Hivision Channel

Kerala news

ഇരുപത് വര്‍ഷത്തിന് ശേഷം അബ്ദുല്‍ റഹീം നാട്ടിലെത്തി

ഇരുപത് വര്‍ഷത്തിന് ശേഷം സൗദിയിലെ ജയിലില്‍ നിന്ന് മോചിതനായ കോഴിക്കോട് ഫറോക് സ്വദേശി അബ്ദുല്‍ റഹിം നാട്ടിലെത്തി. രാവിലെ 7.25ന് കരിപ്പൂരില്‍ വിമാനമിറങ്ങി. ജനകീയ ഇടപെടലിലൂടെ ആണ് സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ അബ്ദുല്‍ റഹീമിനെ മോചിപ്പിച്ചത്. 34.35 കോടി രൂപയാണ് ദയാധനമായി നല്‍കിയത്.

കഴിഞ്ഞ 19-ാം തിയ്യതിയാണ് പൊതു അവകാശ കേസില്‍ അബ്ദുല്‍ റഹീമിന്റെ തടവ് ശിക്ഷാ കാലാവധി അവസാനിച്ചത്. സൗദിയില്‍ പൊതു അവധി ആയിരുന്നിട്ടും മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയായി.

പൊതു അവകാശ കേസില്‍ കോടതി വിധിച്ച 20 വര്‍ഷത്തെ തടവ് ശിക്ഷയുടെ കാലാവധിയാണ് അവസാനിച്ചത്. സ്വകാര്യ അവകാശ കേസില്‍ അബ്ദുറഹീമിന് കോടതി വിധിച്ചത് വധശിക്ഷയായിരുന്നു. 5 മില്യണ്‍ റിയാല്‍ മോചന ദ്രവ്യം വാങ്ങി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം അബ്ദുറഹീമിന് മാപ്പ് നല്‍കി. കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തു. മോചന ദ്രവ്യം നല്‍കാനുള്ള പണം മലയാളികള്‍ ഒറ്റക്കെട്ടായി സ്വരൂപിക്കുകയായിരുന്നു

മാസപ്പടി കേസില്‍ ഇന്ന് പത്ത് കേന്ദ്രങ്ങളില്‍ പരിശോധ നടത്തിയെന്ന് ഇഡി

മാസപ്പടി കേസില്‍ ഇന്ന് പത്ത് കേന്ദ്രങ്ങളില്‍ പരിശോധ നടത്തിയെന്ന് ഇഡി. ടി വീണയുടെ നിക്ഷേപങ്ങളുടേയും ബാങ്ക് അക്കൌണ്ടിന്റേയും വിവരങ്ങള്‍ ശേഖരിച്ചു. കണ്ടെത്തിയ രേഖകള്‍ പരിശോധിച്ച് വരുന്നുവെന്ന് ഇഡി പറഞ്ഞു.

പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലേയും വീടുകളിലെ ഇഡി പരിശോധന അവസാനിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഇഡിയുടെ പ്രസ്താവന. എട്ട് മണിക്കൂറിലധികം തിരുവനന്തപുരത്തെ വീട്ടിലെ പരിശോധന നീണ്ടു. മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലെ പരിശോധനയും അവസാനിപ്പിച്ച് ഇഡി മടങ്ങി. മൂന്നിടത്തും നിന്നും പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞു. തിരുവനന്തപുരത്ത് ഇഡിയുടെ വാഹനം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.

ഇ ഡി സംഘത്തിന്റെ കാറിന് നേരെ പരക്കെ അക്രമം ഉണ്ടായി. സിപിഐഎം പ്രവര്‍ത്തകര്‍ ഇ ഡിയുടെ വാഹനങ്ങള്‍ വളഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പിണറായിയുടെ വീട്ടിലേക്ക് ഇരച്ചുകയറി. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. പിണറായി വിജയന്റെ മരുമകനും എംഎല്‍എയുമായ മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്ടില്‍ നടന്ന ഇഡി പരിശോധനയും പൂര്‍ത്തിയായിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥര്‍ പുറത്തേക്കിറങ്ങുമ്പോള്‍ കൂവി വിളിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ നിന്ന് ഒന്നും കിട്ടിയില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടില്‍ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയതായി എം.വി. ജയരാജന്‍ അറിയിച്ചു. വീട്ടുകാര്‍ ഇല്ലാത്തതിനാല്‍ എം.വി. ജയരാജനാണ് രേഖയില്‍ ഒപ്പിട്ട് നല്‍കിയത്.നടന്നത് സംഘപരിവാറിന്റെ രാഷ്ട്രീയ വേട്ടയെന്ന് മുഹമ്മദ് റിയാസ് എംഎല്‍എ പ്രതികരിച്ചു. ഇഡിയല്ല അതിനേക്കാള്‍ വലിയ ഡി വന്നാലും പേടിയില്ല.

സിപിഐഎമ്മില്‍ പ്രവര്‍ത്തിക്കുന്നത് മന്ത്രിയാകുമോ എംഎല്‍എ ആകുമോ എന്ന് നോക്കിയല്ല. എന്നാല്‍ ഇത്തരം ഭീഷണികള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. ഇത്തരം സംഗതി കാണിച്ച് പേടിപ്പിക്കാന്‍ നോക്കണ്ട. തല പോയാലും മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും റിയാസ് പറഞ്ഞു. കോഴിക്കോട്ടെ വീട്ടിലെത്തിയായിരുന്നു റിയാസിന്റെ പ്രതികരണം.

പയ്യന്നൂരിൽ ആദ്യമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഡ്യൂയൽ ചേംബർ പേസ്‌മേക്കർ സർജറി വിജയകരമായി പൂർത്തിയാക്കി.

ഒരു വ്യക്തിയുടെ
ഹൃദയമിടിപ്പ് സാധാരണ അളവിലും താഴേക്ക് പോകുന്ന അവസ്ഥയിൽ, ഹൃദയത്തിന്റെ സ്വാഭാവിക താളം നിലനിർത്തുന്നതിനാണ് പേസ്‌മേക്കർ ചികിത്സ പ്രയോജനപ്പെടുത്തുന്നത്. സീനിയർ കാർഡിയോളജിസ്റ്റ് ഡോ. വിവേക് പിള്ള, ഡോ. തജ്ഫിർ യു.എം എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ മെഡിക്കൽ സംഘമാണ് പയ്യന്നൂരിൽ ആദ്യമായി സങ്കീർണ്ണമായ ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

ഹൃദയസംബന്ധമായ ചികിത്സകൾക്കായി മുൻപ് മറ്റു നഗരങ്ങളെ ആശ്രയിക്കേണ്ടി വന്നിരുന്ന പയ്യന്നൂർ നിവാസികൾക്ക് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ വലിയൊരു ആശ്വാസമാവുകയാണ്.

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലെ ഇഡി പരിശോധന പൂര്‍ത്തിയായി

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ നടക്കുന്ന ഇഡി പരിശോധന പൂര്‍ത്തിയായി. രേഖകള്‍ ശേഖരിച്ച് ഇഡി ഉദ്യോഗസ്ഥര്‍ പുറത്തെത്തുകയായിരുന്നു. പിണറായി വിജയന്റെ മരുമകനും എംഎല്‍എയുമായ മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്ടില്‍ നടന്ന ഇഡി പരിശോധനയും പൂര്‍ത്തിയായിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥര്‍ പുറത്തേക്കിറങ്ങുമ്പോള്‍ കൂവി വിളിച്ച് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മുഹമ്മദ് റിയാസിന്റെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞുവെച്ച് പ്രതിഷേധിക്കുകയാണ് പ്രവര്‍ത്തകര്‍. യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടില്‍ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയതായി എം വി ജയരാജന്‍ അറിയിച്ചു.

എസ്‌ഐആര്‍ നടപടി ശരിവെച്ച് സുപ്രീംകോടതി; വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കിലും പൗരത്വം നഷ്ടമാകില്ല

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണ ( എസ്‌ഐആര്‍) നടപടി ശരിവെച്ച് സുപ്രീംകോടതി. എസ്‌ഐആര്‍ നടപടി ഭരണഘടനയ്ക്ക് ജീവന്‍ നല്‍കുന്ന ഒന്നാണെന്നും, കൃത്യവും സമഗ്രവുമായ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്നും സുപ്രീംകോടതി. എസ്‌ഐആര്‍ നടപടി നിലവിലുള്ള നിയമങ്ങളോ ഭരണഘടനാ വ്യവസ്ഥകളോ ലംഘിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

എസ്‌ഐആര്‍ നടപടികള്‍ ഭരണഘടനയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുന്നത് ഒരാളുടെ പൗരത്വം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്നും കോടതി വ്യക്തമാക്കി. എസ്‌ഐആര്‍ എന്നത് പിന്‍വാതിലിലൂടെയുള്ള പൗരത്വ പരിശോധനയാണെന്ന് ആരോപിച്ച് ഹര്‍ജിക്കാരും പ്രതിപക്ഷവും ഉയര്‍ത്തിയ തടസ്സവാദങ്ങള്‍ തള്ളി കളഞ്ഞ് കൊണ്ടാണ് കോടതി വിധി.

പിണറായി വിജയനെ പ്രതിയാക്കാന്‍ ബോധപൂര്‍വ്വം കെട്ടിച്ചമച്ച കേസ്; ഇ ഡി റെയ്ഡില്‍ എം വി ഗോവിന്ദന്‍

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലടക്കം വിവിധ ഇടങ്ങളില്‍ നടന്ന ഇ ഡി റെയ്ഡില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പിണറായി വിജയനെ പ്രതിയാക്കാന്‍ ബോധപൂര്‍വ്വമായി കെട്ടിച്ചമച്ച കേസാണിത് എന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്. സിപിഐഎം ഇതിനെ ചെറുക്കുമെന്നും ജനകീയ രീതിയില്‍ പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസ്- ബിജെപി ഡീലിന്റെ ഭാഗമാണ് റെയ്ഡെന്നും ഭരണഘടനാ വിരുദ്ധമായി പിണറായി വിജയനെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.

‘റെയ്ഡ് രാഷ്ട്രീയ പകപോക്കലാണ്. പ്രതിപക്ഷത്തുളളവരെ ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണ്. റെയ്ഡ് കൊണ്ടൊന്നും സിപിഐഎമ്മിനെയും പിണറായി വിജയനെയും ദുര്‍ബലപ്പെടുത്താനാകില്ല. ബിജെപിക്കും കോണ്‍ഗ്രസിനും പിണറായിയെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യമുണ്ടായിരുന്നു. കെജ്രിവാളിനെ ജയിലിലടച്ചത് കോണ്‍ഗ്രസിന്റെ പരാതിയിലാണ്. ആരോപണം കഴമ്പുളളതല്ലെന്ന് പിന്നീട് ഡല്‍ഹി ഹൈക്കോടതി തന്നെ പറഞ്ഞു. ഭാവന ചമയ്ക്കലാണ് ഇഡി നടത്തുന്നത്’, എം വി ഗോവിന്ദന്‍ പറഞ്ഞു.

ഇന്ധന വിലക്കയറ്റം; ആഭ്യന്തര സര്‍വീസുകളില്‍ നിയന്ത്രണവുമായി എയര്‍ ഇന്ത്യ

ആഭ്യന്തര സര്‍വീസുകളിലും നിയന്ത്രണം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ഇന്ധന വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് നടപടി. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് നിയന്ത്രണം കൊണ്ടുവരിക. നേരത്തെ അന്താരാഷ്ട്ര സര്‍വീസുകളും വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സര്‍വീസ് റദ്ദാക്കുന്നതില്‍ യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ നടപടിയുണ്ടാകുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

ഇഡി റെയ്ഡിനെതിരെ നാളെ എല്‍ഡിഎഫ് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളിലും നടക്കുന്ന റെയ്ഡിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഐ എം. ഇഡി റെയ്ഡിനെതിരെ നാളെ സംസ്ഥാന വ്യാപകമായി എല്‍ഡിഎഫ് പ്രതിഷേധം നടത്തും. നാളെ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്ക് സിപിഐഎം മാര്‍ച്ച് ഇന്ന് നടക്കും . ഉച്ചയ്ക്ക് 2.30നാണ് പ്രതിഷേധ മാര്‍ച്ച്. ജനറല്‍സെക്രട്ടറി എം എ ബേബി യുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുക. ഇ ഡി ആസ്ഥാനമായ പരിവര്‍ത്തന്‍ ഭവനിലേക്കാണ് മാര്‍ച്ച് നടത്തുക. റെയ്ഡ് ബിജെപി-കോണ്‍ഗ്രസ് സംയുക്ത ഓപ്പറേഷന്റെ ഭാഗമാണ് പരിശോധനയെന്ന് സിപിഐഎം നേതാക്കള്‍ ആരോപിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ ഡല്‍ഹി യാത്രയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയും ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ ആരോപണം.

പിണറായി വിജയനെതിരായ ഇഡി നീക്കത്തില്‍ പ്രതിഷേധം ആളി കത്തുകയാണ്. കോഴിക്കോടും കണ്ണൂരും എറണാകുളത്തും ഉള്‍പ്പെടെ സംസ്ഥാനത്ത് പലയിടങ്ങളിലും പ്രതിഷേധം തുടരുകയാണ്. പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തേയും വീടുകള്‍ക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ഉള്ളവര്‍. പി. ജയരാജനും, എം.വി. ജയരാജനും, വി. ശിവന്‍കുട്ടിയും അടക്കമുള്ള നേതാക്കള്‍ സമരമുഖത്ത് ഉണ്ട്. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീടിന് മുന്നിലും ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്.

റെയ്ഡിനെതിരെ സിപിഐഎം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ചു. ബിജെപി സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് സിപിഐഎം എക്‌സില്‍ കുറിച്ചു. ഇത്തരം നടപടികള്‍ പിണറായി വിജയനെയോ പാര്‍ട്ടിയെയോ ഭയപ്പെടുത്തില്ല. ഈ റെയ്ഡില്‍ യുഡിഎഫ് സര്‍ക്കാരും പങ്കാളിയാണോ എന്നും സിപിഐഎം എക്‌സില്‍ കുറിച്ചു.

സംസ്ഥാന മിനി ഗേള്‍സ് ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ലക്ക് മൂന്നാം സ്ഥാനം

പേരാവൂര്‍:ആലക്കോട് ട്രൂ ലൈന്‍ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ നടന്ന 22ാമത് സംസ്ഥാന മിനി ഗേള്‍സ് ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം കണ്ണൂര്‍ ജില്ലക്ക്. കണ്ണൂര്‍ ജില്ല ടീമില്‍ പങ്കെടുത്ത 8 പേരും തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആണ്.കണ്ണൂര്‍ ജില്ല ആദ്യമായി ആണ് കണ്ണൂര്‍ ജില്ല മിനി ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.കണ്ണൂര്‍ ജില്ലയെ പ്രതിനിധികരിച്ച് തൊണ്ടിയില്‍ സാന്ത്വനം സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നിന്നുള്ള നൈനിക സി സതീഷ് (ക്യാപ്റ്റന്‍ )ആരുഷി രാജേഷ് (വൈസ് ക്യാപ്ടന്‍ )മികച്ച ഗോളി പുരസ്‌കാരം നേടിയ തൈ്വബ അന്‍സീര്‍, ജൂലിയറ്റ് മാണി, അഡോണ മാത്യു, കെ എസ് റോസന, കെ എസ് പാര്‍വണ,ശിവാനി ബിജു എന്നിവര്‍ ആണ് സംസ്ഥാന മിനി ഗേള്‍സ് സംസ്ഥാന ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനവും വെങ്കല മെഡലും നേടി നാടിന് അഭിമാനം ആയത്.സാന്ത്വനം സ്‌പോര്‍ട്‌സ് അക്കാദമി പ്രസിഡന്റ് തങ്കച്ചന്‍ കോക്കാട്ട് ആണ് കുട്ടികളുടെ പരിശീലകന്‍.

ഉത്തര മലബാറിൽ ആദ്യമായി Birth Suite (LDRP) അവതരിപ്പിച്ച് കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ

കണ്ണൂർ: Baby Memorial Hospital-ൽ ആരംഭിച്ച പുതിയ Birth Suite (LDRP) സൗകര്യം Labour, Delivery, റിക്കവറി, Postpartum എന്നിവ ഒരേ മുറിയിൽ തന്നെ കുടുംബസൗഹൃദവും സ്വകാര്യതയും ഉറപ്പാക്കി അനുഭവിക്കാനാകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രസവ നിമിഷങ്ങളിൽ പ്രിയപ്പെട്ടവർക്ക് കൂടെ നിൽകാം എന്നതാണ് Birth Suite റൂമിന്റെ പ്രധാന പ്രേത്യേകതകളിൽ ഒന്ന്. 24 മണിക്കൂറും 1:1 നഴ്സിംഗ് കെയർ, കുടുംബത്തിനായി ഒരുക്കിയ പ്രത്യേക ആഡംബര സൗകര്യങ്ങളോടു കൂടിയ സ്വീകരണമുറി തുടങ്ങിയവയും Birth Suite റൂമിന്റെ പ്രത്യേകതകൾ ആണ്.

Gyneacology, Neonatology, Peadiatric Critical Care, Clinical Psychology, Dietetics വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ birth suite (LDRP) ൽ നേരിട്ടുള്ള പ്രത്യക പരിചരണവും ലഭ്യമാണ്.

പരിപാടിയുടെ പ്രധാന ആകർഷണമായി ഗർഭിണികളുടെ Ramp Walk സംഘടിപ്പിച്ചു. അമ്മയാകാൻ പോകുന്നവർ ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും റാംപിൽ പങ്കെടുത്തത് പരിപാടിക്ക് കൂടുതൽ നിറം പകർന്നു.

ഉത്തര മലബാർ ക്ലസ്റ്റർ CEO നിരൂപ് മുണ്ടയാടൻ ഉദ്ഘാടന പ്രസംഗത്തിൽ മാതൃത്വപരിചരണ രംഗത്ത് ആധുനികവും കരുണാപൂർണ്ണവുമായ സേവനങ്ങൾ നൽകുന്നതിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ പ്രതിബദ്ധത വ്യക്തമാക്കി.

നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട “Super Mom”-ന് Baby Memorial Hospital-യുടെ പ്രത്യേക സമ്മാനമായി Free Birth Suite Delivery Package പ്രഖ്യാപിക്കുകയും കൈമാറുകയും ചെയ്തു.

മാതൃത്വത്തെ ആഘോഷിക്കുകയും സ്ത്രീ-ശിശു ആരോഗ്യപരിചരണ രംഗത്തെ ആശുപത്രിയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്ത ഈ പരിപാടി അവിസ്മരണീയമായ നിമിഷങ്ങളോടെയാണ് സമാപിച്ചത്.