Hivision Channel

മന്ത്രി വീണ ജോര്‍ജിന് ഡി.വൈ.എഫ്.ഐ പേരാവൂര്‍ ബ്ലോക്ക് കമ്മറ്റി ഭാരവാഹികള്‍ നിവേദനം നല്‍കി

പേരാവൂര്‍: താലൂക്ക് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ആരോഗ്യ – വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജിന് ഡി.വൈ.എഫ്.ഐ. പേരാവൂര്‍ ബ്ലോക്ക് കമ്മറ്റി ഭാരവാഹികള്‍ നിവേദനം നല്‍കി. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി കെ രഗിലാഷ്, പ്രസിഡണ്ട് എം.എസ് അമല്‍ എന്നിവര്‍ മന്ത്രിയെ ഓഫീസില്‍ സന്ദര്‍ശിച്ചാണ് നിവേദനം നല്‍കിയത്. പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് പ്രത്യേക പരിഗണനയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് പേരാവൂര്‍ താലൂക്കാശുപത്രിയില്‍ നടപ്പിലാക്കിയിട്ടുളളത്. മുന്‍പില്ലാത്ത വിധത്തില്‍ സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ലഭ്യമായിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി, ആധുനിക സജ്ജീകരണങ്ങളോടെയുള്ള പ്രസവ ചികിത്സ, ഡയാലിസിസ് യൂണിറ്റ്, ദന്തരോഗ വിഭാഗം, സ്പീച്ച് തെറാപ്പി, ഓഡിയോളജി വിഭാഗം തുടങ്ങിയവ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനപക്ഷ നിലപാടിന് ഉദാഹരണങ്ങളാണ്. വര്‍ക്കിംഗ് അറേഞ്ച്‌മെന്റെിന്റെ ഭാഗമായി താത്കാലികമായി അനസ്‌തേഷ്യ വിഭാഗം ഡോക്ടറെ ലഭ്യമാക്കിയിട്ടുള്ളതായിരുന്നു. അനസ്‌തേഷ്യ ഡോക്ടറുടെ ആഭാവം പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പുതിയ ആശുപത്രി കെട്ടിടത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ ദ്രുതഗതിയിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിക്കെതിരെ നിരന്തരമായി നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ ബോധപൂര്‍വ്വം പടച്ചുവിടുന്നതാണെന്നും, അവ തള്ളിക്കളഞ്ഞ് ആശുപത്രി വികസനത്തിനായി ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്ന ജനകീയ ഇടപെടലിനോടൊപ്പം ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *