നിടുംപൊയില്‍ മാനന്തവാടി റോഡില്‍ 29ാം മൈലില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു.മണ്‍തിട്ടയുടെ മുകളിലുണ്ടായിരുന്ന മരങ്ങള്‍ കനത്ത മഴയില്‍ റോഡിലേക്ക് കടപുഴകി വീഴുകയായിരുന്നു.അല്‍പസമയം ഗതാഗതം തടസപ്പെട്ടെങ്കിലും പിന്നീട് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
കുനിത്തല: ഡി.വൈ.എഫ് ഐ.യുടെ നേതൃത്വത്തില്‍ കുനിത്തലയില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കുനിത്തല ചൗള നഗറില്‍ നടത്തിയ ഓണാഘോഷ പരിപാടികള്‍ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സി.യമുന ഉദ്ഘാടനം ചെയ്തു. വി.ബാബു മാസ്റ്റര്‍ അധ്യക്ഷനായി. ജയേഷ്, സുവര്‍ണ്ണ, ടി.ഷമേജ്, നമിത, അനാമിക തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഓണാഘോഷത്തിന്റെ ഭാഗമായി വടംവലി, കടല പെറുക്കല്‍, കസേരകളി, ബലൂണ്‍ പൊട്ടിക്കല്‍, ബിസ്‌ക്കറ്റ് കടി മത്സരങ്ങളും നടത്തി.
കണിച്ചാര്‍: പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് എ ഡി എസ് ബാലസഭാ കുട്ടികള്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. എ ഡി എസ് പ്രസിഡണ്ട് ഷിജി റോയി അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്സണ്‍ സനില അനില്‍ കുമാര്‍, സിഡിഎസ് മെമ്പര്‍ ശാലിനി, എഡിഎസ്‌സെക്രട്ടറി സന്ധ്യ ഷാജു എന്നിവര്‍ പങ്കെടുത്തു.വാര്‍ഡ് മെമ്പര്‍ സുരഭി സമ്മാനദാനം നിര്‍വഹിച്ചു.
മഞ്ഞളാംപുറം: കൊളക്കാട് റോഡില്‍ മഞ്ഞളാംപുറം പാലത്തിന് സമീപം ഓട്ടോ ടാക്സി വൈദ്യുത തൂണിലിടിച്ച് അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. കേളകത്ത് നിന്നും കൊളക്കാട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം.കൊളക്കാട് സ്വദേശി മാങ്കുഴ അപ്പച്ചന്റേതാണ് അപകടത്തില്‍പെട്ട വാഹനം.
കേരളത്തിലെ തെരുവുനായ ആക്രമണങ്ങള്‍ക്ക് പരിഹാരം കണ്ടേ മതിയാകു എന്ന് സുപ്രീം കോടതി. പരിഹാരം സംബന്ധിച്ച നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെ കേസിലെ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 28ന് പരിഹാരം സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.അതിനുമുമ്പ് ജസ്റ്റിസ് സിരിജഗന്‍ കമ്മീഷനോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ഇരിട്ടി: കുന്നോത്ത് മൂസാന്‍ പീടികയില്‍ വാഹനാപകടം. നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലും ഇരുചക്രവാഹനങ്ങളിലും ഇടിച്ചാണ് അപകടം. ഒരാള്‍ക്ക് പരിക്ക്. ഇരുചക്രവാഹന യാത്രക്കാരന്‍ മുടയരിഞ്ഞി സ്വദേശി അജയ് ടോമിനാണ് പരിക്കേറ്റത്. അജയിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പതിവ് തെറ്റിക്കാതെ ഇക്കുറിയും മലയാളികള്‍ ഓണം ആഘോഷമാക്കിയതോടെ മദ്യവില്‍പനയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍. റെക്കോര്‍ഡ് വില്‍പനയാണ് ഈ ഓണത്തിനും ബെവ്‌കോയ്ക്ക് ഉണ്ടായത്. ഉത്രാടം നാളായ ബുധനാഴ്ച 117 കോടി രൂപയുടെ മദ്യമാണ് സംസ്ഥാത്തെ ബെവ്‌കോ മദ്യവില്‍പനശാലകളിലൂടെ വിറ്റത്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. 32 കോടി രൂപയുടെ അധികവരുമാനമാണ് ഈ വര്‍ഷമുണ്ടായത്.
ഉത്രാടംവരെ ഏഴു ദിനത്തെ കണക്ക് നോക്കിയാല്‍ വിലപ്പന 624 കോടി, കഴിഞ്ഞ വര്‍ഷം ഇതേ കാലയാളവില്‍ 529 കോടിയുടെ മദ്യം വിറ്റ സ്ഥാനത്താണിത്. ഏഴു ദിവസത്തെ മദ്യവില്‍പ്പനയിലൂടെ വിവിധ നികുതിയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്കെത്തുക 550 കോടി രൂപയാണ്.
ഇക്കുറി നാല് മദ്യവില്‍പനശാലകളില്‍ വില്‍പന ഒരു കോടി കഴിഞ്ഞു. കൊല്ലം ആശ്രാമം ഔട്ട് ലെറ്റിലാണ് കൂടുതല്‍ മദ്യം വിറ്റു പോയത്. ഇവിടെ മാത്രം വിറ്റത് 106 കോടി രൂപയുടെ മദ്യമാണ് . തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട് ലെറ്റില്‍ വിറ്റത് 102 കോടി രൂപയുടെ മദ്യമാണ്. ഇരിങ്ങാലക്കുടയില്‍ 101 കോടി രൂപയുടെ മദ്യവും വിറ്റു. ചേര്‍ത്തല കോര്‍ട്ട് ജംഗഷനിലെ ഔട്ട് ലെറ്റില്‍ വിറ്റത് 100 കോടി രൂപയുടെ മദ്യമാണ്. 99.9 ലക്ഷം രൂപയുടെ മദ്യം വിറ്റ പയ്യന്നൂരിലെ ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരിയ വ്യത്യാസത്തില്‍ കോടി നേട്ടം നഷ്ടമായി.