Hivision Channel

Kerala news

പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാം; പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാമെന്ന് ഹൈക്കോടതി. സൗജന്യയാത്രാ പദ്ധതി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ പരിഗണനയില്‍ വന്ന ഹര്‍ജി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പദ്ധതി രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെയെന്നും പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുകയെന്നും കോടതി ചോദിച്ചിരുന്നു.

ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്നും പൊതുജനാഭിപ്രായ രൂപീകരണം നടത്തിയിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം അതേപടി നടപ്പിലാക്കി. ഇതുവഴി പ്രതിവര്‍ഷം ഏകദേശം 800 കോടി രൂപയാകും സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത. ഇത് താങ്ങാന്‍ പറ്റാത്ത ഭാരമാകുമെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരുന്നതില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി

സ്ത്രീ സുരക്ഷാ പെന്‍ഷന്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍. കഴിഞ്ഞ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തുടങ്ങിയതാണ് ഈ പദ്ധതി. സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരുന്നതില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടങ്ങാതെ കൊടുക്കും. അതിനുള്ള നടപടികള്‍ സ്വീകരിക്കും. ഈ മാസത്തെ പെന്‍ഷന്‍ ഉത്തരവ് നാളെ ഇറങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോസ് ഏഞ്ചല്‍സിലുള്ളയാള്‍ ഈ മാസം പെന്‍ഷന്‍ വന്നില്ലെന്ന് പറഞ്ഞതായി ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, മകന്‍ വിദേശത്തുള്ളത് കൊണ്ട് അമ്മക്ക് പെന്‍ഷന്‍ അയോഗ്യത പറയുന്നതില്‍ അര്‍ത്ഥമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് പിണറായി ചോദിച്ചു. അര്‍ഹരായവര്‍ക്ക് കിട്ടാതെ പോകരുതെന്നേ കരുതുന്നുള്ളൂവെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ക്ഷേമപെന്‍ഷന്‍ 3,000 രൂപയാക്കുന്നതില്‍ കാലതാമസമുണ്ടാകില്ല. ജനങ്ങളോട് നല്‍കിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും.

മുടങ്ങാതെ പെന്‍ഷന്‍ നല്‍കാന്‍ എല്ലാ നടപടിയും സ്വീകരിക്കും. ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കും. അര്‍ഹരായ ആളുകള്‍ പുറത്ത് നില്‍ക്കുന്നു. അനര്‍ഹരായവര്‍ പട്ടികയിലുണ്ടെന്നും ഇത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ചാണ്ടി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്നും വിശദമായ ചര്‍ച്ച ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തുന്നുണ്ടെന്നും 25 ലക്ഷം രൂപ കുടുംബത്തിന് കിട്ടും വിധമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം

പാലക്കാട് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം. ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരിയാണ് മരിച്ചത്. ചിറ്റൂര്‍ പെരുമാട്ടി പള്ളിച്ചാര്‍ത്ത്ക്കുളമ്പ് സ്വദേശിനി ഗീത(45) ആണ് മരിച്ചത്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കുറച്ച് ദിവസങ്ങളായി ഇവര്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്.

ഇതോടെ പാലക്കാട് ജില്ലയില്‍ ആറ് പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്നത്. അതില്‍ മൂന്ന് പേരും സ്ത്രീകളാണ്. ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പകര്‍ച്ചവ്യാധി പടരുന്നത് തടയാന്‍ ഇതുവരെ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. എലിപ്പനി, ഡെങ്കിപ്പനി അടക്കം ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്.

പയ്യാമ്പലത്ത് തിരയില്‍പ്പെട്ട രണ്ട് കര്‍ണാടക സ്വദേശികളെ രക്ഷപ്പെടുത്തി; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

കര്‍ണാടകയില്‍ നിന്നുള്ള രണ്ട് സംഘങ്ങള്‍ പയ്യാമ്പലം ബീച്ചില്‍
കുളിക്കാനിറങ്ങിയതില്‍ തിരയില്‍പ്പെട്ട രണ്ടു പേരെ
രക്ഷപ്പെടുത്തി. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ശനിയാഴ്ച ഉച്ചക്ക് ഒന്നരയ്ക്ക് കടലിലിറങ്ങിയ ബംഗ്ലൂരു റൂറല്‍ സ്വദേശികളായ നാലംഗ സംഘത്തിലെ സന്തോഷ് കുമാറിന് (20) വേണ്ടിയാണ് തിരച്ചില്‍ തുടരുന്നത്. ഇയാളുടെ കൂടെ തിരയില്‍പ്പെട്ട മനോജിനെ
ലൈഫ്ഗാര്‍ഡും തീരദേശ പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റ മനോജ് ചികിത്സയിലാണ്.

കനത്ത വേലിയേറ്റ സമയത്താണ് ബേഫോറിന് സമീപം സംഘം 200 മീറ്ററോളം കടലിലേക്കിറങ്ങിയത്.

രാവിലെ 9. 15 ന് പോലീസ് എയ്ഡ് പോസ്റ്റിന് സമീപം കടലില്‍ ഇറങ്ങിയ മൈസൂര്‍ നിന്നുള്ള എട്ടംഗസംഘവും അപകടം മുന്നില്‍കണ്ടു. തിരയില്‍പ്പെട്ട 24-കാരനായ ചിരന്ത്ശര്‍മയെ രക്ഷപ്പെടുത്തി.

ജില്ലയില്‍ ഉണ്ടായിരുന്ന സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് വിവരമറിഞ്ഞു ബീച്ചിലെത്തി തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
സ്ഥലത്ത് കൂടുതല്‍ ലൈഫ്ഗാര്‍ഡുകളെ നിയമിക്കുമെന്നും കൂടുതല്‍ അപായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മേയര്‍ അഡ്വ. പി ഇന്ദിര, ടി. ഒ മോഹനന്‍ എം.എല്‍.എ എന്നിവരും കൂടെയുണ്ടായിരുന്നു.

കൊട്ടിയൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചു വരികയായിരുന്ന സംഘങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

ലൈഫ്ഗാര്‍ഡുരായ വിജേഷ് ജോസഫ്, ഡേവിഡ് ജോണ്‍സണ്‍,
തീരദേശ പോലീസ് വാര്‍ഡന്‍ അരുണ്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അഴീക്കല്‍ തീരദേശ പോലീസ്, ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍, ലൈഫ്ഗാര്‍ഡുകള്‍ എന്നിവര്‍ മൂന്ന് ബോട്ടുകളിലായി തിരച്ചില്‍ തുടരുകയാണ്. ഏഴിമല നാവിക അക്കാദമിയുടെ സഹായവും തേടിയിട്ടുണ്ട്.

ജില്ലാ കളക്ടര്‍ പി വിഷ്ണുരാജിന്റെ നിര്‍ദേശപ്രകാരം കര്‍ണാടക സംഘത്തിലപ്പെട്ടവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ കളക്ടറുടെ നേതൃത്വത്തില്‍ ഏകോപിപ്പിച്ചു വരുന്നു. വിനോദസഞ്ചാര, ഫിഷറീസ് വകുപ്പുകള്‍, ഡിടിപിസി ഉദ്യോഗസ്ഥരും അഗ്‌നിശമന സേനയും സ്ഥലത്തുണ്ട്.

സംസ്ഥാനത്ത് വീണ്ടും പനിമരണംകോഴിക്കോട് പനി ബാധിച്ച് സ്ത്രീ മരിച്ചു

കോഴിക്കോട് മാവൂരില്‍ പനി ബാധിച്ച് സ്ത്രീ മരിച്ചു. മാവൂര്‍ പാറമ്മല്‍ സ്വദേശി സുനിത (54) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വയറിളക്കവും പനിയെയും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഷിഗെല്ല പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചിരുന്നു. ഫലം വന്നിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്നലെ പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയത് 13539 പേര്‍

സംസ്ഥാനത്ത് ഇന്നലെ പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയത് 13539 പേര്‍. പനി വ്യാപനം കൂടുതല്‍ മലപ്പുറത്താണ്. 2734 പേര്‍ മലപ്പുറത്ത് ചികിത്സ തേടി. ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 98 പേര്‍ക്കാണ്. 303 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രികളില്‍ ചികിത്സ തേടി.

21 പേര്‍ക്ക് എലിപ്പനിയും നാലുപേര്‍ക്ക് മലേറിയയും 10 പേര്‍ക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചു. 39 പേര്‍ക്ക് മഞ്ഞപ്പിത്തം, 109 ചിക്കന്‍പോക്സ്, മൂന്ന് പേര്‍ക്ക് ചിക്കന്‍ഗുനിയ ഒരാള്‍ക്ക് അമിബിക് മസ്തിഷ്‌ക ജ്വരം, ഒരാള്‍ക്ക് പേ വിഷബാധയും, ഒരാള്‍ക്ക് ചെള്ള് പനിയും എന്നിവ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മൂന്നു മരണങ്ങള്‍ എലിപ്പനി, പേവിഷബാധ, ചെള്ളുപനി മൂലമെന്നും സ്ഥിരീകരണമുണ്ടായി.

കോഴിക്കോട് പനി ബാധിച്ച് സ്ത്രീ മരിച്ചു. മാവൂര്‍ സ്വദേശി സുനിതയാണ് ചികിത്സയിലിരിക്കെ മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അതേസമയം, സംസ്ഥാനത്തെ പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് നടക്കുന്ന ഹൈപവര്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന തിരുവനന്തപുരത്ത് നടക്കും. ആരോഗ്യമന്ത്രി കെ മുരളീധരന്‍ ആദ്യ യോഗം ഉദ്ഘാടനം ചെയ്യും. ഹൈപവര്‍ കമ്മറ്റി അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍ തുടങ്ങിയവര്‍ ആദ്യ യോഗത്തില്‍ പങ്കെടുക്കും. പകര്‍ച്ചവ്യാധി പ്രതിരോധം, തയ്യാറെടുപ്പ്, നിരീക്ഷണം, ചികിത്സ, ഏകോപനം എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് യോഗം ചേരുന്നത്.

നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല. ഹൈക്കോടതിയാണ് റാമിന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ, തലശ്ശേരി അഡിഷനല്‍ സെഷന്‍സ് കോടതിയും റാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഏപ്രില്‍ 10 നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. അധ്യാപകരായ ഡോ എം കെ റാം, സംഗീത നമ്പ്യാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രം?ഗത്തെത്തിയിരുന്നു. ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി എം കെ റാം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി വിദ്യാര്‍ഥികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് കോളേജില്‍ നിന്നും ഡോ എം കെ റാമിനെയും, ഡോ സംഗീത നമ്പ്യാരെയും പുറത്താക്കിയിരുന്നു.

സംസ്ഥാന ബജറ്റില്‍ ജനക്ഷേമ, വികസന പദ്ധതികളില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

സംസ്ഥാന ബജറ്റില്‍ ജനക്ഷേമ, വികസന പദ്ധതികളില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഭാവി കേരളം രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ബജറ്റില്‍ ഇല്ല. കേരളം സാമ്പത്തികമായി അപകടാവസ്ഥയിലല്ല. വരവില്‍ ഉണ്ടാകുന്ന വര്‍ധനവ് മറച്ചുവച്ച് ബാധ്യതകളെ പെരുപ്പിച്ച് കാണിക്കുന്നെന്നും പിണറായി വിജയന്‍ പറഞ്ഞു. നേരത്തെയുള്ള പല പ്രഖ്യാപനങ്ങളും പേരും മാറ്റി പുതിയ പേരില്‍ അവതരിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കേരളം സാമ്പത്തികമായി വല്ലാത്ത അപകടത്തില്‍ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിനു വേണ്ടിയാണ് യുഡിഎഫ് സര്‍ക്കാര്‍ ധവളപത്രം ഇറക്കിയത്. ബജറ്റിന്റെ തുടക്കത്തിലും ഇക്കാര്യം തന്നെ ആവര്‍ത്തിക്കുന്നു. ബജറ്റിലെ ആകെ അലോക്കേഷന്‍ പരിശോധിച്ചാല്‍ കേരളത്തിലെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയില്‍ അല്ല എന്ന ചിത്രം ലഭിക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

കേരളം സാമ്പത്തികമായി അപകടാവസ്ഥ എന്ന വാദത്തെ നിരാകരിക്കുന്നു. യുഡിഎഫിന്റെ രാഷ്ട്രീയ ആക്ഷേപമാണെന്ന് സമ്മതിക്കുന്നു. 6000 കോടി രൂപ നീക്കിയിരിപ്പോട് കൂടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങിയതെന്ന് പിണറായി വിജയന്‍ പറഞ്ഞു. സാമ്പത്തിക സ്ഥിതി മോശമല്ലാതിരുന്നിട്ടും ബജറ്റില്‍ ജനക്ഷേമത്തിനും നാടിന്റെ വികസനത്തിനും ഒന്നുമുണ്ടായില്ലെന്ന് അദേഹം കുറ്റപ്പെടുത്തി. പരമ്പരാഗത വ്യവസായ മേഖലയില്‍ അടക്കം നേരത്തെയുള്ള വിഹിതം വെട്ടി കുറച്ചിരിക്കുന്നു. റബ്ബര്‍, നാളികേരം, നെല്ല് തുടങ്ങി കാര്‍ഷിക മേഖലകളില്‍ ഒരാശ്വാസം നടപടിയും ഈ ബജറ്റില്‍ ഇല്ല. കാര്‍ഷിക മേഖലയെ ഏതൊക്കെ തരത്തില്‍ ബാധിക്കും എന്ന ആശങ്ക ഉയര്‍ത്തുന്നുവെന്ന് അദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാറിന്റെ നിലപാട്, അതുമൂലം ഉണ്ടാകുന്ന ധനനഷ്ടം, അത് ഈ ബജറ്റ് അഭിസംബോധന ചെയ്യുന്നില്ലെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചു. ഇതൊക്കെ കണ്ടില്ലെന്ന് നടിക്കലാണ്. കണ്ടില്ലെന്ന് നടിക്കലിലെ രാഷ്ട്രീയം ശ്രദ്ധിക്കണം. മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ബജറ്റ് ശ്രമിക്കുന്നതും ഇതേ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ സ്വാഭാവിക ബാധ്യതകളെ പെരുപ്പിച്ചു കാട്ടുന്നു. നവകേരള സ്വപ്നം കയ്യൊഴിയുന്ന പ്രവണതയാണ് ബജറ്റില്‍ കാണുന്നത്. ക്ഷേമം, വികസനം എന്നിങ്ങനെ ദ്വിമുഖ സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ ദ്വിമുഖ സമീപനം പൂര്‍ണമായി കയ്യൊഴിയുന്ന ബജറ്റാണ് ഇന്ന് യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു.

മറയൂര്‍ കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

മറയൂര്‍ കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെയാണ് ചുരക്കുളം ഉന്നതി സ്വദേശി മുരുകന്‍ മരിച്ചത്. കാട്ടാന ആക്രമണത്തിലല്ല മുരുകന്‍ മരിച്ചത് എന്നായിരുന്നു വനംവകുപ്പിന്റെ വാദം. മുരുകന്റെ മുതുകില്‍ കാട്ടാനയുടെ ചവിട്ട് ഏറ്റിട്ടുണ്ട്. വാരി എല്ലുകളും ഒടിഞ്ഞിട്ടുണ്ട്. മൂന്നാര്‍ ഡിവൈഎസ്പിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ വനം വകുപ്പ് കൈമാറും. പണം നല്‍കി എങ്കില്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങുമെന്നാണ് ബന്ധുക്കളുടെ നിലപാട്.

സമീപത്തെ ഒരു കെട്ടിട നിര്‍മാണസൈറ്റിലെ ജോലിക്ക്ശേഷം ആടുകള്‍ക്ക് തീറ്റയ്ക്കായി സമീപത്തെ കൃഷിഭൂമിയിലെത്തിയപ്പോഴാണ് കാട്ടാന മുരുകനെ ആക്രമിച്ചത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പ്രദേശത്ത് തമ്പടിച്ചിരുന്ന കാട്ടാനയെ വനംവകുപ്പ് ജീവനക്കാര്‍ യാതൊരുവിധ മുന്‍കരുതലുകളോ പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പോ നല്‍കാതെ പെട്ടെന്ന് തുരത്തിയതാണ് ഈ വലിയ അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.

പകര്‍ച്ചവ്യാധി പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം ഡ്രൈ ഡേ

സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കും. പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ടാണ് ഡ്രൈ ഡേ ആചരണം. ഇന്ന് സ്‌കൂളുകളിലും നാളെ ഓഫീസുകളിലും ഡ്രൈ ഡേ ആചരിക്കും. ഞായറാഴ്ച വീടുകളില്‍ ശുചീകരണം യജ്ഞം നടത്താനാണ് തീരുമാനം. സംസ്ഥാനത്ത് നിപ, ഷിഗല്ല, ഡെങ്കി എന്നിവ പടരുന്ന സാഹചര്യമുണ്ട്.

എബോള സംശയിക്കുന്ന കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്ന സ്ത്രീയുടെ പരശോധനഫലം വരാനിരിക്കുകയാണ്. പ്രത്യേക ഐസോലേഷന്‍ വാര്‍ഡിലുള്ള ഇവര്‍ സൗത്ത് സുഡാനില്‍ നിന്ന് കഴിഞ്ഞ് ദിവസമാണ് കേരളത്തിലെത്തിയത്. ഇവരെ പനിയെ തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

കോഴിക്കോട് നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പത്ത് ദിവസം മുമ്പാണ് നിപ ബാധിതനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ നിരീക്ഷണത്തില്‍ മൂന്ന് പേരുണ്ട്. ഇവരുടെ പരിശോധനാ ഫലവും ഉടന്‍ ലഭിക്കും. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് 19 പേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. പകര്‍ച്ച വ്യാധികള്‍ കൂടുന്ന സാഹചര്യത്തില്‍ ഏകോപിത പ്രതിരോധ പ്രവര്‍ത്തനത്തിന് ഇന്ന് തുടക്കമാകും.