ഇരിട്ടി:ഇരിട്ടിയില്‍ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍.ഉളിയില്‍ സ്വദേശി കേളോത്ത് സമീറിനെ പോലീസ് അറസ്റ്റ് ചെയ്തു.കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ 2 ലക്ഷം രൂപയോളം വില വരുന്ന ഹാന്‍സ്, കൂള്‍ തുടങ്ങിയ നിരോധിത ലഹരിവസ്തുക്കളാണ് പിടികൂടിയത്.
വൈദ്യുതി തടസം ജനങ്ങളെ കൃത്യസമയത്ത് അറിയിക്കുന്നതിന് ഓരോ സെക്ഷന്‍ പരിധിയിലും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി സണ്ണി ജോസഫ് നിര്‍ദ്ദേശിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാതികളുമായി ഫോണിലോ നേരിട്ടോ ബന്ധപ്പെടുന്ന ഉപഭോക്താക്കളോട് സൗഹാര്‍ദ്ദപരമായി പെരുമാറാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണം. ഫോണ്‍ കോളുകളോട് പ്രതികരിക്കാത്ത സാഹചര്യം ഉണ്ടാകരുത്. വൈദ്യുതി തടസങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ കെഎസ്ഇബി ജാഗ്രത പുലര്‍ത്തണം. ജനപ്രതിനിധികളുടെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്കായി നിരന്തര വൈദ്യുതി സുരക്ഷാ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
വൈദ്യുതി ഉത്പാദന, വിതരണ, പ്രസരണ മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനായി മണ്ഡലാടിസ്ഥാനത്തിലുള്ള സമിതികള്‍ കൂടുതല്‍ സജീവമാക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരെയും കെഎസ്ഇബി ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ അവലോകന യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ എംഎല്‍എമാര്‍ മുന്‍കൈ എടുക്കണം. എംഎല്‍എ ചെയര്‍പേഴ്‌സണും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കണ്‍വീനറുമായ സമിതി മണ്ഡലതലത്തിലെ പ്രവൃത്തികള്‍ കൃത്യമായി വിലയിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കേരളത്തില്‍ പരമ്പരാഗത ലഹരിവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ, ആളുകള്‍ ലഹരിക്കായി വീര്യം കൂടിയ ഇതര മരുന്നുകളെ ആശ്രയിക്കുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ വരും ദിവസങ്ങളില്‍ പ്രത്യേക പരിശോധനകള്‍ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡോക്ടറുടെ കൃത്യമായ കുറിപ്പടി ഇല്ലാതെ ഒരു തരത്തിലുള്ള വീര്യം കൂടിയ മരുന്നുകളും വിതരണം ചെയ്യരുതെന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂള്‍ വാഹനങ്ങള്‍ മദ്യപിച്ച് ഓടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ സര്‍വീസില്‍ ചേരുമ്പോള്‍ ലഹരി ഉപയോഗിക്കുന്നില്ല എന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ഒരിക്കല്‍ ലഹരി ഉപയോഗം തെളിഞ്ഞാല്‍ ജോലി നഷ്ടപ്പെടും എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കും. ഇത്തരം നിയമങ്ങള്‍ കൊണ്ടുവരാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റിന് മുന്നില്‍ മണ്ണ് തിന്ന് എല്‍പി സ്‌കൂള്‍ ടീച്ചര്‍ റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിഷേധം. നിയമനം നടക്കാത്തതിനാലാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധാത്മകമായി പ്രതിഷേധം നടത്തിയത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാര്‍ഥികള്‍ സമരവുമായി വീണ്ടും രംഗത്തെത്തിയത്.
കഴിഞ്ഞ വര്‍ഷം മെയ് 31നാണ് എല്‍പി സ്‌കൂള്‍ അധ്യാപകരുടെ റാങ്ക് ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ചത്. എന്നാല്‍ ലിസ്റ്റ് വന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും നിയമനം അനിശ്ചിതത്വത്തിലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കണമെന്നുമാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. ഡിവിഷന്‍ ഫാള്‍ നേരിടുന്ന അധ്യാപകരെ പ്രധാനാധ്യാപക ഒഴിവുകളിലേക്ക് പുനര്‍വിന്യസിച്ച്, വിരമിക്കല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് നിയമനം അടിയന്തരമായി നടപ്പിലാക്കണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നു.
ഇടത് സര്‍ക്കാറിന്റെ അവസാന കാലത്തും ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.2025 മെയ് 31-ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നാമമാത്രമാണെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. പല ജില്ലകളില്‍ ഇതുവരെ ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് തിരിച്ചടി. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി അപ്പീലില്‍ തീരുമാനം വരുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. 20 വര്‍ഷം തടവിനാണ് പള്‍സര്‍ സുനിയെ വിചാരണ കോടതി ശിക്ഷിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പള്‍സര്‍ സുനി നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയെന്നും നടി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശിക്ഷ മരവിപ്പിച്ചാല്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചു കാണുന്നുവെന്ന് കരുതപ്പെടുമെന്നും നടി വാദിച്ചു. പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
ശിക്ഷ വര്‍ധിപ്പിക്കണമെന്ന അപ്പീല്‍, കോടതി പരിഗണനയിലാണ്. ഒന്നാം പ്രതി കൊടും ക്രിമിനലാണ്. തുടര്‍ച്ചയായി ജാമ്യാപേക്ഷ നല്‍കിയതിന് പ്രതിക്ക് കോടതി പിഴയിട്ടിട്ടുണ്ട്. സുപ്രീംകോടതി ജാമ്യം നല്‍കി ഇറങ്ങി ഒരുമാസമാകും മുന്‍പ് പ്രതി വീണ്ടും മറ്റൊരു കേസില്‍ പ്രതിയായി. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും സര്‍ക്കാര്‍ വാദിച്ചു. ഇരു കൂട്ടരുടേയും വാദം കേട്ട ശേഷമാണ് കോടതി ഹര്‍ജി തള്ളിയത്.
ഇരിട്ടി:പടിയൂര്‍ കല്യാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സിഡിഎസ്, ഐഎഫ്‌സിയും സംയുക്തമായി ജെ എല്‍ ജി കര്‍ഷകരുടെ ഔഷധസസ്യ കൃഷി നായ്ക്കുരുണ നടീല്‍ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു. പടിയൂര്‍ കല്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശ്രീജ ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ബീന ബാബു അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. വി. തങ്കമണി ഉപജീവന ഉപസമിതി കണ്‍വീനര്‍ സീന രാജീവന്‍ എന്നിവര്‍ സംസാരിച്ചു
ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാര്‍ഡ്) ഓണക്കിറ്റിനായി 53 കോടിയും ഉള്‍പ്പെടെ 253 കോടി രൂപ അടിയന്തരമായി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യര്‍ത്ഥനപ്രകാരം മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
മുന്‍ സര്‍ക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിരുന്നില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. പുതുക്കിയ ബജറ്റില്‍ 315 കോടി രൂപ അനുവദിച്ചതില്‍, 20 കോടി ആദ്യം ലഭിച്ചിരുന്നു. തുക ചെലവഴിച്ചശേഷം കൂടുതല്‍ തുക ആവശ്യമുണ്ടെങ്കില്‍ സര്‍ക്കാരിനെ വീണ്ടും സമീപിക്കാമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ വിപണിയിടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ സ്‌കീമില്‍ നിന്ന് തുക അനുവദിക്കണമെന്നും ഭക്ഷ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.
കാപ്പ കേസില്‍ തടവിലുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് വിയ്യൂര്‍ ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിയോടെ ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ വെച്ചാ സത്യപ്രതിജ്ഞ ചടങ്ങ്. സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ നടന്നത്. ഹൈക്കോടതിയുടെ അനുമതിയോടെയായിരുന്നു ജയിലില്‍ വെച്ചുള്ള സത്യപ്രതിജ്ഞ. മേയര്‍ വി വി രാജേഷാണ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തില്‍ ജനകീയ കല്‍പ്പന മാനിക്കപ്പെടണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണ തീരുമാനം കോടതിയ്‌ക്കെടുക്കാം. ജനവിധി മാനിക്കാനാണ് അത്തരം അസാധാരണ തീരുമാനമെന്നും ഉത്തരവില്‍ പറയുന്നു. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരില്‍ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരില്‍ ഒരാളാണ് വാര്‍ഡ് 20 ലെ കൗണ്‍സിലറായ സുഗതന്‍. കഴിഞ്ഞ ജൂണ്‍ 9 മുതല്‍ കാപ്പ ചുമതി നാടുകടത്തപ്പെട്ട ആ സുഗതന്‍ നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാവുന്നു. ഇന്നലെ വിവിധ ഇടങ്ങളില്‍ 15 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. വൈദ്യുതി ഉപഭോഗത്തില്‍ ഉണ്ടായ വര്‍ധനവും വൈദ്യുതി ലഭ്യതയില്‍ ഉണ്ടായ കുറവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മഴ ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ നിയന്ത്രണം തുടരേണ്ടി വരുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ നിലപാട്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള ശ്രമം നടക്കുകയാണെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.
ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരുന്നത്. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മഴയിലുണ്ടായ കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും തിരിച്ചടിയായെന്ന് കെഎസ്ഇബി പറയുന്നു. വൈദ്യുതി ഉപയോഗം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുമെന്നാണ് വിവരം. ബ്രഹ്മദത്തനെ തന്ത്രിയാക്കാന്‍ ദേവസ്വം ബോര്‍ഡില്‍ ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നെന്നും വിവരമുണ്ട്. ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും. താഴമണ്‍ കുടുംബത്തെ മാറ്റേണ്ട സാഹചര്യം ഇല്ലെന്നും കോടതിയെ അറിയിക്കാനാണ് ബോര്‍ഡ് നീക്കം. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിഷയത്തിന്‍ അന്തിമ തീരുമാനമെടുക്കുക.
ശബരിമല തന്ത്രിയാകാന്‍ ബ്രഹ്മദത്തന്‍ യോഗ്യന്‍ അണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ബ്രഹ്മദത്തനെ തന്ത്രിയാക്കാന്‍ ബോര്‍ഡിന് വിരോധമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി നിരീക്ഷിക്കുന്ന കേസ് ആയതുകൊണ്ട് കോടതിയുടെ അഭിപ്രായം തേടുമെന്നും താഴമണ്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.