എല്ലാ വിഭാഗം ഹൈ ടെൻഷൻ, എക്സ്ട്രാ ഹൈ ടെൻഷൻ ഉപഭോക്താക്കൾക്കും 20 കിലോവാട്ടിനു മുകളിൽ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ വ്യാവസായിക ഉപഭോക്താക്കൾക്കും പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്‌താക്കൾക്കും ആണ് നിലവിൽ TOD അഥവ ടൈം ഓഫ് ഡേ ബില്ലിംഗ് ഏർപ്പെടുത്തിയിട്ടുള്ളത് .
ദിവസത്തെ T1, T2, T3 എന്നിങ്ങനെ മൂന്ന് ടൈം സോണുകളായി തിരിച്ചാണ് ഈ വിഭാഗങ്ങളിൽ വരുന്ന ഉപഭോക്താക്കൾക്ക് ബില്ലിംഗ് ചെയ്യുന്നത്.
പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് താഴെപ്പറയുന്ന പ്രകാരമാണ് ബിൽ ചെയ്യുക.
T 1 – രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയുള്ള 12 മണിക്കൂർ സമയത്ത് താരിഫ് നിരക്കിനെക്കാൾ 10% കുറവ് നിരക്കായിരിക്കും ഈടാക്കുക.
T2 – വൈകുന്നേരം 6 മുതൽ രാത്രി 10 വരെ 4 മണിക്കൂർ സമയം താരിഫ് നിരക്കിനെക്കാൾ 25% കൂടുതൽ നിരക്ക് നൽകേണ്ടിവരും
T3 – രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള 8 മണിക്കൂർ സമയത്ത് അതത് താരിഫ് നിരക്കിൽത്തന്നെ വൈദ്യുതി ഉപയോഗിക്കാം.
ഗാർഹിക ഉപഭോക്താക്കൾ ഉയർന്ന വൈദ്യുതി ആവശ്യകതയുള്ള പമ്പ് സെറ്റ്, ഇസ്തിരിപ്പെട്ടി, വാട്ടർ ഹീറ്റർ, മിക്സി, ഗ്രൈൻഡർ തുടങ്ങിയവയുടെ ഉപയോഗം പകൽ സമയത്തേക്ക് മാറ്റിയാൽ 35% വരെ പണം ലാഭിക്കാൻ കഴിയുമെന്ന് സാരം.
സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ ഒമ്പത് വരെ സംഘടിപ്പിക്കാൻ തീരുമാനം. സെപ്റ്റംബർ 9ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തും. ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ഓണാഘോഷം വിപുലമായും ആകർഷകമായും സംഘടിപ്പിക്കുന്നതിന് വിവിധ വകുപ്പുകൾ ഏകോപിതമായി നീങ്ങണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിക്കും. വൈദ്യുത ദീപാലങ്കാരം മെച്ചപ്പെട്ട രീതിയിൽ നടത്തും. ഹരിത ചട്ടം പാലിച്ചുകൊണ്ട് ഹരിത ഓണം എന്ന നിലയിലാവും പരിപാടികൾ നടത്തുക.
കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലാ, സിഡിഎസ്, എഡിഎസ് തലങ്ങളിൽ ഓണം മേളകൾ സംഘടിപ്പിക്കും. കുടുംബശ്രീ മുഖേന പച്ചക്കറിയും പൂ കൃഷിയും നടത്തിയിട്ടുണ്ട്. അതിൻ്റെ വിളവെടുപ്പ് ഓണത്തിന് മുമ്പ് നടത്തും. ഓണത്തിന് ആവശ്യമായ എല്ലാ വിഭവങ്ങളും അടങ്ങുന്ന കിറ്റ് നേരിട്ടും ഓൺലൈനായും ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സപ്ലൈകോ ഓണച്ചന്തകൾ ജില്ലാ, താലൂക്ക്, മണ്ഡലം കേന്ദ്രങ്ങളിലും തുടങ്ങും.സാംസ്കാരിക മേഖലയിലെ സ്ഥാപനങ്ങൾ മുഖേന കൾച്ചറൽ പ്രോഗ്രാമുകളും ഫിഷറീസ് മേഖലയിൽ വള്ളങ്ങൾ ഉൾപ്പെടുത്തി ആളുകളെ ആകർഷിക്കുന്ന പരിപാടികളും നടത്തുന്ന കാര്യം ആലോചിക്കുമെന്ന് യോഗത്തിൽ പറഞ്ഞു. കൺസ്യൂമർഫെഡ് വഴിയും പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയും പച്ചക്കറിയും നിത്യോപയോഗ സാധനങ്ങളും വിതരണം നടത്തുന്നതിന് തുടക്കം കുറിച്ചിട്ടുണ്ട്. കൂടുതൽ പ്രാഥമിക സംഘങ്ങൾ പച്ചക്കറി കൃഷി ചെയ്ത് ഓണം വിപണിയിലേക്ക് കൊണ്ടുവരികയാണ്. ഹോർട്ടി കോർപ്പിന്റെ പച്ചക്കറി ചന്തകളും കൃഷി വകുപ്പിന്റെ മറ്റ് സംവിധാനങ്ങളും സജീവമാക്കി കൂടുതൽ ഇനങ്ങൾ ചന്തയിൽ എത്തിക്കുകയും ചെയ്യും.
യോഗത്തിൽ മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, വിഎൻ വാസവൻ, സജി ചെറിയാൻ, ജെ ചിഞ്ചുറാണി, ജിആർ അനിൽ, എംബി രാജേഷ്, വി ശിവൻകുട്ടി പി പ്രസാദ്, ചീഫ് സെക്രട്ടറി ഡോ എ ജയതിലക് തുടങ്ങിയവർ സംസാരിച്ചു.
സ്‌കൂളില്‍ സുരക്ഷയില്ലാതെ കടന്നുപോയ വൈദ്യുതിക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ പൊതുദര്‍ശനത്തിന് വെച്ചു. നല്ല ഭാവിയുടെ ആശ്രയകേന്ദ്രമായി കണ്ട ആ വിദ്യാലയ മുറ്റത്ത് കൂട്ടുകാര്‍ക്കു മുന്നില്‍ മിഥുൻ ചലനമറ്റു കിടന്നു. രണ്ടുദിവസംമുന്‍പുവരെ ചിരിച്ചും കളിച്ചും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന അവനെ ചേതനയറ്റ് കാണേണ്ടി വന്നതിന്റെ സങ്കടം കൂട്ടുകാരിൽ കണ്ണീരായി. അധ്യാപകരടക്കം കണ്ടുനിന്നവരൊക്കെ വിങ്ങിപ്പൊട്ടി.
ഭാവിയില്‍ പട്ടാളക്കാരനാവാന്‍ കൊതിച്ചിരുന്ന മിഥുൻ സ്‌കൂളിലെ എന്‍സിസി കേഡറ്റാവാന്‍ ഉടുപ്പുവരെ തയ്പ്പിക്കാന്‍ കൊടുത്തിരുന്നു. ആ യൂണിഫോമണിഞ്ഞ് പരേഡ് നടത്തേണ്ടിയിരുന്ന മുറ്റത്ത് ചേതനയറ്റു നിന്ന അവനെ, സ്‌കൂളിലെ എന്‍സിസി കേഡറ്റുകള്‍ റോഡ് മാര്‍ച്ച് നടത്തി സ്‌കൂള്‍ മുറ്റത്തെത്തിച്ചു. മിഥുനെ ഒരു നോക്കു കാണാനായി നൂറുകണക്കിനാളുകളാണ് സ്‌കൂള്‍ മുറ്റത്ത് എത്തിയിരുന്നു കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉള്‍പ്പെടെ മിഥുനെ ഇന്നുവരെ കാണാത്തവരും അറിയാത്തവരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു.
ഹൃദയഭേദകമായ കാഴ്ചകള്‍ക്കായിരുന്നു സ്‌കൂള്‍ അങ്കണം സാക്ഷിയായത്. ഫുട്‌ബോളില്‍ സെലക്ഷന്‍ കിട്ടിയതിന്റെ സന്തോഷത്തില്‍ മിഠായി വിതരണം ചെയ്തിരുന്നുവെന്നാണ് മിഥുന്‍റെ ഒരു കൂട്ടുകാരന്‍ പറഞ്ഞു. സഹായമനസ്‌കനായ, പ്രായത്തില്‍ക്കവിഞ്ഞ പക്വതയോടെ പെരുമാറിയ മിടുക്കനായിരുന്നു മിഥുനെന്ന് പ്രായഭേദമന്യേ എല്ലാവരും സ്മരിക്കുന്നു.
കുവൈത്തില്‍ ജോലി ചെയ്യുന്ന അമ്മ സുജ, തുര്‍ക്കിയില്‍നിന്ന് രാവിലെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇളയമകന്‍ സുജിനും അമ്മയെ കൂട്ടിക്കൊണ്ടുപോവാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. 9.50-ന് വിമാനത്താവളത്തില്‍നിന്ന് സുജയെ കൂട്ടി അവര്‍ വീട്ടിലേക്ക് പോയി. തേവലക്കര സ്‌കൂളില്‍നിന്ന് വീട്ടിലെത്തിച്ചശേഷം വൈകീട്ട് നാലിന് മിഥുന്‍റെ മൃതദേഹം സംസ്‌കരിക്കും.
കണ്ണ്, ഹൃദയം, വൃക്കകൾ തുടങ്ങിയവ മാത്രമല്ല, മരണാനന്തരം ചർമവും ദാനംചെയ്യാം. ഇതിനു സൗകര്യമൊരുക്കാൻ സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിലവിൽ വരും. ലോക പ്ലാസ്റ്റിക് സർജറി ദിനമായ 15-നാണ് സ്കിൻ ബാങ്ക് ഉദ്ഘാടനം ചെയ്യുന്നത്. സ്കിൻ ബാങ്ക് വരുന്നതോടെ പൊള്ളൽ ചികിത്സയിൽ കാര്യമായ മുന്നേറ്റമുണ്ടാകുമെന്നാണ് കരുതുന്നത്.
സംരക്ഷണം എങ്ങനെ?
സംസ്കരിച്ച് ബാങ്കിൽ സൂക്ഷിക്കുന്ന ചർമം പ്രായം, രക്തഗ്രൂപ്പ് എന്നീ വ്യത്യാസങ്ങളില്ലാതെ ആർക്കും ഉപയോഗിക്കാം. അണുബാധയില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ വെച്ചുപിടിപ്പിക്കുന്ന ചർമം രണ്ടുമുതൽ മൂന്നാഴ്ചവരെ രോഗിക്കു സംരക്ഷണ കവചമൊരുക്കും. ശരീരത്തിലെ മാംസ്യം, മൂലകങ്ങൾ, ലവണങ്ങൾ എന്നിവ നഷ്ടപ്പെടുന്നതു തടയുകയും ചെയ്യും. പൊള്ളലേറ്റുൾപ്പെടെ ചർമം നഷ്ടപ്പെടുന്നവർക്ക് ഏറ്റവും നിർണായകമായതും അണുബാധയേൽക്കാൻ സാധ്യതയുള്ളതും ഈ സമയത്താണ്.
സമ്മതപത്രത്തിലൂടെ ചർമദാനത്തിനുള്ള സന്നദ്ധത അറിയിക്കാം. അവയവദാനം ഏകോപിപ്പിക്കുന്ന കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷന്റെ അനുമതിയും ലഭ്യമാക്കിയിട്ടുണ്ട്. ഭാവിയിൽ തർക്കങ്ങളൊഴിവാക്കാൻ ദാതാവിനെക്കൂടാതെ ഇവരുടെ അടുത്ത ബന്ധുക്കളുടെ സമ്മതവും എഴുതിവാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
ഏഴുകോടിയോളം രൂപ ചെലവഴിച്ചാണ് സ്കിൻ ബാങ്ക് സജ്ജീകരിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ മേൽനോട്ടത്തിലാകും പ്രവർത്തനം.
എന്താണ് സ്‌കിൻ ബാങ്ക്?
പൊള്ളലേറ്റും അപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റും ചർമം നഷ്ടപ്പെടുന്നവർക്കു പകരം വെച്ചുപിടിപ്പിക്കാനായി സ്ഥാപിക്കുന്ന ചർമസംഭരണ കേന്ദ്രമാണ് സ്കിൻ ബാങ്ക്. ദാതാക്കളുടെ ശ്രദ്ധാപൂർവമായ സ്ക്രീനിങ്, സംസ്കരണം, സംരക്ഷണത്തിനുള്ള സാങ്കേതികവിദ്യകൾ, ദാനംചെയ്യുന്ന ചർമം മെഡിക്കൽ ഉപയോഗത്തിന് ഫലപ്രദമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള കർശനമായ ഗുണനിലവാര നിയന്ത്രണം എന്നിവ സ്കിൻ ബാങ്കിൽ ഉൾപ്പെടുന്നു. അപകടങ്ങളിൽ ചർമം നഷ്ടമാകുന്നവർക്ക് അവരുടെതന്നെ ശരീരത്തിലെ മറ്റു ഭാഗങ്ങളിൽ നിന്ന് ചർമമെടുത്ത് ചികിത്സ ചെയ്യാറുണ്ട്. എന്നാൽ പൊള്ളലേറ്റുൾപ്പെടെയുള്ള അപകടങ്ങളിൽ പലപ്പോഴുമിത് സാധ്യമല്ലാതെവരും. ചികിത്സ വൈകുംതോറും അണുബാധയുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇതിനു പരിഹാരമായാണ് സ്കിൻ ബാങ്ക് സ്ഥാപിക്കുന്നത്.
ശേഖരണം എവിടെ നിന്ന്?
മൃതശരീരങ്ങളിൽനിന്നാണ് ത്വക്ക് ശേഖരിക്കുന്നത്. മരണപ്പെട്ട് ആറുമണിക്കൂറിനുള്ളിൽ 0.1 മുതൽ 0.9 മില്ലിമീറ്റർ വരെ ആഴത്തിൽനിന്നു ശ്രദ്ധാപൂർവമാണിതു ചെയ്യുന്നത്. ശരീരത്തിന്റെ ഏതുഭാഗത്തുനിന്നും ശേഖരിക്കാമെങ്കിലും പുറമേ കാണാത്ത ഭാഗങ്ങളായ തുടഭാഗം, മുതുക് എന്നിവിടങ്ങളിൽ നിന്നാണെടുക്കുന്നത്. എച്ച്ഐവി, ഹെപ്പെറ്റെറ്റിസ് പോലുള്ള രോഗമുള്ളവരുടെ ചർമം ശേഖരിക്കില്ല.
അതുപോലെ ബാക്ടീരിയ, ഫംഗസ് പരിശോധനകൾ നെഗറ്റീവായാൽ മാത്രമേ എടുക്കുകയുള്ളൂ. ഇങ്ങനെ ശേഖരിക്കുന്ന ചർമം അതിനൂതന മാർഗങ്ങളുപയോഗിച്ച് സംസ്കരണം നടത്തി മനുഷ്യന് നടന്നുകയറാൻ കഴിയുന്ന പ്രത്യേകതരം വാക് ഇൻ റെഫ്രിജറേറ്ററിലാണ് സൂക്ഷിക്കുന്നത്. മൂന്നുവർഷംവരെ കേടുകൂടാതെ സൂക്ഷിക്കാനാകും.
ആശങ്ക വേണ്ടാ
ചർമം ദാനംചെയ്യുന്നതുകൊണ്ട് മൃതദേഹത്തിന് യാതൊരുവിധ വൈകൃതങ്ങളും സംഭവിക്കുന്നില്ല. ചികിത്സാരംഗത്ത് ത്വക്കിന് ആവശ്യമേറെയാണ്. എന്നാലിതിനനുസരിച്ച് ലഭ്യതയില്ല. മികച്ച പരിചരണം ഉറപ്പുവരുത്തുന്ന സ്കിൻ ബാങ്കുകൾ വരുന്നതോടെ നിരവധി ജീവനുകൾ സംരക്ഷിക്കാനാകുമെന്നാണ് കരുതുന്നത്. മികച്ച സംവിധാനമാണിത്. അതിനാൽ ചർമദാനത്തിന് ആശങ്കകളില്ലാതെ തയ്യാറാക്കാം.
ഡോ. എ.പി. പ്രേംലാൽ മേധാവി പ്ലാസ്റ്റിക് സർജറി വിഭാഗം മെഡിക്കൽ കോളേജ്
കേരളത്തിലെ ആദ്യത്തെ സ്‌കിന്‍ ബാങ്ക് സജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സ്കിൻ ബാങ്ക് സജ്ജമാക്കിയത്. ജൂലായ് 15-നാണ് ഉദ്ഘടനം. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ലഭ്യമായി. കോട്ടയം മെഡിക്കല്‍ കോളേജില്‍ കൂടി സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
6.75 കോടി രൂപ ചെലവഴിച്ചാണ് സ്‌കിന്‍ ബാങ്ക് സജ്ജമാക്കിയിരിക്കുന്നത്. ശരീരത്തിലെ പൊള്ളലേറ്റ ഭാഗങ്ങള്‍ മാറ്റിവെയ്ക്കുന്നതിനായി ദാതാക്കളില്‍ നിന്ന് ശേഖരിക്കുന്ന ചർമം സൂക്ഷിക്കുന്ന ഇടമാണ് സ്‌കിന്‍ ബാങ്ക്. അപകടങ്ങളില്‍ ഗുരുതരമായി പൊള്ളലേല്‍ക്കുന്നവര്‍ക്ക് അവരുടെ സ്വന്തം ചർമം ഉപയോഗിക്കാന്‍ സാധിക്കാതെ വരുമ്പോള്‍, സ്‌കിന്‍ ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന ചർമം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുന്നു. ഇത് രോഗിയുടെ വേദന കുറയ്ക്കാനും അണുബാധ തടയാനും വേഗത്തില്‍ സുഖം പ്രാപിക്കാനും ജീവന്‍ രക്ഷിക്കാനും സഹായിക്കുന്നു. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചർമം സംരക്ഷിക്കുന്നത്.
പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ബേണ്‍സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. പൊള്ളലേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാന മെഡിക്കല്‍ കോളേജുകളില്‍ ബേണ്‍സ് യൂണിറ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ബേണ്‍സ് ഐസിയുവില്‍ സജ്ജമാക്കിയ തീവ്ര പരിചരണ സംവിധാനത്തിലൂടെ അണുബാധയേല്‍ക്കുന്നത് പരമാവധി കുറയ്ക്കാനും എത്രയും വേഗം രോഗിക്ക് ആശ്വാസം ലഭിക്കാനും ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുവാനും സഹായിക്കുന്നു. 10 ശതമാനത്തിലധികം പൊള്ളലേറ്റ രോഗികള്‍ക്കുള്ള വിദഗ്ധ ചികിത്സയാണ് ഈ ബേണ്‍സ് ഐസിയുവിലൂടെ നല്‍കുന്നത്.