Hivision Channel

Kerala news

നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

പുതിയ കാലത്ത് നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് – തൂഫാന്‍ ജാഗരണ്‍ -ലഹരി വിരുദ്ധ പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മാ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. രാസലഹരിയാണ് ഇന്ന് ലോകം ഭരിക്കുന്നത്. ഇവയുടെ വിതരണക്കാര്‍ക്ക് കുട്ടികളുടെ ഭാഷ അറിയാം, അവരുടെ സൗഹൃദവലയങ്ങളും താല്പര്യങ്ങളും അറിയാം. പുതിയ സാങ്കേതികവിദ്യയും ലഹരി വിതരണക്കാര്‍ക്ക് അറിയാം.

അതിനാല്‍ പൊലീസിന്റെ അന്വേഷണ രീതികളും മാറ്റിക്കൊണ്ടിരിക്കുകയാണ്. ലഹരിയുടെ ശൃംഖലയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പൊലീസ് ഡോഗ് സ്‌ക്വാഡിന് ലഹരി വസ്തുക്കള്‍ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനം നല്‍കി വരികയാണ്. ലഹരി വ്യാപനത്തിന്റെ നൂതന വഴികള്‍ തടയാന്‍ പൊലീസ് പുതിയ സംവിധാനം ആവിഷ്‌കരിച്ചുവരികയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ പോരാട്ടമായി ‘ഓപ്പറേഷന്‍ തൂഫാന്‍’ മാറി.

ലഹരി ഉപയോഗം ഒരു വ്യക്തിയുടെ മാത്രം പ്രശ്നമോ നിയമ പ്രശ്നമോ അല്ല. സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്. ഈ പ്രശ്നം പരിഹരിക്കേണ്ട ഉത്തരവാദിത്തം കേരളാ പൊലീസിന് മാത്രമല്ലെന്നും ഓരോ കുടുംബവും വ്യക്തിയും ഈ പോരാട്ടത്തില്‍ പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു. തൂഫാന്റെ മറ്റൊരു മുഖമായ തൂഫാന്‍ ജാഗരണാണ് ഇപ്പോള്‍ നടക്കുന്നത്. ലഹരി ഉണ്ടാക്കുന്ന ദുസ്സഹമായ സാമൂഹ്യ പ്രശ്നങ്ങളെ ഓരോ വ്യക്തിയുടെയും മനസ്സിലേക്ക് എത്തിക്കുകവഴി അവരെ അതില്‍ നിന്ന് മോചിപ്പിക്കുകയാണ് തൂഫാന്‍ ജാഗരണിന്റെ ലക്ഷ്യം. കുടുംബങ്ങളിലും കോളേജുകളിലും സ്‌കൂളുകളിലും കൃത്യമായ ജാഗ്രത ആവശ്യമാണ്.

വിവാദങ്ങളില്‍ പ്രതികരിച്ച് കാന്തപുരം, ‘ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുന്നു, വിഭാഗീയതയിലേക്ക് വഴി തിരിച്ചുവിടാന്‍ ശ്രമം’

സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടാന്‍ ശ്രമം നടക്കുന്നുവെന്നാണ് കാന്തപുരത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലാണ് കാന്തപുരത്തിന്റെ പരാമര്‍ശം. അണികളോട് സംയമനം പാലിക്കാനും കാന്തപുരത്തിന്റെ ആഹ്വാനം. ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്. ഇതിലൂടെ വിഭാഗീയതയിലേക്ക് വഴി തിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നു. നിക്ഷിപ്ത താല്‍പര്യം തിരിച്ചറിയണം. അറിവന്വേഷണം അട്ടിമറിക്കുന്ന ദുഷ്ടലാക്കാണ്. സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. പ്രവര്‍ത്തകര്‍ പ്രകോപനങ്ങളില്‍ വീഴരുതെന്നും പക്വതയോടെയും വിവേകത്തോടെയും ഇടപെടണമെന്നും കാന്തപുരം ഫേസ്ബുക്കില്‍ കുറിച്ചു. ഇന്നലെ തൃശൂരിലെ വേദിയില്‍ സ്ത്രീകളെ രണ്ടാം സ്ഥാനക്കാരായി കാണുന്നില്ല എന്ന് കാന്തപുരം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം നാളെ കോഴിക്കോട്ട് നടക്കുന്ന മീലാദ് സമ്മേളനത്തില്‍ വിഷയത്തില്‍ കാന്തപുരം കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കും എന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

സീബ്രാ ക്രോസില്‍ നിയമം ലംഘിച്ചു, 5 ദിവസം കൊണ്ട് ചുമത്തിയത് 2,50,631 രൂപ പിഴ

സീബ്രാ ക്രോസിംഗുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഡ്രൈവര്‍മാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്തുടനീളം ‘വൈറ്റ്‌ലൈന്‍ – ലൈഫ്‌ലൈന്‍’ എന്ന പേരില്‍ കേരള പൊലീസിന്റെ ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗം നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 55,207 വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 1038 വാഹനങ്ങള്‍ സീബ്രാ ക്രോസില്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തി, 2,50,631 രൂപ പിഴ ചുമത്തുകയും ചെയ്തു. 2026 ഓഗസ്റ്റ് 20 മുതല്‍ 25 വരെയുള്ള കാലയളവിലാണ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തിയത്.

ഈ കാലയളവില്‍ സംസ്ഥാന വ്യാപകമായി കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിലും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു സ്‌പെഷ്യല്‍ ഡ്രൈവ്. നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രധാന ജംഗ്ഷനുകളിലും അപകട സാധ്യതയുള്ള സ്ഥലങ്ങളിലും തിരക്കേറിയ കാല്‍നട ഇടനാഴികളിലും എന്‍ഫോഴ്‌സ്‌മെന്റ് ടീമുകളെ വിന്യസിച്ചു പരിശോധന നടത്തി. കാല്‍നട യാത്രക്കാര്‍ റോഡ് മറികടക്കുമ്പോള്‍ വേഗത കുറയ്ക്കാത്ത വാഹനങ്ങള്‍, അമിത വേഗതയില്‍ വാഹനമോടിക്കല്‍, കാല്‍നടയാത്രക്കാര്‍ക്ക് നിയമപരമായി അനുശാസിക്കുന്ന വഴിയുടെ അവകാശം അവഗണിക്കല്‍ എന്നിവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു.

സീബ്ര ക്രോസിഗ്, സുരക്ഷിതമായ ഡ്രൈവിംഗ് തുടങ്ങിയവയുടെ പ്രാധാന്യത്തെക്കുറിച്ച് റോഡ് ഉപയോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സമാനമായ സ്‌പെഷ്യല്‍ ഡ്രൈവുകള്‍ തുടരുകയും ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുന്നതാണ്. ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവികള്‍, ട്രാഫിക് സോണല്‍ പോലീസ് സൂപ്രണ്ടുമാര്‍, ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റുകള്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു ഈ സ്‌പെഷ്യല്‍ ഡ്രൈവ്.

സവാള വിലവര്‍ധനയില്‍ ജനങ്ങള്‍ക്ക് ആശ്വാസമൊരുക്കാന്‍ ശക്തമായ വിപണി ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍

സവാള വിലവര്‍ധനയില്‍ ജനങ്ങള്‍ക്ക് ആശ്വാസമൊരുക്കാന്‍ ശക്തമായ വിപണി ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. വിപണിയെ അതിന്റെ വഴിക്ക് വിടില്ലെന്നും ക്രമാതീതമായ വിലവര്‍ധന നിയന്ത്രിക്കാന്‍ ആവശ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തുമെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍.സി.സി.എഫ്.) വഴി 100 ടണ്‍ സവാള സംഭരിച്ച് വിപണിയിലെത്തിക്കും.

ആദ്യഘട്ടമായി 30 ടണ്‍ സവാളയ്ക്കുള്ള ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. സംഭരിക്കുന്ന സവാള ഹോര്‍ട്ടികോര്‍പ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകള്‍ വഴി കിലോയ്ക്ക് 35 നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. സവാള വിലവര്‍ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിച്ച് പി.ആര്‍. ചേംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ വിവിധ വിപണികളില്‍ സവാള വില ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖിന്റെയും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെയും നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് അടിയന്തര വിപണി ഇടപെടലിന് തീരുമാനമായത്. കൊല്ലങ്കോട്, കായംകുളം, ചാല, നോര്‍ത്ത് പറവൂര്‍ തുടങ്ങിയ വിപണികളില്‍ സവാളയുടെ മൊത്തവ്യാപാര വില കിലോയ്ക്ക് 58 മുതല്‍ 80 വരെ ഉയര്‍ന്ന സാഹചര്യത്തില്‍ ഇത്തരം വിപണികള്‍ക്ക് ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കും. തുടര്‍ന്ന് മറ്റ് പ്രദേശങ്ങളിലേക്കും ഇടപെടല്‍ വ്യാപിപ്പിക്കും.

കേരളം പി എം ശ്രീയുടെ ഭാഗമാകണം; വീണ്ടും കത്തയക്കാന്‍ കേന്ദ്രം

കേരളം പിഎം ശ്രീയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രം കത്തയക്കും. ചീഫ് സെക്രട്ടറിക്ക് കത്ത് അയക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എസ്എസ്‌കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയിലാണ് നിലപാട് അറിയിച്ചത്.

ആര്‍ടിഇ പദ്ധതി ഒഴികെ ഉള്ള എസ്എസ്‌കെ ഫണ്ടുകള്‍ക്ക് പി എം ശ്രീ നിര്‍ബന്ധമാക്കുകയാണ് കേന്ദ്രം. ഈ വര്‍ഷം കിട്ടാനുള്ളത് 350 കോടിയാണ്. 1500 കോടി കുടിശ്ശികയുമുണ്ട്. അതേസമയം, പിഎം ശ്രീയില്‍ നയപരമായ തീരുമാനം സര്‍ക്കാര്‍ ഇതുവരെ എടുത്തിട്ടില്ല. പിഎം ശ്രീ നടപ്പാക്കുന്നതില്‍ ലീഗിന് പിന്നാലെ കോണ്‍ഗ്രസിലും ഉയര്‍ന്ന എതിര്‍പ്പുകള്‍ നിര്‍ണ്ണായകമാണ്. കൂടാതെ, ഉപ സമിതി റിപ്പോര്‍ട്ട് നല്‍കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലെ എതിര്‍പ്പ് ആണ് പുതിയ പ്രതിസന്ധി.

ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം

ഏഴ് മാസത്തെ ഇടവേളയ്ക്കും കഴിഞ്ഞ രണ്ട് ദൗത്യങ്ങളിലുണ്ടായ സാങ്കേതിക തിരിച്ചടികള്‍ക്കും ശേഷം ഐ.എസ്.ആര്‍.ഒ. വിജയവഴിയില്‍ തിരിച്ചെത്തി. ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം. ജി.എസ്.എല്‍.വി. എഫ്-17 റോക്കറ്റിലായിരുന്നു വിക്ഷേപണം. ജിയോ സിങ്ക്രണൈസ് ഭ്രമണപഥത്തില്‍ നിന്നുള്ള ഭൂമിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനാവുന്ന ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ജി സാറ്റ് വണ്‍ എ

കഴിഞ്ഞ രണ്ട് ദൗത്യങ്ങളില്‍ സംഭവിച്ച സാങ്കേതിക തിരിച്ചടികള്‍ ഐ.എസ്.ആര്‍.ഓ.യ്ക്ക് ഉണ്ടാക്കിയ സമ്മര്‍ദ്ദം ചെറുതായിരുന്നില്ല. നീണ്ട ഏഴ് മാസത്തെ കൃത്യമായ തിരുത്തലുകള്‍, നിരന്തരമായ ശാസ്ത്രീയ പരിശോധനകള്‍, ഒടുവില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് ജി.എസ്.എല്‍.വി. എഫ്-17 കുതിച്ചുയര്‍ന്നപ്പോള്‍ അത് ഇന്ത്യയുടെ ബഹിരാകാശ അഭിമാനത്തിന്റെ പോരാട്ടം കൂടിയായി.

റോക്കറ്റിന്റെ മൂന്നാം ഘട്ടമായ ക്രയോജനിക് എഞ്ചിന്റെ ജ്വലനം ഇത്തവണ കിറു കൃത്യമായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ അതിര്‍ത്തി മേഖലകളുടെ ഉള്‍പ്പെടെ തുടര്‍ച്ചയായ നിരീക്ഷണം, കാലാവസ്ഥാ പ്രവചനം, പ്രകൃതിദുരന്ത നിരീക്ഷണം, തുടങ്ങിയവ മനസ്സിലാക്കാനുള്ള ഹൈ റെസല്യൂഷന്‍ ക്യാമറകളും സെന്‍സറുകളുമാണ്EOS  05 എന്ന ഉപഗ്രഹത്തിലുള്ളത്. 24 മണിക്കൂറും നിരീക്ഷണം നടത്താന്‍ ഇത് രാജ്യത്തിന് കരുത്താകും.

തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുള്ള ഈ ദൗത്യവിജയം, വരാനിരിക്കുന്ന വാണിജ്യ വിക്ഷേപണങ്ങള്‍ക്കും ഗഗന്‍യാന്‍ ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ക്കും വലിയ ആത്മവിശ്വാസമാണ്ഐഎസ്ആര്‍ഒക്ക് നല്‍കുന്നത്. ജി.എസ്.എല്‍.വി. റോക്കറ്റുകളുടെ വിശ്വസനീയത അടിവരയിടുന്നതു കൂടിയായി ഈ നേട്ടം. പരാജയങ്ങളില്‍ നിന്ന് കൃത്യമായ സാങ്കേതിക മാറ്റങ്ങളോടെ ഐ.എസ്.ആര്‍.ഓ. നടത്തിയ ഈ മുന്നേറ്റം, ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണത്തില്‍ ഉപഗ്രഹ സേവനങ്ങളുടെ പുതിയൊരു അധ്യായത്തിന് കൂടിയാണ് തുടക്കമിടുന്നത്.

ഇന്ന് ശ്രീകൃഷ്ണജയന്തി

ഇന്ന് ശ്രീകൃഷ്ണജയന്തി. സ്‌നേഹത്തിന്റെയും ധര്‍മ്മത്തിന്റെയും സന്ദേശം ഉണര്‍ത്തുന്നതാണ് ഓരോ ശ്രീകൃഷ്ണജയന്തിയും. ഉണ്ണിക്കണ്ണന്റെ ഓര്‍മകളാണ് ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഭക്ത മനസുകളില്‍ നിറയുക. ദ്വാപര യുഗത്തില്‍ ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ എട്ടാം തിഥിയില്‍, രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചതെന്നാണ് വിശ്വാസം.

കേരളത്തില്‍ ശ്രീകൃഷ്ണജയന്തിയെന്നാണ് പേരെങ്കില്‍ മറ്റിടങ്ങളില്‍ ജന്മാഷ്ടമി, ഗോകുലാഷ്ടമി, കൃഷ്ണാഷ്ടമി എന്നെല്ലാം അറിയപ്പെടുന്നു. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും വഴിപാടുകളും നടക്കും. വിപുലമായ പിറന്നാള്‍ സദ്യയും മിക്ക ക്ഷേത്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. പുല്ലാങ്കുഴല്‍ നാദവും മയില്‍പ്പീലിയുടെ മനോഹാരിതയുമൊക്കെയായി ശോഭായാത്രയില്‍ കുസൃതികളുമായി ഉണ്ണിക്കണ്ണന്‍മാരും കുഞ്ഞു രാധമാരും നിറയുന്ന ദിവസം കൂടിയാണിത്.

കുതിച്ചുയര്‍ന്ന് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. രണ്ട് ദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത് 3360 രൂപയാണ്. ഇന്ന് പവന് 960 രൂപയും കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,14,880 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് വര്‍ധിച്ചിരിക്കുന്നത് 120 രൂപയാണ്. ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 14,360 രൂപ നല്‍കേണ്ടി വരും. ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില പവന് 1,15,080 രൂപയായിരുന്നു. ആഗോള വിപണിയിലും സ്വര്‍ണം കുതിക്കുന്നതിന്റെ പ്രതിഫലനമെന്നോണമാണ് കേരളത്തിലും വര്‍ധനയുണ്ടായിരിക്കുന്നത്. യുഎസ് പലിശ നിരക്ക് വര്‍ധന സംബന്ധിച്ച പ്രതീക്ഷകള്‍ ഇടിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സ്വര്‍ണവില രണ്ട് ശതമാനത്തിലധികം ഉയര്‍ന്നിരിക്കുന്നത്.

സംസ്ഥാനത്ത് കുതിച്ച് കയറി സ്വർണ വില, 22 കാരറ്റ് സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 2440 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഇന്നേക്ക് 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 305 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒറ്റയടിക്ക് 2440 രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ കേരളത്തിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14,240 രൂപയും പവന് 1,13,920 രൂപയുമായി. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്.

‘മതങ്ങൾക്ക് സ്‌ത്രീ തുല്യത അംഗീകരിയുന്നതിൽ വിമുഖത’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി എം എ ബേബി

സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. മതങ്ങൾ നിർഭാഗ്യവശാൽ സ്‌ത്രീ തുല്യത അംഗീകരിയുന്നതിൽ വിമുഖത കാണിക്കുന്നുവെന്ന് എം എ ബേബി പ്രതികരിച്ചു. കാന്തപുരത്തിൻ്റെ പ്രതികരണം അതിൻ്റെ ഭാഗമാണ്. ആർഎസ്എസും മോഹൻ ഭാഗവതും ഇതേ സ്വരത്തിൽ പറഞ്ഞിട്ടുണ്ട്. അതിന് സമാനമാണ് കാന്തപുരത്തിന്റെയും പ്രസ്താവന. കാന്തപുരത്തിൻ്റെ പ്രസ്താവന ഭരണ ഘടനാ മൂല്യങ്ങൾക്ക് എതിരാണ്. പ്രതികരണങ്ങൾ നടത്തുന്നവർ സ്വയം പരിശോധന നടത്തണമെന്നും എം എ ബേബി പറഞ്ഞു. മത ശാസനയല്ല ഭരണഘടനാ മൂല്യങ്ങൾക്കാണ് പ്രാധാന്യം. ഭരണഘടനാ മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനമാണ് കാന്തപുരത്തിൻ്റെ പ്രസ്താവനയെന്ന് വിമർശിച്ച എം എ ബേബി, കാന്തപുരം സ്വയം പരിശോധിക്കണമെന്നും വിമർശിച്ചു.അതേസമയം, കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പ്രസ്താവനയോടുള്ള എതിർപ്പ് വ്യക്തമാക്കി വിവിധ നേതാക്കൾ രംഗത്ത് വന്നതോടെ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ് സുന്നി സംഘടനകൾ. കാന്തപുരത്തിൻ്റെ പ്രസ്താവനയോട് തന്ത്രപരമായ അകലം പാലിക്കുകയാണ് ലീഗ്. അതിനിടെ, മുഖ്യമന്ത്രിയുടെ വിമർശനത്തെ ഗൗരവമായി കണ്ട കാന്തപുരം നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സ്ത്രീകൾ പൊതുവേദികളിൽ എത്തുന്ന കാര്യത്തിൽ കാന്തപുരത്തിന്റേത് 19 ആം നൂറ്റാണ്ടിലെ നിലപാട് എന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.