Hivision Channel

Local News

കാലവര്‍ഷം: അപകടകരമായ മരങ്ങള്‍ മുറിച്ചു നീക്കിയില്ലെങ്കില്‍  നിയമനടപടി

ജില്ലയില്‍ റോഡരികില്‍ തുറന്നുകിടക്കുന്ന ഓടകളുള്ള ഭാഗത്ത് സൂചന മുന്നറിയിപ്പ് ബോര്‍ഡുകളും താല്‍ക്കാലിക സുരക്ഷ വേലിയും ഉടനെ സജ്ജീകരിക്കുവാന്‍ റോഡുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്കും തദ്ദേശ സ്വയം ഭരണ സ്ഥപനങ്ങള്‍ക്കും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍ദ്ദേശം നല്‍കി.കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അപകടകരമായ മരങ്ങള്‍ മുറിക്കുന്നതിനു വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും കാലതാമസം വരുത്തുകയാണെങ്കില്‍ വീഴ്ചവരുത്തുന്ന വകുപ്പുകള്‍ക്കെതിരെ ക്രിമിനല്‍ നടപടി ചട്ടത്തിലെ വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്മാര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.നാഷണല്‍ ഹൈവേയുടെ നിര്‍മ്മാണത്തിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ നിരീക്ഷണം വേണമെന്നും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉടനടി പരിഹരിക്കുന്നതിന് തഹസില്‍ദാര്‍മാര്‍ ഇടപെടണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് അപകട ഭീഷണി ഉയര്‍ത്തുന്ന ഏതെങ്കിലും മരങ്ങള്‍ ഇനിയും സ്‌കൂള്‍ കോമ്പൗണ്ടുകളില്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ കോമ്പൗണ്ടുകളിലെ മരങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നതായും രണ്ടാംഘട്ട പരിശോധന ഉടൻ പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു.പയ്യാമ്പലം ബീച്ചിലെ പുലിമുട്ടുകളില്‍ അപകടകരമായ വിധത്തില്‍ സന്ദര്‍ശകര്‍ പ്രവേശിക്കുന്ന വിഷയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ യോഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവിടെ സ്ഥാപിച്ചതായും കോസ്റ്റ് ഗാര്‍ഡുകള്‍ക്ക് സന്ദര്‍ശകരുടെ പുലിമുട്ടിലേക്കുള്ള പ്രവേശനം വിലക്കുന്നതിനായി നിര്‍ദ്ദേശം നല്‍കിയതായും ഡി ടി പി സി സെക്രട്ടറി അറിയിച്ചു.മഴ മുന്നറിയിപ്പുകള്‍ നില നില്‍ക്കുമ്പോള്‍ അംഗീകൃത ടുറിസം സ്‌പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.യോഗത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കോ ചെയര്‍പേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, സബ് കലക്ടര്‍ സന്ദീപ് കുമാര്‍, വിവിധ വകുപ്പു മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാലവര്‍ഷം: അപകടകരമായ മരങ്ങള്‍ മുറിച്ചു നീക്കിയില്ലെങ്കില്‍  നിയമനടപടി Read More »

അംഗീകൃത പരിശീലകന്‍ ഡ്രൈവിംഗ് സ്കൂളിൽ മാത്രം മതി, തീരുമാനം സർക്കാർ പിന്‍വലിച്ചു

അംഗീകൃത പരിശീലകര്‍ ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ടില്‍ നേരിട്ടെത്തണമെന്ന നിബന്ധന ഗതാഗതവകുപ്പ് പിന്‍വലിച്ചതോടെ 15 ദിവസമായി ഡ്രൈവിങ് സ്‌കൂളുകാര്‍ നടത്തിയിരുന്ന പ്രതിഷേധം അവസാനിപ്പിച്ചു. മന്ത്രി കെ.ബി.ഗണേഷ്‌കുമാറും ഡ്രൈവിങ് സ്‌കൂള്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. അതേസമയം അംഗീകൃത പരിശീലകര്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ ഉണ്ടാകണമെന്ന വ്യവസ്ഥ കര്‍ശനമാക്കും.

സ്‌കൂളുകളില്‍ പരിശോധന ത്വരിതപ്പെടുത്താന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. നിര്‍ദിഷ്ട യോഗ്യതയുള്ള പരിശീലകര്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ ഉണ്ടാകണമെന്നതാണ് വ്യവസ്ഥ. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയമുള്ളെൈ ഡ്രവിങ് സ്‌കൂള്‍ ജീവനക്കാര്‍ക്കു പ്രത്യേക ടെസ്റ്റ് നടത്തി പരിശീലകപദവി നല്‍കാനും തീരുമാനിച്ചു.

പരിശീലനത്തിനുള്ള ഫീസ് 10000 രൂപയായി നിശ്ചയിക്കുമെന്നും ഗതാഗതമന്ത്രി ഉറപ്പുനല്‍കി. 3000ല്‍ കൂടുതല്‍ ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകള്‍ കുടിശ്ശികയുള്ള ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍നിന്ന് ഉദ്യോഗസ്ഥരെ നിയോഗിച്ച് കൂടുതല്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തും. ഡ്രൈവിങ് പഠനത്തിനുള്ള വാഹനങ്ങളുടെ കാലാവധി 18ല്‍നിന്ന് 22 ആയി ഉയര്‍ത്തി.

ഡ്രൈവിങ് ടെസ്റ്റിന് അംഗീകൃത പരിശീലകരുടെ സാന്നിധ്യം ജൂണ്‍ മാസം ആദ്യം മുതല്‍ നിര്‍ബന്ദമാക്കിയിരുന്നു. പഠിതാക്കളെ ടെസ്റ്റിനെത്തിക്കേണ്ടത് അതത് സ്‌കൂളുകളുടെ അംഗീകൃത പരിശീലകന്‍ നേരിട്ടായിരിക്കണമെന്നായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശിച്ചത്. ഒരു അംഗീകൃത പരിശീലകന്‍ ഒന്നിലധികം സ്‌കൂളുകളുടെ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ പാടില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരുന്നു. തിരിമറികാട്ടുന്ന സ്‌കൂളുകള്‍ക്കെതിരേ കര്‍ശനനടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

അംഗീകൃത പരിശീലകര്‍ പഠിതാക്കളുമായി ഹാജരാകണമെന്ന നിബന്ധനയില്‍ മോട്ടോര്‍വാഹന വകുപ്പ് ഉറച്ചുനിന്നതോടെ ചെറിയ ഡ്രൈവിങ്ങ് സ്‌കൂളുകള്‍ പ്രതിസന്ധിയിലായിരുന്നു. അതേസമയം ഡ്രൈവിങ് സ്‌കൂളില്‍ പഠിച്ചവര്‍ക്ക് വേണമെങ്കില്‍ സ്വന്തം വാഹനത്തില്‍ ടെസ്റ്റില്‍ പങ്കെടുക്കാനാകുമെന്നായിരുന്നു നിര്‍ദേശം. ഇതിന് അംഗീകൃത പരിശീലകന്‍ സ്ഥലത്ത് ഉണ്ടാകേണ്ടതില്ല. ആര്‍ക്കും സ്വന്തംവാഹനത്തില്‍ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാമെന്നാണ് വ്യവസ്ഥ.

അംഗീകൃത പരിശീലകന്‍ ഡ്രൈവിംഗ് സ്കൂളിൽ മാത്രം മതി, തീരുമാനം സർക്കാർ പിന്‍വലിച്ചു Read More »

പിഴയും ഉപദേശവുമല്ല, സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച് ഓടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് എം.വി.ഡി. 

വേഗപ്പൂട്ട് വിച്ഛേദിച്ച് ഓടുന്ന വാഹനങ്ങള്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു. വേഗം കൂട്ടാനായി ദീര്‍ഘദൂര ബസ്സുകള്‍ ഉള്‍പ്പെടെയുള്ളവ പൂട്ടു വിച്ഛേദിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിഴ അടയ്ക്കുന്നതിനൊപ്പം ഇവ വീണ്ടും പിടിപ്പിച്ചാലേ വാഹനം വിട്ടുകൊടുക്കൂ. മുന്‍പ് പിഴയടച്ചു പോകാമായിരുന്നു.

ഒരിടവേളയ്ക്കുശേഷം ടൂറിസ്റ്റ് ബസ്സുകള്‍ക്കു രൂപമാറ്റം വരുത്തുന്നതു കൂടിയതായും വകുപ്പിനു വിവരം ലഭിച്ചു. കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഇത്തരം മാറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. പരിശോധന കുറഞ്ഞപ്പോള്‍ വീണ്ടും ലേസര്‍ ലൈറ്റുകളും അനധികൃത അലങ്കാരപ്പണികളും കൂടുന്നതായി കണ്ടെത്തി.

ഹൈക്കോടതിയും വിഷയം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അതിനാല്‍ ഇതിനെതിരേയും കര്‍ശന നടപടിയുണ്ടാകും. സുരക്ഷയെ ബാധിക്കുന്ന അനധികൃത വെളിച്ചം മാറ്റിയാലേ വാഹനം ഓടിക്കാന്‍ അനുവദിക്കൂ.

മറ്റു സ്വകാര്യ വാഹനങ്ങളുടെ രൂപമാറ്റങ്ങള്‍ക്കെതിരേയും നടപടിയുണ്ടാകും. കാറില്‍ കുളമൊരുക്കിയ സംഭവമാണ് ഇതിനു വകുപ്പിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതലയോഗത്തില്‍ പ്രത്യേക പരിശോധന നടത്താനും നിയമലംഘകര്‍ക്കെതിരേ നടപടിയെടുക്കാനും നിര്‍ദേശം നല്‍കി.

പിഴയും ഉപദേശവുമല്ല, സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച് ഓടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് എം.വി.ഡി.  Read More »

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ശിക്ഷാ ഇളവിനുള്ള ശിപാര്‍ശയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പോലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് നല്‍കി.

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ Read More »

കാലവര്‍ഷം: ജില്ലയില്‍ ഒരു വീട് പൂര്‍ണമായും 49 വീടുകള്‍ ഭാഗികമായും തകര്‍ന്നു

ജൂണ്‍ ഒന്നു മുതലുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ 49 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ഇരിട്ടി താലൂക്കിലാണ് കൂടുതൽ വീടുകൾ ഭാഗികമായി തകർന്നിരിക്കുന്നത്. 18 വീടുകളാണ് ഈ മാസം ഇവിടെ ഭാഗികമായി നാശനഷ്ടം വന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഒരു വീട് പൂർണമായും തകർന്നത് തളിപ്പറമ്പ് താലൂക്കിലാണ്. ഇവിടെ എട്ട് വീടുകൾ ഭാഗികമായും തകര്‍ന്നു. പയ്യന്നൂര്‍ താലൂക്കില്‍ 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു. തലശ്ശേരി താലൂക്കിൽ എട്ട് വീടുകളും കണ്ണൂര്‍ താലൂക്കില്‍ നാല് വീടുകളും ഭാഗികമായി തകര്‍ന്നു.*Hivision online 27/06/2024*

കാലവര്‍ഷം: ജില്ലയില്‍ ഒരു വീട് പൂര്‍ണമായും 49 വീടുകള്‍ ഭാഗികമായും തകര്‍ന്നു Read More »

കഞ്ചാവ് കൈവശം വച്ച കേളകം പൂവത്തിൻ ചോല സ്വദേശിയെ പേരാവൂർ എക്‌സൈസ് പിടികൂടി

പേരാവൂർ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ പദ്മരാജന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാവൂർ എക്‌സൈസ് പാർട്ടിയുടെ നേതൃത്വത്തിൽ പേരാവൂർ ടൗണിൽ വച് നടത്തിയ പരിശോധനയിൽ കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് കേളകം പൂവത്തിൻ ചോല സ്വദേശി എൽദോ പി പി എന്നയാളെ പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ പദ്മരാജൻ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ബിജു,കെ കെ ബാബു മോൻ ഫ്രാൻസിസ്, സിവിൽ എക്‌സൈസ് ഓഫീസർ മുനീർ,എം ബി സിനോജ് വി , വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഷീജ കാവളാൻ എക്‌സൈസ് ഡ്രൈവർ ധനീഷ് എന്നിവർ പങ്കെടുത്തു.

കഞ്ചാവ് കൈവശം വച്ച കേളകം പൂവത്തിൻ ചോല സ്വദേശിയെ പേരാവൂർ എക്‌സൈസ് പിടികൂടി Read More »

5000 പേര്‍ക്ക് സൗജന്യ പത്താം തരം തുല്യതാ കോഴ്സുമായി പത്താമുദയം

കണ്ണൂര്‍:5000 പേര്‍ക്ക് സൗജന്യമായി പത്താം തരം തുല്യതാ കോഴ്സില്‍ ചേര്‍ന്ന് പഠിക്കാന്‍ അവസരമൊരുക്കി പത്താമുദയം രണ്ടാം ഘട്ടം. ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായി സാക്ഷരതാ മിഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതിയാണ് പത്താമുദയം. അഞ്ച് വര്‍ഷം കൊണ്ട് ജില്ലയിലെ 17 വയസിനും 50 വയസിനും ഇടയിലുള്ള മുഴുവന്‍ പേരെയും പത്താം തരം വിദ്യാഭ്യാസ യോഗ്യതയിലേക്ക് ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പത്താം തരം വിജയിച്ച വനിതകള്‍ക്ക് സൗജന്യമായി വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹയര്‍ സെക്കണ്ടറി കോഴ്സില്‍ ചേരാനും അവസരം നല്‍കും.ജൂണ്‍ 30 നകം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കും. കുടുംബശ്രീ വഴി തയ്യാറാക്കുന്ന ലിസ്റ്റിലുള്ളവരെ പ്രേരക്മാര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തും. യോഗ്യതയുള്ള അധ്യാപകരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കി ജൂലൈ 28 ന് ക്ലാസുകള്‍ ആരംഭിക്കും. രണ്ടാം ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍.

ഒന്നാം ഘട്ടത്തില്‍ 38 പഠനകേന്ദ്രങ്ങളിലായി 2800 പേര്‍ നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്നു. അറുപത് പേര്‍ക്ക് ഒരു ക്ലാസ് എന്ന നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
പത്താമുദയം രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍മാര്‍, പ്രേരക്മാര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആസൂത്രണ യോഗം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അഡ്വ കെ കെ രത്നകുമാരി അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി പ്രശാന്ത് കുമാര്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് വി പി സന്തോഷ് കുമാര്‍, ടി വി ശ്രീജന്‍, സജി തോമസ്, ജിബിന്‍, ശ്രീജിത്ത്, എ പി അസീറ, വി ആര്‍ വി ഏഴോം തുടങ്ങിയവര്‍ സംസാരിച്ചു.

5000 പേര്‍ക്ക് സൗജന്യ പത്താം തരം തുല്യതാ കോഴ്സുമായി പത്താമുദയം Read More »

മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിൽ എത്തി, കുഴഞ്ഞുവീണ് തലക്ക് പരിക്കേറ്റു, ചികിത്സയിലിരുന്ന പഞ്ചായത്തംഗം മരിച്ചു

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോൾ കുഴഞ്ഞുവീണ് പരിക്കേറ്റ പഞ്ചായത്തംഗം മരിച്ചു. കാരശ്ശേരി പഞ്ചായത്തിലെ 18- വാര്‍ഡ് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന മമ്പാട്ട് കുഞ്ഞാലി(38) ആണ് മരിച്ചത്. വീഴ്ചയിൽ തലക്ക് പരിക്കേറ്റ് ചികിത്സയിലിരിക്കെ ആയിരുന്നു മരണം. രണ്ടാഴ്ച മുമ്പാണ് ദാരുണമായ അപകടം സംഭവിച്ചത്.മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയതായിരുന്നു കുഞ്ഞാലി. അതിനിടെ ആരോഗ്യം മോശമായി കുഞ്ഞുവീണു. ആശുപത്രിയിലെ വീഴ്ചയിൽ കുഞ്ഞാലിയുടെ തലക്ക് സാരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയായിരുന്നു. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ച് ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു

മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിൽ എത്തി, കുഴഞ്ഞുവീണ് തലക്ക് പരിക്കേറ്റു, ചികിത്സയിലിരുന്ന പഞ്ചായത്തംഗം മരിച്ചു Read More »

വായനശാലയ്ക്ക് ടി.വി കൈമാറി

ഈരായിക്കൊല്ലി സാന്ത്വനം പുരുഷ സ്വയം സഹായ സംഘം ജ്ഞാനോദയ ഗ്രന്ഥാലയം & വായനശാലയ്ക്ക് നല്‍കിയ എല്‍.ഇ.ഡി.ടി.വി ഗ്രന്ഥാലയം സെക്രട്ടറി എം രാജന്‍. പ്രസിഡന്റ് സി കുഞ്ഞനന്തന്‍ , ലൈബ്രേറിയന്‍ എം വിജേഷ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി എം രാജന്‍, സി.കുഞ്ഞനന്തന്‍ എന്നിവര്‍ സംസാരിച്ചു.

വായനശാലയ്ക്ക് ടി.വി കൈമാറി Read More »

പശ്ചിമബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം.

പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം.  ഗുഡ്സ് ട്രെയിൻ കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൂട്ടിയിടിയിൽ കാഞ്ചൻജംഗ എക്സ്പ്രസിന്‍റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തേക്ക് പുറപ്പെട്ടെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. അപകടത്തെതുടര്‍ന്ന് മൂന്ന് ബോഗികള്‍ക്കിടയിലായി നിരവധി പേര്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിന്‍റെ മൂന്ന് ബോഗികളാണ് പാളം തെറ്റിയതെന്ന് പൊലീസ് പറഞ്ഞു.

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയും 15 ആംബുലന്‍സുകളും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍ 5 പേര്‍ മരിച്ചതായി ഡാര്‍ജിലിംഗ് എസ് പി സ്ഥിരീകരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റുവെന്നും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവര്‍ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്. 

സീല്‍ദയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിന്‍റെ പിന്നിലേക്ക് ​ഗുഡ്സ് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. എക്സ്പ്രസ് ട്രെയിനിന്‍റെ പിന്നില്‍ രണ്ട് പാര്‍സല്‍ ബോഗികള്‍ ഉണ്ട്. ഇത് ഉള്‍പ്പെടെയാണ് ഇടിയുടെ ആഘാതത്തില്‍ പാളത്തില്‍ നിന്നും നീങ്ങിയത്. ഗുഡ്സ് ട്രെയിൻ സിഗ്നല്‍ തെറ്റിച്ച് പോയെന്നും ഇതാണ് അപകടത്തിനിടയാക്കിയതെന്നുമാണ് റെയില്‍വെയുടെ വിശദീകരണം. കാഞ്ചൻജംഗ എക്സ്പ്രസിന്‍റെ മറ്റു ബോഗികളിലുണ്ടായിരുന്നവരെ സുരക്ഷിതമായി മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടു.ഇതിനിടെ അപകടത്തിലെ വിവരങ്ങള്‍ അറിയുന്നതിനായി കണ്‍ട്രോള്‍ റൂമുകളും ആരംഭിച്ചിട്ടുണ്ട്.

പശ്ചിമബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. Read More »