Hivision Channel

Kerala news

കേരള സാങ്കേതിക സര്‍വകലാശാല യിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ചിനിടെ ബാരിക്കേഡില്‍ കുടുങ്ങി പൊലീസുകാരന്റെ കൈവിരല്‍ അറ്റു

കേരള സാങ്കേതിക സര്‍വകലാശാലയിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ചിനിടെ പൊലീസുകാരന്റെ കൈവിരല്‍ അറ്റു. ഇന്നലെ നടന്ന മാര്‍ച്ചിലായിരുന്നു സംഭവം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡ് കടക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസുകാരന്റെ കൈ കുടുങ്ങുകയായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹികള്‍ അടക്കമുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. പൊലീസുകാരന്റെ ഇടത് കൈവിരലാണ് അറ്റുപോയത്. സര്‍വകലാശാലയിലേക്ക് പ്രവര്‍ത്തകര്‍ കടക്കാതിരിക്കാനായി ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് പിടിച്ച് കുലുക്കുകയും പൊലീസുകാരന്റെ മോതിര വിരലിന്റെ മുകള്‍ ഭാഗം ഇതിനിടയില്‍ പെട്ടുപോകുകയുമായിരുന്നു. ഉടന്‍ തന്നെ ഉദ്യോഗസ്ഥനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. ആരോഗ്യനില തൃപ്തികരമാണ്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 25 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 13,230 രൂപയായി. പവന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പ്പന വില 1,05,840 രൂപ എന്ന നിലയിലേക്ക് എത്തുകയും ചെയ്തു. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 27 രൂപ കുറഞ്ഞ് 14,433 രൂപയിലെത്തിയപ്പോള്‍ ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 10,825 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്.

ഗതാഗത വകുപ്പിന്റെ വന്‍ തീരുമാനം; സംസ്ഥാനത്ത് പുതിയ പോസ്റ്റ് ക്രാഷ് ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കും

സംസ്ഥാനത്തുണ്ടാകുന്ന വലിയ വാഹനാപകടങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ജില്ലകളിലും ‘പോസ്റ്റ് ക്രാഷ് ഇന്‍വെസ്റ്റിഗേഷന്‍ ടീം’ (അപകടാനന്തര അന്വേഷണസംഘം) രൂപീകരിക്കാന്‍ ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി. കൊട്ടാരക്കരയില്‍ കഴിഞ്ഞദിവസമുണ്ടായ ദാരുണമായ ടിപ്പര്‍ ലോറി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രിയുടെ അടിയന്തര ഇടപെടല്‍. അപകടങ്ങളില്‍ കൃത്യമായ ശാസ്ത്രീയ അന്വേഷണം നടത്തി ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയാണ് ഈ സമിതിയുടെ പ്രധാന ചുമതല.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് രൂപീകരിക്കുന്ന ഈ വിദഗ്ദ്ധ സമിതിയില്‍ അതത് ജില്ലയിലെ ആര്‍.ടി.ഒ, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍, പി.ഡബ്ല്യു.ഡി അല്ലെങ്കില്‍ ദേശീയപാത അതോറിറ്റിയിലെ എന്‍ജിനീയര്‍. നാറ്റ്പാക് പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കും. അപകടം നടക്കാന്‍ ഇടയാക്കിയ സാഹചര്യം, റോഡിന്റെ ഘടനയിലുള്ള പിഴവുകള്‍, വാഹനത്തിന്റെ സാങ്കേതിക തകരാറുകള്‍, ഡ്രൈവറുടെ അശ്രദ്ധ എന്നിവ വിശദമായി പരിശോധിച്ച് കൃത്യമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയുമാണ് ഇവരുടെ ചുമതല. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള കര്‍ശന നടപടികളിലേക്ക് ഗതാഗത വകുപ്പ് കടക്കും.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി. 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് വ്യക്തമാക്കിയ കോടതി അംഗങ്ങള്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ചൂണ്ടിക്കാട്ടി. നാലാഴ്ചക്ക് അകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സിപിഎം കൗണ്‍സിലര്‍ എസ് പി ദീപക്ക് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ഭരണഘടനാ ചട്ടങ്ങള്‍ അനുസരിച്ച് അംഗങ്ങളെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ബിശ്വനാഥ് സിന്‍ഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

ബിശ്വനാഥ് സിന്‍ഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി. നിലവില്‍ ആഭ്യന്തര സെക്രട്ടറിയാണ്. 1992 ബാച്ച് IPS ഉദ്യോഗസ്ഥനാണ്. എ ജയതിലക് 30ന് വിരമിക്കും. ശാരദ മുരളീധരന്‍ 2025 ഏപ്രില്‍ 30-ന് വിരമിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ 50ാമത് ചീഫ് സെക്രട്ടറിയായി ജയതിലക് സ്ഥാനമേറ്റത്. ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പുതിയ ചീഫ് സെക്രട്ടറി ആകാനാണ് സാധ്യത. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി , സഞ്ജീവ് കൗശിക് തുടങ്ങിയ പേരുകളും ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയില്‍ ഉണ്ടായിരുന്നു.

പകര്‍ച്ചവ്യാധി വ്യാപനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ആരോഗ്യവകുപ്പ്

പകര്‍ച്ചവ്യാധി വ്യാപനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ആരോഗ്യവകുപ്പ്. ദിവസവും പകര്‍ച്ചവ്യാധി കണക്കുകള്‍ കൈമാറാന്‍, സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്വകാര്യ ആശുപത്രികളിലെ വിവരശേഖരണത്തിന് ആരോഗ്യവകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.

നിലവില്‍ സര്‍ക്കാര്‍ പുറത്തിറക്കുന്നത് സര്‍ക്കാര്‍ ആശുപത്രിയിലെ കണക്കുകള്‍ മാത്രം. ഈ കണക്കുകള്‍ മാത്രമെടുത്ത് ഹോട്ട്‌സ്‌പോട്ടുകള്‍ നിര്‍ണയിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തല്‍. സ്വകാര്യ ആശുപത്രിയിലെ വിവരശേഖരണത്തിന് ആരോഗ്യവകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥനെ ചുമതലപെടുത്തും. സംസ്ഥാനത്ത് ഇന്നലെ മാത്രം 13,747 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.

ഇന്നലെ 159 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കുവിന് പുറമെ എലിപ്പനിയും വ്യാപകമാണ് സംസ്ഥാനത്ത്. ഇന്ന് 22 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.എലിപ്പനി ബാധിച്ച് ഇന്ന് മരിച്ചത് രണ്ടുപേരാണ്. നാലുപേര്‍ക്ക് മലേറിയ ,അമീബിക് മസ്തിഷ്‌കജ്വരം ഒരാള്‍ക്കും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സ തുടരുകയാണ്.

ഡി എച്ച് എസ് സ്ഥലംമാറ്റം; ഡോ. റീനയുടെ സ്ഥലംമാറ്റം ശരിവെച്ച് ഹൈക്കോടതി, അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവ് റദ്ദാക്കി

ഡി എച്ച് എസ് സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഡോ. റീനയ്ക്ക് തിരിച്ചടി. സ്ഥലം മാറ്റം തടഞ്ഞ അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവ് നടപടി ക്രമങ്ങള്‍ പാലിക്കാതെയായിരുന്നുവെന്നും പുതിയ ഡി.എച്ച്.എസിന് ചുമതല ലഭിച്ച ശേഷമാണ് റീന ട്രൈബ്യൂണലിനെ സമീപിച്ചതെന്നും കോടതി വ്യക്തമാക്കി.

പായം പഞ്ചായത്തില്‍ ലോകകപ്പ് ഫുട്‌ബോള്‍ ബോര്‍ഡുകളിലെ പുകയില പരസ്യങ്ങള്‍ക്കെതിരെ ആരോഗ്യ വകുപ്പിന്റെ കര്‍ശന നടപടി

ഇരിട്ടി: പായം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ലോകകപ്പ് ഫുട്‌ബോള്‍ ബോര്‍ഡുകളില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ വ്യാപകമായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് കര്‍ശന പരിശോധന നടത്തി. പലയിടങ്ങളിലും നിയമവിരുദ്ധമായി പുകയില പരസ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ബോര്‍ഡുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം പരസ്യ ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യാനോ, അല്ലെങ്കില്‍ പുകവലി പരസ്യമുള്ള ഭാഗങ്ങള്‍ സ്ഥിരമായി മായ്ച്ചുകളയാനോ അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. നിര്‍ദ്ദേശം ലംഘിച്ച് മുന്നോട്ട് പോകുന്നവര്‍ക്കെതിരെ കോട്പ നിയമപ്രകാരം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഇരിട്ടി താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.പി. സലിമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനോജ് സി. കുറ്റിയാനി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജിതിന്‍ ജോര്‍ജ്, സന്ദീപ് സുധാകരന്‍, ജെ.പി.എച്ച്.എന്‍. ദീപ, എം.എല്‍.എസ്.പി. നിമിഷ, ആശാവര്‍ക്കര്‍ ലീന എന്നിവര്‍ പരിശോധനാ സംഘത്തില്‍ പങ്കെടുത്തു.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ അവശേഷിക്കുന്ന തെളിവുകള്‍ കൂടി നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. കേസില്‍ നിര്‍ണായ തെളിവുകള്‍ കണ്ടെത്താന്‍ ജിതിന്റെ ഫോണ്‍ സ്റ്റേറ്റ് എഫ്എസ്എല്ലിലേക്ക് അയക്കാനുള്ള നടപടി എസ്ഐടി ആരംഭിച്ചു.

സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചത് ജിതിന്‍ ഭാസ്‌കറിന്റെ ഫോണില്‍ നിന്നാണ് എന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ഈ തെളിവുകള്‍ നശിപ്പിക്കാന്‍ ഫോണ്‍, ഫാക്ടറി റീസെറ്റ് ചെയ്യുകയും വാട്സ്ആപ്പ് ഡാറ്റകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജില്ലാ ഫോറന്‍സിക് ലാബിന്റെ പരിശോധനയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായെന്നും എസ്ഐടി സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ അവശേഷിക്കുന്ന തെളിവുകള്‍ കൂടി നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിയുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളും അന്വേഷണ സംഘം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യങ്ങള്‍ എല്ലാം പരിഗണിച്ചാണ് കോടതി ജിതിന്‍ ഭാസ്‌കറിന് ജാമ്യം നിഷേധിച്ചത്. തുടരന്വേഷണം പ്രതിസന്ധിയില്‍ ആകാതിരിക്കാന്‍ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വേണമെന്ന് മുഹമ്മദ് കാസിമിന്റെ അഭിഭാഷകന്‍ എം ടി അഫ്നാസ് പറഞ്ഞു.

നിലവില്‍ മൂന്ന് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കേസില്‍ ജാമ്യം നിഷേധിച്ചത് അന്വേഷണസംഘത്തിന് ഊര്‍ജ്ജം പകരും. ജിതിന്‍ ഭാസ്‌കറിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധി കേന്ദ്രങ്ങളിലേക്കാവും ഇനിയുള്ള അന്വേഷണം. കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്. മുഴുവന്‍ ഡാറ്റയും തിരിച്ചെടുക്കാന്‍ കഴിയില്ലെങ്കിലും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച സാങ്കേതിക വിവരം.

എട്ടുവയസുകാരിയെ വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചു; പാലക്കാട് ലീഗ് നേതാവ് പിടിയില്‍

പാലക്കാട് എട്ടുവയസുകാരിയെ പീഡിപ്പിച്ചു. വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ചു വരുത്തി പീഡനം. പാലക്കാട് ചാലിശേരി കപ്പൂരില്‍ ഒരാള്‍ പിടിയില്‍. ലീഗ് നേതാവ് ഷിഹുബുദീനാണ് പിടിയിലായത്. വീട്ടില്‍ ആരുമില്ലാത്ത സമയം ദളിത് പെണ്‍കുട്ടിയെ വിളിച്ചു വരുത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.

പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി അടങ്ങുന്ന ഒരു സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ഇന്നലെ രാത്രി പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.