
കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ കടുത്ത നിയമലംഘനങ്ങള്‍ നടന്നതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. അപകടം വരുത്തിയ ടിപ്പര്‍ ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക് ടിപ്പര്‍ ഓടിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ല. ഒരു മാസം മുന്‍പാണ് ഇയാള്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. അപകടസമയത്ത് വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിലായിരുന്നുവെന്നും അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.
അപകടത്തില്‍പ്പെട്ട വാഹനത്തെക്കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ ഗുരുതരമായ കണ്ടെത്തലുകളാണ് ഉണ്ടായിരിക്കുന്നത്. അപകടമുണ്ടാക്കിയ ടിപ്പര്‍ ലോറിക്ക് 17 വര്‍ഷത്തെ പഴക്കമുണ്ട്. മുന്‍പും പലതവണ നിയമലംഘനങ്ങള്‍ക്ക് ഈ വാഹനം പിടിക്കപ്പെട്ടിട്ടുള്ളതാണ്. അപകടത്തിന് പിന്നാലെ വാഹനത്തിന്റെ ഫിറ്റ്‌നസ് ആര്‍ടിഒ റദ്ദാക്കിയിട്ടുണ്ട്. ഈ വാഹനത്തിന് കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. എന്നാല്‍, നിലവില്‍ ഫിറ്റ്‌നസില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉള്ളതായി കാണുന്നുണ്ടെന്നും ശരിയായ രീതിയിലാണോ ഫിറ്റ്‌നസ് അനുവദിച്ചത് എന്ന് വിശദമായി പരിശോധിക്കുമെന്നും ആര്‍ടിഒ വ്യക്തമാക്കി. ഇതിനായി വിശദമായ പരിശോധന വേണ്ടി വരുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.
മണ്ണ് കയറ്റി വന്ന ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എട്ട് പേരാണ് അപകടത്തില്‍പ്പെട്ടത്. കുടവട്ടൂര്‍ സ്വദേശിയായ ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാര്‍ത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാര്‍ എന്നിവര്‍ അപകടത്തില്‍ മരണപ്പെട്ടു. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളായ കുശാല്‍ (15), ഋഷഭ് ബോബന്‍ (15), നവനീത് (13), ജിബി മോള്‍ (15) എന്നിവര്‍ക്കും ടിപ്പര്‍ ഡ്രൈവര്‍ ചവറ സ്വദേശിയായ നിസാമിനും അപകടത്തില്‍ പരിക്കേറ്റു.














