പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ് സൈറ്റുകളിലൂടെ ഫലം അറിയാം. രണ്ട് തവണ നീട്ടിവെച്ച ശേഷമാണ് ഇന്ന് ഫലം പ്രഖ്യാപിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം ഗള്‍ഫില്‍ പരീക്ഷ കൃത്യസമയത്ത് നടത്താനായിരുന്നില്ല. ഈ മേഖലയില്‍ പ്രത്യേകമായി നടത്തിയ പരീക്ഷയുടെ മൂല്യനിര്‍ണ്ണയം കൂടി പൂര്‍ത്തിയാക്കിയ ശേഷമാണ് ഫലപ്രഖ്യാപനം.
വൈദ്യുതി എത്ര കാലം ഉണ്ടാകുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കാലാവസ്ഥയില്‍ വന്ന വലിയ വ്യതിയാനമാണ് പ്രതിസന്ധിക്ക് കാരണം. വൈദ്യുതിയുടെ ഉപയോഗത്തില്‍ വലിയ തോതില്‍ വര്‍ദ്ധനവ് ഉണ്ടായി. കഴിഞ്ഞ വര്‍ഷം ആവശ്യമായിരുന്നത് 3500 മുതല്‍ 3600 വരെ മെഗാവാട്ട് വൈദ്യുതിയായിരുന്നെങ്കില്‍ ഇത്തവണ അത് 4600 മുതല്‍ 4800 മെഗാവാട്ട് വരെയായി ഉയര്‍ന്നു. പുതിയ സ്ഥാപനങ്ങളും വീടുകളും ഇലക്ട്രിക് വാഹനങ്ങളും പുതിയ ഉപകരണങ്ങളും അടക്കം വന്നതോടെ വൈദ്യുതിയുടെ ഉപയോഗം വര്‍ദ്ധിച്ചു. അതേസമയം വൈദ്യുതിയുടെ ഉത്പാദനം കുറഞ്ഞുവെന്നും സണ്ണി ജോസഫ് പറഞ്ഞു. ജലസംഭരണിയില്‍ ജലത്തിന്റെ അളവ് വലിയ രീതിയില്‍ കുറഞ്ഞു. കഴിഞ്ഞ തവണ 60 ശതമാനമായിരുന്നെങ്കില്‍ ഇത്തവണ അത് 28 ശതമാനമാണ്. വൈദ്യുതി ഉത്പാദനത്തില്‍ കുറവും ഉപഭോഗത്തില്‍ വലിയ വര്‍ദ്ധനവും ഉണ്ടായി. ഇതും പ്രതിസന്ധിക്ക് കാരണമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതിനായി ദീര്‍ഘകാല കരാറുകള്‍ പുനഃസ്ഥാപിക്കാനുള്ള നിയമപരമായ സാധ്യതകള്‍ പരിശോധിച്ചുവരികയാണ്.. ജൂണ്‍ മാസത്തില്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഏപ്രില്‍, മെയ് മാസത്തെ പ്രതിസന്ധി പരിഹരിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി കടം വാങ്ങിയിരുന്നു. ഇത് തിരികെ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഹ്രസ്വകാല കരാറിലൂടെ കൂടുതല്‍ വില നല്‍കി വൈദ്യുതി വാങ്ങാന്‍ ശ്രമിക്കും. ഇതിനായി കമ്മീഷനോട് അനുമതി തേടിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
രാജ്യത്ത് 13 ഇടങ്ങളില്‍ ഇ ഡി പരിശോധന. തീവ്രവാദ ഫണ്ടിംഗുമായും അനധികൃത നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ടാണ് പരിശോധന. ചില ട്രസ്റ്റുകളും സ്ഥാപനങ്ങളും വിദേശ ഫണ്ട് ദുരുപയോഗം ചെയ്തതായി കണ്ടെത്തല്‍. റോഹിങ്ക്യ, ബംഗ്ലാദേശി പൗരന്മാരെ അനധികൃതമായി ഇന്ത്യയിലെത്തിച്ചെന്ന് കണ്ടെത്തല്‍. ഉത്തര്‍പ്രദേശ് എടിഎസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദേശ ഫണ്ടുകള്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നു ഇ ഡി കണ്ടെത്തി.
ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ 13 ഓളം സ്ഥലങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ പ്രകാരം കേന്ദ്ര ഏജന്‍സിയുടെ ലഖ്നൗ സോണല്‍ ഓഫീസ് റെയ്ഡ് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചില ചാരിറ്റബിള്‍ ട്രസ്റ്റുകളും സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന സാമ്പത്തിക ശൃംഖല, ഗണ്യമായ വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതായും അത് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍, മ്യൂള്‍ അക്കൗണ്ടുകള്‍, ലെയര്‍ഡ് ഇടപാടുകള്‍ എന്നിവയിലൂടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി വഴിതിരിച്ചുവിടുന്നതായും എടിഎസ് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പേരട്ട: ഇരിട്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡ് ഫാം ഫാര്‍മേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി അയ്യങ്കുന്ന്,പായം,ഉളിക്കല്‍ ഗ്രാമപഞ്ചായത്തു കളിലെ കര്‍ഷകരെ പങ്കെടുപ്പിച്ചു കൊണ്ട് പേരട്ടയിലെ കര്‍ഷകനായ ബിനു വെടിക്കാട്ടിലിന്റെ കൃഷിസ്ഥലത്തോട് ചേര്‍ന്നുള്ള ഫാം ഹൗസില്‍ വെച്ച് ജൈവകൃഷിയിലൂടെ മികച്ച കാര്‍ഷികോത്പാദനം എന്ന വിഷയത്തില്‍ പഠന ശിബിരം സംഘടിപ്പിച്ചു. പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: വിനോദ് കുമാര്‍ പഠനശിബിരം ഉദ്ഘാടനം ചെയ്തു. ഫാര്‍മേഴ്‌സ് ക്ലബ് പ്രസിഡന്റ് ബെന്നിച്ചന്‍ മഠത്തിനകം അധ്യക്ഷത വഹിച്ചു. ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് അംഗം നിഷ ഒരപ്പാംകുഴി മുഖ്യപ്രഭാഷണം നടത്തി. ഡോ: ഏ.ജെ. ജോര്‍ജ്ജ് ക്ലാസ്സുകള്‍ നയിച്ചു.അഡ്വ: കെ.കെ മാത്യു, ആന്റോ . കെ. ആന്റണി, കുര്യന്‍ മൈലടിയില്‍, ബിനു വെട്ടിക്കാട്ടില്‍,എന്‍.വി ജോസഫ, റെജി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് പുറത്തിറക്കി. മുഖ്യമന്ത്രി വി.ഡി സതീശനാണ് ഓണം ബമ്പര്‍ ടിക്കറ്റ് പുറത്തിറക്കിയത്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. ഈ മാസം 20 മുതല്‍ ഓണം ബമ്പര്‍ ടിക്കറ്റ് വിപണിയില്‍ ലഭിക്കും.
‘സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുക ഇത്തവണത്തെ ഓണം ബംപറിനാണ്. 30 കോടിയാണ് ഒന്നാം സമ്മാനം. തിരുവോണ ബംപര്‍ ടിക്കറ്റ് പുറത്തിറക്കുന്നു. ജൂലായ് 20 മുതല്‍ ടിക്കറ്റുകള്‍ വിപണിയില്‍ ലഭ്യമാകും’- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് മൂന്ന് കോടി രൂപ ഏജന്‍സി സമ്മാനമായും നല്‍കും. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 26 നാണ് നറുക്കെടുപ്പ്.
ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറില്‍ നടന്ന ചടങ്ങില്‍ നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ , ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ അഞ്ജു കെ.എസ്, അഡീഷണല്‍ ഡയറക്ടര്‍മാരായ ഷാജു പി.എ, അനില്‍കുമാര്‍ കെ എസ്, തുടങ്ങിയവര്‍ സന്നിഹിതരായി. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 30 കോടി രൂപ ഒന്നാം സമ്മാനം വാഗ്ദാനം ചെയ്തുകൊണ്ടാണ് ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കിയിരിക്കുന്നത്.
ഒരു കോടി വീതം ഇരുപത് പേര്‍ക്ക് രണ്ടാം സമ്മാനമായി നല്‍കുന്നു. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേര്‍ക്കും കൂടാതെ 5000 മുതല്‍ 500 രൂപവരെയുള്ള ലക്ഷകണക്കിന് സമ്മാനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. അച്ചടിച്ച പേപ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മാത്രം അംഗീകൃത ഏജന്റുമാരില്‍ നിന്നോ വില്പനക്കാരില്‍ നിന്നോ നേരിട്ട് വാങ്ങേണ്ടതാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍ ഡിജിറ്റല്‍ പേയ്‌മെന്റ് ലിങ്കുകള്‍ എന്നിവ വഴി വില്പനയില്ല.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം. പവര്‍ കട്ട് തുടര്‍ന്നേക്കും. നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമെന്നാണ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചത്. വര്‍ധിച്ച ഉപയോഗം, കുറഞ്ഞ ആഭ്യന്തര ഉത്പാദനം, കടം വാങ്ങിയ വൈദ്യുതി തിരികെ നല്‍കേണ്ട സാഹചര്യം എന്നിവയാണ് പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതാണ് സംസ്ഥാനത്തെ മഴയുടെ കുറവും. വരുംദിവസങ്ങളിലും കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നതും.
വൈദ്യുതി ഉപഭോഗത്തില്‍ വലിയ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളായി ഉണ്ടായിരിക്കുന്നത്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. നിലവില്‍ രാത്രി ഏഴ് മണിക്ക് ശേഷം 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
മുന്‍വര്‍ഷത്തേക്കാള്‍ വൈദ്യുതി ഉപഭോഗം കൂടുകയും ഉല്‍പാദനം കുറയുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി വിപണിയിലെ വിലക്കയറ്റവും വേനല്‍ക്കാലത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കടം വാങ്ങിയ വൈദ്യുതി നല്‍കേണ്ടി വന്നതും പ്രതിസന്ധി വര്‍ധിപ്പിച്ചിരിക്കുകയാണ്. എസി, അലങ്കാര വിളക്കുകള്‍ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കണമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ ഇടപെടലുമുണ്ടാകുമെന്നും മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.
ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുന്നത്. മഴ ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളിലും നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി വ്യക്തമാക്കിയിരുന്നു. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മഴയിലുണ്ടായ കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും തിരിച്ചടിയായെന്ന് കെഎസ്ഇബി പറയുന്നു.
കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ 9 വയസ്സുകാരന്‍ മരിച്ചു. ബേഡകം സ്വദേശി അഷ്റഫിന്റെ മകന്‍ ഇയാസ് ആണ് മരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ശസ്ത്രക്രിയക്കിടെ കുട്ടിക്ക് ഹൃദയാഘാതമുണ്ടായതായാണ് ആശുപത്രി അധികൃതര്‍ കുടുംബത്തെ അറിയിച്ചത്.
മരണശേഷമാണ് വിവരം കുടുംബത്തെ അറിയിച്ചതെന്ന് കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു ശസ്ത്രക്രിയ. കുണ്ടം കുഴി ഗവണ്‍മെന്റ് സ്‌കൂളിലെ 4-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഇയാസ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം തുടങ്ങി.
കണ്ണൂർ: പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാസർകോട് പൈവളിഗെ കുരുടപ്പദവിലെ സദൻഗയ ഹൗസിൽ എസ്. ജനാർദന (36) യെയാണ് അറസ്‌റ്റ് ചെയ്‌തത്. കെഎസ്ഇബി വൊർക്കാടി സെക്ഷനിലെ താൽക്കാലിക ജീവനക്കാരനാണ് ജനാർദന. ഈ മാസം ഒന്നിന് മട്ടന്നൂർ പോളി ടെക്നിക് കോളജിൽ നടന്ന കേരള ഗവ. സർട്ടിഫിക്കറ്റ് എക്സാമിനേഷനിലാണ് (കെജിസിഇ) മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി നടന്നത്.
ജനാർദനയ്ക്ക് നിയമനം സ്‌ഥിരമാകണമെങ്കിൽ ഈ പരീക്ഷ ജയിക്കണമായിരുന്നു. കണ്ണൂർ മോഡേൺ ഐടിഐയിൽ പരീക്ഷയ്ക്ക് വേണ്ടിയുള്ള ക്ലാസിൽ ജനാർദന പങ്കെടുത്തിരുന്നു. ഈ സ്ഥാപനത്തിലെ അധ്യാപകനായ വടകര സ്വദേശി സുരേഷ് ബാബുവാണ് മൊബൈൽ ഫോണിലൂടെ ഉത്തരങ്ങൾ നൽകിയതെന്നും പൊലീസ് കണ്ടെത്തി. സുരേഷ് ബാബു ഒളിവിലാണ്. ഇയാൾ അഡ്മിനായുള്ള വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് ഉത്തരങ്ങൾ നൽകിയത്. ജനാർദനയെ കൂടാതെ 21 പേർ കൂടി പരീക്ഷ എഴുതിയിട്ടുണ്ട്. ഇവർക്കും ഇത്തരത്തിൽ ഉത്തരം നൽകിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടത്തുകയാണ്.
കൂത്തുപറമ്പ് എസിപി സിബി ടോമിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ജനാർജനയെ അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം നടന്ന സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് മാറ്റുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയാണ് പരിശോധന നടത്തിയത്. വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും കൂട്ടിയിട്ടിരിക്കുന്ന മണ്ണ് എങ്ങനെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റും എന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.
വയനാട് തുരങ്ക പാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മണ്ണാണ് പദ്ധതി പ്രദേശത്ത് മല പോലെ കൂട്ടിയിട്ടിരിക്കുന്നത്. അപകടകരമാം വിധം കൂട്ടിയിട്ട മണ്ണ് എത്രയും പെട്ടന്ന് നീക്കം ചെയ്യാന്‍ ജില്ലാ ഭരണ കൂടം മണ്ണിടിച്ചില്‍ ദുരന്തത്തിനു മുന്‍പ് തന്നെ നിര്‍ദേശം നല്‍കിയിരുന്നതാണ്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിതമായി മണ്ണ് നീക്കുന്നതിനായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിക്കുകയായിരുന്നു. മൂന്നംഗ സമിതിയില്‍ കോഴിക്കോട് എന്‍ ഐ ടി പ്രൊഫസര്‍ ഡോ. സന്തോഷ് ജി തമ്പി, എന്‍സിഇഎസ്എസ് പ്രതിനിധി കെ ശ്രീലേഷ്, എന്നിവരാണ് എത്തിയത്. പരിസ്ഥിതി ഡയറക്ടറേറ്റ് എന്‍ജിനീയര്‍ ഡോ. ജൂഡ് സംഘത്തില്‍ ഉണ്ടായിരുന്നില്ല. കൊങ്കണ്‍ റെയില്‍വേ നിയോഗിച്ച വിദഗ്ധ സംഘവും സ്ഥലത്ത് പരിശോധന നടത്തി.
ഇരിട്ടി:ഇരിട്ടിയില്‍ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍.ഉളിയില്‍ സ്വദേശി കേളോത്ത് സമീറിനെ പോലീസ് അറസ്റ്റ് ചെയ്തു.കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ 2 ലക്ഷം രൂപയോളം വില വരുന്ന ഹാന്‍സ്, കൂള്‍ തുടങ്ങിയ നിരോധിത ലഹരിവസ്തുക്കളാണ് പിടികൂടിയത്.