വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ ധനസഹായം നല്‍കും.മണ്ണ് നീക്കം ചെയാത്തതില്‍ ഗുരുതര വീഴ്ചയുണ്ട്.
പ്രദേശത്തിന് തൊട്ടുമുകളിലായി മണ്ണിടിച്ചില്‍ ഉണ്ടായതായി വിവരങ്ങള്‍ ഉണ്ട്, അതുകൂടി പരിശോധിച്ച് കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കും. കേന്ദ്രസര്‍ക്കാര്‍ ഈ തുരങ്ക നിര്‍മാണത്തിനായി പാരിസ്ഥിതിക അനുമതി കൊടുത്തപ്പോള്‍ നല്‍കിയ കര്‍ശനമായ നിര്‍ദേശങ്ങള്‍ നിര്‍മാണ കരാര്‍ ഏറ്റെടുത്തവര്‍ പാലിച്ചിട്ടുണ്ടോയെന്ന് കൂടി പരിശോധിയ്ക്കും. അപകട സാദ്ധ്യതകള്‍ എന്തെല്ലാമാണെന്ന് പരിശോധിച്ച ശേഷം മാത്രമേ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി.
വയനാട് ആനക്കാംപൊയില്‍ കള്ളാടി തുരങ്കപാത നിര്‍മാണ സ്ഥലത്തുണ്ടായ ദുരന്തത്തില്‍ സര്‍ക്കാര്‍ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക നിയമ പരിശോധനയും പാരിസ്ഥിതി അനുമതി നല്‍കിയപ്പോഴുള്ള നിബന്ധനകള്‍ കമ്പനി പാലിച്ചോ എന്നതിലുള്ള പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സാങ്കേതിക നിയമ പരിശോധന നടത്തും. പാരിസ്ഥിതിക അനുമതി ലഭിച്ച വേളയില്‍ കേന്ദ്രം നല്‍കിയ നിര്‍ദ്ദേശങ്ങളും നിബന്ധനകളും പാലിച്ചാണോ കരാര്‍ കമ്പനി പണി നടത്തിയതെന്നതില്‍ പരിശോധന നടത്തും. ഈ രണ്ട് അന്വേഷണങ്ങള്‍ക്കും ശേഷം മാത്രമേ തുരങ്കപാത നിര്‍മ്മാണം പുനരാരംഭിക്കുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആലപ്പുഴ മുതല്‍ കാസര്‍ഗോഡ് വരെയുള്ള 11 ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മുന്നറിയിപ്പില്ല. വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, പാലക്കാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകള്‍ക്കാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാവിലെ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പുകള്‍ ഇവയാണ്:
പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം. വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്. നിര്‍ദേശങ്ങള്‍ ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.
ഇരിട്ടി:ലയണ്‍സ് ക്ലബ് ഓഫ് ഇരിട്ടിയും, ടീം എന്‍എസ്എസ് ഇരിട്ടി എച്ച് എസ് എസും സ്‌കൗട്ട് ആന്റ് റേഞ്ച്എഴ്‌സും,വിമുക്തി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇരിട്ടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരിക്കെതിരെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി.വിമുക്തി മിഷന്‍ കണ്ണൂരിലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സമീര്‍ ധര്‍മടം ക്ലാസ് എടുത്തു. ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്ട് കോഓര്‍ഡിനേറ്റര്‍ കെ ടി അനൂപ് അധ്യക്ഷത വഹിച്ചു. ഇരിട്ടി ലയണ്‍സ് ക്ലബ് പ്രസിഡന്റ് വി ജി സുനില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.ജോസഫ് സ്‌കറിയ,വി പി സതീശന്‍,വി എം നാരായണന്‍, സുരേഷ്ബാബു,പ്രിന്‍സിപ്പല്‍ കെ വി സുജേഷ് ബാബു,മേഘന റാം എന്നിവര്‍ സംസാരിച്ചു.
ഇരിട്ടി:കേരള എക്‌സൈസിന്റെ ഓപ്പറേഷന്‍ തണ്ടറിനും, കേരള പോലീസിന്റെ ഓപ്പറേഷന്‍ തൂഫാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജെ സി ഐ ഇരിട്ടി പ്രസിഡന്റ് മനു മാധവന്റെ നേതൃത്വത്തില്‍,നറ്റ്‌മെഗ് സ്‌പോര്‍ട്‌സ് ഹബ്,മാടത്തില്‍ വച്ച് ജെ സി ഐ അംഗങ്ങളുടെ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു.ജെസിഐ സീനിയര്‍ മെമ്പര്‍ വേണുഗോപാല്‍ കെ പി ഉദ്ഘാടനം ചെയ്തു.മത്സരത്തില്‍ മനു മാധവന്‍, ജോജി വര്‍ഗീസ്, സിനോജ്, വേണുഗോപാല്‍ കെപി , ബിജോയ്, ഷാജി സി എം, അഭിജിത്ത് കുരുമുട്ടം,നവനീത്,ചന്ദ്രഭാനു,വിപിന്‍ ഒ കെ,റസാക്ക് മൂപ്പന്‍, മനു പടിയൂര്‍,സജിന്‍,യാഷ് സജിന്‍,അഷര്‍ കുറുമുട്ടം എന്നിവര്‍ പങ്കെടുത്തു.വിജയികള്‍ക്ക് ജെസിഐ ഇരിട്ടി പ്രസിഡണ്ട് മനു മാധവന്‍ സമ്മാനങ്ങള്‍ കൈമാറി.
മേപ്പാടി:കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി. പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എൻഡിആർ എഫ് ) രണ്ട് സംഘങ്ങളാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ആകെ 70 രക്ഷാപ്രവർത്തകരാണ് ഈ സംഘങ്ങളിലുള്ളത്. മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്തുകയും ജീവനോടെ പുറത്തെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്.
ദുരന്തത്തിൽ എത്രപേർ മണ്ണടിയിൽ അകപ്പെട്ട് പോയിരിക്കാമെന്നതിൽ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. തിരച്ചിൽ കൂടുതൽ ഫലപ്രദമാക്കുന്നതിനായി രണ്ട് കെഡാവർ നായ്ക്കളെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. കൂടാതെ, മണ്ണടിയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന ‘മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും’ രക്ഷാപ്രവർത്തകർ ഉപയോഗിക്കുന്നുണ്ട്.
മണ്ണിനടിയിൽ എന്തെങ്കിലും തരത്തിലുള്ള ചലനങ്ങളോ അനക്കങ്ങളോ ക്യാമറയിൽ ശ്രദ്ധയിൽപ്പെട്ടാൽ, അവിടെ അതീവ ജാഗ്രതയോടെ പതിയെ മണ്ണ് നീക്കി ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് എൻഡിആർഎഫ് ശ്രമിക്കുന്നത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൻഡിആർഎഫ് ഓപ്പറേഷൻസ് ഡെപ്യൂട്ടി കമാൻഡന്റിന്റെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ ദുരന്തസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
വയനാട് മേപ്പാടിയ്ക്ക് സമീപം കള്ളാടി തുരങ്കപാതാ നിർമ്മാണമേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി. രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിനടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ണിടിച്ചിലിൽ അതിവേഗം പിന്നോട്ട് നീങ്ങിയ ടാങ്കർ ലോറിയ്ക്കിടയിൽ ആളുകൾ പെടുന്നതിന്റെയും അത്ഭുതരകമായി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് നടുക്കിയ ദുരന്തം. മണ്ണും വെള്ളവും കുത്തിയൊലിച്ച് ബസും പാലവും മൂടുകയായിരുന്നു. കനത്ത മഴയിൽ തുരങ്കപാതയ്ക്കായി കൂട്ടിയിട്ട മണ്ണ് കുത്തിയൊലിച്ച് വരികയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. NDRF സംഘങ്ങൾ സ്ഥലത്തെത്തി. ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്ത് മുഖ്യമന്ത്രി വി ഡി സതീശന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിമാരായ ടി സിദ്ദിഖും എ പി അനിൽകുമാറും വയനാട്ടിലെത്തും. വയനാട് ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ അകപ്പെട്ടത് നിർമ്മാണത്തിൽപ്പെട്ട അതിഥി തൊഴിലാളികൾ എന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു.
വയനാട് മണ്ണിടിച്ചിലിനിടെ മേപ്പാടി എസ്ഐക്ക് പരിക്ക്. ഇരുമ്പ് കമ്പി തലയിൽ കൊണ്ടാണ് പരിക്കേറ്റത്. രക്ഷാപ്രവർത്തനത്തിന് ഇടയിലാണെന്നാണ് സൂചന. അതിനിടെ മണ്ണിടിച്ചിൽ മൂന്ന് പേർ മരിച്ചതാണ് ലഭ്യമാകുന്ന വിവരം. പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആറ് പേരെ കാണാനില്ല. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ഹിര കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്‌ജയ് താക്കൂർ, രജനീഷ്, തന്മയ് ഘോഷ്, കൂപമാൽ, കുഞ്ചു, സന്തോഷ് കുമാർ എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.കള്ളാടി മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വയനാട് – കള്ളാടി തുരങ്ക പാതയുടെ പണികൾ നടക്കുന്ന സ്ഥലത്താണ് അപകടം. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. തൊഴിലാളികളുമായി വന്ന രണ്ടു ബസുകളും മണ്ണിനടിയിൽ പെട്ടിട്ടുണ്ട്. തുരങ്ക പാതയ്ക്കായി കെട്ടി ഉണ്ടാക്കിയ കോൺക്രീറ്റ് മതിൽ ഉൾപ്പെടെ ഇടിഞ്ഞുവീണു. കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണ് ജില്ലയിൽ പെയ്തത്. മണ്ണിടിച്ചിലിൻ്റെ പശ്ചാത്തലത്തിൽ മന്ത്രിമാരോട് വയനാട്ടിലേക്കെത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. ജില്ലയിൽ നിന്നുള്ള മന്ത്രി ടി സിദ്ദിഖുമായി മുഖ്യമന്ത്രി വി ഡി സതീശൻ അടിയന്തര കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാനും കോഴിക്കോടുള്ള സംഘത്തോടും വയനാട്ടിൽ എത്താൻ നിർദേശിച്ചു. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു.
വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ. വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. കഴിഞ്ഞ മണിക്കൂറിലായി കനത്ത മഴയായിരുന്നു ഇവിടെ അനുഭവപ്പെട്ടിരുന്നത്. എന്‍ഡിആര്‍എഫ് സംഘത്തോട് സംഭവസ്ഥലത്തേക്ക് പുറപ്പെടാന്‍ മന്ത്രി ടി സിദ്ദിഖ് നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടുണ്ട്.വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിട്ടില്ല. തുരങ്കപാതയില്‍ നിര്‍മാണ് നടക്കുന്നതിനാല്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയമുണ്ട്. കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. രണ്ടു പേരെ ആശുപത്രിയിലെത്തിച്ചു. ഇവരുടെ പരുക്ക് ഗുരുതരല്ല. തുടർച്ചയായ മഴയാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് വിലയിരുത്തൽ.