Hivision Channel

Kerala news

ഓണ പരീക്ഷ ഓഗസ്റ്റ് 10 മുതല്‍ 21 വരെ ;2026-27 അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്

2026-27 അധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പിന്റെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍, പരീക്ഷകള്‍, അവധികള്‍, പ്രാക്ടിക്കല്‍ പരീക്ഷകള്‍, മാതൃക പരീക്ഷകള്‍, വാര്‍ഷിക പരീക്ഷകള്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ കലണ്ടര്‍ മുഖ്യമന്ത്രി വി ഡി സതീശനും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനും ചേര്‍ന്നാണ് പുറത്തിറക്കിയത്.

എല്‍പി സ്‌കൂളുകളിലെ ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കിയിട്ടുണ്ട്. യുപി, എച്ച്എസ് വിഭാഗങ്ങളില്‍ അഞ്ച് ശനിയാഴ്ചകള്‍ അധിക പ്രവൃത്തി ദിനങ്ങളായിരിക്കും. ഓഗസ്റ്റ് 10 മുതല്‍ 21 വരെയായിരിക്കും ഓണ പരീക്ഷ. ഓഗസ്റ്റ് 21ന് ഓണാവധിക്ക് സ്‌കൂള്‍ അടയ്ക്കും.

ഓഗസ്റ്റ് 31നായിരിക്കും അവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്നത്. ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 10ന് തുടങ്ങി 18ന് അവസാനിക്കും. ഡിസംബര്‍ 18നാണ് ക്രിസ്മസ് അവധിക്ക് സ്‌കൂള്‍ അടയ്ക്കുക. ഡിസംബര്‍ 28ന് സ്‌കൂള്‍ തുറക്കും. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ- 2027 ജനുവരി 20 മുതലും എസ്എസ്എല്‍സി പരീക്ഷകള്‍- 2027 മാര്‍ച്ചിലും നടക്കും. പ്ലസ് വണ്‍, പ്ലസ് ടൂ പരീക്ഷകള്‍- മാര്‍ച്ച് രണ്ടിന് ആരംഭിച്ച് 29ന് അവസാനിക്കും.

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; മുഹമ്മദ് ഫര്‍മാന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന് താത്കാലിക ആശ്വാസം. ഹൈക്കോടതി ഒരു മാസത്തേക്ക് അറസ്റ്റ് തടഞ്ഞു. ഫര്‍മാന് അധികാര പരിധിയിലുള്ള മധ്യപ്രദേശ് കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു. കേസിന്റെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത് മധ്യപ്രദേശിലാണ്. അതിനാല്‍ അവിടത്തെ ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ വാദിച്ചിരുന്നു.

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്ക് ജാഗ്രത കുറവുണ്ടായതായി വിദഗ്ധസമിതിയുടെ പ്രാഥമിക വിലയിരുത്തല്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ വീഴ്ചയുണ്ടായതായി വിദഗ്ധസമിതിയുടെ പ്രാഥമിക വിലയിരുത്തല്‍. രോഗികളുടെ പരിചരണത്തില്‍ മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്ക് ജാഗ്രത കുറവ് ഉണ്ടായി. വിശദമായ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന് കൈമാറും. ശേഷം തുടര്‍നടപടികള്‍ ഉണ്ടാകും.

കാലില്‍ ശസ്ത്രക്രിയ നടത്തിയ ഭാഗത്തായിട്ടല്ല പുഴുവിനെ കണ്ടെത്തിയത് മറിച്ച് അതിന് പുറം ഭാഗത്താണ് പുഴുവിനെ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ മുറിവിന് ചുറ്റും വൃത്തിയാക്കുന്നതില്‍ വീഴ്ചസംഭവിച്ചിട്ടുണ്ടെന്നാണ് നിഗമനം. ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവിന് ചുറ്റും ഒന്നില്‍കൂടുതല്‍ തവണ വൃത്തിയാക്കണമെന്നാണ് ചട്ടം.

മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ അധ്യക്ഷനായ സമിതിയെ ആണ് അന്വേഷണത്തിന് നിയോഗിച്ചത്. ഓര്‍ത്തോ സര്‍ജറി വിഭാഗം തലവന്മാരും അംഗങ്ങളാണ്. രോഗികളോട് മോശമായി പെരുമാറിയ ആരോഗ്യ ജീവനക്കാരെ കൗണ്‍സിലിങ്ങിന് അയക്കാനും തീരുമാനിച്ചതായി നേരത്തെ ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥ മൂലം ഈ ദുരനുഭവം ഉണ്ടായത്.

കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമം;മൂന്ന് പേര്‍ പിടിയില്‍

എറണാകുളം കലൂരില്‍ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ യുവാക്കളുടെ ക്രൂരമര്‍ദ്ദനം. അക്രമിസംഘത്തിലെ മൂന്ന് പേര്‍ പിടിയിലായി. മൊഴിയെടുക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. കലൂര്‍ ചക്കാലപ്പാടം റോഡില്‍ പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം.

പാര്‍ടൈം ജോലി കഴിഞ്ഞ് റോഡിലുടെ നടന്നു പോകുകയായിരുന്ന രണ്ട് പെണ്‍കുട്ടിളെ എട്ടു പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. പെണ്‍കുട്ടികളില്‍ ഒരാളെ ക്രൂരമായി മര്‍ദിച്ചു. നിലത്തിട്ട് ചവിട്ടുകയും കൈള്‍ പിടിച്ച് തിരിക്കുകയും ചെയ്തു. നെഞ്ചിലും കഴുത്തിലും പെണ്‍കുട്ടിയ്ക്ക് പരിക്കേറ്റു.

ആശുപത്രിയില്‍ മൊഴിയെടുക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളുടെ പെരുമാറ്റം ബുദ്ധിമുട്ടുണ്ടാക്കി എന്നും പരാതി. പുലര്‍ച്ചെ പുറത്ത് എന്തിന് പോയെന്നും ധരിച്ച വസ്ത്രത്തെക്കുറിച്ചുമാണ് പൊലീസ് ചോദിച്ചതെന്നും പെണ്‍ കുട്ടിയുടെ സുഹൃത്ത് പറഞ്ഞു. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പതിനൊന്ന് പേരാണ് ആക്രമി സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര്‍ പിടിയിലായി. മുഖ്യപ്രതി പാലക്കാട് സ്വദേശിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

സംസ്ഥാനത്ത് മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കി. നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. അടുത്ത അഞ്ചുദിവസം അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചിച്ചിരിക്കുന്നത്. കേരള-ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മീന്‍പിടിത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. റ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോള്‍ റൂമുകള്‍ ഉണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ തൃപ്തികരം; പ്രത്യേക ശ്രദ്ധ വേണം; മന്ത്രി സണ്ണി ജോസഫ്

ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളിൽ തൃപ്തി പ്രകടിപ്പിച്ച വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ് മഴ ശക്തിപ്പെടുന്ന വേളയിൽ പ്രത്യേക ശ്രദ്ധ തുടരണമെന്ന് നിർദേശം നൽകി. തിങ്കളാഴ്ച വിളിച്ച ഓൺലൈൻ യോഗത്തിലാണ് വിവിധ വകുപ്പുകളുടെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ജില്ലയുടെ ചുമതലയുള്ള മന്ത്രിയെ ധരിപ്പിച്ചത്.
ജില്ലയിൽ മഴക്കാലത്ത് അഭിമുഖീകരിക്കാൻ സാധ്യതയുള്ള പ്രധാന പ്രശ്‌നങ്ങളും പരിഹാര മാർഗങ്ങളും ജില്ലാ കലക്ടർ പി വിഷ്ണുരാജ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ദേശീയപാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടാലുണ്ടാവുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെയും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെയും പങ്കെടുപ്പിച്ച് കളക്ടർ തിങ്കളാഴ്ച യോഗം വിളിച്ചിരുന്നു. വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളിൽ ജിയോ ബാഗുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ ചർച്ച ചെയ്തു.

അപകടാവസ്ഥയിലായ മരങ്ങൾ മുറിക്കുന്ന കാര്യം മന്ത്രി പ്രത്യേകം ഓർമ്മിപ്പിച്ചു. ആപത്ക്കരമെന്ന് ഇതുവരെ ട്രീ കമ്മിറ്റി കണ്ടെത്തിയ എല്ലാ മരങ്ങളും മുറിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ കൂടി അടങ്ങുന്ന ട്രീ കമ്മിറ്റിയാണ് മുറിക്കേണ്ട മരങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്.

ഇതുവരെ ജില്ലയിൽ 1726 ശുചീകരണ പ്രവൃത്തികൾ നടത്തി. ഇതിൽ 1557 പൊതുസ്ഥലങ്ങളാണ്. 104 ഹോട്ട്‌സ്‌പോട്ടുകൾ വൃത്തിയാക്കി. 313.05 ടൺ മാലിന്യം നീക്കം ചെയ്തു. തോടുകൾ, നീർചാലുകൾ, ഓടകൾ എന്നിവ ചേർന്ന് 914.31 കിലോമീറ്റർ വൃത്തിയാക്കി. 2,50,273 കിണറുകളിൽ ക്ലോറിനേഷൻ നടത്തി. 507 കുളങ്ങൾ വൃത്തിയാക്കി.

മഞ്ഞപ്പിത്ത ബാധ അടുത്തിടെ റിപ്പോർട്ട് ചെയ്തത് വൃത്തിഹീനമായ വെള്ളം കല്യാണം പോലുള്ള പരിപാടികൾക്ക് ഉപയോഗിച്ചതിലൂടെ ആണെന്ന് ഡി.എം.ഒ ഇൻ-ചാർജ് അറിയിച്ചു. ഇക്കാര്യത്തിൽ ശുചിത്വ ബോധവത്കരണ പ്രവർത്തനം നടത്തിവരുന്നു. ജില്ലയിൽ ആവശ്യത്തിനുള്ള മരുന്ന് നിലവിൽ സ്റ്റോക്കുണ്ട്.
ഉത്സവകാലമായതിനാൽ കൊട്ടിയൂരിലേക്ക് സർക്കാർ ഡോക്ടർമാരെ ടീമായി ഷിഫ്റ്റ് വ്യവസ്ഥയിൽ നിയോഗിച്ചുവരുന്നു. മൂന്ന് സ്വകാര്യ ആശുപത്രികളോട് ഡോക്ടർമാരെ കൊട്ടിയൂരിലേക്ക് വിട്ടുനൽകാൻ അഭ്യർഥിച്ചിട്ടുണ്ട്.

അഗ്‌നിശമന സേനയുടെ എല്ലാ സ്റ്റേഷനുകളിലും മരം മുറിക്കേണ്ട ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് അഗ്‌നിശമന സേന ഓഫീസർ അറിയിച്ചു. സേനയുടെ കീഴിലുള്ള പരിശീലനം ലഭിച്ച സിവിൽ സർവീസ് വളണ്ടിയർ സജീവമായുണ്ട്.

വിനോദസഞ്ചാര മേഖലയിൽ പാലക്കയം തട്ട്, പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം തുടങ്ങിയ പ്രദേശങ്ങളിൽ പ്രത്യേകം ശ്രദ്ധ പുലർത്തുന്നു. പഴശ്ശി ഡാമിലെ ജലനിരപ്പ് തിങ്കളാഴ്ച 21 മീറ്റർ ആണെന്ന് പഴശ്ശി ഇറിഗേഷൻ വിഭാഗം അറിയിച്ചു.

മഴക്കാലത്തിന് മുന്നോടിയായിട്ടുള്ള പ്രവൃത്തികൾ വൈദ്യുത മേഖലയിൽ 100 ശതമാനം പൂർത്തിയാക്കിയതായി കെ.എസ്.ഇ.ബി അറിയിച്ചു. ട്രാൻസ്മിഷൻ തടസ്സം മൂലം ഉണ്ടായ വൈദ്യുതി തടസ്സം പരിഹരിച്ചു കഴിഞ്ഞു.

ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കിയതായി ജില്ലാ സാമൂഹ്യനീതി ഓഫീസർ പറഞ്ഞു. മറ്റു വകുപ്പിലെ ഉദ്യോഗസ്ഥരും മുന്നൊരുക്ക പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സിറ്റി പോലീസ് കമ്മീഷണർ പി നിധിൻരാജ്, റൂറൽ എസ്.പി അനൂജ് പലിവാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ആലപ്പുഴ അരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന 13 വയസുകാരി മരിച്ചു

ആലപ്പുഴ അരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന 13 വയസുകാരി മരിച്ചു. അരൂര്‍ സ്വദേശി നിയ ലെനിന്‍ ആണ് മരിച്ചത്. മെയ് 8 നാണ് പാമ്പുകടി ഏറ്റതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ അണലി കടിച്ചുവെന്നാണ് നിഗമനം. ഡാന്‍സ് കളിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയ്ക്ക് പാമ്പുകടിയേറ്റത്. ഉറുമ്പ് കടിച്ചതാണെന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്. ഒരു മണിക്കൂറിന് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് പെണ്‍കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത

കാലവര്‍ഷ സൂചന നല്‍കി സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. അടുത്ത അഞ്ചു ദിവസവും ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്ത അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 14 ജില്ലകളുടെ മഴ മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച 10 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മലയോര മേഖലകളില്‍ മഴ കനത്തേക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിന് മുകളിലും അറബിക്കടലിന് മുകളിലും ചക്രവാതചുഴി രൂപപ്പെട്ടതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കൂടാതെ പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനവും ഇടവിട്ടുള്ള മഴയ്ക്ക് കാരണമാകുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. 52 ദിവസം നീണ്ടുനില്‍ക്കുന്ന നിരോധനം ജൂലൈ 31 അര്‍ധരാത്രി വരെയാണ് ഉണ്ടാകുക.

കുഞ്ഞിനെ സ്ഥിരമായി മര്‍ദിച്ചിരുന്നു: ഒന്നരവയസുകാരന്റെ മരണത്തില്‍ കുറ്റസമ്മതം നടത്തി പ്രതി അഷ്‌കര്‍

മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസുകാരന്റെ മരണത്തില്‍ കുറ്റസമ്മതം നടത്തി പ്രതി അഷ്‌കര്‍.
കുഞ്ഞിനെ സ്ഥിരമായി മര്‍ദിച്ചിരുന്നെന്ന് അഷ്‌കര്‍ പൊലീസിന് മൊഴി നല്‍കി. അഷ്‌കര്‍ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടെന്നാണ് മാതാവിന്റെ മൊഴി. ഒന്നരവയസുകാരന്റെ ശരീരത്തില്‍ മുഴുവന്‍ ക്രൂരമര്‍ദനത്തിന്റെ ഞെട്ടിക്കുന്ന ശേഷിപ്പുകളുണ്ടായിരുന്നു.

കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കുഞ്ഞിന്റെ വയറ്റിലും തുടയിലും സിഗരറ്റ് കൊണ്ട് പലതവണ പൊള്ളിച്ചതിന്റെ പാടുകള്‍ കണ്ടെത്തി. കാല്‍ വിരലുകളുടെ അടിഭാഗം മുഴുവനായി പൊള്ളി അടര്‍ന്ന നിലയിലാണ്. കുട്ടിയെ മാരകമായി മര്‍ദ്ദിച്ചിരുന്നത് അമ്മയുടെ സാന്നിധ്യത്തിലാണ്.

കേസില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് നെടുമങ്ങാട് പൊലീസ്. രണ്ടാനച്ചന്റെയും അമ്മയുടെയും അറസ്റ്റ് പോലീസ് രാത്രിയോടെ രേഖപ്പെടുത്തിയിരുന്നു. മരിക്കുന്നതിന് മുന്‍പ് കുട്ടി മര്‍ദനത്തിന് ഇരയായെന്നും ആന്തരിക അവയവയത്തിന് വരെ പരുക്കേറ്റെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നു. തലയില്‍ പരുക്കേറ്റതിന് തുടര്‍ന്നുണ്ടായ ആന്തരിക രക്ത സ്രാവത്തെ തുടര്‍ന്നാണ് ഒന്നര വയസുകാരന്‍ മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഒന്നര വയസുകാരന്റെ മരണത്തില്‍, പ്രതിഷേധം ശക്തമാണ്. പ്രതിയായ അഷ്‌കറിന്റെ കാര്‍ അടിച്ചു തകര്‍ത്തു. ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് കാര്‍ തകര്‍ത്തതെന്ന് നാട്ടുകാര്‍.

ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും

ആലപ്പുഴ ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും. രണ്ടുമാസത്തെ പരിപാലനത്തിനുശേഷം മാതാവിന് മനംമാറ്റം ഉണ്ടായാല്‍ കുഞ്ഞിനെ വിട്ടു നല്‍കും. കുഞ്ഞിനെ വേണ്ടെന്ന് 19 വയസുകാരിയായ അമ്മ പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അമ്മ കുഞ്ഞിന് പാല് കൊടുക്കാന്‍ പോലും തയ്യാറാകുന്നില്ല. ഗര്‍ഭിണിയായ വിവരം അറിഞ്ഞില്ലെന്നാണ് പെണ്‍കുട്ടി സി ഡബ്ല്യുസിക്ക് നല്‍കിയ മൊഴി.

സംഭവത്തില്‍ അമ്മക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. അവിവാഹിതയായ പെണ്‍കുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആര്‍. കടുത്ത വയറു വേദനയേ തുടര്‍ന്നായിരുന്നു 19കാരി ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നത്. പുലര്‍ച്ചെ ഒരു മണിയോടെ ശുചിമുറിക്കുള്ളില്‍ പ്രസവിച്ചു. പൊക്കിള്‍ കൊടി സ്വയം മുറിച്ചു മാറ്റി കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു.