Hivision Channel

Kerala news

കസ്റ്റഡി കാലാവധി കഴിഞ്ഞു; ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലിലേക്ക്

അബ്കാരി കേസില്‍ എക്‌സൈസ് കസ്റ്റഡി പൂര്‍ത്തിയാക്കിയ റിപ്പോര്‍ട്ടര്‍ ടി വി മാനേജിങ് എഡിറ്റര്‍ ആന്റോ വീണ്ടും ജയിലിലേക്ക്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷമാണ് മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോയത്.

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു.

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് ഏഴു ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കന്‍ ആന്‍ഡമാന്‍ കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലുള്ള ചക്രവാതചുഴി പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി നാളെ മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്ര ന്യൂന മര്‍ദ്ദമായും, ചൊവ്വാഴ്ച മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ അതി തീവ്ര ന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ മഴ സജീവമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒക്ടോബര്‍ ഒന്നിനകം ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ ബയോമെട്രിക് ആധാര്‍ ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കണം

ഒക്ടോബര്‍ ഒന്നിനകം ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ ബയോമെട്രിക് ആധാര്‍ ഓതന്റിക്കേഷന്‍ (ബിഎഎ) പൂര്‍ത്തിയാക്കണം എന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇതിനോടകം 89 ശതമാനത്തിലധികം പേര്‍ ഇത് പൂര്‍ത്തിയാക്കി. ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് സബ്‌സിഡി ലഭിക്കില്ലെന്നും എന്നാല്‍ സിലിണ്ടര്‍ ലഭിക്കുന്നത് തുടരുമെന്നുമാണ് പെട്രോളിയം മന്ത്രാലയത്തിന്റെ അറിയിപ്പ്. സിലിണ്ടര്‍ ഡെലിവറി സമയത്തോ ഡിസ്ട്രിബ്യൂട്ടര്‍ ഷോറൂമില്‍ നിന്നോ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ മൊബൈല്‍ ആപ്പ് വഴിയോ ഓതന്റിക്കേഷന്‍ ചെയ്യാം. ഇതിനോടകം നാല് തവണ ഇതിനായി സമയം നീട്ടി നല്‍കിയെന്ന് മന്ത്രാലയം ഓര്‍മിപ്പിക്കുന്നു.

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകര്‍ക്കാനെന്ന് പി ജയരാജന്‍

മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനും ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജന്‍. പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകര്‍ക്കാനാണെന്ന് പി ജയരാജന്‍ പ്രതികരിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ആര്‍എസ്എസ് ആണെന്ന് പി ജയരാജന്‍ പറഞ്ഞു. മൂന്ന് സീറ്റ് ചരിത്രത്തില്‍ ആദ്യമായി ബിജെപിക്ക് കിട്ടി. പശ്ചിമ ബംഗാളിന് പിന്നാലെ കേരളത്തിലും ഭരണം കിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ. കേരളം കീഴടക്കണമെങ്കില്‍ സിപിഎമ്മിനെ തകര്‍ക്കണം. അതിന്റെ ഭാഗമായാണ് ഇ ഡി കേരളത്തിലെത്തിയത്. അതാണ് പിണറായിയെയും റിയാസിനെയും കേസില്‍ പെടുത്തുന്നത്. അതില്‍ വി ഡി സതീശന്‍ സന്തോഷത്തിലാണ്. ഇഡിയുടെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും എതിര്‍ക്കണമെന്നും പി ജയരാജന്‍ പറഞ്ഞു.

സെക്രട്ടറിയേറ്റ് അംഗത്വം സംബന്ധിച്ച് താന്‍ ഒരുപാട് പുകഴ്ത്തലുകള്‍ കേള്‍ക്കുന്നുണ്ടെന്ന് പി ജയരാജന്‍ പറഞ്ഞു. സ്വപ്നലോകത്തേക്ക് പോകില്ല. തനിക്ക് സെക്രട്ടറിയേറ്റ് അംഗത്വം വൈകിയെന്നത് വലതുപക്ഷ പ്രചാരണം മാത്രമാണെന്നും പി ജയരാജന്‍ പ്രതികരിച്ചു. പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെയുള്ള ഉള്‍പ്പാര്‍ട്ടി സമരം തുടരും. പയ്യന്നൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളിലെ തോല്‍വിയെ കുറിച്ച് കേന്ദ്ര കമ്മിറ്റി കൃത്യമായി പറഞ്ഞു. തെറ്റിദ്ധരിക്കപ്പെട്ട ആളുകളെ പാര്‍ട്ടിയുടെ ധാരണയ്ക്ക് അനുസരിച്ച് ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. സിപിഎമ്മിനകത്ത് എന്തെങ്കിലും ആശയ കുഴപ്പങ്ങള്‍ ഉണ്ടെങ്കില്‍ തിരുത്താനുള്ള ശക്തി സിപിഎമ്മിനുണ്ടെന്നും പി ജയരാജന്‍ അവകാശപ്പെട്ടു. മന്ത്രി കെ എം ഷാജി സ്വകാര്യ കാറില്‍ സഞ്ചരിച്ചത് അത്ഭുതമാണെന്നും ഇനിയും അങ്ങനെ സഞ്ചരിക്കുമെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പി ജയരാജന്‍ പ്രതികരിച്ചു.

വയനാട് സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ മോഷണം പോയ സംഭവത്തില്‍ പ്രതിയായ പൊലീസുകാരന്‍ പിടിയിലായി

വയനാട് സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ മോഷണം പോയ സംഭവത്തില്‍ പ്രതിയായ പൊലീസുകാരന്‍ പിടിയിലായി. സബിത്തിനെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് പത്താം ദിവസം എറണാകുളത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലായ ഏഴു ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ആണ് മോഷണം പോയത്. ജൂണ്‍ 7ന് ബത്തേരി ദൊട്ടപ്പകുളത്ത് വെച്ച് പിടികൂടിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് ഇത്. ഇവ കോടതിയില്‍ ഹാജരാക്കി തിരികെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച തൊണ്ടിമുതലാണ്. മുറി വൃത്തിയാക്കാനായി സ്റ്റേഷന്‍ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും എത്തിയപ്പോഴാണ് തൊണ്ടിമുതലുകള്‍ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. മുറിയുടെ പൂട്ട് തകര്‍ക്കാതെ, താക്കോല്‍ കൈക്കലാക്കിയാണ് മോഷണം നടന്നിരുന്നത്.

കലാലയ രാഷ്ട്രീയം വിലക്കുമെന്ന ഉള്ളടക്കമുള്ള കേരള സര്‍വകലാശാലയുടെ കരട് മാര്‍ഗരേഖ വിവാദത്തില്‍.

കലാലയ രാഷ്ട്രീയം വിലക്കുമെന്ന ഉള്ളടക്കമുള്ള കേരള സര്‍വകലാശാലയുടെ കരട് മാര്‍ഗരേഖ വിവാദത്തില്‍. നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി രാഷ്ട്രീയഭേദമന്യേ സംഘടനകള്‍ രംഗത്ത് വന്നതോടെ പുറത്തുവന്നത് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ കരട് മാര്‍ഗരേഖ മാത്രമെന്നാണ് സിന്‍ഡിക്കേറ്റ് നല്‍കുന്ന വിശദീകരണം.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍, കൊടിനാട്ടല്‍ മുദ്രാവാക്യങ്ങള്‍, സമരം,റാലി,ധര്‍ണ്ണ, സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ തുടങ്ങിയവയൊന്നും ക്യാമ്പസുകളില്‍ പാടില്ലെന്നാണ് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നത്. ‘ഒരു വിദ്യാര്‍ഥിയും ക്യാമ്പസിനുള്ളില്‍ സംഘടനയുടെ ഭാഗമാകാന്‍ പാടില്ല ‘,ക്യാമ്പസിനുള്ളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കൊടി ബാനര്‍, ചിഹ്നങ്ങള്‍ എന്നിവ പാടില്ല ‘,പരാതി ലഭിച്ചാല്‍ പിഴ അടയ്ക്കുക ട്രാന്‍സ്ഫര്‍ ക്യാമ്പസില്‍ നിന്നും പുറത്താക്കല്‍ വരെ ശിക്ഷ ഉണ്ടാകും.കേരളം സര്‍വകലാശാലയ്ക്ക് കീഴിലുള്ള എല്ലാ ക്യാമ്പസുകളിലും ഈ നിര്‍ദേശങ്ങള്‍ ബാധകമായിരിക്കും.

വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിരോധിക്കാനുള്ള കേരള സര്‍വകലാശാല നീക്കം അംഗീകരിക്കാന്‍ കഴിയില്ല;പിണറായി വിജയന്‍

വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിരോധിക്കാനുള്ള കേരള സര്‍വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍വകലാശാല ക്യാംപസില്‍ നിന്ന് രാഷ്ട്രീയത്തെയും രാഷ്ട്രീയ ബോധത്തെയും തുരത്താന്‍ ശ്രമിക്കുന്നത് ചോദ്യം ചോദിക്കുന്ന തലമുറയെ ഭയക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തുയര്‍ന്നുവന്ന വിദ്യാര്‍ഥി മുന്നേറ്റങ്ങളില്‍ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങള്‍ക്കു പിന്നിലെന്ന് വ്യക്തമാണെന്നും അദ്ദേഹം ഫെയസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.ജനാധിപത്യ വിരുദ്ധമായ ഈ തീരുമാനത്തിനു പുറകിലുള്ളവര്‍ അതില്‍ നിന്ന് പിന്തിരിയുന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിന് കേരളം സാക്ഷിയാവുമെന്നുറപ്പാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഏഷ്യന്‍ ഗെയിംസില്‍ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏഷ്യന്‍ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍. ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദ് വെള്ളി മെഡല്‍ നേടി. ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗ് മെഡല്‍ നേടുന്ന ആദ്യ മലയാളിയായിരിക്കുകയാണ് വിദര്‍ശ. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് വിദര്‍ശയ്ക്ക് മെഡല്‍ ലഭിച്ചത്. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദര്‍ശ.

വിദര്‍ശ അടക്കം മൂന്ന് പേരടങ്ങുന്ന ടീമാണ് മെഡല്‍ നേടിയത്. വിദര്‍ശയുടെ ആദ്യത്തെ ഏഷ്യന്‍ ഗെയിംസാണിത്.

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ കുറവില്ല. ഇന്നലത്തെ വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ കുറവില്ല. ഇന്നലത്തെ വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റ്. പീക്ക് ടൈം ആവശ്യകത 4785 മെഗാവാട്ട്. ഇന്നലെ നിയന്ത്രണം വേണ്ടി വന്നത് രണ്ട് തവണയാണ്. ഇന്ന് വൈദ്യുതി ഉപയോഗം കുറഞ്ഞേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ലഭ്യത ഉറപ്പായില്ലെങ്കില്‍ നിയന്ത്രണം വേണ്ടി വരും. ഇന്നും 900 മെഗാവാട്ട് കുറവ് ഉണ്ടായേക്കും.

ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യത്തില്‍ വൈകുന്നേരം 6.15 മുതല്‍ രാത്രി 12.45 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഏകദേശം 700 മുതല്‍ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

മഴക്കുറവും ഉയര്‍ന്ന അന്തരീക്ഷ താപനിലയും തുടരുന്നതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് നിലയില്‍ തുടരുകയാണ്. മുന്‍കാലങ്ങളിലെ സെപ്റ്റംബര്‍ മാസത്തെ ഡിമാന്‍ഡുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ ഏകദേശം 1200 മെഗാവാട്ട് വരെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്താകെ വൈദ്യുതിയുടെ ആവശ്യകത വന്‍തോതില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ അളവിലും കാര്യമായ ഇടിവുണ്ടായിട്ടുണ്ട്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ അടുത്ത മൂന്നുദിവസം മഴ ലഭിക്കും

ചൂടിന് നേരിയ ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ അടുത്ത മൂന്നുദിവസം മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ നാളെ വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കുമെന്നും മുന്നറിയിപ്പിലുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന നിരമാലക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.