Hivision Channel

hivision

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും; കെഎസ്ഇബി

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.

സംസ്ഥാനത്ത് മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മുതല്‍ 400 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍, ഇന്ന് (13.07.2026) സംസ്ഥാനത്ത് വൈകുന്നേരം 7 മണിക്കുശേഷം ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാം എന്ന് കെ എസ് ഇ ബി അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടെന്ന് വീണ്ടും ആവര്‍ത്തിക്കുകയാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ജലലഭ്യതയില്‍ കുറവാണ് പ്രതിസന്ധിയില്‍ ഉണ്ടായ കുറവാണ് പ്രതിസന്ധിക്ക് കാരണം. ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നും സാധാരണ ലഭിക്കേണ്ട മഴ ഇക്കുറി ലഭിച്ചില്ലെന്നും മന്ത്രി പ്രതികരിച്ചു.

ആര്‍. സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി.

തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറും കാപ്പ കേസ് പ്രതിയുമായ ആര്‍. സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി. നാളെ രാവിലെ 11ന് വിയ്യൂര്‍ ജയിലില്‍ പുനഃ സത്യപ്രതിജ്ഞ നടക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അംഗീകൃത മാധ്യമപ്രര്‍ത്തകര്‍ക്ക് പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്.

സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞദിവസം നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ 13ന് വൈകിട്ട് അഞ്ച് മണി മുതല്‍ ജൂലൈ 14 രാത്രി 9 മണി വരെയാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ സമയം അനുവദിച്ചത്. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകള്‍ക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാല്‍ നെടുമങ്ങാട് കോടതി ജാമ്യം അനുവദിച്ചെങ്കിലും കാപ്പാ കേസില്‍ ഹൈക്കോടതി അനുമതി നല്‍കിയാല്‍ മാത്രമേ സുഗതന് സത്യപ്രതിജ്ഞാ ചടങ്ങിന് എത്താന്‍ കഴിയൂ. എന്നാല്‍ കാപ്പ നിലനില്‍ക്കുന്നതിനാല്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ സുഗതന് തുടര്‍ന്നും പങ്കെടുക്കാനാവില്ല.

നിതിന്‍ രാജിന്റെ മരണം;എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി സുപ്രീംകോടതി.

വിദ്യാര്‍ഥികളോട് അധ്യാപകന്‍ ഇങ്ങനെ ആണോ പ്രവര്‍ത്തിക്കേണ്ടത് എന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. റാം മൂന്ന് മാസമായി ഒളിവിലാണ്, മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് മനസ്സില്‍ വരുന്നത്. പ്രവൃത്തികളുടെ അനന്തരഫലങ്ങള്‍ അധ്യാപകന്‍ തിരിച്ചറിയണം എന്ന് കോടതി ചൂണ്ടിക്കാട്ടി.

ക്ലാസ് മുറിയില്‍ ഒരു വിദ്യാര്‍ഥിയെ ഈ രീതിയില്‍ അപമാനിച്ചാല്‍ എന്തായിരിക്കും പ്രത്യാഘാതം. അത്തരമൊരു പെരുമാറ്റത്തിലൂടെ അധ്യാപകന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.എന്നാല്‍ അധ്യാപകന്‍ വിദ്യാര്‍ഥിയോട് ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് അധ്യാപകന്റെ അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. പറഞ്ഞതില്‍ നിന്ന് പാഠം പഠിച്ചു എന്ന് അധ്യാപകന്റെ അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഏപ്രില്‍ 10നാണ് നിതിന്‍ കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ആരോപണവിധേയരായ ഡോ. എം.കെ റാം പാത്തോളജി വിഭാഗം മുന്‍ മേധാവിയാണ്.

നവകേരള യാത്രയിലെ ‘രക്ഷാപ്രവര്‍ത്തന’ക്കേസ് അട്ടിമറി; എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടിക്കൊരുങ്ങി ആഭ്യന്തരമന്ത്രി

നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മര്‍ദ്ദിച്ചെന്ന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടിക്കൊരുങ്ങി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

പൊലീസ് ഉപദേഷ്ടാവുമായി മന്ത്രി ചര്‍ച്ച നടത്തി. ഡിജിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ എം ആര്‍ അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്യാനാണ് തീരുമാനം. നിയമോപദേശം ലഭിച്ചാല്‍ പിന്നാലെ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറും. കേസ് അട്ടിമറിക്കാന്‍ എം ആര്‍ അജിത് കുമാര്‍ ഇടപെട്ടതായി എസ്ഐടി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

എഡിജിപിയുടെ ഓഫീസിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്കും അട്ടിമറിയില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെയും നടപടിക്ക് ഡിജിപി ശുപാര്‍ശ ചെയ്യും.

കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ ഗുരുതര സുരക്ഷാവീഴ്ചയെന്ന് അന്വേഷണ കമ്മീഷന്‍

കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ ഗുരുതര സുരക്ഷാവീഴ്ചയെന്ന് അന്വേഷണ കമ്മീഷന്‍. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കുറ്റകരമായ ജാഗ്രതക്കുറവ് സംഭവിച്ചെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. ജയിലുകളിലെ ലഹരി ഉപയോഗവും മൊബൈല്‍ ഫോണ്‍ ലഭ്യതയും തടയാന്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വേണമെന്നും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കുക, കാലപ്പഴക്കമുള്ള കെട്ടിടങ്ങള്‍ പുതുക്കി പണിയുക, വീഡിയോ കോണ്‍ഫറന്‍സിംഗ് വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് മറ്റുപ്രധാന ശുപാര്‍ശകള്‍. തടവുകാരുടെ ബാഹുല്ല്യത്തിനും വേതന പരിഷ്‌കരണത്തിലും ആശങ്ക രേഖപ്പെടുത്തിയ കമ്മീഷന്‍ റിപ്പോര്‍ട്ട് ഈ മാസം സര്‍ക്കാരിന് സമര്‍പ്പിക്കും.

‘ജയിലില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ട്. സെല്ലിന്റെ ഇരുമ്പഴി അറുത്തുമാറ്റിയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. അത് ജയില്‍ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. വീഴ്ചയാണ്. ജയില്‍ മുറിയുടെ കമ്പി അറുത്തുമാറ്റാന്‍ പറ്റിയ ടൂള്‍ പ്രതിക്ക് കിട്ടുകയെന്ന് പറഞ്ഞാല്‍ തീര്‍ച്ചയായും വീഴ്ചയാണ്. പല പല സുരക്ഷാ പ്രശ്നങ്ങളും ജയിലുകള്‍ക്കുണ്ട്’, സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

ജയിലുകള്‍ പലതും പഴയതാണെന്നും പുരാതന കെട്ടിടങ്ങളായതില്‍ ഇടിഞ്ഞുവീഴേക്കാമെന്നും ഇത് ജീവഹാനി വരെ ഉണ്ടാക്കാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പ്രതികളുടെ സുരക്ഷയ്ക്കായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ വലിയ സഹായകരമാണ്. മോഡേണ്‍ ജയിലുകള്‍ വേണമെന്നും സിഎന്‍ രാമചന്ദ്രന്‍ പറഞ്ഞു. ചെയ്യുന്ന ജോലിക്ക് ആനുപാതികമായി തടവുകാരുടെ വേതനം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഭിക്കുന്ന വേതനത്തിന് വേണ്ടുന്നത്രയും തൊഴില്‍ സാഹചര്യം ജയിലുകളിലില്ല. ചെറിയ ജോലിക്കും മുഴുവന്‍ ദിവസത്തെ പണം നല്‍കേണ്ടിവരുന്നുവെന്നും സി എന്‍ രാമചന്ദ്രന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്ക് ദി ചെയിന്‍ പദ്ധതി ക്രമക്കേട്; ഡോ. മുഹമ്മദ് അഷീലിനെതിരെ ധനകാര്യ വിഭാഗത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട്

ബ്രേക്ക് ദി ചെയിന്‍ പദ്ധതി ക്രമക്കേടില്‍ സുരക്ഷാ മിഷന്‍ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടി വേണമെന്ന് ധനകാര്യ വിഭാഗത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട്. ചെലവുകളുടെ പൂര്‍ണ ബില്ലുകളോ രേഖകളോ ഹാജരാക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക ഇടപാടുകള്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് വഴിയല്ല നടത്തിയതെന്നും പദ്ധതി നടപ്പാക്കാന്‍ സാമൂഹ്യ സുരക്ഷാ മിഷനെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവുകള്‍ നിലവില്‍ ഇല്ലെന്നും ധനകാര്യ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.

സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുടെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അനുമതി ഇല്ലാതെ 33 ലക്ഷം വകുപ്പുകള്‍ക്ക് മുന്‍കൂറായി നല്‍കി എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബില്ലുകളിലും അവ്യക്തതയുണ്ട്. സ്പോണ്‍സര്‍ഷിപ്പ് ആയി ലഭിച്ച സാധനങ്ങള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ല. ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ പര്‍ച്ചേസുകള്‍ നടത്തി. സാമൂഹ്യസുരക്ഷാ മിഷന്‍ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയ അഷീലിന്റെ വിശദീകരണത്തില്‍ തൃപ്തിയില്ല. അഷീലിനെതിരെ വകുപ്പുതല അച്ചടക്ക നടപടി വേണമെന്നും ശുപാര്‍ശയുണ്ട്.

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കൃത്യം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് വിധി.

പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് വിധി. ജൂലൈ 6ന് നേരത്തെ വിധി പറയുമെന്ന് അറിയിച്ചിരുന്നെങ്കിലും ജഡ്ജിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മാറ്റിവെക്കുകയായിരുന്നു.

ഓട്ടോറിക്ഷകൾ കുത്തിത്തുറന്നുള്ള മോഷണം: പ്രതിയെ പിടികൂടി തലശ്ശേരി പോലീസ്

തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഓട്ടോറിക്ഷകളുടെ ഡാഷ് ബോർഡുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന പ്രതിയെ തലശ്ശേരി പോലീസ് പിടികൂടി. കഴിഞ്ഞ കുറെ കാലമായി ഓട്ടോ ഡ്രൈവർമാർക്കും പോലീസിനും തലവേദനയായി മാറിയ മോഷണ പരമ്പരയ്ക്കാണ് ഇതോടെ അറുതിയായത്. തലശ്ശേരി പോലീസ് സ്റ്റേഷനിലെ സി.പി.ഒ ഷിജിൻ കാരായിയുടെ അർപ്പണബോധത്തോടെയുള്ള ഇടപെടലാണ് പ്രതിയെ കുടുക്കാൻ സഹായകമായത്.

കഴിഞ്ഞ ജൂലൈ ഏഴാം തീയതി രാവിലെ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള സിറ്റി ലാബിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഡാഷ് ബോക്സ് കുത്തിത്തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന പേഴ്സിൽ നിന്ന് എണ്ണായിരം രൂപ മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച് പതിനൊന്ന് മണിയോടെ സ്റ്റേഷനിൽ വിവരം ലഭിച്ച ഉടൻ തന്നെ ഷിജിൻ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സമീപത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചപ്പോൾ മാസ്ക് ധരിച്ച ഒരാൾ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളിൽ കയറിയിറങ്ങുന്ന ദൃശ്യങ്ങൾ പതിഞ്ഞതായി കണ്ടെത്തി. പ്രതിയെ കണ്ടെത്തുന്നതിനായി അന്ന് വൈകുന്നേരം ഷിജിൻ പഴയ ബസ് സ്റ്റാൻഡിലും പരിസരത്തും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

തുടർന്ന് പിറ്റേദിവസം എട്ടാം തീയതി രാവിലെ വീണ്ടും സ്റ്റാൻഡിലെത്തിയ ഷിജിൻ, ഓട്ടോറിക്ഷകൾ നിർത്തിയിട്ടിരിക്കുന്ന ഭാഗങ്ങളിൽ സൂക്ഷ്മമായി നിരീക്ഷണം നടത്തി. ഈ തിരച്ചിലിനിടെ ജൂബിലി കോംപ്ലക്സിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കാക്കി ഷർട്ട് ധരിച്ച് ഡ്രൈവർ സീറ്റിൽ കയറിയിരിക്കുന്ന ഒരാളെ ശ്രദ്ധയിൽപ്പെടുകയും, സി.സി.ടി.വിയിൽ കണ്ട വ്യക്തി തന്നെയാണ് ഇതെന്ന് തിരിച്ചറിയുകയും ചെയ്തു. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

ചെറുതാഴത്ത് സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് തെറിച്ചു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു

കണ്ണൂർ: ചെറുതാഴത്ത് സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് തെറിച്ചു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. പരിയാരം മുടിക്കാനം കുണ്ടപ്പാറയിലെ ഇടച്ചേരിയന്‍ തോമസ് (62) ആണ് മരിച്ചത്.
സംഭവത്തില്‍ മകന്‍ ഇ.ടി ജിനുവിന് (31) പരിക്കേറ്റിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടിന് ചെറുതാഴം മേലതിയടത്താണ് അപകടം.

സ്‌കൂട്ടറില്‍ ഏമ്പേറ്റ് വഴി മാട്ടൂലിലേക്ക് പോകുന്നതിനിടെ മേലതിയടം റോഡിന്റെ ഇടതുഭാഗത്തുള്ള കുറ്റിക്കാട്ടില്‍നിന്നും പന്നി ഓടിവന്ന് സ്‌കൂട്ടറിനിടിക്കുക യായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ജിനുവിൻ്റെ തോളെല്ലിനും കൈക്കും പരിക്ക് പറ്റി.

തോമസിന് തലയ്ക്കും നട്ടെല്ലിനുമാണ് പരിക്കേറ്റിരുന്നത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ
ഇന്ന് രാവിലെയാണ് മരിച്ചത്. മൃതദേഹം പരിയാരം പൊലിസ് ഇൻക്വസ്റ്റ് നടത്തി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്, മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി; വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാന്‍ കേന്ദ്രീകരിച്ച് അന്വേഷണം

പാലക്കാട് വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ നാല് ദിവസമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാനില്ലെന്ന് ബന്ധുക്കൾ പറയുന്നത്. ബന്ധുക്കളുടെ പരാതിയില്‍ ഷൊർണൂർ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.ഇവരുടെ വാണിയംകുളത്തുള്ള വീട് കഴിഞ്ഞ നാല് ദിവസമായി പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരുടെ ഫോണുകളിൽ വിളിച്ചു കിട്ടാതെ ആയതോടെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആ വാഹനത്തിൽ മൂന്നുപേരും പോയതായാണ് സംശയിക്കുന്നത്. പൊലീസ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും അന്വേഷിച്ചുവരികയാണ്. ഇവരുടെ കൈവശമുള്ള മൊബൈൽ ഫോണുകൾ എല്ലാം സ്വിച്ച് ഓഫ് ആണ്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ വീട് സ്ഥിതി ചെയ്യുന്ന പനയൂർ തന്നെയാണ് അവസാന ലൊക്കേഷൻ കാണുന്നതെന്ന് പൊലീസ് പറഞ്ഞു.