Hivision Channel

Kerala news

തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും അഴിമതിപ്പണവും രണ്ടാണെന്ന് മന്ത്രി കെ മുരളീധരന്‍

മാസപ്പടിക്കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയെക്കുറിച്ച് പ്രതികരണവുമായി മന്ത്രി കെ മുരളീധരന്‍. തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും അഴിമതിപ്പണവും രണ്ടാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും. ഏത് അന്വേഷണവും വരട്ടെ. ഈ ഡയറിയെക്കുറിച്ച് അന്വേഷിച്ചാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. ഇഡി പറഞ്ഞത് കണ്ണടച്ച് വിശ്വസിക്കുന്ന സര്‍ക്കാര്‍ അല്ല കേരളത്തിലേത്. എന്നാല്‍ ഇഡി ഔദ്യോഗികമായ ഒരു കാര്യം ആവശ്യപ്പെട്ടാല്‍ നിര്‍വഹിച്ചേ പറ്റൂ എന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

ശശിധരന്‍ കര്‍ത്തയുടെ ഡയറിയുടെ പേജ് പുറത്തുവിട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് രംഗത്തെത്തിയത് ചര്‍ച്ചയായതിനിടെ ആണ് കെ മുരളീധരന്റെ പ്രതികരണം.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്. പീക്ക് സമയത്ത് നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി നിര്‍ദ്ദേശം

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്. പീക്ക് സമയത്ത് നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി നിര്‍ദ്ദേശം. ഊര്‍ജ്ജം ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ പകല്‍സമയത്ത് ആക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. വാട്ടര്‍ ഹീറ്റര്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ വാഷിംഗ് മെഷീന്‍ പമ്പ് സെറ്റുകള്‍ തുടങ്ങി കൂടുതല്‍ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം പരമാവധി സോളാര്‍ സമയങ്ങളിലേക്ക് മാറ്റണമെന്നും നിര്‍ദേശം.

സര്‍ക്കാര്‍ ഓഫീസുകളില്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് നിര്‍ദേശം നല്‍കി. എസിയുടെ താപനില 25 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരിക്കണം. അനാവശ്യ ദീപാലങ്കാരങ്ങളും പ്രകാശ സംവിധാനവും ഒഴിവാക്കണമെന്നും നിര്‍ദ്ദേശം. അതോറിറ്റിയുടെ പമ്പിങ് പ്രവര്‍ത്തനങ്ങള്‍ പകല്‍ സമയത്ത് മാത്രമേ നടത്താവൂവെന്നു സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഇന്നലെ രാത്രി കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭിച്ചതിനാല്‍ വൈദ്യുതി നിയന്ത്രണം രാത്രി 9 മണിക്ക് ശേഷം ഉണ്ടായില്ല.

വേ ഗ്ലോബല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ നിന്ന് ഇന്നുമുതല്‍ 200 മെഗാ വാട്ട് വൈദ്യുതി കൂടി ലഭിച്ചു തുടങ്ങും. വൈകിട്ട് ആറുമണി മുതല്‍ രാത്രി 12 മണി വരെയുള്ള പീക്ക് സമയങ്ങളില്‍ ആയിരിക്കും വൈദ്യുതി ലഭ്യമാകുക. അടുത്തമാസം 31 വരെ വൈദ്യുതി ലഭ്യമാകുന്ന രീതിയിലാണ് കരാര്‍. ഒരു യൂണിറ്റിന് 11 രൂപ നിരക്കിലാണ് വൈദ്യുതി ലഭിക്കുക. അന്തരീക്ഷ താപനില കുറഞ്ഞതും മഴ പെയ്തതും വൈദ്യുതി ഉപഭോഗത്തില്‍ നേരിയ കുറവ് വരുത്തി. അതേസമയം ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാം എന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രിയുടെ പേരും, പിണറായിയടക്കം പ്രമുഖരുടെ പേരുകള്‍, രേഖകള്‍ പുറത്തുവിട്ട് ഷോണ്‍ ജോര്‍ജ്

മാസപ്പടി കേസില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയുമടക്കം നിരവധി പ്രമുഖരുടെ പേരുമുണ്ടെന്ന് ബി ജെ പി നേതാവ് ഷോണ്‍ ജോര്‍ജ്. എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയായ എസ് എഫ് ഐ ഒ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പുറത്തുവിട്ടാണ് ബി ജെ പി നേതാവ് രംഗത്തെത്തിയിരിക്കുന്നത്. സി എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തായില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ സുപ്രധാന എന്‍ട്രികള്‍ അടങ്ങിയ പേജാണ് ഷോണ്‍ ജോര്‍ജ് പങ്കുവെച്ചത്. എല്‍ ഡി എഫ്, യു ഡി എഫ് പ്രമുഖ നേതാക്കളുടെ പേരുകള്‍ വ്യക്തമായി കുറിച്ചിട്ടുള്ള പേജില്‍ മുഖ്യമന്ത്രി വി ഡി സതീശനും ഉള്‍പ്പെട്ടത് ചൂണ്ടിക്കാട്ടിയ ഷോണ്‍, മാസപ്പടി കേസില്‍ ഇ ഡിയുടെ കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പിണറായിക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാത്തതിന്റെ കാരണം ഇതാണെന്നാണ് പറഞ്ഞുവച്ചിരിക്കുന്നത്. പിണറായി വിജയന്റെ പേര് ‘പി വി’ എന്നല്ല, ‘പിണറായി’ എന്ന് തന്നെയാണ് ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.

ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം നല്‍കി. മറ്റു ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതില്‍ പരിശോധന തുടരും എന്നുമാണ് വിവരം. തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തര്‍ 2012 ല്‍ സമര്‍പ്പിച്ച 55. 72 പവന്‍ തൂക്കമുള്ള സ്വര്‍ണക്കിരീടം കാണാതായി എന്നായിരുന്നു പുറത്തുവന്ന വിവരം. നിലവില്‍ കിരീടം നഷ്ടമായിട്ടില്ല എന്ന് വ്യക്തമായിട്ടുണ്ട്.

ദേവസ്വം രജിസ്റ്ററില്‍ സ്വര്‍ണ്ണകിരീടത്തിന്റെ കണക്കുണ്ടെങ്കിലും ആറന്മുളയിലെ സ്‌ട്രോങ്ങ് റൂമില്‍ ഉള്ളത് മുക്കുപണ്ടമാണോ എന്നായിരുന്നു സംശയം. സ്വര്‍ണ്ണകൊള്ളയുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യുരിയുടെ കണക്കെടുപ്പ് തുടരുകയാണ്. അന്തിമ പരിശോധനാ റിപ്പോര്‍ട്ട് ഉടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ശബരിമലയില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ അവിടുത്തെ സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിക്കാതെ ആറന്മുളയിലെ സുരക്ഷിതമായ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റണമെന്നാണ് ചട്ടം.

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് പ്രതിസന്ധി രൂക്ഷം

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് പ്രതിസന്ധി രൂക്ഷം. പേവിഷ പ്രതിരോധ മരുന്നടക്കം പ്രധാന മരുന്നുകള്‍ പോലും സ്റ്റോക്കില്ല. താഴെ തട്ടിലുള്ള ആശുപത്രികള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാണെന്നാണ് വിവരം. മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കുമുള്ള പര്‍ച്ചൈസ് ഓര്‍ഡറുകളും വൈകിയിട്ടുണ്ട്. കുടിശ്ശിക പ്രതിസന്ധിയും രൂക്ഷമാണ്. പ്രധാന മരുന്നുകള്‍പോലും സ്റ്റോക്കില്ലാത്ത അവസ്ഥയാണ് നിലവില്‍. ഈ സാമ്പത്തിക വര്‍ഷത്തെ 209 ഇനം മരുന്നുകളുടെയും ഉപകരണങ്ങളുടെയും സ്റ്റോക്ക് എത്തിയിട്ടില്ല.

ഇതുകൂടാതെ, ആശുപത്രികളില്‍ മുഴുവന്‍ സമയവും സ്‌പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്നപദ്ധതി തുടക്കത്തിലെ പാളി. മിക്കയിടത്തും ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കാനായില്ല. പദ്ധതി തുടങ്ങിയ പുനലൂരില്‍ പോലും പദ്ധതി പൂര്‍ണ സജ്ജമായില്ല. മലപ്പുറത്ത് പദ്ധതി തുടങ്ങാന്‍പോലും ഇതുവരെ ആയില്ല

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി;പരിഹാരം കാണാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി വിളിച്ച നിര്‍ണായകമായ വിശാല യോഗം ഇന്ന് നടക്കും. ഒക്ടോബര്‍ മാസം മുതല്‍ പ്രതിസന്ധിയും നിയന്ത്രണവും ഒഴിവാക്കാനാനുള്ള മാര്‍ഗങ്ങളെക്കുറിച്ചാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. ദീര്‍ഘകാല കരാറുകള്‍ വേണമോയെന്നടക്കം ആലോചിക്കും. അതേ സമയം ഈ മാസത്തെ പ്രതിസന്ധി കടക്കാന്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് 200 മെഗാവാട്ട് വാങ്ങാന്‍ യൂണിറ്റിന് 11 രൂപയ്ക്ക് വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പ്രത്യേക സാഹചര്യത്തിലാണ് കമ്മീഷന്റെ അനുമതിക്ക് മുമ്പേ വൈദ്യുതി വാങ്ങാനുള്ള ശ്രമം.

സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ വലിയ രീതിയിലുള്ള ചാഞ്ചാട്ടങ്ങളാണ് പ്രകടമാകുന്നത്. ഒരു ദിവസം തന്നെ സ്വര്‍ണവിലയില്‍ പല തവണ മാറ്റം വന്ന ആഴ്ചയാണ് ഇത്.

ഇന്ന് സ്വര്‍ണം ഗ്രാമിന് 140 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 1120 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,11,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 13,995 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

മില്‍മ മലബാര്‍ മേഖല യൂണിയന്‍ പിരിച്ചുവിട്ടതില്‍ അന്വേഷണ സംഘത്തെ രൂപീകരിച്ച് സര്‍ക്കാര്‍

മില്‍മ മലബാര്‍ മേഖല യൂണിയന്‍ പിരിച്ചുവിട്ടതില്‍ അന്വേഷണ സംഘത്തെ രൂപീകരിച്ച് സര്‍ക്കാര്‍. മില്‍മ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ ആണ് സംഘം. ഗുരുതര കണ്ടെത്തലുകള്‍ ഉണ്ടെങ്കില്‍ വിജിലന്‍സ് അന്വേഷണത്തിനും ശിപാര്‍ശ ചെയ്‌തേക്കും. പ്രാഥമിക കണ്ടെത്തലുകളില്‍ മൂന്നംഗ സംഘത്തെയാണ് വിശദ അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. ജോയിന്റ് ഡയറക്ടര്‍ ജയസൂജീഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ സജിനി, അസിസ്റ്റന്റ് ഡയറക്ടര്‍ സ്മിത എന്നിവര്‍ ഉള്‍പ്പെടുന്നത് ആണ് സംഘം.

ഇന്ന് വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.മറ്റ് ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ് ഇല്ല

നാളെ 8 ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഉണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മുന്നറിയിപ്പ് ഉണ്ട്. മറ്റന്നാള്‍ മുതല്‍ മഴയുടെ ശക്തി കുറയും. ബംഗാള്‍ ഉള്‍ക്കടലില്‍ തുടരുന്ന അതിതീവ്ര ന്യൂനമര്‍ദ്ദം ആണ് മഴയുടെ ശക്തി വര്‍ധിക്കാന്‍ കാരണം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഈ മാസം 27ന് ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. തിങ്കള്‍(28) മുതല്‍ മൂന്ന് ദിവസം ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം. ഉപഭോക്താക്കളുടെ സൗകര്യത്തിന് വേണ്ടിയാണ് ഞായറാഴ്ച ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണല്‍ റൂറല്‍ ബാങ്കുകളും ഞായറാഴ്ച സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് (യു.എഫ്.ബി.യു.) പണിമുടക്കിന് ആഹ്വാനംചെയ്തത്. സെപ്റ്റംബര്‍ 26, 27 തീയതികളിലെ വാരാന്ത്യ അവധികള്‍ക്ക് പിന്നാലെയാണ് യു.എഫ്.ബി.യു പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഇടപാടുകാര്‍ക്ക് തടസ്സം സൃഷ്ടിച്ചേക്കാമായിരുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കാനുള്ള നീക്കമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന പണിമുടക്കിന് മുന്‍പായി ഉപഭോക്താക്കള്‍ക്ക് അവശ്യ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പാക്കുകയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യം. പണിമുടക്ക് മാറ്റിവെക്കണമെന്ന് സര്‍ക്കാരും ബാങ്ക് മാനേജ്മെന്റുകളും യൂണിയനുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. പൊതുമേഖലാ ബാങ്കുകള്‍ക്കും റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ക്കും ഞായറാഴ്ച പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍, പണിമുടക്ക് തുടങ്ങുന്നതിന് മുന്‍പ് തന്നെ ഉപഭോക്താക്കള്‍ക്ക് ബാങ്ക് ശാഖകള്‍ വഴിയുള്ള ഇടപാടുകള്‍ നടത്താന്‍ അവസരമുണ്ടാകും.