Hivision Channel

Kerala news

ബിശ്വനാഥ് സിന്‍ഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

ബിശ്വനാഥ് സിന്‍ഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി. നിലവില്‍ ആഭ്യന്തര സെക്രട്ടറിയാണ്. 1992 ബാച്ച് IPS ഉദ്യോഗസ്ഥനാണ്. എ ജയതിലക് 30ന് വിരമിക്കും. ശാരദ മുരളീധരന്‍ 2025 ഏപ്രില്‍ 30-ന് വിരമിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ 50ാമത് ചീഫ് സെക്രട്ടറിയായി ജയതിലക് സ്ഥാനമേറ്റത്. ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പുതിയ ചീഫ് സെക്രട്ടറി ആകാനാണ് സാധ്യത. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി , സഞ്ജീവ് കൗശിക് തുടങ്ങിയ പേരുകളും ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയില്‍ ഉണ്ടായിരുന്നു.

പകര്‍ച്ചവ്യാധി വ്യാപനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ആരോഗ്യവകുപ്പ്

പകര്‍ച്ചവ്യാധി വ്യാപനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ആരോഗ്യവകുപ്പ്. ദിവസവും പകര്‍ച്ചവ്യാധി കണക്കുകള്‍ കൈമാറാന്‍, സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്വകാര്യ ആശുപത്രികളിലെ വിവരശേഖരണത്തിന് ആരോഗ്യവകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.

നിലവില്‍ സര്‍ക്കാര്‍ പുറത്തിറക്കുന്നത് സര്‍ക്കാര്‍ ആശുപത്രിയിലെ കണക്കുകള്‍ മാത്രം. ഈ കണക്കുകള്‍ മാത്രമെടുത്ത് ഹോട്ട്‌സ്‌പോട്ടുകള്‍ നിര്‍ണയിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തല്‍. സ്വകാര്യ ആശുപത്രിയിലെ വിവരശേഖരണത്തിന് ആരോഗ്യവകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥനെ ചുമതലപെടുത്തും. സംസ്ഥാനത്ത് ഇന്നലെ മാത്രം 13,747 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.

ഇന്നലെ 159 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കുവിന് പുറമെ എലിപ്പനിയും വ്യാപകമാണ് സംസ്ഥാനത്ത്. ഇന്ന് 22 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.എലിപ്പനി ബാധിച്ച് ഇന്ന് മരിച്ചത് രണ്ടുപേരാണ്. നാലുപേര്‍ക്ക് മലേറിയ ,അമീബിക് മസ്തിഷ്‌കജ്വരം ഒരാള്‍ക്കും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സ തുടരുകയാണ്.

ഡി എച്ച് എസ് സ്ഥലംമാറ്റം; ഡോ. റീനയുടെ സ്ഥലംമാറ്റം ശരിവെച്ച് ഹൈക്കോടതി, അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവ് റദ്ദാക്കി

ഡി എച്ച് എസ് സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഡോ. റീനയ്ക്ക് തിരിച്ചടി. സ്ഥലം മാറ്റം തടഞ്ഞ അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവ് നടപടി ക്രമങ്ങള്‍ പാലിക്കാതെയായിരുന്നുവെന്നും പുതിയ ഡി.എച്ച്.എസിന് ചുമതല ലഭിച്ച ശേഷമാണ് റീന ട്രൈബ്യൂണലിനെ സമീപിച്ചതെന്നും കോടതി വ്യക്തമാക്കി.

പായം പഞ്ചായത്തില്‍ ലോകകപ്പ് ഫുട്‌ബോള്‍ ബോര്‍ഡുകളിലെ പുകയില പരസ്യങ്ങള്‍ക്കെതിരെ ആരോഗ്യ വകുപ്പിന്റെ കര്‍ശന നടപടി

ഇരിട്ടി: പായം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ലോകകപ്പ് ഫുട്‌ബോള്‍ ബോര്‍ഡുകളില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ വ്യാപകമായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് കര്‍ശന പരിശോധന നടത്തി. പലയിടങ്ങളിലും നിയമവിരുദ്ധമായി പുകയില പരസ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ബോര്‍ഡുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം പരസ്യ ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യാനോ, അല്ലെങ്കില്‍ പുകവലി പരസ്യമുള്ള ഭാഗങ്ങള്‍ സ്ഥിരമായി മായ്ച്ചുകളയാനോ അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. നിര്‍ദ്ദേശം ലംഘിച്ച് മുന്നോട്ട് പോകുന്നവര്‍ക്കെതിരെ കോട്പ നിയമപ്രകാരം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഇരിട്ടി താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.പി. സലിമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനോജ് സി. കുറ്റിയാനി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജിതിന്‍ ജോര്‍ജ്, സന്ദീപ് സുധാകരന്‍, ജെ.പി.എച്ച്.എന്‍. ദീപ, എം.എല്‍.എസ്.പി. നിമിഷ, ആശാവര്‍ക്കര്‍ ലീന എന്നിവര്‍ പരിശോധനാ സംഘത്തില്‍ പങ്കെടുത്തു.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ അവശേഷിക്കുന്ന തെളിവുകള്‍ കൂടി നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. കേസില്‍ നിര്‍ണായ തെളിവുകള്‍ കണ്ടെത്താന്‍ ജിതിന്റെ ഫോണ്‍ സ്റ്റേറ്റ് എഫ്എസ്എല്ലിലേക്ക് അയക്കാനുള്ള നടപടി എസ്ഐടി ആരംഭിച്ചു.

സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചത് ജിതിന്‍ ഭാസ്‌കറിന്റെ ഫോണില്‍ നിന്നാണ് എന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ഈ തെളിവുകള്‍ നശിപ്പിക്കാന്‍ ഫോണ്‍, ഫാക്ടറി റീസെറ്റ് ചെയ്യുകയും വാട്സ്ആപ്പ് ഡാറ്റകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജില്ലാ ഫോറന്‍സിക് ലാബിന്റെ പരിശോധനയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായെന്നും എസ്ഐടി സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ അവശേഷിക്കുന്ന തെളിവുകള്‍ കൂടി നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിയുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളും അന്വേഷണ സംഘം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യങ്ങള്‍ എല്ലാം പരിഗണിച്ചാണ് കോടതി ജിതിന്‍ ഭാസ്‌കറിന് ജാമ്യം നിഷേധിച്ചത്. തുടരന്വേഷണം പ്രതിസന്ധിയില്‍ ആകാതിരിക്കാന്‍ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വേണമെന്ന് മുഹമ്മദ് കാസിമിന്റെ അഭിഭാഷകന്‍ എം ടി അഫ്നാസ് പറഞ്ഞു.

നിലവില്‍ മൂന്ന് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കേസില്‍ ജാമ്യം നിഷേധിച്ചത് അന്വേഷണസംഘത്തിന് ഊര്‍ജ്ജം പകരും. ജിതിന്‍ ഭാസ്‌കറിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധി കേന്ദ്രങ്ങളിലേക്കാവും ഇനിയുള്ള അന്വേഷണം. കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്. മുഴുവന്‍ ഡാറ്റയും തിരിച്ചെടുക്കാന്‍ കഴിയില്ലെങ്കിലും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച സാങ്കേതിക വിവരം.

എട്ടുവയസുകാരിയെ വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചു; പാലക്കാട് ലീഗ് നേതാവ് പിടിയില്‍

പാലക്കാട് എട്ടുവയസുകാരിയെ പീഡിപ്പിച്ചു. വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ചു വരുത്തി പീഡനം. പാലക്കാട് ചാലിശേരി കപ്പൂരില്‍ ഒരാള്‍ പിടിയില്‍. ലീഗ് നേതാവ് ഷിഹുബുദീനാണ് പിടിയിലായത്. വീട്ടില്‍ ആരുമില്ലാത്ത സമയം ദളിത് പെണ്‍കുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.

പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി അടങ്ങുന്ന ഒരു സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ഇന്നലെ രാത്രി പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊട്ടാരക്കര ടിപ്പര്‍ അപകടം: ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സില്ല, ലോറിക്ക് 17 വര്‍ഷം പഴക്കം; ഫിറ്റ്‌നസ് റദ്ദാക്കി ആര്‍ടിഒ

കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ കടുത്ത നിയമലംഘനങ്ങള്‍ നടന്നതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. അപകടം വരുത്തിയ ടിപ്പര്‍ ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക് ടിപ്പര്‍ ഓടിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ല. ഒരു മാസം മുന്‍പാണ് ഇയാള്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. അപകടസമയത്ത് വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിലായിരുന്നുവെന്നും അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.

അപകടത്തില്‍പ്പെട്ട വാഹനത്തെക്കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ ഗുരുതരമായ കണ്ടെത്തലുകളാണ് ഉണ്ടായിരിക്കുന്നത്. അപകടമുണ്ടാക്കിയ ടിപ്പര്‍ ലോറിക്ക് 17 വര്‍ഷത്തെ പഴക്കമുണ്ട്. മുന്‍പും പലതവണ നിയമലംഘനങ്ങള്‍ക്ക് ഈ വാഹനം പിടിക്കപ്പെട്ടിട്ടുള്ളതാണ്. അപകടത്തിന് പിന്നാലെ വാഹനത്തിന്റെ ഫിറ്റ്‌നസ് ആര്‍ടിഒ റദ്ദാക്കിയിട്ടുണ്ട്. ഈ വാഹനത്തിന് കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. എന്നാല്‍, നിലവില്‍ ഫിറ്റ്‌നസില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉള്ളതായി കാണുന്നുണ്ടെന്നും ശരിയായ രീതിയിലാണോ ഫിറ്റ്‌നസ് അനുവദിച്ചത് എന്ന് വിശദമായി പരിശോധിക്കുമെന്നും ആര്‍ടിഒ വ്യക്തമാക്കി. ഇതിനായി വിശദമായ പരിശോധന വേണ്ടി വരുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.

മണ്ണ് കയറ്റി വന്ന ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എട്ട് പേരാണ് അപകടത്തില്‍പ്പെട്ടത്. കുടവട്ടൂര്‍ സ്വദേശിയായ ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാര്‍ത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാര്‍ എന്നിവര്‍ അപകടത്തില്‍ മരണപ്പെട്ടു. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളായ കുശാല്‍ (15), ഋഷഭ് ബോബന്‍ (15), നവനീത് (13), ജിബി മോള്‍ (15) എന്നിവര്‍ക്കും ടിപ്പര്‍ ഡ്രൈവര്‍ ചവറ സ്വദേശിയായ നിസാമിനും അപകടത്തില്‍ പരിക്കേറ്റു.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു കേന്ദ്ര കാലാസ്ഥ വകുപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിച്ചിരിക്കുന്നത്. നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. മറ്റന്നാള്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള – കര്‍ണാടക – ലക്ഷദീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധന വിലക്ക് തുടരും. കേരള – ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. കര്‍ണാടക തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സോമാലിയന്‍ തീരം, തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കൊങ്കണ്‍ തീരം, ഗോവ തീരം, മധ്യ കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന കേരളാ തീരം, കന്യാകുമാരി പ്രദേശം, അതിനോട് ചേര്‍ന്ന ലക്ഷദീപ് പ്രദേശം, തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

ടെലഗ്രാം ഇന്ത്യയില്‍ ലഭ്യമായി തുടങ്ങി

ടെലഗ്രാം ഇന്ത്യയില്‍ ലഭ്യമായി തുടങ്ങി. താത്കാലിക നിരോധനത്തിന് ശേഷം സമൂഹമാധ്യമ ആപ്പ് ഇന്ത്യയില്‍ ലഭ്യമായി തുടങ്ങി. ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ആപ്പ് മടങ്ങിയെത്തി. നീറ്റ് പുനപരീക്ഷയുടെ പശ്ചാത്തലത്തിലാണ് ആപ്പിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഈ മാസം 30 വരെ ചില നിയന്ത്രണങ്ങള്‍ തുടരും. ജൂണ്‍ 22 വരെയാണ് ഇന്ത്യയില്‍ ടെലഗ്രാമിന് പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിരുന്നത്. നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ശുപാര്‍ശയെത്തുടര്‍ന്നാണ് നടപടി.

പരീക്ഷാ കാലയളവിലും അതിനു തൊട്ടുപിന്നാലെയുള്ള ദിവസങ്ങളിലും മാത്രമായിരിക്കും ഈ നിയന്ത്രണമെന്നും എന്‍ടിഎ വ്യക്തമാക്കി.നിരോധനത്തിന് പുറമെ, ജൂണ്‍ 30 വരെ ഇന്ത്യയില്‍ മെസ്സേജുകള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ നിര്‍ജ്ജീവനമാക്കാന്‍ ടെലഗ്രാമിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ പഴയ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്ത് പുതിയ ഫയലുകള്‍ അറ്റാച്ച് ചെയ്യുകയും തുടര്‍ന്ന് യഥാര്‍ത്ഥ സമയം മാറാതെയുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജ ചോദ്യപേപ്പര്‍ ചോര്‍ച്ചാ തെളിവുകള്‍ നിര്‍മ്മിക്കാന്‍ ഈ ഫീച്ചര്‍ ദുരുപയോഗം ചെയ്തതായും എന്‍ടിഎ ചൂണ്ടിക്കാട്ടി.

കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് ജോര്‍ജ് കുര്യന്‍

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവച്ചു. രാജ്യസഭാ കാലാവധി കഴിഞ്ഞതോടെയാണ് രാജി. ജോര്‍ജ് കുര്യന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു

മൂന്നാം മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയായിരുന്ന ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്നാണ് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. 2024 ജൂണ്‍ 9നാണ് അദ്ദേഹം ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണവകുപ്പിന്റെ സഹമന്ത്രിയായി ചുമതലയേറ്റത്. ഇനി സജീവ സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് അദ്ദേഹം മടങ്ങുമെന്നും കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള താത്പര്യം ബിജെപി നേതൃത്വത്തിനെ അറിയിച്ചെന്നുമാണ് പുറത്തുവരുന്ന സൂചന.

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍, ദേശീയ മനിര്‍വാഹക സമിതി അംഗം, കോര്‍കമ്മിറ്റിയംഗം, പാര്‍ട്ടി വക്താവ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനായും മുന്‍ റെയില്‍വേ സഹമന്ത്രി ഒ. രാജഗോപാലിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായും ജോര്‍ജ് കുര്യന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.