തണം. അധിക ലഗേജിന് ചാര്‍ജ് ഈടാക്കണം. സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാര്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ പ്രത്യേകം ടിക്കറ്റ് നല്‍കണം. സൗജന്യ യാത്ര ഇല്ലാത്ത ബസില്‍ കയറിയാല്‍ സ്ത്രീകളോട് ഇക്കാര്യം മുന്‍കൂട്ടി പറയണം.

അതേ സമയം കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച് പണം കണ്ടെത്താനുള്ള ചര്‍ച്ചകള്‍ സജീവമാണ്. ബാങ്ക് മുഖേന പണം ലഭ്യമാക്കുന്നതിനാണ് മുന്‍ഗണന. സര്‍ക്കാര്‍ ഗ്യാറന്റിയില്‍ കെഎസ്ആര്‍ടിസിക്ക് ഓവര്‍ഡ്രാഫ്റ്റ് അനുവദിക്കും. ഈ പണം മാസം ആദ്യം കെഎസ്ആര്‍ടിസിക്ക് ലഭ്യമാകും. മാസം അവസാനത്തോടെ പലിശ ഉള്‍പ്പെടെ സര്‍ക്കാര്‍ അടയ്ക്കും. ഇത് സ്ഥിരം സംവിധാനം ആക്കും. ബാങ്കുകളുമായി ചര്‍ച്ച അന്തിമ ഘട്ടത്തിലാണ്.

പണം മാസവസാനം നല്‍കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം കെഎസ്ആര്‍ടിസി തള്ളിയിരുന്നു. സൗജന്യ യാത്ര ലോഗോ തയ്യാറാക്കല്‍ പുരോഗമിക്കുകയാണ്. ഇന്ദിരാ ഗാന്ധിയുടെ നിഴല്‍ ചിത്രം ഉള്‍പ്പെടെയുള്ള ലോഗോ ആണ് തയ്യാറാകുന്നത്. കെഎസ്ആര്‍ടിസി സോഷ്യല്‍ മീഡിയ വിഭാഗം തയ്യാറാക്കിയ ലോഗോ അംഗീകരിച്ചില്ല. ഡിസൈന്‍ തയാറാക്കാന്‍ സി ഡിറ്റിനു കരാര്‍ നല്‍കിയിരിക്കുകയാണ്. ഇന്ന് വൈകിട്ടോടെ ലോഗോ തയാറാകും. തിങ്കളാഴ്ചക്ക് മുമ്പായി ലോഗോ ബസ്സുകളില്‍ പതിക്കും. 3125 ബസുകളിലാണ് സ്ത്രീകള്‍ക്ക് ഈ സൗജന്യം ലഭിക്കുക.

നിപ വ്യാപനം ഉണ്ടായിട്ടില്ല; ആരോഗ്യമന്ത്രി കെ മുരളീധരന്‍

നിപ ഇതുവരെ വ്യാപിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഇതുവരെ നടത്തിയ എല്ലാ പരിശോധനകളും നെഗറ്റീവ് ആയിരുന്നുവെന്നും ഇപ്പോള്‍ വെന്റിലേറ്ററിലുള്ള രോഗി അതേ കണ്ടീഷനില്‍ തന്നെ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ വിമര്‍ശനം രാഷ്ട്രീയമായിട്ടുള്ള വിമര്‍ശനമായി മാത്രമേ കാണുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രി ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല എന്നതടക്കമുള്ള ആരോപണങ്ങളിലും അദ്ദേഹം പ്രതികരിച്ചു. നിപ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നു. എല്ലാ നിര്‍ദ്ദേശവും കൊടുത്തിട്ടാണ് തിരുവനന്തപുരത്ത് വന്നത്. കേരളത്തിന്റെ മൊത്തം വിഷയങ്ങള്‍ നോക്കണ്ടേ. ഈ ഈ രോഗം ഇന്ന ഭാഗത്ത് മാത്രമല്ല കേരളത്തിലെല്ലായിടത്തും പടരാന്‍ സാധ്യത ഉള്ളതുകൊണ്ടാണ് ഞാന്‍ തിരുവനന്തപുരത്ത് തന്നെ വന്ന് ഉന്നത ഉദ്യോഗസ്ഥന്മാരുടെ യോഗം വിളിച്ചത്. രോഗം വ്യാപിച്ചിട്ടില്ല ഇതുവരെ. ഇതുവരെ കിട്ടിയ റിസള്‍ട്ട് ഒക്കെ നെഗറ്റീവ് ആണ്. മാത്രമല്ല, ഇന്നിപ്പോള്‍ ജനപ്രതിനിധികളുടെ യോഗം വിളിക്കാന്‍ ആ റവന്യൂ മന്ത്രി കോഴിക്കോടുണ്ട്. ഇതിലൊക്കെ എടുക്കുന്ന സമീപനം തികച്ചും ദൗര്‍ഭാഗ്യകരമാണ്. ഇത് വീണുകിട്ടിയ ഒരായുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല അദ്ദേഹം പറഞ്ഞു.

കെ ബി പ്രദീപ് ദേവസ്വം സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു

കെ ബി പ്രദീപ് ദേവസ്വം സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായിരുന്ന വ്യക്തിയെ പ്ലീഡറാക്കിയത് വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെച്ചത്. രാജിക്കത്ത് സര്‍ക്കാരിന് ലഭിച്ചു.

നിപയെ വേണ്ട ഗൗരവത്തോടെ കാണുന്നില്ല; ആരോഗ്യവകുപ്പിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

ആരോഗ്യവകുപ്പിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിപയെ വേണ്ട ഗൗരവത്തോടെ കാണുന്നില്ലെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ ആരോഗ്യവകുപ്പ് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യമന്ത്രി വരികയോ ഇടപെടുകയോ ചെയ്തില്ല. ജാഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ല.

ദേവസ്വം പ്ലീഡര്‍ നിയമനത്തിലും പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചു. ദേവസ്വം പ്ലീഡര്‍ നിയമനം വിചിത്രമാണ്. ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമനം നടത്തുമെന്നും പിണറായി വിജയന്‍ ചോദിച്ചു. നിയമനം കള്ളന് ചൂട്ട് പിടിക്കുന്നത് പോലെയെന്നും പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനും വധഭീഷണി. പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍കോള്‍ വന്നത്. മുഖ്യമന്ത്രിയേയും കുടുംബത്തേയും കൊല്ലുമെന്നും അതുവഴി പ്രശസ്തനാകണമെന്നും ഫോണ്‍ വിളിച്ചയാള്‍ ഭീഷണിപ്പെടുത്തി. കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയാണ് ഫോണ്‍കോള്‍ വന്നത്.

കോള്‍ വിളിച്ച ആള്‍ പിടിയിലായി. ചിറയിന്‍കീഴ് സ്വദേശി ടോണിയാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് വിവരം.

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അന്തരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയാണ്. അര്‍ബുദ ബാധിതനായി അമൃത ആശുപത്രിയില്‍ ചികിത്സയിലാരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നാല്‍പത്തിമൂന്നുകാരന്റെ നില ഗുരുതരം; കേന്ദ്ര സംഘം ഇന്നെത്തും

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന നാല്‍പത്തിമൂന്നുകാരന്റെ നില ഗുരുതരമായി തുടരുന്നു. ക്വാറന്റീനില്‍ കഴിയുന്ന മൂന്നുപേരുടെ സാമ്പിള്‍ പരിശോധനാ ഫലം ഇന്ന് ലഭിക്കും. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള വിദഗ്ധസംഘം ഇന്ന് കോഴിക്കോട് എത്തും.

പുതുതായി 10 പേരെ കൂടി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തില്‍ നാലു പേരും ഹൈ റിസ്‌കില്‍ 16 പേരും ലോ റിസ്‌കില്‍ 67 പേരും ഉള്‍പ്പെടെ നിലവില്‍ 87 പേരാണ് പട്ടികയിലുള്ളത്. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരെയും ദിവസം രണ്ടുനേരം കണ്‍ട്രോള്‍ റൂമില്‍നിന്ന് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിലുള്ള 286 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍വേ നടത്തി. പനിയുള്ള 12 പേരെ കണ്ടെത്തി. എന്നാല്‍, നിപയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ ഇവരില്‍ കണ്ടെത്തിയിട്ടില്ല. രാമനാട്ടുകര നഗരസഭയില്‍ ഇന്നും ആര്‍.ആര്‍.ടി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററില്‍ (എന്‍.സി.ഡി.സി) നിന്നുള്ള വിദഗ്ധര്‍ നാളെ ജില്ലയില്‍ സന്ദര്‍ശനം നടത്തും.

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം. അഞ്ച് ദിവസനുള്ളില്‍ പതിനായിരത്തിന് മുകളിലാണ് പനി ബാധിതരുടെ കണക്ക്. ഇന്നലെ മാത്രം 18 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. വയനാട് 7, തിരുവനന്തപുരം 1, കൊല്ലം 1, തൃശൂര്‍ 2, മലപ്പുറം 3, കോഴിക്കോട് 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഷിഗെല്ല ബാധിതരുടെ കണക്ക്. ഷിഗെല്ല ബാധിച്ച് ഇന്നലെ ഒരു മരണം സ്ഥിരീകരിച്ചു.

ഷിഗെല്ലയ്ക്കൊപ്പം ഡങ്കിപ്പനി, ചിക്കന്‍ ഗുനിയ, മഞ്ഞപ്പിത്തം, വെസ്റ്റ്നൈല്‍ എന്നിവയാണ് പടര്‍ന്ന് പിടിക്കുന്നത്. ഇന്നലെ വെസ്റ്റ്നൈല്‍ സ്ഥിരീകരിച്ചത് 6 പേര്‍ക്കാണ്. ആലപ്പുഴ 2, എറണാകുളം 3, തൃശൂര്‍ 1 എന്നിങ്ങനെയാണ് കണക്ക്. 56 പേര്‍ക്ക് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 11 പേര്‍ക്ക് എലിപ്പനിയും മൂന്നു പേര്‍ക്ക് മലേറിയയും ഇന്നലെ സ്ഥിരീകരിച്ചു. 24 പേര്‍ക്ക് മഞ്ഞപ്പിത്തവും, 94 പേര്‍ക്ക് ചിക്കന്‍പോക്സും ഇന്നലെ സ്ഥിരീകരിച്ചു. പകര്‍ച്ചപ്പനി ബാധിച്ച ഇന്നലെ ആശുപത്രികളില്‍ ചികിത്സ തേടിയത് 12441 പേരാണ്.

ആരോഗ്യവകുപ്പിന്റെ പ്രതിരോധനടപടികള്‍ ഫലപ്രദമല്ലെന്ന് വിമര്‍ശനം ഉണ്ട്. ഇതിനിടെയാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ കെ ജെ റീനയെ മാറ്റിയത്. അഡീഷനല്‍ ഡയറക്ടറായ ഡോ. വി.മീനാക്ഷിയ്ക്കാണ് പകരം ചുമതല.

വൈദ്യുതി പരാതികള്‍ക്ക് പരിഹാരം കാണാന്‍ നിയോജകമണ്ഡലം തല കമ്മിറ്റികള്‍ സജീവമാക്കണം;മന്ത്രി സണ്ണി ജോസഫ്

കണ്ണൂര്‍:വൈദ്യുതി മുടക്കം, വോള്‍ട്ടേജ് ക്ഷാമം, മഴക്കാലത്തെ പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച് ജനങ്ങളുടെ പരാതികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍
എംഎല്‍എയുടെ നേതൃത്വത്തിലുള്ള നിയോജകമണ്ഡലം തല കമ്മിറ്റികള്‍ സജീവമാക്കണമെന്ന് വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ്. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകള്‍ ഉള്‍പ്പെട്ട കെഎസ്ഇബിയുടെ ഉത്തര മലബാര്‍ മേഖലാ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ വിളിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങള്‍ ഫോണ്‍ വഴി ഉന്നയിക്കുന്ന പരാതികള്‍ക്ക് പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വൈദ്യുതി മുടക്കത്തിന് പുറമേ വോള്‍ട്ടേജ് ക്ഷാമവും മലബാറിലെ ചില ഭാഗങ്ങളിലുണ്ട്. അറ്റകുറ്റപ്പണി കാരണമോ പെട്ടെന്ന് ഉണ്ടായ സംഭവങ്ങള്‍ മൂലമോ വൈദ്യുതി മുടങ്ങുകയാണെങ്കില്‍ അക്കാര്യം ഉപഭോക്താക്കളെ പ്രാദേശിക തലത്തിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പുകള്‍, വെബ്സൈറ്റ്, മാധ്യമങ്ങള്‍ വഴി അറിയിക്കണം.

പകല്‍ സമയത്ത് സൗരോര്‍ജ്ജം ബാറ്ററിയില്‍ സ്റ്റോര്‍ ചെയ്തു രാത്രി പീക്ക് സമയങ്ങളില്‍ വിതരണം ചെയ്യുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (ബെസ്) പദ്ധതിയില്‍ മൂന്ന് പദ്ധതികള്‍ അടുത്ത മാര്‍ച്ചിന് മുമ്പ് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് യോഗത്തില്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇതില്‍ കേരളത്തിലെ ആദ്യത്തെ ബെസ് പദ്ധതി കാസര്‍കോട് മൈലാട്ടിയില്‍ ഈ ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും. 125 മെഗാവാട്ടാണ് രാത്രി നാല് മണിക്കൂര്‍ നേരം വിതരണം ചെയ്യാനായി ഈ പദ്ധതിയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുക. കണ്ണൂരിലെ ശ്രീകണ്ഠാപുരം പദ്ധതിയ്ക്ക് 160
എംഡബ്ല്യുഎച്ച് ശേഷിയും കാസര്‍കോട്ടെ മുള്ളേരിയയിലേതിന് 60 എംഡബ്ല്യുഎച്ച് ശേഷിയുമാണുള്ളത്.

സര്‍ക്കാര്‍ സ്ഥലം മാത്രം വിട്ടു നല്‍കി സ്വകാര്യ കമ്പനി സൗരോര്‍ജ്ജം സംഭരിച്ച് രാത്രിയിലെ നാലു മണിക്കൂര്‍ നേരം വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ഇത് മൂലം സര്‍ക്കാറിന് യൂണിറ്റിന് ഏഴ് രൂപയുടെ അടുത്ത് മാത്രമേ ചെലവ് വരുന്നുള്ളൂ.

കണ്ണൂര്‍ നഗരത്തില്‍ കെഎസ്ഇബി അധികൃതര്‍ ലൈനിലേക്ക് ചാഞ്ഞ മരച്ചില്ലകള്‍ വെട്ടി റോഡില്‍ ഉപേക്ഷിച്ചു പോകുന്ന സംഭവമുണ്ടെന്ന് കണ്ണൂര്‍ എംഎല്‍എ ടി ഒ മോഹനന്‍ ചൂണ്ടിക്കാട്ടി. നൂറുകണക്കിന് കെഎസ്ഇബി പോസ്റ്റുകള്‍ കോര്‍പ്പറേഷന്‍ ഭൂമിയില്‍ അനാഥമായി സ്ഥലം മുടക്കി കിടക്കുന്നുണ്ടെന്ന് മേയര്‍ അഡ്വ. പി ഇന്ദിര പറഞ്ഞു.

കല്ല്യാശ്ശേരി മണ്ഡലത്തിലെ അഞ്ചു ഗ്രാമപഞ്ചായത്തുകളില്‍ ഓവര്‍ലോഡ് കാരണം വൈദ്യുതി മുടങ്ങുന്ന സ്ഥിതിയുണ്ടെന്നും 33 കെവി സബ്സ്റ്റേഷന്‍ അടിയന്തരമായി സ്ഥാപിക്കണമെന്നും എം. വിജിന്‍ എംഎല്‍എ ഉന്നയിച്ചു. വൈദ്യുതി പോസ്റ്റുകള്‍ റോഡിലോ ഓവുചാലിലോ വീണ് അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ സാങ്കേതികതകള്‍ നോക്കാതെ ഉടന്‍ പരിഹാരം കാണേണ്ടതുണ്ടെന്ന് തളിപ്പറമ്പ് എംഎല്‍എ ടി കെ ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

കൂടുതല്‍ ഉപഭോക്താക്കള്‍ സോളാറിലേക്ക് മാറുമ്പോള്‍ താങ്ങാനുള്ള ശേഷി ട്രാന്‍സ്ഫോമറുകള്‍ക്ക് ഇല്ലെന്നും ട്രാന്‍സ്ഫോമറുകളുടെ ശേഷി വര്‍ധിപ്പിക്കണമെന്നും തലശ്ശേരി എംഎല്‍എ കാരായി രാജന്‍ ആവശ്യപ്പെട്ടു.
പാറാട്, കല്ലിക്കണ്ടി ഭാഗത്ത് നിര്‍ദ്ദേശിക്കപ്പെട്ട 110 കെവി സബ്സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന് കൂത്തുപറമ്പ് എംഎല്‍എ പി. കെ പ്രവീണ്‍ ഉന്നയിച്ചു.

കോളയാട് ഗ്രാമപഞ്ചായത്തിലെ വനമേഖലയില്‍ കൂടി കടന്നുപോകുന്ന വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ മരം വെട്ടാന്‍ വനംവകുപ്പ് അനുമതി ആവശ്യമാണെന്നും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്നും മട്ടന്നൂര്‍ എംഎല്‍എ വി.എസ് സനോജ് പറഞ്ഞു.
കാസര്‍കോട് സബ്സ്റ്റേഷനുകള്‍ കുറവാണെന്നും ബോവിക്കാനത്ത് സെക്ഷന്‍ ഓഫീസ് സ്ഥാപിക്കണമെന്നും ഉദുമ എംഎല്‍എ കെ നീലകണ്ഠന്‍ ആവശ്യപ്പെട്ടു.

വയനാട് ജില്ലയ്ക്ക് വൈദ്യുതി ഭവന്‍ അടിയന്തരമായി വേണമെന്ന് സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഐ. സി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
മൂന്ന് ജില്ലകളിലേയും പ്രശ്നങ്ങളും വെല്ലുവിളികളും ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് മുമ്പാകെ ഉന്നയിച്ചു. മഴക്കാലത്ത് രാത്രികളില്‍ ഒരു അധിക ലൈന്‍മാന്റെ ഡ്യൂട്ടി അനുവദിക്കാനുള്ള പ്രൊപോസല്‍ തയ്യാറാക്കി നല്‍കാന്‍ മന്ത്രി സണ്ണി ജോസഫ് നിര്‍ദേശം നല്‍കി.

യോഗത്തില്‍ എംഎല്‍എമാരായ കെ. വി സുമേഷ്, വി കുഞ്ഞികൃഷ്ണന്‍, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കെഎസ്ഇബി നോര്‍ത്ത് മലബാര്‍ റീജ്യന്‍ ചീഫ് എഞ്ചിനീയര്‍ ടി എസ് ജയശ്രീ, മറ്റ് വൈദ്യുത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പയ്യോളിയില്‍ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട് പയ്യോളിയില്‍ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. പയ്യോളി മുനിസിപ്പാലിറ്റിയിലെ തച്ചന്‍കുന്നിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. പനിയും മറ്റ് ലക്ഷണങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടി വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരിശോധനാ ഫലം ഇന്നലെ പുറത്തുവന്നപ്പോഴാണ് ഷിഗെല്ല പോസിറ്റീവാണെന്ന് വ്യക്തമായത്. നിലവില്‍ മൂന്ന് വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് രോഗബാധയില്ല. പ്രദേശത്ത് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി.കോഴിക്കോട് ജില്ലയില്‍ ഇതുവരെ 12 പേര്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.