അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 56കാരി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിനി ശോഭനയാണ് മരിച്ചത്. രണ്ട് കുട്ടികൾ ഉൾപ്പെടെ 12 പേരായിരുന്നു ചികിത്സയില്‍ ഉണ്ടായിരുന്നത്. ഒരു മാസത്തിനിടെ അഞ്ച് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാൽ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. അമീബിക് മസ്തിഷ്കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം.
കണ്ണപുരത്ത് വാടക വീട്ടിൽ വൻ സ്ഫോടനം. കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. അപകടത്തിൽ വീട്ടിലുണ്ടായിരുന്നവർക്ക് പരിക്കേറ്റതായും ഒരാൾ മരിച്ചതായും സൂചനയുണ്ട്. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറി കിടക്കുകയാണെന്നാണ് വിവരം.ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. അപകടവിവരമറിഞ്ഞ് കണ്ണപുരം പോലീസും തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ജില്ലയിൽ പനി കേസുകൾ കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് റിപ്പോർട്ട് ചെയ്തതെന്ന് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി ഡിഎംഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തര അവലോകന യോഗം വിലയിരുത്തി. ജില്ലയിലെ പനി ക്ലിനിക്കുകൾ പൂർണ സജ്ജമാണ്. കഴിഞ്ഞ വർഷം ജൂണിൽ 15,997 പനി കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, ഈ വർഷം ജൂണിൽ 13,839 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 2155 (13%) കേസുകളുടെ കുറവവുണ്ട്. ജൂലൈ മാസത്തിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5842 കേസുകളുടെ കുറവാണ് (27%) റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ നിലവിലുള്ള പനി ക്ലിനിക്കുകൾ വർധിപ്പിക്കേണ്ട സാഹചര്യമില്ല എന്ന് യോഗം വിലയിരുത്തി.
കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ 1053 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഈ വർഷം ജൂലൈയിൽ 502 ആയി കുറക്കാൻ സാധിച്ചു. മലയോരമേഖലകളിലാണ് ഡെങ്കി കേസുകളിൽ വർധനവ് കാണുന്നത്. കഴിഞ്ഞവർഷം ജൂൺ മാസത്തിൽ 938 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം അത് 1531 ആയിരുന്നു. ജൂലൈ ആവുമ്പോഴേക്കും സമഗ്രമായ പ്രതിരോധ പ്രവർത്തനങ്ങൾ വഴി രോഗ പകർച്ചയുടെ തോത് നിലവിൽ കുറച്ചു വരാൻ വേണ്ടി സാധിച്ചിട്ടുണ്ട്. എലിപ്പനിക്കെതിരെ വ്യാപകമായ പ്രചരണ പ്രവർത്തനം നടത്തുന്നതിനും യോഗം തീരുമാനിച്ചു.
പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്ന പൊതുജനങ്ങൾ മണ്ണിലോ ചളിയിലോ ആയി ബന്ധപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അത്തരം കാര്യങ്ങൾ ഡോക്ടറോട് തുറന്നു പറയാൻ തയ്യാറാകണം. അടുക്കളയിൽ എലികളുടെ സാന്നിധ്യമുള്ളതും പട്ടികളെയും പശുക്കളെയും പരിചരിക്കുന്നവരും പനി ഉണ്ടായാൽ അക്കാര്യം ഡോക്ടറോട് പറയേണ്ടതാണ്. ജില്ലയിൽ മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനത്തിനായി ഓണാഘോഷത്തിനു മുമ്പായി ആഗസ്റ്റ് 22 മുതൽ 30 വരെ ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഭക്ഷണ വിതരണശാലകളിലും പാനീയങ്ങൾ വിൽക്കുന്ന കടകളിലും വ്യാപക പരിശോധന നടത്തുന്നതിന് തീരുമാനിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിൽ ചേർന്ന യോഗത്തിൽ ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.കെ സി സച്ചിൻ, വിവിധ പ്രോഗ്രാം ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അയോഗ്യനെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എംആർ അജിത് കുമാർ പ്രതിയായ വിജിലൻസ് കേസിലെ വിധിയിൽ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെട്ടത് തെളിഞ്ഞതാണ്. പൊളിറ്റിക്കൽ സെക്രട്ടറിയെയും എഡിജിപിയെയും രക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു. ഇവർ അദ്ദേഹത്തിന് വേണ്ടപ്പെട്ടവരാണ്. ആർഎസ്എസുമായുള്ള പാലമാണ് അജിത് കുമാർ. അതുകൊണ്ടാണ് സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് സ്പെഷ്യൽ പ്രോസിക്യുട്ടറിനെ ആവശ്യപ്പെട്ടുകൊണ്ട് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ, തീരുമാനം ആയിട്ടില്ല. ആറ് ആഴ്ചയ്ക്കുള്ളിൽ തീരുമാനം എടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. എന്നിട്ടും നിയമാനുസരണമുള്ള നടപടിയെടുക്കാൻ സർക്കാർ തയാറാകുന്നില്ല. പ്രതികളുടെ ഭാഗത്താണ് സർക്കാർ നിൽക്കുന്നത്. തങ്ങളുടെ അവകാശങ്ങൾ ചോദിക്കുന്നവരോടുള്ള സർക്കാരിന്റെ നിലപാട് പ്രതിഷേധകരമാണ്. ഡോ ഹാരിസിനോടും ഇത് തന്നെയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
‘അമ്മ’യിൽ പുതിയ ഭരണ സമിതി ചുമതലയേറ്റതിന് പിന്നാലെ പ്രതികരണവുമായി നടി ഭാവന. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയില്ലെന്ന് ഭാവന പറഞ്ഞു. ‘അമ്മ’യുടെ പുതിയ ഭരണസമിതിയുമായി സഹകരിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു ഭാവനയുടെ മറുപടി. താൻ അമ്മയിൽ അംഗമല്ല. അങ്ങനെയൊരു സാഹചര്യം വന്നാൽ അപ്പോൾ പ്രതികരിക്കാമെന്നും ഭാവന വ്യക്തമാക്കി.അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കടുത്ത മത്സരത്തിനൊടുവിലാണ് ശ്വേത മേനോൻ വിജയിച്ചത്. ശ്വേത മേനോൻ 159 വോട്ട് നേടിയപ്പോൾ എതിർ സ്ഥാനാർത്ഥിയായ നടൻ ദേവന് 132 വോട്ടാണ് ലഭിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിച്ച കുക്കു പരമേശ്വരൻ 172 വോട്ട് നേടി തിരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർത്ഥിയായ രവീന്ദ്രന് 115 വോട്ടുകൾ മാത്രം നേടാനെ സാധിച്ചുള്ളൂ. 57 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുക്കു പരമേശ്വരൻറെ വിജയം. ട്രഷറർ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉണ്ണി ശിവപാൽ 167 വോട്ട് നേടി വിജയിച്ചു. എതിർ സ്ഥാനാർത്ഥിയായ അനൂപ് ചന്ദ്രന് 108 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.
യുപിഐ (യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) ഉപയോഗിക്കുന്ന കോടിക്കണക്കിന് ഉപയോക്താക്കൾക്ക് ഒരു പ്രധാന മാറ്റം വരാൻ പോകുന്നു. 2025 ഒക്ടോബർ 1 മുതൽ പി2പി (പിയർ-ടു-പിയർ) ‘കളക്‌ട് റിക്വസ്റ്റ്’ ഫീച്ചർ പൂർണ്ണമായും നിർത്തലാക്കാൻ എൻപിസിഐ തീരുമാനിച്ചു.
എന്താണ് പുതിയ മാറ്റം?
ഒക്‌ടോബര്‍ 1 മുതൽ പി2പി ‘കളക്‌ട് റിക്വസ്റ്റ്’ ഫീച്ചർ പൂർണ്ണമായും എന്‍പിസിഐ നിർത്തലാക്കും. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുകയും വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകള്‍ തടയുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിന്‍റെ ലക്ഷ്യം.
ആർക്കൊക്കെ ഇളവ്?
ഈ നിരോധനം പി2പി ശേഖരണ അഭ്യർഥനകൾക്ക് മാത്രമേ ബാധകമാകൂ. അതായത് സാധാരണ യുപിഐ പേയ്‌മെന്‍റുകൾക്ക് ബാധകമല്ല. സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ അവരുടെ യുപിഐ ഐഡി നൽകിയോ ക്യുആർ കോഡ് സ്‍കാൻ ചെയ്തോ പണം അയക്കാം. യുപിഐ വഴി വ്യാപാരികൾക്കോ പരിശോധിച്ചുറപ്പിച്ച ബിസിനസുകൾക്കോ പേയ്‌മെന്‍റുകൾ നടത്താം. പി2പി കളക്ഷൻ അഭ്യർഥനകൾക്ക് മാത്രമേ ഈ നിരോധനം ബാധകമാകൂ എന്ന് എൻപിസിഐ വ്യക്തമാക്കി. തട്ടിപ്പ് കൂടുതൽ കുറയ്ക്കുന്നതിന് വ്യാപാരികൾക്കുള്ള കെവൈസി നിയമങ്ങൾ കർശനമാക്കാൻ എൻപിസിഐ പദ്ധതിയിട്ടിട്ടുണ്ട്.
നിലവിലുള്ള നിയമങ്ങളും ഇടപാട് പരിധികളും
നിലവിൽ, ഏതൊരു യുപിഐ ഉപയോക്താവിനും ഒരു ഇടപാടിൽ 2,000 രൂപ വരെ ‘കളക്‌ട് റിക്വസ്റ്റ്’ അയയ്ക്കാൻ കഴിയും. എന്നാൽ എൻപിസിഐയുടെ പുതിയ നിർദ്ദേശത്തിനുശേഷം ബാങ്കുകൾക്കും യുപിഐ ആപ്പുകൾക്കും അത്തരം ഇടപാടുകൾ പ്രോസസ് ചെയ്യാൻ കഴിയില്ല.
ഡിജിറ്റൽ പേയ്‌മെന്‍റ് വളരുന്നു, തട്ടിപ്പുകളും
അതേസമയം രാജ്യത്തെ യുപിഐ ഇടപാടുകളിൽ വൻ വർധനവ് സംഭവിക്കുന്നുണ്ട് എന്നാണ് കണക്കുകൾ. ഇത് ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്‍റുകളുടെ വർധിച്ചുവരുന്ന ജനപ്രീതിയുടെ തെളിവാണ്. എന്നാൽ ഈ വളർച്ചയ്ക്കൊപ്പം കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകളും അതിവേഗം വർധിച്ചു എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
വിനോദസഞ്ചാരികൾക്ക് യുപിഐ
യുപിഐ സംബന്ധിച്ച മറ്റൊരു വാർത്തയിൽ ആർബിഐ നിയന്ത്രിത സ്ഥാപനമായ സ്‍മാർട്ട് പേയ്‌മെന്റ് സൊല്യൂഷൻസ്, ഇന്ത്യൻ ബാങ്ക് അക്കൗണ്ട് ആവശ്യമില്ലാതെ തന്നെ രാജ്യമെമ്പാടും പണമടയ്ക്കാൻ വിനോദസഞ്ചാരികളെയും പ്രവാസി ഇന്ത്യക്കാരെയും (എൻആർഐ) പ്രാപ്‌തമാക്കുന്ന യുപിഐ അധിഷ്‌ഠിത മൊബൈൽ ആപ്ലിക്കേഷനായ മോണി പുറത്തിറക്കിയതായി പറയുന്നു.
മോണി ആപ്പ്
ഇന്ത്യയുടെ യുപിഐ അടിസ്ഥാനമാക്കിയും യുപിഐ വൺ വേൾഡ് സംരംഭത്തിന്‍റെ ഭാഗമായും നിർമ്മിച്ച മോണി ആപ്പ്, വിദേശ പൗരന്മാർക്ക് പ്രാദേശിക കടകളിലും റസ്റ്റോറന്‍റുകളിലും റീട്ടെയിൽ സ്റ്റോറുകളിലും ക്യുആർ കോഡുകൾ സ്‌കാൻ ചെയ്തുകൊണ്ട് സാധനങ്ങൾക്കും സേവനങ്ങൾക്കും പണം നൽകാൻ അനുവദിക്കും. ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രവേശിക്കാൻ പലപ്പോഴും ബുദ്ധിമുട്ടുന്ന അന്താരാഷ്ട്ര സന്ദർശകർ നേരിടുന്ന വെല്ലുവിളികൾ കുറയ്ക്കുന്നതിനാണ് ഈ സേവനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.