Hivision Channel

Kerala news

സംരംഭക വായ്പ ലൈസന്‍സ് മേള

കേളകം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വാണിജ്യ വ്യവസായവകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സംരംഭക വര്‍ഷം 2022-23 പദ്ധതിയുടെ ഭാഗമായി കേളകം ഗ്രാമ പഞ്ചായത്തില്‍ സംരംഭക വായ്പ ലൈസന്‍സ് മേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജോണി പാമ്പാടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍, കേരള ബാങ്ക് മാനേജര്‍ ഷൈനി, ഫെഡറല്‍ ബാങ്ക് മാനേജര്‍ സദാനന്ദന്‍, കാനറ ബാങ്ക് മാനേജര്‍ ജീവന്‍, പഞ്ചായത്ത് അസി. സെക്രട്ടറി സുനില്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രജനി പ്രശാന്ത്, അഖില്‍, ഹിറോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ക്യാപ്പിറ്റല്‍ ഫിനാന്‍സ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു

കേളകം: ബസ് സ്റ്റാന്‍ഡിന് സമീപത്തായി ക്യാപ്പിറ്റല്‍ ഫിനാന്‍സ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ്കുട്ടി വാളുവെട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ജോസഫ് പാറക്കല്‍, ജേക്കബ് ചോലമറ്റം, ഭാസ്‌കരന്‍ മാസ്റ്റര്‍, പ്രൊപ്രൈറ്റര്‍ പി.ആര്‍ പ്രഫുല്‍, അമൃത പ്രഫുല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പുതിയ നിയമവുമായി എസ്ബിഐ

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുക ഇനി പണ്ടത്തെ പോലെ അത്ര എളുപ്പമായിരിക്കില്ല. സുരക്ഷയുടെ ഭാഗമായി ഒരു കടമ്പ കൂടി കടക്കേണ്ടി വരും. പുതിയ തീരുമാനം പ്രകാരം എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഒരു ഒടിപി കൂടി നല്‍കേണ്ടി വരും. പതിവ് പോലെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കും. ഈ പ്രക്രിയയില്‍ പറയത്തക്ക മാറ്റങ്ങളില്ല. പക്ഷേ പണം വരുന്നതിന് മുന്‍പ് മൊബൈലില്‍ ഒരു ഒടിപി വരും. ഈ ഒടിപി എടിഎം മെഷീനില്‍ നല്‍കിയാല്‍ മാത്രമേ പണം വരികയുള്ളു. എല്ലാ ട്രാന്‍സാക്ഷനും ഇത്തരത്തില്‍ ഒടിപി നല്‍കേണ്ടതില്ല. പതിനായിരം രൂപയ്ക്ക് മുകളിലുള്ള പിന്‍വലിക്കലുകള്‍ക്ക് മാത്രം ഒടിപി നല്‍കിയാല്‍ മതി. പുതിയ മാറ്റം വരുന്നതോടെ ഓണ്‍ലൈന്‍ പണത്തട്ടിപ്പ് ഉപഭോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കുമെന്നും അവരുടെ അനുവാദമില്ലാതെ പണം നഷ്ടപ്പെടില്ലെന്നും ബാങ്ക് പറയുന്നു

ഒരു രാജ്യം ഒരു വളം; ഭാരത് ബ്രാന്‍ഡിന് കീഴില്‍ പുതിയ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രം

രാജ്യത്തുടനീളമുള്ള വളം ബ്രാന്‍ഡുകള്‍ക്ക് ഏകീകരണം കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. എല്ലാ വളം ഉത്പാദന കമ്പനികളുടെയും ഉല്‍പ്പന്നങ്ങള്‍ ഭാരത് എന്ന ഒറ്റ ബ്രാന്‍ഡിന് കീഴില്‍ വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം നിര്‍ദേശം നടപ്പില്‍ വരുന്നതോടെ യൂറിയ, ഡി.എ.പി, എം.ഒ.പി, എന്‍.പി.കെ തുടങ്ങിയ എല്ലാത്തരം വളങ്ങളും ‘ഭാരത് യൂറിയ’, ‘ഭാരത് ഡി.എ.പി’, ‘ഭാരത് എം.ഒ.പി’, ‘എന്നിങ്ങനെ പുനര്‍നാമകരണം ചെയ്താകും വിപണിയിലെത്തുക. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും വളം ഉത്പന്നങ്ങളെ ഇതിന്റെ പരിധിയില്‍ കൊണ്ടുവരും. പുതിയ തീരുമാനം വളം ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് മൂല്യവും വിപണി വ്യത്യാസവും തകര്‍ക്കുമെന്നാണ് വളം കമ്പനികളുടെ പ്രതികരണം. കേന്ദ്രസര്‍ക്കാര്‍ രാസവളത്തിനും കമ്പനികള്‍ക്കും വര്‍ഷം തോറും സബ്‌സിഡി നല്‍കുന്ന പദ്ധതിയായ പ്രധാനമന്ത്രി ഭാരതീയ ജനുര്‍വരക് പരിയോജനയുടെ (പിഎംബിജെപി) ബ്രാന്‍ഡ് നാമവും ലോഗോയും വളം ചാക്കുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ബാഗിന്റെ മൂന്നില്‍ രണ്ട് ഭാഗം പുതിയ ബ്രാന്‍ഡ് നാമത്തിനും പി.എം.ബി.ജെ.പിയുടെ ലോഗോയ്ക്കും മൂന്നിലൊന്ന് നിര്‍മ്മാതാവിന്റെ/ഇറക്കുമതി ചെയ്യുന്നയാളുടെ പേര്, ഉല്‍പ്പന്നത്തിന്റെ പേര്, ബ്രാന്‍ഡ് നാമം, സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി, തീയതി എന്നിവയ്ക്കായും ഉപയോഗിക്കും. സെപ്തംബര്‍ 15 മുതല്‍ വളം കമ്പനികളുടെ പഴയ ബാഗുകള്‍ അനുവദിക്കില്ലെന്നും ഒക്ടോബര്‍ 2 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്നും കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. കമ്പനികളുടെ പേരുകളടങ്ങിയ നിലവിലെ ബാഗുകള്‍ വിപണിയില്‍ നിന്നൊഴിവാക്കാന്‍ ഡിസംബര്‍ 12 വരെ സമയം നല്‍കിയിട്ടുണ്ട്.

പ്രഭാഷണ സദസ്സ്

മണത്തണ: ഇന്ത്യയുടെ സ്വാതന്ത്ര്യം അറിയപ്പെടുന്നവരും അല്ലാത്തവരുമായ അസംഖ്യം മനുഷ്യരുടെ പോരാട്ടത്തിന്റെ ഫലമാണെന്നും സ്വാന്തന്ത്ര്യ ലബ്ധിയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പങ്ക് നിഷേധിക്കാനാവില്ലെന്നും അഡ്വ. പി. സന്തോഷ് കുമാര്‍ എംപി പറഞ്ഞു. സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റ് കാരും എന്ന വിഷയത്തില്‍ സിപിഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രഭാഷണ സദസ്സ് മണത്തണയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യ ലബ്ധിക്കായി നിരന്തരവും ഉജ്ജ്വലവുമായ പോരാട്ടമാണ് നടത്തിയത്. ഈ ചരിത്ര വസ്തുത ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റുകാരും എന്ന വിഷയത്തില്‍ പേരാവൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രഭാഷണ സദസ്സ് മണത്തണയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടറി സി.കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അസി. സെക്രട്ടറി എ. പ്രദീപന്‍, എക്സിക്യൂട്ടിവ് അംഗം അഡ്വ. വി. ഷാജി, യുവകലാസാഹിതി ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂര്‍, പേരാവൂര്‍ ലോക്കല്‍ സെക്രട്ടറി വി. ഗീത എന്നിവര്‍ പ്രസംഗിച്ചു.

മന്ത്രി വീണ ജോര്‍ജിന് ഡി.വൈ.എഫ്.ഐ പേരാവൂര്‍ ബ്ലോക്ക് കമ്മറ്റി ഭാരവാഹികള്‍ നിവേദനം നല്‍കി

പേരാവൂര്‍: താലൂക്ക് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ആരോഗ്യ – വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജിന് ഡി.വൈ.എഫ്.ഐ. പേരാവൂര്‍ ബ്ലോക്ക് കമ്മറ്റി ഭാരവാഹികള്‍ നിവേദനം നല്‍കി. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി കെ രഗിലാഷ്, പ്രസിഡണ്ട് എം.എസ് അമല്‍ എന്നിവര്‍ മന്ത്രിയെ ഓഫീസില്‍ സന്ദര്‍ശിച്ചാണ് നിവേദനം നല്‍കിയത്. പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് പ്രത്യേക പരിഗണനയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് പേരാവൂര്‍ താലൂക്കാശുപത്രിയില്‍ നടപ്പിലാക്കിയിട്ടുളളത്. മുന്‍പില്ലാത്ത വിധത്തില്‍ സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ലഭ്യമായിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി, ആധുനിക സജ്ജീകരണങ്ങളോടെയുള്ള പ്രസവ ചികിത്സ, ഡയാലിസിസ് യൂണിറ്റ്, ദന്തരോഗ വിഭാഗം, സ്പീച്ച് തെറാപ്പി, ഓഡിയോളജി വിഭാഗം തുടങ്ങിയവ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനപക്ഷ നിലപാടിന് ഉദാഹരണങ്ങളാണ്. വര്‍ക്കിംഗ് അറേഞ്ച്‌മെന്റെിന്റെ ഭാഗമായി താത്കാലികമായി അനസ്‌തേഷ്യ വിഭാഗം ഡോക്ടറെ ലഭ്യമാക്കിയിട്ടുള്ളതായിരുന്നു. അനസ്‌തേഷ്യ ഡോക്ടറുടെ ആഭാവം പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പുതിയ ആശുപത്രി കെട്ടിടത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ ദ്രുതഗതിയിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിക്കെതിരെ നിരന്തരമായി നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ ബോധപൂര്‍വ്വം പടച്ചുവിടുന്നതാണെന്നും, അവ തള്ളിക്കളഞ്ഞ് ആശുപത്രി വികസനത്തിനായി ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്ന ജനകീയ ഇടപെടലിനോടൊപ്പം ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും മന്ത്രി പറഞ്ഞു.

കിടത്തി ചികിത്സ ആരംഭിക്കണം; എസ്.എന്‍.ഡി.പി കാക്കയങ്ങാട് ശാഖ വാര്‍ഷിക പൊതുയോഗം

മുഴക്കുന്ന്: പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ ആരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.എന്‍.ഡി.പി കാക്കയങ്ങാട് ശാഖ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. എസ്.എന്‍.ഡി.പി ഇരിട്ടി യൂണിയന്‍ പ്രസിഡണ്ട് കെ.വി.അജി അധ്യക്ഷനായി. പി.കെ രവീന്ദ്രന്‍, വി.മുരളീധരന്‍, കെ.ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കില്ല; മുഖ്യമന്ത്രി

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പി.ടി.എ പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്. യൂണിഫോമിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്ന വിവാദം ഒരു ഉദാഹരണമാണ്. ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് ഈ സര്‍ക്കാരിന്റെ നയമല്ല. വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ വ്യക്തികള്‍ക്ക് സാമൂഹ്യകടമകള്‍ക്ക് അനുസൃതമായുള്ള സര്‍വ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കുന്നതാണ്. ഒരുതരത്തിലുള്ള തീവ്ര നിലപാടുകളും മേല്‍പ്പറഞ്ഞവയെ ഹനിക്കാന്‍ പാടില്ലായെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഓരോ വിദ്യാലയങ്ങളിലും അവരുടെ യൂണിഫോം വിദ്യാലയതലത്തിലാണ് തീരുമാനിക്കുക. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. പുരോഗമന സ്വഭാവമുള്ള ഒരു വിജ്ഞാന സമൂഹ നിര്‍മ്മിതിയാണ് നമ്മുടെ ലക്ഷ്യം. അതിന് ശാസ്ത്ര അവബോധം അനിവാര്യമാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സ്ത്രീകളുടെ മേലുള്‍പ്പെടെ വസ്ത്രധാരണ രീതി അടിച്ചേല്‍പ്പിക്കാന്‍ ഉണ്ടാകുന്ന ശ്രമങ്ങള്‍ നമ്മുടെ ലക്ഷ്യത്തിന് തടസ്സം നില്‍ക്കുന്ന ഒന്നാണ്. അത്തരം വാദഗതികള്‍ അംഗീകരിച്ചുകൊടുക്കുന്ന നയമല്ല സര്‍ക്കാരിന്റേത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ ജാതി-മത-ലിംഗ ഭേദമന്യേ അവര്‍ അര്‍ഹിക്കുന്ന സ്വാതന്ത്ര്യം ഉണ്ടാകണം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതിന് സഹായകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് നമ്മളേവരും മുന്‍കൈ എടുക്കേണ്ടത്. സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഇതിനുണ്ടായിരിക്കുന്നതാണ്. നമ്മുടെ സമൂഹത്തില്‍ സ്ത്രീ സമൂഹത്തിന് തുല്യതാബോധം എന്ന ലക്ഷ്യത്തോടെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ ലക്ഷ്യത്തിന് കടകവിരുദ്ധമായി അടുത്തകാലത്ത് കാണുന്ന ചില പ്രവണതകള്‍ തീര്‍ത്തും നിരുത്സാഹപ്പെടുത്തേണ്ടവയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.