
ശബരിമലയില്‍ അരവണ പ്രതിസന്ധി. ഒരു ടിന്‍ അരവണ മാത്രമാണ് തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നത്. പുതിയ അരവണ പ്ലാന്റിന്റെ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം. കന്നിമാസ പൂജയ്ക്ക് നടതുറന്നതോടെ നാല്പതിനായിരത്തിലധികം തീര്‍ത്ഥാടകരാണ് സന്നിധാനത്ത് ദിനംപ്രതി എത്തുന്നത്. ഇതോടെ അപ്പത്തിന്റെയും അരവണയുടെ ക്ഷാമം തീര്‍ത്ഥാടകരെ സാരമായി ബാധിക്കും.
20 ദിവസമായി പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ല. പ്ലാന്റ് പുനര്‍നിര്‍മാണമെന്നാണ് ദേവസ്വത്തിന്റെ ഭാ?ഗത്ത് നിന്നുള്ള വിശദീകരണം. ഒരാള്‍ക്ക് ഒരു അരവണ വീതം ആണ് ഇന്നലെ രാത്രിയില്‍ നല്‍കിയത്. ഇതേ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ ബഹളം വച്ചിരുന്നു. മൂന്നുലക്ഷം കരുതല്‍ സ്റ്റോക്ക് ഉണ്ടായിരുന്നു. എന്നാല്‍ തിരക്ക് കൂടിയെന്നാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം. തിരക്ക് മുന്‍കൂട്ടി കാണുന്നതില്‍ ബോര്‍ഡിന് വീഴ്ച പറ്റിയെന്ന് ആക്ഷേപമുയരുന്നുണ്ട്.
അതേസമയം, ശബരിമല സീസണിന്റെ ഒരു മാസം മുമ്പെങ്കിലും കാര്യക്ഷമമായി മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. എന്നാല്‍ ടെണ്ടര്‍-ലേലം നടപടികള്‍ വൈകുന്നതും തിരിച്ചടി ഉണ്ടാകുന്നുണ്ട്. 80 ശതമാനം പ്രവര്‍ത്തനങ്ങള്‍ സെപ്തംബര്‍ പകുതിയോടെ പൂര്‍ത്തീകരിക്കുകയാണ് പതിവ്. എന്നാല്‍ ടെണ്ടര്‍ നടപടികള്‍പോലും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തീര്‍ഥാടനകാലം വിശ്വാസികള്‍ക്ക് ദുരിതകാലമാകും.അരവണ ഡപ്പിയും ഫ്‌ളിപ്പ് ലിഡും ആവശ്യത്തിന് സംഭരിച്ചില്ല. അരവണ ഡപ്പികള്‍ ഓഗസ്തില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ഇതിനുള്ള ടെണ്ടര്‍ നല്‍കിയതേയുള്ളൂ. സീസന്റെ മുന്നൊരുക്കങ്ങള്‍ എവിടെയുമെത്തിയില്ലയെന്നതാണ് വസ്തുത.














