Hivision Channel

വൈദ്യുതി തടസം ജനങ്ങളെ കൃത്യസമയത്ത് അറിയിക്കുന്നതിന് ഓരോ സെക്ഷന്‍ പരിധിയിലും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി തടസം ജനങ്ങളെ കൃത്യസമയത്ത് അറിയിക്കുന്നതിന് ഓരോ സെക്ഷന്‍ പരിധിയിലും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി സണ്ണി ജോസഫ് നിര്‍ദ്ദേശിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാതികളുമായി ഫോണിലോ നേരിട്ടോ ബന്ധപ്പെടുന്ന ഉപഭോക്താക്കളോട് സൗഹാര്‍ദ്ദപരമായി പെരുമാറാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണം. ഫോണ്‍ കോളുകളോട് പ്രതികരിക്കാത്ത സാഹചര്യം ഉണ്ടാകരുത്. വൈദ്യുതി തടസങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ കെഎസ്ഇബി ജാഗ്രത പുലര്‍ത്തണം. ജനപ്രതിനിധികളുടെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്കായി നിരന്തര വൈദ്യുതി സുരക്ഷാ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

വൈദ്യുതി ഉത്പാദന, വിതരണ, പ്രസരണ മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനായി മണ്ഡലാടിസ്ഥാനത്തിലുള്ള സമിതികള്‍ കൂടുതല്‍ സജീവമാക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരെയും കെഎസ്ഇബി ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ അവലോകന യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ എംഎല്‍എമാര്‍ മുന്‍കൈ എടുക്കണം. എംഎല്‍എ ചെയര്‍പേഴ്‌സണും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കണ്‍വീനറുമായ സമിതി മണ്ഡലതലത്തിലെ പ്രവൃത്തികള്‍ കൃത്യമായി വിലയിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *