Hivision Channel

Kerala news

പുന്നാട് വാഹന അപകടത്തിൽ ഒരാൾ മരിച്ചു

ഇരിട്ടി: പുന്നാട് കുന്നിന് കീഴെ ശനിയാഴ്ച രാത്രി 8.45 നുണ്ടായ അപകടത്തിൽ മട്ടന്നൂർ കീച്ചേരി ഒണങ്ങലോട് തൈക്കണ്ടി ഹൗസിൽ ഷിബിൻ കുമാർ (34) മരിച്ചു.കൂടെയുണ്ടായിരുന്ന പുന്നാട് പാലാപ്പറമ്പ് സ്വദേശി ഷിനോജിനെ പരുക്കുകളോടെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിർമാണ തൊഴിലാളികളായ ഷിനോജും ഷിബിനും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ കനത്ത മഴയിൽ പുന്നാട് കുന്നിൻ കീഴെ വെച്ച് ഇവർ സഞ്ചരിച്ച
ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ ഷിബിൻ കുമാറിനെ മട്ടന്നൂർ ഭാഗത്ത് നിന്നും വരികയായിരുന്ന
കാറിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇയാളെ മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കല്ലൂരിലെ എ.ഗോവിന്ദന്റെയും തൈക്കണ്ടി ലളിതയുടെയും മകനാണ് ഷിബിൻ കുമാർ. ഭാര്യ: ഷിജിന.എകമകൾ: ധ്വനി.
സഹോദരങ്ങൾ: ഷൈനി, ഷിനോയി.

കൗണ്‍സിലിംഗ് നടത്തി

പൂളക്കുറ്റി: എല്‍.പി.സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ മാനസിക സമ്മര്‍ദ്ദമകറ്റാന്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇരിട്ടിയിലെ ഹൃദയാരം കൗണ്‍സിലിംഗ് സെന്ററിന്റെ സഹകരണത്തോടെ കൗണ്‍സിലിംഗ് നടത്തി. കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്തംഗം വി.ഗീത, പൂളക്കുറ്റി വാര്‍ഡ് മെമ്പര്‍ ഷോജറ്റ് ചന്ദ്രന്‍ കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍ തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി സന്ദര്‍ശിച്ചു

പേരാവൂര്‍: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്ത ഭൂമിയായ നെടുംപുറംചാല്‍, പൂളക്കുറ്റി പ്രദേശങ്ങള്‍ തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി സന്ദര്‍ശിച്ചു. കാലവര്‍ഷക്കെടുതിയില്‍ ദുരിത ബാധിതരായവരെ നേരില്‍ സന്ദര്‍ശിക്കുകയും ചെയ്തു. നാശനഷ്ടം സംഭവിച്ച ഈ പ്രദേശങ്ങളെ സര്‍ക്കാര്‍ പ്രത്യേകം പഗിഗണിക്കണമെന്നും ദുരിതബാധിതര്‍ക്കായി പ്രത്യേക ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ടി.എസ്.എസ്.എസ് ഡയറക്ടര്‍ ഫാ. ബെന്നി നിരപ്പേല്‍, പൂളക്കുറ്റി ഇടവക വികാരി ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍, പ്രാദേശിക നേതാക്കള്‍
എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

കൂറ്റന്‍ പാറ റോഡിലേക്ക് പതിച്ചു

HIVISION ONLINE

പേരാവൂര്‍: ചെവിടിക്കുന്ന് -തൊണ്ടി റോഡില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തായി കുന്നിടിഞ്ഞ് കൂറ്റന്‍ പാറ റോഡിലേക്ക് പതിച്ചു.കെ.എസ്ഇബി ജീവനക്കാരും,ഡിവൈഎഫ്ഐ പ്രവർത്തകരും നാട്ടുകാരും ചേർന്ന് പാറ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.ഈ സമയം വാഹനങ്ങള്‍ ഇതുവഴി കടന്ന് പോകാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി

HIVISION ONLINE

നിവേദനം നല്‍കാന്‍ തീരുമാനിച്ചു

കേളകം: ഗ്രാമപഞ്ചായത്ത് ശാന്തിഗിരി ഏഴാം വാര്‍ഡ് ഗ്രാമസഭയില്‍ കൈലാസം പടിയിലെ 12 കുടുംബങ്ങളെ അടിയന്തിരമായി മാറ്റിപാര്‍പ്പിക്കാന്‍ സര്‍ക്കാരിലേക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചു. കൂടാതെ ശാന്തിഗിരിയിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് അടിയന്തിരമായി പുനസ്ഥാപിക്കാനും ഗ്രാമസഭ ആവശ്യപ്പെട്ടു. പഞ്ചായത്ത് വികസന സമിതി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് പുളിക്കക്കണ്ടം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമ്മി, കേളകം വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സെബാസ്റ്റ്യന്‍ കുപ്പക്കാട്ട്, അസിസ്റ്റന്റ് സെക്രട്ടറി സുനില്‍ എന്നിവര്‍ സംസാരിച്ചു.

പേരാവൂര്‍ പഞ്ചായത്ത് പരിധിയില്‍ മാത്രം ഒരു കോടി 93 ലക്ഷം രൂപയുടെ നാശനഷ്ടം

പേരാവൂർ:ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളം ഒഴുകിയെത്തി പേരാവൂര്‍ പഞ്ചായത്ത് പരിധിയില്‍ മാത്രം ഒരുകോടി 93 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ അറിയിച്ചു.57 വീടുകള്‍,15 വ്യാപാര സ്ഥാനങ്ങള്‍,5 ഓളം പാലങ്ങള്‍ എന്നിവയ്ക്ക് ഭാഗിക നാശം നഷ്ടം ഉണ്ടായിട്ടുണ്ട്.

hivision online

കാര്‍ഷിക മേഖലയില്‍ 94 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി പ്രാഥമിക കണക്കെടുപ്പിലാണ് ഇത്രയും രൂപയുടെ നഷ്ടം കണക്കാക്കുന്നത്.കണക്കെടുപ്പ് പൂര്‍ത്തിയാവുന്നതോടെ 2 കോടിയില്‍ കൂടുതല്‍ നഷ്ടമുണ്ടാകുമെന്നാണ് കരുതുന്നത്.

കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്ധ്യയ്ക്ക് യാത്രയയപ്പ് നല്‍കി

കൊട്ടിയൂര്‍: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്ധ്യയ്ക്ക് യാത്രയയപ്പ് നല്‍കി. അംഗനവാടിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന ജോര്‍ജ് അധ്യക്ഷത വഹിച്ചു. മറിയക്കുട്ടി, തോമസ്, ഷേര്‍ലി, ബോബി, ബിന്‍സി ഉറുമ്പില്‍, സീമ വടക്കേക്കര എന്നിവര്‍ സംസാരിച്ചു.

ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും നല്‍കി

തെറ്റുവഴി: ഇരിട്ടി ലയണ്‍സ് ക്ലബിന്റെയും എടത്തൊട്ടി ഡിപോള്‍ കോളേജ് ലിയോ ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ തെറ്റുവഴി കൃപാഭവനില്‍ ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും എത്തിച്ച് നല്‍കി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പീറ്റര്‍ ഓരോത്ത്, ലിയോ ക്ലബ് കോര്‍ഡിനേറ്റര്‍ ഡോ.അബ്രഹാം ജോര്‍ജ്ജ്, ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ ജോസഫ് സ്‌കറിയ, സുരേഷ് ബാബു, ഒ വിജേഷ്, ജയന്‍, ലിയോ ക്ലബ്ബ് ഭാരവാഹികളായ ആഷിഫ് പി.കെ, അനല്‍ സാബു, അബിന്‍ ജോസഫ്, അതുല്യ സി.വി എന്നിവര്‍ നേതൃത്വം നല്‍കി.

അടുക്കള സാമഗ്രികള്‍ കൈമാറി

തെറ്റുവഴി: ഉരുള്‍പൊട്ടലില്‍ വെള്ളം കയറി നശിച്ച തെറ്റുവഴി കൃപാ ഭവന് ഇരിട്ടി സീനിയര്‍ ചേമ്പര്‍ അടുക്കള സാമഗ്രികള്‍ കൈമാറി. പ്രസിഡണ്ട് ജോസ് താമരശ്ശേരി, ഭാരവാഹികളായ വി.എം നാരായണന്‍, ഡോ. ശിവരാമകൃഷ്ണന്‍, അഡ്വ. പി.കെ ആന്റണി, ബെന്നി പാലക്കല്‍, തങ്കച്ചന്‍ പടിയൂര്‍ എന്നിവര്‍ പങ്കെടുത്തു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ നാവികസേന ദേശീയ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

ഭാരതീയ നാവിക സേന, നേവല്‍ വൈവ്സ് വെല്‍ഫെയര്‍ അസോസിയേഷനുമായി സഹകരിച്ച് ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്കായി ദേശീയ തല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. സ്‌കൂളിനെ പ്രതിനിധീകരിച്ച് ഒരു ടീമിനൊപ്പം രണ്ട് കുട്ടികള്‍ വീതമായിരിക്കും പങ്കെടുക്കുക. പ്രാരംഭ റൗണ്ടുകള്‍ ഓണ്‍ലൈന്‍ മോഡിലൂടെ ആഗസ്ത് 22 ന് നടക്കും. സെമിഫൈനലിലേക്ക് പതിനാറ് ടീമുകള്‍ മാത്രമായിരിക്കും തെരഞ്ഞെടുക്കുപ്പെടുന്നത്. വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ അല്ലെങ്കില്‍ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്തതും നിര്‍മ്മിച്ചതുമായ മുന്‍നിര യുദ്ധക്കപ്പലിന്റെ ഡെക്ക് അല്ലെങ്കില്‍ ഏഷ്യയിലെ ഏറ്റവും വലിയ നേവല്‍ അക്കാദമിയായ ഇന്ത്യന്‍ നേവല്‍ അക്കാദമി ഇവയില്‍ ഏതെങ്കിലുമൊരു സ്ഥലത്തായിരിക്കും സെമിഫൈനല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുക. സെമി ഫൈനലിസ്റ്റുകളുടെ യാത്ര, ബോര്‍ഡിംഗ്, താമസ ചെലവുകള്‍ എന്നിവ ഇന്ത്യന്‍ നേവി ക്രമീകരിക്കും. കൂടുതല്‍ വിശദാംശങ്ങള്‍ http://www.theindiannavyquiz.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.