
കേരള സാങ്കേതിക സര്‍വകലാശാലയിലേക്കുള്ള എസ്എഫ്‌ഐ മാര്‍ച്ചിനിടെ പൊലീസുകാരന്റെ കൈവിരല്‍ അറ്റു. ഇന്നലെ നടന്ന മാര്‍ച്ചിലായിരുന്നു സംഭവം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡ് കടക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസുകാരന്റെ കൈ കുടുങ്ങുകയായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹികള്‍ അടക്കമുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. പൊലീസുകാരന്റെ ഇടത് കൈവിരലാണ് അറ്റുപോയത്. സര്‍വകലാശാലയിലേക്ക് പ്രവര്‍ത്തകര്‍ കടക്കാതിരിക്കാനായി ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് പിടിച്ച് കുലുക്കുകയും പൊലീസുകാരന്റെ മോതിര വിരലിന്റെ മുകള്‍ ഭാഗം ഇതിനിടയില്‍ പെട്ടുപോകുകയുമായിരുന്നു. ഉടന്‍ തന്നെ ഉദ്യോഗസ്ഥനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. ആരോഗ്യനില തൃപ്തികരമാണ്.














