സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാന്‍ സാധ്യത. വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മലയോരമേഖലകളില്‍ മഴ കനത്തേക്കും. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി. സാങ്കേതിക സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രാത്രി സമയങ്ങളില്‍ മലയോര മേഖലകളിലേക്കുള്ള ഗതാഗതം പൂര്‍ണമായും ഒഴിവാക്കാന്‍ വാഹനയാത്രക്കാര്‍ ശ്രദ്ധിക്കണം. മഴക്കാലമായതിനാല്‍ റോഡുകളില്‍ വാഹനങ്ങള്‍ തെന്നിമാറാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാരും പ്രത്യേകം ശ്രദ്ധിക്കണം. വിനോദസഞ്ചാരികള്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നതിനും വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ജനപ്രതിനിധികള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അതിശക്തമായ കാറ്റില്‍ മരച്ചില്ലകള്‍ ഒടിഞ്ഞുവീഴാന്‍ സാധ്യതയുള്ളതിനാല്‍ മരങ്ങളുടെ ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. വൈദ്യുതി കമ്പികള്‍ പൊട്ടിവീഴാന്‍ സാധ്യതയുള്ളതിനാല്‍ കാല്‍നട യാത്രക്കാരും ജാഗ്രത പാലിക്കണം. ഇടിമിന്നലുള്ള സമയം തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കുക. അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട വകുപ്പുകളെ ഫോണ്‍ വഴി വിവരം അറിയിക്കുക.
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര, ആദ്യം നടപ്പിലാക്കുക ഓര്‍ഡിനറി ബസുകളില്‍ മാത്രം. മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ജൂണ്‍ 15ന് തന്നെ കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. അതിന്റെ തുടര്‍തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി ഗതാഗതമന്ത്രി സിപി ജോണും മുഖ്യമന്ത്രി വിഡി സതീശനുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റില്‍ അവസാനിച്ചത്.
ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം നടപ്പിലാക്കാനാണ് നീക്കം. 100 ദിവസങ്ങളിലെ ലാഭനഷ്ട കണക്കുകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത കമ്മീഷണറോട് ആവശ്യപ്പെടും. ഒരു ഓര്‍ഡിനറി ബസ്സുകള്‍ പോലുമില്ലാത്ത മണ്ഡലങ്ങളില്‍ ബസുകള്‍ കൊണ്ടുവരുന്നത് ആലോചിക്കും. എല്ലാം സ്ത്രീകള്‍ക്കും മറ്റു മാനദണ്ഡങ്ങള്‍ ഇല്ലാതെ സൗജന്യ യാത്ര അനുവദിക്കും. പണം സര്‍ക്കാര്‍ നല്‍കാനാനാണ് തീരുമാനം. അതുകൊണ്ടുതന്നെ കോര്‍പ്പറേഷന് ബാധ്യത ആവില്ല എന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു.
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപനത്തില്‍ കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷയൂണിയനുകള്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോടിക്കണക്കിന് രൂപ പദ്ധതി നടത്തിപ്പിലൂടെ സര്‍ക്കാരിന് ബാധ്യത വരുമെന്നാണ് സിഐടിയു നിലപാട്. സ്ഥാപനത്തിന് ഉണ്ടാകുന്ന ബാധ്യത നികത്താന്‍ കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിലപാടിലാണ് ബിഎംഎസ്.
07/06/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്
08/06/2026: കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്
09/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
മഞ്ഞ അലര്‍ട്ട്
07/06/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്
08/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്
09/06/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്
10/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
11/06/2026: കണ്ണൂര്‍, കാസറഗോഡ്
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
പൊതുജനങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദേശം
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കില്‍ ലഭ്യമാണ്
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്.
ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത മുന്നില്‍ കാണണം. ജലാശയങ്ങള്‍ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കരുത്.
സ്വകാര്യ – പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.
ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്‌ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും.
കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോള്‍ റൂമുകള്‍ ഉണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ എങ്ങനെയാണ് മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലര്‍ട്ടുകളെ മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2025 ല്‍ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2025/08/Orange-Book-of-Disaster-Management-2025.pdf എന്ന ലിങ്കില്‍ ലഭ്യമാണ്.
ജനത്തിന് ഇരുട്ടടിയായി വീണ്ടും പാചകവാതക വില വര്‍ധന. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. കേരളത്തില്‍ സിലിണ്ടര്‍ വില 951 കടന്നു. 3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാര്‍ഹിക എല്‍പിജി വില കൂട്ടുന്നത്.
സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്‌തെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. കോഴിക്കോട് 3 കുട്ടികള്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ രണ്ടു കുട്ടികളെ ഡിസ്ചാര്‍ജ് ചെയ്തു. ബത്തേരിയിലെ പ്രാഥമിക പരിശോധനയില്‍ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതല്‍ പരിശോധന നടത്താന്‍ നിര്‍ദേശിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ സുരക്ഷയില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശുദ്ധീകരിച്ച വെള്ളമേ ഹോട്ടലുകളില്‍ അടക്കം കൊടുക്കാവൂ. ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന കര്‍ശനമാക്കും. വയറിളക്കം കണ്ട സ്‌കൂളിലെ കുഴല്‍ക്കിണറിലെ വെള്ളത്തിനു പ്രശ്‌നം ഇല്ല. സ്‌കൂളിലെ കിണറിന്റെ പരിശോധന ഫലം വന്നിട്ടില്ല. കോഴിക്കോട് ജില്ലയുടെ പല ഭാഗത്തും രോഗ ലക്ഷണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂവെന്നും മന്ത്രി പറഞ്ഞു.
അന്തരിച്ച മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്. പറവൂരിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. പറവൂര്‍ ടൗണ്‍ഹാളിലും വീട്ടിലും അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ആയിരങ്ങള്‍ ഒഴുകിയെത്തി.
രാവിലെ എട്ടുമണിക്ക് ശേഷമാണ് സലിംകുമാറിന്റെ ഭൗതികശരീരം, പറവൂര്‍ ടൗണ്‍ഹാളിലേക്ക് കൊണ്ടുപോയത്. ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പെടെ ഭരണ-രാഷ്ട്രീയ മേഖലയിലുള്ളവര്‍ ടൗണ്‍ഹാളിലെത്തി.
സിനിമാ-സാംസ്‌കാരിക മേഖലയിലെ സഹപ്രവര്‍ത്തകര്‍ പ്രിയ കലാകരന് യാത്രമൊഴി നല്‍കാനെത്തി. കനത്ത മഴയെ അവഗണിച്ച് നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് സലിം കുമാറിന് വിട നല്‍കാനെത്തിയത്.
പിന്നാലെ വീട്ടിലെ പൊതുദര്‍ശനത്തിനും നിരവധിപേര്‍ അവസാന നോക്കുകാണാനെത്തി. വൈകുന്നേരം മൂന്നരയോടെയായിരുന്നു സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ നല്‍കി യാത്രയയപ്പ്. മകന്‍ ചന്തു ചിതയ്ക്ക് തീ പകര്‍ന്നു
മുഖ്യമന്ത്രി വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മന്ത്രി പിസി വിഷ്ണുനാഥ്, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍, എംഎല്‍മാരായ അന്‍വര്‍ സാദത്ത്, രമേശ് പിഷാരടി എന്നിവര്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തി. മലയാളത്തിന്റെ സ്വന്തം സലിംകുമാര്‍ ഇനി നിറഞ്ഞൊരു ചിരിയോര്‍മ.
ഇന്ന് മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും അതിശക്തമായ മഴ തുടരാന്‍ സാധ്യത. ഇന്നും നാളെയും 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും ഓറഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍ പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
വടക്കന്‍ ജില്ലകളില്‍ ഇത്തവണ കൂടുതല്‍ കാലവര്‍ഷമഴ ലഭിക്കുമെന്നാണ് പ്രവചനം. വടക്കന്‍ കേരളത്തിനും കര്‍ണാടകയ്ക്കും മുകളില്‍ നിലനില്‍ക്കുന്ന ചക്രവാത ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. രണ്ട് ദിവസത്തിന് ശേഷം സംസ്ഥാനത്തുടനീളം കാലവര്‍ഷ മഴ ദുര്‍ബലമാകാനാണ് സാധ്യത. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം ഒന്‍പതു വരെ മീന്‍പിടുത്തത്തിന് വിലക്കുണ്ട്. 50 കിലോമീറ്റര്‍ വരെ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കുന്നു.
കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പുറമേരി സ്വദേശിയായ 10 വയസുകാരനും പന്തീരങ്കാവ് സ്വദേശിയായ രണ്ടു വയസ്സുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത വയറിളക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ക്ക് പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗബാധിതരായ കുട്ടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍.
ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അണുബാധയാണ് ഷിഗല്ല. ഷിഗല്ല വിഭാഗത്തില്‍പ്പെടുന്ന ബാക്ടീരിയയാണ് ഷിഗല്ലോസിസ് അഥവാ ഷിഗല്ല രോഗത്തിന് കാരണമാവുന്നത്. ഒന്ന് മുതല്‍ മൂന്ന് ദിവസം വരെയാണ് ഇന്‍ക്യുബേഷന്‍ പിരീഡ്, അഥവാ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനെടുക്കുന്ന സമയം.
പനി,വയറുവേദന, ഛര്‍ദി, വയറിളക്കം, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ഷിഗല്ലയുടെ പ്രധാന ലക്ഷണങ്ങള്‍. കുടലില്‍ പ്രവേശിക്കുന്ന ഷിഗല്ല അവിടെ വച്ച് ഒരു വിഷപദാര്‍ത്ഥം ഉത്പാദിപ്പിക്കുകയും, അത് നമ്മുടെ ദഹനേന്ദ്രിയവ്യവസ്ഥയെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് രേഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. ആദ്യം സാധാരണ വയറിളക്കമായിരിക്കും അനുഭവപ്പെടുക. എന്നാല്‍ പിന്നീട് ഇതില്‍ രക്തം, കഫം, പഴുപ്പ് എന്നിവ കണ്ടുതുടങ്ങും.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ നല്‍കിയ മൊഴി പുറത്ത്. പെട്ടെന്നുണ്ടായ പ്രകോപനത്താലാണ് ആക്രമണമെന്നായിരുന്നു കസ്റ്റഡിയിലുള്ള അഞ്ച് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ഏരിയാ കമ്മിറ്റിയില്‍ നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് സ്ഥലത്തെത്തിയത്. ആക്രമണത്തിന് ആസൂത്രണം ഉണ്ടായിട്ടില്ലെന്നും മൊഴിയില്‍ പറയുന്നു. ഇ ഡി ഉദ്യോഗസ്ഥര്‍ പ്രതികളെ തിരിച്ചറിഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് തിരിച്ചറിഞ്ഞത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥയും ബാങ്ക് ജീവനക്കാരിയുമാണ് ഇവരെ തിരിച്ചറിഞ്ഞത്. 30 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് മ്യൂസിയം പൊലീസ്. കേസിന്റെ അന്വേഷണച്ചുമതല എസിപിക്ക് കൈമാറിയിരുന്നു.
പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും ഇതിനായി വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. കേന്ദ്ര നിബന്ധനകളിലെ എസ്എസ്‌കെ ഫണ്ട് സംസ്ഥാനത്തിന് അനിവാര്യമെന്നും പദ്ധതിയുമായി മുന്നോട്ട് പോയില്ലെങ്കില്‍ ഈ ഫണ്ടുകള്‍ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. പി എം ശ്രീയുമായി മുന്നോട്ടുപോകാന്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ ശ്രമം നടത്തിയെങ്കിലും മുന്നണിയില്‍ നിന്ന് ഉള്‍പ്പെടെ വന്ന എതിര്‍പ്പുകള്‍ അന്നത്തെ വിദ്യാഭ്യാസ വകുപ്പിനെ വന്‍ പ്രതിരോധത്തിലാക്കുകയും അവര്‍ അതില്‍ നിന്ന് പിന്നോട്ടുപോകുകയുമായിരുന്നു. 2025 ഒക്ടോബര്‍ 16ന് മന്ത്രിസഭയോ മുന്നണിയോ അറിയാതെ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും അന്നത്തെ മുഖ്യമന്ത്രിയും മുന്‍കൈയെടുത്താണ് പിഎം ശ്രീയില്‍ ഒപ്പിട്ടതെന്നത് വിവാദമായിരുന്നു. വിദ്യാഭ്യാസനയം മാറ്റേണ്ടി വരുമെന്ന ആശങ്കകളായിരുന്നു അന്ന് പ്രധാനമായും ചര്‍ച്ചയായിരുന്നത്. ഈ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്ന ഉറപ്പുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് പുതിയ വിദ്യാഭ്യാസമന്ത്രിക്ക് മുന്‍പാകെ എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന് അറിയാന്‍ ഉറ്റുനോക്കുകയാണ് സംസ്ഥാനം. നിലവിലെ എസ്സിഇആര്‍ടി പുസ്തകം തന്നെ കുട്ടികളെ പഠിപ്പിച്ചാല്‍ മതിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
പി എം ശ്രീ വിഷയത്തില്‍ പെട്ടെന്ന് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെ അനിവാര്യമാണെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് അന്തിമ തീരുമാനം എടുക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒപ്പിട്ട കരാറുണ്ടെന്നും കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ട് വാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് പുതിയ സര്‍ക്കാര്‍. ഫണ്ടുകള്‍ നല്‍കുന്നതിന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് ഉപാധികള്‍ വെക്കാന്‍ പാടില്ല. അടിയന്തരമായി തീരുമാനം എടുക്കേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു.