Hivision Channel

hivision

ഇനി പണം ഗൂഗിള്‍പേയില്‍ നിന്ന് ഫോണ്‍പേയിലേക്ക്; ഡിജിറ്റല്‍ വാലറ്റ് നിയമങ്ങളില്‍ മാറ്റവുമായി ആര്‍ബിഐ

ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് വലിയൊരു മാറ്റം കൊണ്ടുവന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഒരു പുതിയ നിര്‍ദേശം പുറപ്പെടുവിച്ചു. ഇനി മുതല്‍ പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്ട്രുമെന്റുകളുമായി ബന്ധപ്പെട്ട (പിപിഐ) പണമിടപാടുകള്‍ തേര്‍ഡ് പാര്‍ട്ടി യുപിഐ ആപ്പുകള്‍ വഴി നടത്തുന്നതിനുള്ള അനുമതിയാണ് ആര്‍ബിഐ നല്‍കിയിരിക്കുന്നത്.

നിലവില്‍ യുപിഐ പേയ്മെന്റുകള്‍ പ്രധാനമായും ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാണ് ഉപയോഗിച്ചിരുന്നത്. ഡിജിറ്റല്‍ വാലറ്റുകള്‍ പ്രധാനമായും അതത് കമ്പനിയുടെ യുപിഐ ആപ്പുകളുമായി മാത്രമേ ബന്ധിപ്പിക്കാന്‍ കഴിയൂ എന്നതായിരുന്നു നിയമം. ഉദാഹരണത്തിന് പേടിഎം വാലറ്റിലേക്ക് പണം അയക്കണമെങ്കില്‍ പേടിഎം ആപ്പ് തന്നെ ഉപയോഗിക്കണമായിരുന്നു. പുതിയ നിര്‍ദ്ദേശമനുസരിച്ച് ഏത് ഡിജിറ്റല്‍ വാലറ്റും ഏത് യുപിഐ ആപ്പിലും ബന്ധിപ്പിക്കാന്‍ സാധിക്കും. അതായത് ഗൂഗിള്‍ പേ വാലറ്റിലേക്ക് പേടിഎം ആപ്പ് വഴി പണം അയക്കാം, അല്ലെങ്കില്‍ ഫോണ്‍പേ വാലറ്റിലേക്ക് ഗൂഗിള്‍ പേ ആപ്പ് വഴി പണം അയക്കാം.

ഡിജിറ്റല്‍ വാലറ്റ് അഥവാ ഇ-വാലറ്റ് എന്നത് ഉപയോക്താക്കളുടെ ഫോണിലോ, കമ്പ്യൂട്ടറിലോ സൂക്ഷിക്കുന്ന ഒരു വിര്‍ച്വല്‍ വാലറ്റാണ്. ഇതില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍, ലോയല്‍റ്റി പോയിന്റുകള്‍ തുടങ്ങിയവ സുരക്ഷിതമായി സൂക്ഷിക്കാം. സുഹൃത്തുക്കള്‍ക്കും മറ്റും പണമയച്ചു നല്‍കാനുപയോഗിക്കുന്ന യുപിഐ അടിസ്ഥാനമായുള്ള ഗൂഗിള്‍പേയില്‍നിന്നും വ്യത്യസ്തമായി കോണ്‍ടാക്ട്?ലെസ് പേമെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ്പാണിത്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോണ്‍ടാക്റ്റ്‌ലെസ് പേമെന്റുകളാണ് അനുവദിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ പുതിയ നിര്‍ദ്ദേശം ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഇനി മുതല്‍ കൂടുതല്‍ എളുപ്പമാകും.

കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ എന്‍ഐടി സംഘം വിശദ പരിശോധന നടത്തും

കോഴിക്കോട് വടകരയില്‍ കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം. കോഴിക്കോട് എന്‍ഐടി സംഘം കാരവന്‍ ഉള്‍പ്പെടെ വിശദമായ പരിശോധന നടത്തും. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് യുവാക്കള്‍ മരിച്ചതെന്ന് കണ്ടെത്തിയിരുന്നു.

കാരവാന്റെ ഉള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് എങ്ങനെ എത്തിയെന്ന് കണ്ടെത്താനാണ് വിശദമായ പരിശോധന നടത്തുന്നത്. ജനറേറ്ററില്‍ നിന്നാണ് വിഷ പുക വന്നതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജനറേറ്ററില്‍ നിന്നുള്ള വിഷ പുക എങ്ങനെ കാരവാനിന്റെ ഉള്ളിലേക്ക് കയറിയെന്നതടക്കം കര്‍ണ്ടെത്താനാണ് വിശദമായ പരിശോധന. പരിശോധനയ്ക്കുശേഷം വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കം എന്‍ഐടി സംഘം അധികൃതര്‍ക്ക് കൈമാറും.

മലപ്പുറം വണ്ടൂര്‍ സ്വദേശിയായ മനോജും, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് കാരവാനില്‍ നിന്നും വിഷപുക ശ്വസിച്ച് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഇരുവരും വിവാഹ സംഘവുമായി കണ്ണൂര്‍ എത്തുന്നത്. രാത്രിയോടെ മടങ്ങിയെത്തി. 12 മണിയോടെ വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിര്‍ത്തി. എസിയിട്ട് വാഹനത്തനുള്ളില്‍ വിശ്രമിച്ചു. അടുത്ത ദിവസമായിട്ടും തിരിച്ചെത്താതിരുന്നതോടെ വാഹന ഉടമകള്‍ അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്.

സൂചിയില്ലാത്ത സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐഐടി

സൂചിയില്ലാത്ത സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐഐടി.സൂചി ഇല്ലാതെ തന്നെ മരുന്ന് ശരീരത്തിലെത്തിക്കാന്‍ കഴിയുന്ന ‘ഷോക്ക് സിറിഞ്ച്’ ആണ് കണ്ടെത്തിയത്. തൊലിക്ക് നാശം വരുത്തുകയോ അണുബാധയുണ്ടാക്കുകയോ ഇല്ലെന്നതാണ് പ്രത്യേകത.എയറോസ്പേസ് എന്‍ജിനിയറിങ് അടിസ്ഥാനപ്പെടുത്തിയാണ് സിറിഞ്ച് വികസിപ്പിച്ചതെന്ന് കണ്ടെത്തലിന് നേതൃത്വം നല്‍കിയ വിരന്‍ മെനസസ് പറയുന്നു. ജേണല്‍ ഓഫ് ബയോമെഡിക്കല്‍ മെറ്റീരിയല്‍സ് ആന്‍ഡ് ഡിവൈസിലാണ് പഠനം പ്രസിദ്ധീകരിച്ചത്. എലികളില്‍ പരീക്ഷിച്ചത് വിജയമാണെന്നും മനുഷ്യരില്‍ പരീക്ഷിച്ചതിന് ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും സംഘം പറയുന്നു.

സൂചികളുള്ള സിറിഞ്ചുകളില്‍ നിന്ന് വ്യത്യസ്തമായി, ഷോക്ക് സിറിഞ്ച് ചര്‍മ്മത്തില്‍ തുളച്ചുകയറാന്‍ ശബ്ദത്തിന്റെ വേഗതയേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഉയര്‍ന്ന ഊര്‍ജ്ജ സമ്മര്‍ദ്ദ തരംഗങ്ങള്‍ (ഷോക്ക് വേവ്‌സ്) ഉപയോഗിക്കുന്നു. ശരീരത്തില്‍ തലമുടിയുടെ വീതിയുടെ അത്രയും ചെറിയ മുറിവ് മാത്രമാണുണ്ടാകുക. 2021-ല്‍ പ്രൊഫ. മെനെസെസിന്റെ ലാബില്‍ വികസിപ്പിച്ച ഷോക്ക് സിറിഞ്ചിന് സാധാരണ ബോള്‍പോയിന്റ് പേനയേക്കാള്‍ അല്‍പം നീളമുണ്ട്.

സിറിഞ്ചില്‍ പ്രഷറൈസ്ഡ് നൈട്രജന്‍ വാതകമാണ് പ്രയോഗിക്കുന്നത്. രോഗികള്‍ മരുന്ന് ശരീരത്തില്‍ എത്തുന്നത് അറിയുക പോലുമില്ലെന്നാണ് അവകാശവാദം. വില, മരുന്ന് വിതരണം എന്നിവയെക്കൂടി ആശ്രയിച്ചായിരിക്കും ഷോക്ക് സിറിഞ്ചുകളുടെ ക്ലിനിക്കല്‍ ഉപയോഗ സാധ്യത.

പെരിയ ഇരട്ട കൊലപാതക കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍

പെരിയ ഇരട്ട കൊലപാതക കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു.

പീതാംബരന്‍ (മുന്‍ പെരിയ എല്‍സി അംഗം), സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി), എ. മുരളി, രഞ്ജിത്ത് (അപ്പു), കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), .എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ കുഞ്ഞിരാമന്‍)(മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (രാഘവന്‍ നായര്‍) (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്‌കരന്‍ എന്നിവരുള്‍പ്പടെയുള്ളവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

പ്രദീപ് (കുട്ടന്‍), ബി. മണികണ്ഠന്‍ (ആലക്കോട് മണി), എന്‍. ബാലകൃഷ്ണന്‍ (മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി), എ. മധു (ശാസ്ത മധു-അഞ്ചാംപ്രതി ജിജിന്റെ പിതാവ്), റെജി വര്‍ഗീസ്, എ. ഹരിപ്രസാദ്, പി. രാജേഷ്(രാജു) വി. ഗോപകുമാര്‍ (ഗോപന്‍ വെളുത്തോളി), പി.വി. സന്ദീപ് (സന്ദീപ് വെളുത്തോളി) എന്നിവരാണ് കുറ്റവിമുക്തര്‍.

2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ ശരത്ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. സിപിഐഎം പെരിയ ലോക്കല്‍ സെക്രട്ടറിയായിരുന്ന ഒന്നാം പ്രതി എ. പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ഇന്ന് രാജ്യം വിട ചൊല്ലും

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ഇന്ന് രാജ്യം വിട ചൊല്ലും. രാവിലെ എഐസിസി ആസ്ഥാനത്ത ആരംഭിച്ച പൊതുദര്‍ശനം പൂര്‍ത്തിയായി. എഐസിസി ആസ്ഥാനത്ത് എത്തി നേതാക്കള്‍ മന്‍മോഹന്‍ സിങിന് ആദരമര്‍പ്പിച്ചു. പൊതുദര്‍ശനത്തിനുശേഷം വിലാപയാത്രയായിട്ടാണ് സംസ്‌കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നത്. എഐസിസി ആസ്ഥാനത്തുനിന്നും സൈനിക ട്രക്കിലാണ് മൃതദേഹം വിലാപ യാത്രയായി കൊണ്ടുപോകുന്നത്. പൂര്‍ണ സൈനിക ബഹുമതികളോടെ രാവിലെ 11നുശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ര

കാക്കയങ്ങാട് ടൗണില്‍ വച്ച് തെരുവ് നായയുടെ കടിയേറ്റ് യുവാവിന് പരിക്ക്

കാക്കയങ്ങാട്:കാക്കയങ്ങാട് ടൗണില്‍ വച്ച് തെരുവ് നായയുടെ കടിയേറ്റ് യുവാവിന് പരിക്ക്.വിളക്കോട് സ്വദേശി ആക്കപ്പാറ വിനുവിനാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ തെരുവ് നായയുടെ കടിയേറ്റത്.വിനു പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ അഞ്ചോളം പേര്‍ക്കാണ് കാക്കയങ്ങാട് ടൗണില്‍ നിന്നും തെരുവ് നായയുടെ കടിയേറ്റത്‌

തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളിയ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി

തിരുനെല്‍വേലിയില്‍ കേരളത്തില്‍ നിന്നുള്ള ആശുപത്രിയിലെ ബയോമെഡിക്കല്‍ മാലിന്യം തള്ളിയ സംഭവത്തില്‍ കരാര്‍ കമ്പനിയായ സുനേജ് ഇക്കോ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിനെ കരിമ്പട്ടികയില്‍പ്പെടുത്തി.ശുചിത്വ മിഷന്റേതാണ് നടപടി. 3 വര്‍ഷത്തേക്കാണ് കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയിരിക്കുന്നത്. ശുചിത്വ മിഷന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് സ്ഥാപനം മറുപടി നല്‍കിയിരുന്നില്ല. ഇതിന് തൊട്ട് പിന്നാലെയാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നടപടി. മാത്രമല്ല സ്ഥാപനത്തിന്റെ നിയമവിരുദ്ധമായ പ്രവര്‍ത്തി കാരണം സര്‍ക്കാരിനുണ്ടായിട്ടുള്ള മുഴുവന്‍ ചിലവുകളും ഏറ്റെടുക്കണമെന്നും ശുചിത്വ മിഷന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

തമിഴ്‌നാട് സര്‍ക്കാര്‍, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരുടെ അന്വേഷണത്തില്‍ സുനേജ് ഇക്കോ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് ആണ് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ അനധികൃത മാലിന്യം തള്ളിയതെന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ജില്ലയില്‍ അജൈവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണിത്.

തിരുനെല്‍വേലിയിലെ കല്ലൂര്‍,പളവൂര്‍,കൊണ്ടാനഗരം പഞ്ചായത്തുകളിലാണ് ഒരു മാസത്തിനിടയില്‍ പതിനൊന്ന് ഇടങ്ങളിലായി ആശുപത്രികളില്‍ നിന്നുള്ള മെഡിക്കല്‍ വേസ്റ്റുകള്‍ കണ്ടെത്തിയത്. കന്നുകാലികള്‍ കൂട്ടത്തോടെ മേയുന്ന സ്ഥലത്താണ് ബയോ മെഡിക്കല്‍ വേസ്റ്റുകളും പ്ലാസ്റ്റിക്കും നിറഞ്ഞത്. കൃഷിത്തോട്ടത്തോട് ചേര്‍ന്ന് മൃഗങ്ങള്‍ വെള്ളം കുടിക്കുന്ന കുളങ്ങളില്‍ വരെ മാലിന്യക്കൂമ്പാരമായിരുന്നു. സംഭവം വിവാദമായതോടെ കേരളം അടിയന്തരമായി മാലിന്യം നീക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്കുകയായിരുന്നു.

തമിഴ്‌നാട് സര്‍ക്കാരിന്റെ സഹായത്തോടെയാണ് കേരളം മാലിന്യങ്ങള്‍ നീക്കം ചെയ്തത്. കേരളത്തില്‍ നിന്നുള്ള 70 അംഗസംഘം 6 ടീമുകള്‍ ആയി തിരിഞ്ഞായിരുന്നു മാലിന്യം നീക്കം ചെയ്തത്.മണ്ണുവാരി യന്ത്രം ഉപയോഗിച്ചാണ് മാലിന്യം ലോറിയിലേക്കു മാറ്റിയത്. വലിയ ടാര്‍പോളിന്‍ ഉപയോഗിച്ചു മൂടിയാണ് മാലിന്യങ്ങള്‍ തിരുനെല്‍വേലിയില്‍ നിന്ന് കൊണ്ടുപോയത്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ തമിഴ്‌നാടിനെ അറിയിച്ചിരുന്നു.

ദേശീയ ചിഹ്നം ദുരുപയോഗം ചെയ്താല്‍ ഇനി പണികിട്ടും; കാത്തിരിക്കുന്നത് ജയില്‍ ശിക്ഷയും കനത്ത പിഴയും

രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ചിത്രങ്ങള്‍, പേരുകള്‍, ചിഹ്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ദേശീയ ചിഹ്നങ്ങളുടെ അനധികൃത ഉപയോഗം തടയുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ ഏറ്റവും പുതിയ തീരുമാനം. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്, പുതിയ നിയമം അനുസരിച്ച് 5 ലക്ഷം രൂപ വരെ പിഴയും ജയില്‍ ശിക്ഷയും വ്യവസ്ഥ ചെയ്ത് ശിക്ഷ കടുപ്പിക്കാനാണ് തീരുമാനം.

നിലവിലെ നിയമപ്രകാരം ദേശീയചിഹ്നത്തെ അവഹേളിച്ചാല്‍ പിഴ 500 രൂപ മാത്രമായതിനാല്‍ ശിക്ഷ ഫലം ചെയ്യുന്നില്ലെന്നാണ് വിലയിരുത്തുന്നത്. ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് രണ്ട് പ്രധാന നിയമനിര്‍മ്മാണങ്ങള്‍ക്ക് കീഴിലാണ്, ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന 2005ലെ ഇന്ത്യയുടെ ദേശീയചിഹ്ന (ദുരുപയോഗം തടയല്‍) നിയമവും ഉപഭോക്തൃകാര്യവകുപ്പിന് കീഴിലുള്ള 1950ലെ ചിഹ്നങ്ങളും പേരുകളും (ദുരുപയോഗം തടയല്‍) നിയമവും ഒരുവകുപ്പിന് കീഴിലാക്കാനാണ് ശ്രമം.

അടുത്തിടെയാണ് ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ മന്ത്രിതലയോഗത്തില്‍ നടന്നത്.ആദ്യതവണ കുറ്റം ചെയ്യുന്നവര്‍ക്ക് ഒരു ലക്ഷവും ആവര്‍ത്തിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷവും പിഴയും ആറുമാസം വരെ തടവും ശിക്ഷ നല്‍കണമെന്ന് ഉപഭോക്തൃകാര്യവകുപ്പ് 2019ല്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപ്പാക്കിയിരുന്നില്ല.

ദാമ്പത്യ പ്രശ്നങ്ങളില്‍ കുട്ടികളെ ബലിയാടാക്കുന്നത് അംഗീകരിക്കാനാവില്ല; വനിതാ കമ്മീഷന്‍

കണ്ണൂര്‍:ഭാര്യ-ഭര്‍ത്തൃ ബന്ധത്തിലെ പ്രശ്നങ്ങളില്‍ കുട്ടികളെ ബലിയാടാക്കുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ലെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ. കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഭാര്യയുമായുള്ള ഭിന്നതയുടെ പേരില്‍ സ്വന്തം കുട്ടികളെ ശാരീരികമായും മനസികമായും തകര്‍ക്കുന്ന സമീപനം വര്‍ധിക്കുന്നു. രക്ഷകര്‍ത്താക്കളുടെ ഉത്തരവാദിത്വബോധത്തെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞു കൊടുക്കേണ്ട അവസ്ഥ മാറേണ്ടതാണെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. സാമ്പത്തിക-വസ്തു ഇടപാടുകളില്‍ സ്ത്രീകളെ മുന്‍നിര്‍ത്തി വിലപേശലുകള്‍ വര്‍ധിക്കുന്നത് തികച്ചും മനുഷ്യത്വരഹിതമായ പ്രവണതയാണ്. ദാമ്പത്യ ജീവിതത്തിലെ അഭിപ്രായ ഭിന്നതകളെ ഔചിത്യ ബോധത്തോടെ സമീപിക്കാന്‍ സമൂഹത്തെ പ്രാപ്തരാക്കേണ്ടതുണ്ട്. സ്ത്രീകള്‍ തമ്മിലുള്ള സാമ്പത്തിക പ്രശ്നം ജില്ലയില്‍ വര്‍ധിക്കുന്നതായാണ് പരാതികളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. വീടിനകത്തും പൊതുസമൂഹത്തിലും തന്റെ അവകാശങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്താന്‍ സ്ത്രീകള്‍ കുറേക്കൂടി ശക്തരാകേണ്ടതുണ്ട്. ഗാര്‍ഹിക പീഡനം, സ്വത്ത് തര്‍ക്കം, വഴി തടസ്സം, സ്വര്‍ണ്ണം പണയംവെക്കാന്‍ വാങ്ങിയിട്ട് തിരിച്ചു കൊടുക്കാത്ത പരാതികള്‍, സാമ്പത്തിക ഇടപാട് തുടങ്ങിയ പരാതികളാണ് പ്രധാനമായും കമ്മീഷന്റെ മുമ്പില്‍ വന്നിട്ടുള്ളതെന്നും അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു.

സിറ്റിങ്ങില്‍ പരിഗണിച്ച 77 പരാതികളില്‍ 15 എണ്ണം തീര്‍പ്പാക്കി. ആറ് പരാതികള്‍ പൊലീസിന്റെ റിപ്പോര്‍ട്ടിനായി അയച്ചു. മൂന്നെണ്ണം ജില്ലാ നിയമ സഹായ അതോറിറ്റിയുടെ സഹായം ലഭിക്കുന്നതിനും മൂന്നെണ്ണം ജാഗ്രതാ സമിതിയുടെ റിപ്പോര്‍ട്ടിനായും അയച്ചു. 50 പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. സിറ്റിങ്ങില്‍ നാല് പുതിയ പരാതികള്‍ ലഭിച്ചു. അഭിഭാഷകരായ ചിത്തിര ശശിധരന്‍, പത്മജ പത്മനാഭന്‍, കൗണ്‍സലര്‍ അശ്വതി രമേശന്‍ എന്നിവര്‍ പങ്കെടുത്തു.

ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തില്‍ ഒരാള്‍ പിടിയില്‍

ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ആലുവ സ്വദേശിയായ യുവാവിനെയാണ് എറണാകുളം സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ സ്വദേശിയായ അക്വിബ് ഹനാന്‍ എന്ന 21കാരനാണ് പിടിയിലായത്. ആലുവയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ആദിഖ് ഹനാന്‍ ആണ് ഇന്‍സ്റ്റാഗ്രാം വഴി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

ഇന്‍സ്റ്റാഗ്രാമില്‍ തനിക്ക് പ്രൈവറ്റായി സന്ദേശമയച്ചാല്‍ മാര്‍ക്കോ സിനിമയുടെ ലിങ്ക് അയച്ചുതരാമെന്നായിരുന്നു യുവാവിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. തുടര്‍ന്ന് സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിനുശേഷം പൊലീസ് യുവാവിന്റെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ടെലഗ്രാം വഴി പ്രചരിച്ച സിനിമയുടെ വ്യാജ പതിപ്പിന്റെ ലിങ്ക് ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് സിനിമയുടെ വ്യാജ പതിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന് പരാതി നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് പൊലീസില്‍ നല്‍കിയത്. കൊച്ചി ഇന്‍ഫൊ പാര്‍ക്കിലെ സൈബര്‍ സെല്ലിലാണ് പരാതി നല്‍കിയത്. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് സിനിമയ്ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിര്‍മാതാക്കള്‍ പൊലീസിന് കൈമാറിയിരുന്നു. നേരത്തെ എ ആര്‍ എം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ കൊച്ചി സൈബര്‍ പൊലീസ് പിടികൂടിയിരുന്നു.