Hivision Channel

Kerala news

16 കാരിയ്ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം; കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

കോന്നി മെഡിക്കല്‍ കോളജില്‍ 16 വയസ്സുള്ള പെണ്‍കുട്ടിക്ക് 88 കാരിയുടെ എക്‌സറേ റിസള്‍ട്ട് മാറി നല്‍കിയ സംഭവത്തില്‍ നടപടി. എക്‌സറേ കൗണ്ടറില്‍ ജോലി ചെയ്തിരുന്ന താത്കാലിക ജീവനക്കാരനായ ഷാഹുല്‍ഹമീദിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റേതാണ് നടപടി.

സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതേസമയം, ചികിത്സാ പിഴവുണ്ടായെന്ന ആരോപണത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കേസെടുത്തു. ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ സിസിലി ജോസഫ് ആണ് സ്വമേധയാ കേസെടുത്തത്.

ശ്വാസതടസ്സത്തിന് ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിക്ക് എക്‌സ്‌റേ എടുക്കാന്‍ പോയപ്പോള്‍ 86 വയസ്സുള്ള മറ്റൊരു രോഗിയുടെ എക്‌സ്‌റേ ഫിലിം മാറി നല്‍കിയെന്നും, ഇത് ശ്രദ്ധിക്കാതെ ഡോക്ടര്‍ പരിശോധന നടത്തി മരുന്ന് കുറിച്ചുനല്‍കിയെന്നുമുള്ള മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോടും ആശുപത്രി സൂപ്രണ്ടിനോടും സ്ഥലം എസ് എച്ച് ഒയോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

ശബരിമലയില്‍ അരവണ പ്രതിസന്ധി; തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നത് ഒരു ടിന്‍ മാത്രം

ശബരിമലയില്‍ അരവണ പ്രതിസന്ധി. ഒരു ടിന്‍ അരവണ മാത്രമാണ് തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നത്. പുതിയ അരവണ പ്ലാന്റിന്റെ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം. കന്നിമാസ പൂജയ്ക്ക് നടതുറന്നതോടെ നാല്പതിനായിരത്തിലധികം തീര്‍ത്ഥാടകരാണ് സന്നിധാനത്ത് ദിനംപ്രതി എത്തുന്നത്. ഇതോടെ അപ്പത്തിന്റെയും അരവണയുടെ ക്ഷാമം തീര്‍ത്ഥാടകരെ സാരമായി ബാധിക്കും.

20 ദിവസമായി പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ല. പ്ലാന്റ് പുനര്‍നിര്‍മാണമെന്നാണ് ദേവസ്വത്തിന്റെ ഭാ?ഗത്ത് നിന്നുള്ള വിശദീകരണം. ഒരാള്‍ക്ക് ഒരു അരവണ വീതം ആണ് ഇന്നലെ രാത്രിയില്‍ നല്‍കിയത്. ഇതേ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ ബഹളം വച്ചിരുന്നു. മൂന്നുലക്ഷം കരുതല്‍ സ്റ്റോക്ക് ഉണ്ടായിരുന്നു. എന്നാല്‍ തിരക്ക് കൂടിയെന്നാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം. തിരക്ക് മുന്‍കൂട്ടി കാണുന്നതില്‍ ബോര്‍ഡിന് വീഴ്ച പറ്റിയെന്ന് ആക്ഷേപമുയരുന്നുണ്ട്.

അതേസമയം, ശബരിമല സീസണിന്റെ ഒരു മാസം മുമ്പെങ്കിലും കാര്യക്ഷമമായി മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. എന്നാല്‍ ടെണ്ടര്‍-ലേലം നടപടികള്‍ വൈകുന്നതും തിരിച്ചടി ഉണ്ടാകുന്നുണ്ട്. 80 ശതമാനം പ്രവര്‍ത്തനങ്ങള്‍ സെപ്തംബര്‍ പകുതിയോടെ പൂര്‍ത്തീകരിക്കുകയാണ് പതിവ്. എന്നാല്‍ ടെണ്ടര്‍ നടപടികള്‍പോലും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തീര്‍ഥാടനകാലം വിശ്വാസികള്‍ക്ക് ദുരിതകാലമാകും.അരവണ ഡപ്പിയും ഫ്‌ളിപ്പ് ലിഡും ആവശ്യത്തിന് സംഭരിച്ചില്ല. അരവണ ഡപ്പികള്‍ ഓഗസ്തില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ഇതിനുള്ള ടെണ്ടര്‍ നല്‍കിയതേയുള്ളൂ. സീസന്റെ മുന്നൊരുക്കങ്ങള്‍ എവിടെയുമെത്തിയില്ലയെന്നതാണ് വസ്തുത.

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകുന്നേരം 06:15 മുതല്‍ രാത്രി 12:45 മണി വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്നനിലയില്‍ത്തന്നെ തുടരുകയാണ്. മുന്‍കാലങ്ങളിലെ സെപ്റ്റംബര്‍ മാസത്തെ ഡിമാന്‍ഡില്‍നിന്നു ഏകദേശം 1200 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്. സംസ്ഥാനത്തെ ഉയര്‍ന്ന വൈദ്യുതി ഉപയോഗം കാരണം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 700 മുതല്‍ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി അടുത്ത മൂന്നുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി അടുത്ത മൂന്നുദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. നാളെ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ അവസാന ദിവസങ്ങളിലും പ്രതീക്ഷിച്ച മഴ ലഭിക്കാതായതോടെ കൊടുംചൂടാണ് അനുഭവപ്പെടുന്നത്.

ഈ വര്‍ഷം മണ്‍സൂണ്‍ കേരളത്തിന് സമ്മാനിച്ചത് നിരാശ മാത്രമാണ്, വലിയ വരള്‍ച്ചയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും.സെപ്റ്റംബര്‍ ആദ്യ രണ്ടു വാരത്തെ കണക്കെടുത്താല്‍ 95% ആണ് മഴയുടെ അളവിലുണ്ടായ കുറവ്. മഴ തകര്‍ത്തു പെയ്യേണ്ടിയിരുന്ന ജൂണ്‍, ജൂലൈ മാസങ്ങളിലും മണ്‍സൂണ്‍ ദുര്‍ബലമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ബംഗാള്‍ കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുണ്ടായിരുന്നെങ്കിലും കനിഞ്ഞില്ല. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ പോലും കാര്യമായ മഴ ലഭിച്ചതുമില്ല

കോന്നിയില്‍ എക്‌സ്-റേയും മരുന്നും മാറി നല്‍കിയ സംഭവം; വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി എടുക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

കോന്നി മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ മാറിനല്‍കിയ സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി കെ. മുരളീധരന്‍. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനാണ് മന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

അതേസമയം, എക്‌സ്‌റേ മാറിനല്‍കിയതില്‍ വീഴ്ച സംഭവിച്ചെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. എക്‌സ്‌റേ വിതരണം ചെയ്യുന്ന കൗണ്ടറിലാണ് പിഴവ് സംഭവിച്ചതെന്നും ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ റേഡിയോളജി, പള്‍മണോളജി വകുപ്പുകളിലെ ഡോക്ടര്‍മാരോട് വിശദീകരണം തേടുമെന്നും സൂപ്രണ്ട് അറിയിച്ചു.

കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശ്വാസതടസ്സവുമായി ചികിത്സയ്‌ക്കെത്തിയ 16-കാരിക്കാണ് ചികിത്സയിലുള്ള 88-കാരിയുടെ എക്‌സ്‌റേ മാറിനല്‍കിയത്. തുടര്‍ന്ന് ഈ എക്‌സ്‌റേവെച്ച് 16-കാരിയെ നട്ടെല്ലിനുള്ള വളവിന് ചികിത്സിക്കുകയും നാലുദിവസത്തോളം മരുന്ന് കഴിപ്പിക്കുകയും ചെയ്തു.

ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം തോട്ടര എല്‍. പി. സ്‌കൂളിനു സമീപം കോട്ടയില്‍ രാജന്‍-ദീപ മകന്‍ ദമ്പതിമാരുടെ ദില്‍രാജ് ആണ് മരിച്ചത്. 16 വയസായിരുന്നു. കരിമ്പുഴയിലെ ടര്‍ഫില്‍ കൂട്ടുകാരുമായി ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ ദില്‍രാജ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ മാങ്ങോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 130 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സ്വര്‍ണത്തിന്റെ വില ഗ്രാമിന് 14,285 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 1,14,280 രൂപയായി വില. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,155 രൂപയിലും പവന് 1,13,240 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയില്‍ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്.

ലോട്ടറിയിലും വ്യാജന്‍; തിരുവോണം ബമ്പറിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്, ജാഗ്രത വേണമെന്ന് പൊലീസ്

തിരുവോണം ബമ്പറിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്.സെപ്റ്റംബര്‍ 26ന് നറുക്കെടുപ്പ് നടക്കേണ്ട തിരുവോണം ബമ്പറിന്റെ പേരിലാണ് എഐ ഉപയോഗിച്ച് വ്യാജ ടിക്കറ്റ് നിര്‍മിച്ച് തട്ടിപ്പ് നടക്കുന്നത്. തട്ടിപ്പിനിരയായത് അധികവും ഇതര സംസ്ഥാനക്കാരാണ്. 500 രൂപ വരുന്ന തിരുവോണം ബമ്പര്‍ ടിക്കറ്റാണ് 149 രൂപയ്ക്ക് വില്പന നടത്തുന്നത്. വ്യാജ ടിക്കറ്റില്‍ 30 കോടിക്ക് പകരം 25 കോടിയാണ് സമ്മാന തുക.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് വ്യാപകമായി തട്ടിപ്പ് നടത്തുന്നത്. ടിക്കറ്റ് വാങ്ങിയതിന് പിന്നാലെ സമ്മാനം ലഭിച്ചെന്ന് അറിയിച്ച് ഫോണ്‍കോള്‍ വരും. ശേഷം സമ്മാനത്തുക ലഭിക്കണമെങ്കില്‍ രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നതാണ് തട്ടിപ്പ് രീതി. നിരവധി പേരാണ് ഇത്തരത്തില്‍ തട്ടിപ്പിനിരയാവുകയും പണം നഷ്ടമാവുകയും ചെയ്തത്.

ഹൈസ്‌ക്കൂള്‍ ക്ലാസുകളില്‍ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായി

ഹൈസ്‌ക്കൂള്‍ ക്ലാസുകളില്‍ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായി. ഈ അധ്യയന വര്‍ഷത്തേക്കാണ് സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കിയത്. ഇതോടെ 8,9,10 ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന പഠന പിന്തുണ ക്ലാസുകളും ഇല്ലാതാകും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പഠന നിലവാരം ഉറപ്പാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരാണ് 30 ശതമാനം സബ്ജക്ട് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയത്.

എഴുതാനും വായിക്കാനും അറിയാത്തവര്‍ പത്താം ക്ലാസില്‍ എ പ്ലസ് നേടുന്നതായി വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നിലവാരം ഉറപ്പാക്കാന്‍ മിനിമം മാര്‍ക്ക് നിശ്ചയിച്ചത്. ആദ്യഘട്ടത്തില്‍ എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തി. പിന്നീട് ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നു.

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപഭോഗം. ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി. 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. പീക്ക് ടൈമിലെ വൈദ്യുതിയുടെ ആവശ്യകത 5348 മെഗാവാട്ട് ആണ്. ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിക്കുന്നു. 900 മെഗാവാട്ടിന്റെ കുറവ് ഉണ്ടായേക്കാം. രാത്രിയില്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭിച്ചാല്‍ നിയന്ത്രണം ഒഴിവാക്കാന്‍ കഴിഞ്ഞേക്കുമെന്നും വിലയിരുത്തല്‍.

അതേസമയം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനിടെ തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് നിയന്ത്രണം വേണ്ടിവന്നില്ല. കേന്ദ്ര വിഹിതമായ 1610 മെഗാവാട്ട് വൈദ്യുതി പൂര്‍ണ്ണമായി ലഭിച്ചതും നിയന്ത്രണം ഒഴിവാക്കാന്‍ കാരണമായി. കഴിഞ്ഞ 18 ദിവസത്തിനിടെ ഇന്നലെയും മിനിഞ്ഞാന്നും രാത്രിയില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടായില്ല. പവര്‍ ഗ്രിഡില്‍നിന്ന് ആവശ്യത്തിന് വൈദ്യുതി കേരളത്തിന് ലഭിച്ചതാണ് ആശ്വാസമായത്. പീക്ക് ടൈമില്‍ 5196 മെഗാവാട്ട് വൈദ്യുതിയായിരുന്നു ആവശ്യമായി വന്നത്. പ്രതിദിന ഉപഭോഗം 93 ദശലക്ഷത്തിനും മുകളിലായിരുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകയിലും വൈദ്യുതി ഉപയോഗം കുറഞ്ഞത് കേരളത്തിന് അനുഗ്രഹമായി. ഗ്രിഡ് ഫ്രീക്വന്‍സിയില്‍ കാര്യമായ കുറവും അനുഭവപ്പെട്ടില്ല.