
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ വീഴ്ചയുണ്ടായതായി വിദഗ്ധസമിതിയുടെ പ്രാഥമിക വിലയിരുത്തല്‍. രോഗികളുടെ പരിചരണത്തില്‍ മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്ക് ജാഗ്രത കുറവ് ഉണ്ടായി. വിശദമായ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന് കൈമാറും. ശേഷം തുടര്‍നടപടികള്‍ ഉണ്ടാകും.
കാലില്‍ ശസ്ത്രക്രിയ നടത്തിയ ഭാഗത്തായിട്ടല്ല പുഴുവിനെ കണ്ടെത്തിയത് മറിച്ച് അതിന് പുറം ഭാഗത്താണ് പുഴുവിനെ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ മുറിവിന് ചുറ്റും വൃത്തിയാക്കുന്നതില്‍ വീഴ്ചസംഭവിച്ചിട്ടുണ്ടെന്നാണ് നിഗമനം. ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവിന് ചുറ്റും ഒന്നില്‍കൂടുതല്‍ തവണ വൃത്തിയാക്കണമെന്നാണ് ചട്ടം.
മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ അധ്യക്ഷനായ സമിതിയെ ആണ് അന്വേഷണത്തിന് നിയോഗിച്ചത്. ഓര്‍ത്തോ സര്‍ജറി വിഭാഗം തലവന്മാരും അംഗങ്ങളാണ്. രോഗികളോട് മോശമായി പെരുമാറിയ ആരോഗ്യ ജീവനക്കാരെ കൗണ്‍സിലിങ്ങിന് അയക്കാനും തീരുമാനിച്ചതായി നേരത്തെ ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥ മൂലം ഈ ദുരനുഭവം ഉണ്ടായത്.














