Hivision Channel

Kerala news

കുഞ്ഞ് നേരിട്ടത് ക്രൂരമര്‍ദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയില്‍ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നല്‍കി

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നല്‍കി പൊലീസ്. കുഞ്ഞിനെ അതിക്രൂരമായി മര്‍ദിച്ചു കൊന്നുവെന്നും ശരീരത്തില്‍ 96 മുറിവുകളുണ്ടായിരുന്നുവെന്നും കുറപത്രം. നെടുമങ്ങാട് SC /ST കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.78 പേജ് ഉള്ള കുറ്റപത്രം ആണ് സമര്‍പ്പിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ക്രൂര മര്‍ദ്ദനം, ജെജെ ആക്ട് എന്നിവ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം നല്‍കിയത്.

മെയ് 26നായിരുന്നു സംഭവം. അഖിലയുടെ മകന്‍ അര്‍ഷിദ് ആണ് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. ഇയാള്‍, സ്ഥിരമായി കുട്ടിയെ മര്‍ദിക്കാറുണ്ടെന്നും അമ്മ കുഞ്ഞിനെ നോക്കാറില്ലെന്നും ബന്ധുക്കള്‍ പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. കൊലപാതകത്തില്‍ ഒന്നാം പ്രതിയായ അഷ്‌കറിന്മേല്‍ എസ് സി/ എസ്ടി വകുപ്പുകളും ചുമത്തിയിരുന്നു.

കുട്ടിയുടെ ശരീരത്തില്‍ ആകെ 91 മുറിവുകള്‍ ഉണ്ടായിരുന്നതായും ഏഴ് വാരിയെല്ലുകള്‍ തകര്‍ന്നതായും ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തി. തലയിലേറ്റ ക്ഷതത്തെ തുടര്‍ന്നുള്ള നീര്‍ക്കെട്ടും ആന്തരിക രക്തസ്രാവവുമാണ് കുഞ്ഞിന്റെ മരണകാരണം.

തങ്ങള്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ ഒന്നര വയസുകാരന്‍ തടസമായിരുന്നതിനാലാണ് ക്രൂരമായി മര്‍ദിച്ചതെന്ന് അമ്മയുടെ പങ്കാളിയായ അഷ്‌കര്‍ പോലീസിന് മൊഴി നല്‍കിയത്. കുട്ടി പടിയില്‍ നിന്ന് വീണതെന്നാണെന്നായിരുന്നു ആദ്യം പോലീസിനോട് ഇവര്‍ പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിന്മേല്‍ പോലീസ് നടത്തിയ തുടരന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്.

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിദാസ് അറസ്റ്റില്‍. കോഴിക്കോട് സിറ്റി സൈബര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

മഹിളമോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് ജാന്‍മണി വിവാദപ്രസ്താവന നടത്തിയത്. ജന്തര്‍ മന്തര്‍ സമരത്തിന്റ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജന്‍മണിയുടെ പരാമര്‍ശം ഉണ്ടായത്.

പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമര്‍ശം. സംഭവം വിവാദമായതോടെ ജാന്‍മണി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്. ജാന്‍മണിയുടെ മാപ്പ് പറച്ചില്‍ അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാല്‍ തീരില്ലെന്നുമായിരുന്നു മഹിളാ മോര്‍ച്ചയുടെ നിലപാട്.

രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും

ഇരിട്ടി:മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 82ാം ജന്മദിനത്തിന്റെ ഭാഗമായി പുന്നാട് രാജീവ് ജി സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടന്നു.ഷാനിദ് പുന്നാട്, നാഷണല്‍ ഇബ്രാഹിം കെ സി നാരായണന്‍കുട്ടി, പി പി രജീഷ്, കെ സുരത്ത്,വിനോദ് കുമാര്‍ എന്‍ , ശ്രീകുമാര്‍ ,സനൂപ് എന്നിവര്‍ നേതൃത്വം നല്‍കി

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ. തിരുവനന്തപുരം കോട്ടുകാല്‍ ഗ്രാമപഞ്ചായത്തിലെ നന്നംകുഴി സ്വദേശിയായ മൂന്നു വയസ്സുകാരിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.

കഴിഞ്ഞ 12 ന് കുട്ടിയുടെ കുടുംബം നാഗര്‍കോവിലില്‍ ക്ഷേത്ര ദര്‍ശനത്തിനുപോയിരുന്നു. യാത്രമധ്യേ കുടുംബം സര്‍ബത്ത് വാങ്ങി കുടിച്ചിരുന്നു. പിന്നാലെയാണ് പതിമൂന്നാം തീയതി മുതല്‍ കുട്ടിക്ക് വയറിളക്കവും ഛര്‍ദിയും തുടങ്ങിയത്. കുട്ടി തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് 5 ജില്ലകളില്‍ യല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 5 ജില്ലകളില്‍ യല്ലോ അലേര്‍ട്ട്. കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. കേരളം,ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്.

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കേരളം ലക്ഷദ്വീപ് പുതുച്ചേരി തെക്കന്‍ തമിഴ്നാട് തീരങ്ങളില്‍ ഇന്നും നാളെയും (ഓഗസ്റ്റ് 19, 20) കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) നിലനില്‍ക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പാലക്കാട് സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാര്‍ഥിനി മരിച്ചു

പാലക്കാട് സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാര്‍ഥിനി മരിച്ചു. പാലക്കാട് കോങ്ങാട് മല്ലിക്കല്‍ ബസ് സ്റ്റോപ്പിന് സമീപം ഇന്ന് രാവിലെ ആണ് അപകടം നടന്നത്. കോങ്ങാട് കരുണയില്‍ ഗോപീകൃഷ്ണന്റെ മകള്‍ ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്. മുണ്ടൂര്‍ യുവക്ഷേത്ര കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ഥിയാണ്. രാവിലെ കോളജിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

പരീക്ഷാ ക്രമക്കേടുകള്‍ക്ക് പിന്നാലെ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയില്‍ കൂടുതല്‍ അഴിച്ചുപണിക്ക് കേന്ദ്ര സര്‍ക്കാര്‍.

പരീക്ഷാ ക്രമക്കേടുകള്‍ക്ക് പിന്നാലെ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയില്‍ കൂടുതല്‍ അഴിച്ചുപണിക്ക് കേന്ദ്ര സര്‍ക്കാര്‍. അടുത്ത നീറ്റ് യുജി പരീക്ഷയ്ക്ക് പുതിയ പ്രോട്ടോക്കോള്‍ പ്രകാരം വിദഗ്ധരെ നിയമിക്കും. ഇതിനിടെ സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷാ ചോദ്യങ്ങളില്‍ പിഴവെന്ന ഹര്‍ജിയില്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ UPSC-ക്ക് നോട്ടീസ് അയച്ചു. രണ്ട് ദിവസത്തിനകം മെയിന്‍സ് പരീക്ഷ നടക്കാനിരിക്കെയാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടപെടല്‍. എന്‍ടിഎ ആസ്ഥാനം ഒഖ്ലയില്‍ നിന്ന് മിന്റോ റോഡിലേക്ക് മാറ്റും.

UGC നെറ്റ് പരീക്ഷയിലെ വീഴ്ച് എന്‍ ടി എ മനപ്പൂര്‍വം മറച്ചുവെച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജൂണ്‍ 22-നും 30 നുമിടയിലാണ് 87 വിഷയങ്ങളുടെ യുജിസി നെറ്റ് പരീക്ഷ നടന്നത്. പരീക്ഷയ്ക്ക് ശേഷം പിഴവുകളെ സംബന്ധിച്ച് വ്യാപക പരാതിയുമായി വിദ്യാര്‍ഥികള്‍ രംഗത്ത് എത്തി. എന്നാല്‍ ഗുരുതര വീഴ്ചകള്‍ മുന്‍കൂട്ടി അറിഞ്ഞിട്ടും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മനപ്പൂര്‍വം മറച്ചുവെക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

നീറ്റ് – യു.ജി. പുനഃപരീക്ഷ നടത്തേണ്ടി വന്നതിന്റെ നാണക്കേടില്‍ നില്‍ക്കേ നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിക്കുന്നത് കൂടുതല്‍ തിരിച്ചടി ഉണ്ടാക്കുമെന്ന വിലയിരുത്തലായിരുന്നു നടപടി. പരീക്ഷാക്രമക്കേടുകളുയര്‍ത്തി ജന്തര്‍മന്തറില്‍ സിജെപിയുടെ വിദ്യാര്‍ഥി പ്രക്ഷോഭവും നടക്കുന്നുണ്ടായിരുന്നു. സെപ്റ്റംബര്‍ ഒന്‍പതിനും പത്തിനുമായി പുനഃപരീക്ഷ നടത്തുമ്പോള്‍ തയ്യാറെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കിട്ടുന്നത് മൂന്നാഴ്ചമാത്രമാണ്. അതേസമയം,നാമ മാത്രമായ നടപടികള്‍ കൊണ്ട് പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ഥി സംഘടനകള്‍.

ഈ മാസവും പെന്‍ഷന്‍ വീട്ടില്‍ എത്തിക്കും

ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും സാമൂഹ്യ സുരക്ഷാ പെര്‍ഷനും തുക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ക്ഷേമനിധി ബോര്‍ഡ് ഈ മാസത്തെ പെന്‍ഷനായി 130. 31 കോടി രൂപ അനുവദിച്ചു. 6.59 ലക്ഷം ഗുണ ഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും. പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ഉണ്ടാകും. ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി 951.39 കോടി രൂപയും അനുവദിച്ചു. 51.59 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും. ഈ മാസം 31 വരെ പെന്‍ഷന്‍ വിതരണം ചെയ്യും. ഈ മാസവും സഹകരണ സംഘം വഴി വീട്ടില്‍ പെന്‍ഷന്‍ എത്തിക്കും.

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാന്‍ സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാര്‍ഖണ്ഡിന് മുകളില്‍ തീവ്ര ന്യൂനമര്‍ദ്ദം തുടരുന്നുണ്ടെന്നും കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് കാസര്‍കോഡ്, കണ്ണൂര്‍, എറണാകുളം, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

നാളെ തിരുവനന്തപുരം ജില്ലയില്‍ കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും കൊല്ലത്ത് ആലപ്പാട്ട് മുതല്‍ ഇടവ വരെയും ആലപ്പുഴയില്‍ ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെയും എറണാകുളത്ത് മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ മുതല്‍ മറുവക്കാട് വരെയും തൃശൂരില്‍ ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെയും തീരപ്രദേശങ്ങളില്‍ 0.9 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. മലപ്പുറത്ത് കടലുണ്ടി മുതല്‍ പാലപ്പാട്ടി വരെയും കോഴിക്കോട് ചോമ്പാല ഫിഷിംഗ് ഹാര്‍ബര്‍ മുതല്‍ രാമനാട്ടുകര വരെയും കണ്ണൂരില്‍ വളപട്ടണം- ന്യൂമാഹി, കാസര്‍കോട് കുഞ്ഞത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരയെുമുള്ള തീരപ്രദേശങ്ങളിലും 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.3 മുതല്‍ 2.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കരുവാറ്റയില്‍ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി

കരുവാറ്റയിലെ 74 വയസുകാരന്‍ ശിവന്‍കുട്ടിയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ബന്ധുവായ 13 വയസുകാരിയുടെ കൊട്ടേഷന്‍ ഏറ്റെടുത്ത് കൊലപാതകം നടത്തിയത് മൂന്ന് കൗമാരക്കാര്‍. ഐ ഫോണും ബൈക്കും വാങ്ങാനായാണ് മൃഗീയ കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

കൊല്ലം പരവൂര്‍ സ്വദേശിയായ ശിവന്‍കുട്ടി കരുവാറ്റയില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. പതിമൂന്ന് വയസുകാരിയും ഇതേ വീട്ടില്‍ തന്നെ. ശിവന്‍കുട്ടി വീട്ടില്‍ ഒറ്റക്കുള്ള സമയം നോക്കിയാണ് സുഹൃത്തുക്കളായ മൂന്ന് കൗമാരക്കാരെ പെണ്‍കുട്ടി കൊല നടത്തി സ്വര്‍ണ്ണവും പണവും അപഹാരിക്കാന്‍ വിളിച്ചു വരുത്തിയത്. മകളുടെ പ്രസവത്തിനായി ശിവന്‍കുട്ടിയുടെ ഭാര്യയും പെണ്‍കുട്ടിയും ആശുപത്രിയിലേക്ക് പോയ രാത്രി മൂവര്‍ സംഘം വീടിന്റെ ഓട് പൊളിച്ച് അകത്തു കടന്നു. കൈകലുകള്‍ ബന്ധിച്ച് കഴുത്തില്‍ തുണി മുറിക്കിയാണ് കൊലപ്പെടുത്തിയത്. ശേഷം മൂവരും കൊല്ലത്തേക്ക് ട്രെയിന്‍ കയറി.

തൊട്ടടുത്ത ദിവസം ഒന്നും അറിയാത്ത ആളെ പോലെ പെണ്‍കുട്ടി വീട്ടിലെത്തി നാട്ടുകാരെ വിളിച്ചു കൂട്ടി മരണ വിവരം അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴിയിലെ വൈരുധ്യങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കൊലപാതകം പൂര്‍ണമായി പെണ്‍കുട്ടിയെ വിഡിയോ കോള്‍ വഴി തത്സമയം കാണിച്ചു. കൗമാരക്കാര്‍ കൊലനടത്തിയത് പ്രൊഫഷണല്‍ രീതിയിലാണ്. വിരലടയാളം പതിയാതിരിക്കാന്‍ കൈയ്യുറകള്‍ ധരിച്ചിരുന്നു. തെളിവ് നശിപ്പിക്കാന്‍ വീട്ടിലാകെ മുളക് പൊടി വിതറി. മോഷ്ടിച്ച ആറു പവന്‍ സ്വര്‍ണം പോലീസ് വീണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെടിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് പൊലീസ്.