Hivision Channel

Kerala news

പഠനശിബിരം

തില്ലങ്കേരി: ബി.ജെ.പി തില്ലങ്കേരി പഞ്ചായത്ത് പഠനശിബിരം നടത്തി. ബി.ജെ.പി തില്ലങ്കേരി പഞ്ചായത്ത് പ്രസിഡണ്ട് എം.വി ശ്രീധരന്റെ അധ്യക്ഷതയില്‍ പുരളിമലയില്‍ നടന്ന പരിപാടി ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് മോഹനന്‍ മാനന്തേരി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മേഖല പ്രസിഡണ്ട് ജിനചന്ദ്രന്‍ മാസ്റ്റര്‍, മട്ടന്നൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി പി എസ് പ്രകാശ് എന്നിവര്‍ ക്ലാസ് എടുത്തു. ഗ്രാമപഞ്ചായത്തംഗങ്ങളായ മനോജ് പടിക്കച്ചാല്‍,ആനന്ദവല്ലി, ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരീഷ് ആലയാട് തുടങ്ങിയവര്‍ സംസാരിച്ചു.പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാന്‍ പ്രവര്‍ത്തനം ആരംഭിച്ച ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്കുവേണ്ട സഹായ സഹകരണങ്ങള്‍ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും നിര്‍ദേശം നല്‍കി.

കേരളത്തിലെ എന്‍ജിനീയറിങ്ങ് പ്രവേശനത്തിന് ഉള്ള സമയപരിധി നവംബര്‍ 30 വരെ നീട്ടി

കേരളത്തിലെ എന്‍ജിനീയറിങ്ങ് പ്രവേശനത്തിന് ഉള്ള സമയപരിധി നവംബര്‍ 30 വരെ നീട്ടി സുപ്രീം കോടതിയുടെ ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി സമയ പരിധി നീട്ടിയത്. കേരളത്തില്‍ 273 ബി ടെക് സീറ്റുകളും 751 എം ടെക് സീറ്റുകളും ഒഴിഞ്ഞ് കിടക്കുകയാണെന്ന് സംസ്ഥാനം സുപ്രീം കോടതിയില്‍ അറിയിച്ചു.

ആഹ്ലാദപ്രകടനം

കാക്കയങ്ങാട്: സഹോദയ നോര്‍ത്ത് കേരള വോളിബോളില്‍ ചമ്പ്യന്മാരായ നവജ്യോതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കാക്കയങ്ങാട് ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി.സ്‌കൂള്‍ മാനേജര്‍ സി. ടീസാ പാലക്കല്‍, പ്രിന്‍സിപ്പാള്‍ സി. അല്‍ഫോന്‍സ് ടോം, അധ്യാപകരായ കൊച്ചുറാണി, ഇ.കെ സൂരജ്, ബാബു മാത്യു, സിന്ധു എലിസബത്ത്, ബിന്‍സി എന്നിവര്‍ പങ്കെടുത്തു.

ആഹ്ലാദ പ്രകടനം

തൊണ്ടിയില്‍: ഇരിട്ടി ഉപജില്ല കായിക മേളയില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ പേരാവൂര്‍ സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആഹ്ലാദ പ്രകടനം നടത്തി. സ്‌കൂളില്‍ നിന്ന് ആരംഭിച്ച ആഹ്ലാദ പ്രകടനം പേരാവൂര്‍ ടൗണ്‍ ചുറ്റി സ്‌കൂളില്‍ സമാപിച്ചു. പേരാവൂര്‍ പഞ്ചായത്ത് അംഗം നൂറുദ്ദീന്‍ മുള്ളേരിക്കല്‍, പ്രധാനാധ്യാപകന്‍ പി.വി തോമസ്, അധ്യാപകരായ ജാന്‍സണ്‍ ജോസഫ്, ബാസില്‍ ആന്റണി, റോബിന്‍ തോമസ്, ജയേഷ് ജോര്‍ജ്, പിടിഎ പ്രസിഡന്റ് സന്തോഷ് കോക്കാട്ട്, ബിന്ദു, സ്വപ്ന എന്നിവര്‍ നേതൃത്വം നല്‍കി.

കുഫോസ് വി.സി നിയമനം റദ്ദാക്കി ഹൈക്കോടതി

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് വൈസ് ചാന്‍സലര്‍ നിയമനം റദ്ദുചെയ്ത് ഹൈക്കോടതി. കുഫോസ് വി സിയായ ഡോ.കെ റിജി ജോണിനെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്.

എറണാകുളം സ്വദേശിയായ ഡോ.കെ കെ വിജയന്‍, ഡോ.സദാശിവന്‍ എന്നിവരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് കുഫോസ് വി സി നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി. യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് റിജി ജോണിന്റെ നിയമനം എന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ റിജി ജോണിന്റെ നിയമനവും നിലനില്‍ക്കില്ല എന്നും ഹര്‍ജിക്കാര്‍ കോടതി മുമ്പാകെ വാദിച്ചു.

പ്രവേശനോത്സവവും ശിശുദിനാഘോഷവും

പേരാവൂര്‍: കല്ലുമുതിരക്കുന്ന് 135-ാം നമ്പര്‍ അംഗന്‍വാടിയുടെ നേതൃത്വത്തില്‍ പ്രവേശനോത്സവവും ശിശുദിനാഘോഷവും സംഘടിപ്പിച്ചു. കോളയാട് ഗ്രാമപഞ്ചായത്ത് അംഗം യശോദാ വത്സരാജ് ഉദ്ഘാടനം ചെയ്തു. അംഗന്‍വാടി വര്‍ക്കര്‍ കെ.സുധ, ഹെല്‍പ്പര്‍ പി.മേരി ജോര്‍ജ്, ലിറ്റി അബ്രഹാം, ലേഖ പ്രദീപ്, സുധാ നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ശിശുദിന റാലി നടന്നു.

കോട്ടയം അഭയകേന്ദ്രത്തില്‍ നിന്ന് പോക്‌സോ കേസ് ഇരകളായ 9 പെണ്‍കുട്ടികളെ കാണാതായി

കോട്ടയം മാങ്ങാനത്ത് പോക്‌സോ കേസ് ഇരകളായ 9 പെണ്‍കുട്ടികളെ കാണാതായി. ശിശുക്ഷേമ സമിതിയുടെ അഭയകേന്ദ്രത്തില്‍ നിന്നാണ് കുട്ടികളെ കാണാതായത്. ഇന്ന് രാവിലെ അഞ്ചരയ്ക്ക് കുട്ടികളെ വിളിച്ചുണര്‍ത്താനായി അധികൃതര്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടികളെ കാണാനില്ല എന്ന വിവരം അറിയുന്നത്. ഈ 9 പേരും പോസ്‌കോ കേസുകളിലെ ഇരകളാണ്. ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെയായി ഇവര്‍ ഇവിടെയാണ് താമസിക്കുന്നത്.

ഇന്ന് ശിശുദിനം കൂടി ആയതുകൊണ്ട് ഒട്ടേറെ പരിപാടികള്‍ അഭയകേന്ദ്രത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാത്രി വൈകിയും അവിടെ ചില മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. കുട്ടികളടക്കം ഈ മുന്നൊരുക്കങ്ങളുടെ ഭാഗമായി അവിടെ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ രാത്രിയിലാണോ ഇവര്‍ പോയത് എന്നുള്ള വിവരം അറിയേണ്ടതുണ്ട്. എന്നാല്‍, രാത്രി കിടക്കുമ്പോഴും രാവിലെ എഴുന്നേല്‍ക്കുമ്പോഴും ഒക്കെ ഇവരുടെ എണ്ണം എടുക്കുന്നതാണ്. കിടക്കുമ്പോള്‍ ഇവരെല്ലാവരും ഉണ്ടായിരുന്നു എന്നാണ് വിവരം. നിലവില്‍ 50ലധികം കുട്ടികളാണ് ഇവിടെ താമസിക്കുന്നത്.

ഇന്ന് ശിശുദിനം

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഓര്‍മ പുതുക്കി ഇന്ന് ശിശുദിനാഘോഷം.ജവഹര്‍ലാല്‍ നെഹ്രുവിന്റെ 133-ാം ജന്മദിനമാണിന്ന്.അലഹബാദില്‍ 1889ലാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജനനം. സ്വാതന്ത്ര്യ സമരസേനാനി, എഴുത്തുകാരന്‍, വാഗ്മി , രാഷ്ട്രതന്ത്രജ്ഞന്‍, എന്നിങ്ങനെ വിവിധ തലങ്ങളില്‍ പ്രശസ്തനായ നെഹ്രു ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആളായാണ് വിലയിരുത്തപ്പെടുന്നത്.ശിശുദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിവിധ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

മാലൂർപ്പടി ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് തുടക്കമായി.

അച്ചന്മാരുടെ സ്ഥാനാരോഹണം, മുദ്രകൈമാറ്റം, ഭദ്രദീപം എന്നിവയോടെയാണ് അഷ്ടമി ഉത്സവത്തിന് തുടക്കമായത്. 14-ന് രാവിലെ ഇളനീർ കണ്ടംചെത്തൽ, കുന്തംകടയൽ, 15-ന് രാവിലെ മുതൽ ക്ഷേത്രചടങ്ങുകൾ, വിളി, ഇളനീർ പോതുകൊള്ളൽ, വേല എഴുന്നള്ളത്ത്, 16-ന് ഉച്ചയ്ക്ക് ഇളനീർ കാവ് വരവ്, അച്ചന്മാരുടെ കുളിച്ചെഴുന്നള്ളത്ത്, കുട എഴുന്നള്ളത്ത്, തൊടീക്കളം ശിവക്ഷേത്രത്തിലേക്കുള്ള ഇളനീർ ഘോഷയാത്ര, 17-ന് മാലൂർപ്പടിയിൽനിന്നും തൊടിക്കളം ശിവക്ഷേത്രത്തിലേക്ക് നെയ്‌ എഴുന്നള്ളത്ത്.

അഷ്ടമിയുത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം 14-ന് തിങ്കളാഴ്ച്ച
രാത്രി ഏഴിന് സ്വാമി സന്ദീപാനന്ദഗിരി ഉദ്ഘാടനം ചെയ്യും. കണ്ണൂർ ഹരിശ്രീയുടെ കന്നിക്കൊയ്ത്ത് നാട്ടറിവ് പാട്ടുകൾ, മാലൂർ പ്രഭാത് ആർട്സ് ക്ലബ്ബിന്റെ നൃത്തസന്ധ്യ, പാട്ടുപെട്ടി, ടീം പയ്യാവൂരിന്റെ കരോക്കെ ഗാനമേള എന്നിവയുണ്ടാകും.

ഓലകൊട്ടകള്‍ കൈമാറി

മണത്തണ: ഇരിട്ടി ഉപജില്ല കലോത്സവം ഹരിതാഭമാക്കാന്‍ ഹരിതകര്‍മ്മസേനയ്ക്ക് ഓലകൊട്ടകള്‍ കൈമാറി. വാര്‍ഡ് മെമ്പര്‍ ബേബി സോജയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. രഞ്ചിത്ത് മാസ്റ്റര്‍, പഞ്ചായത്തംഗങ്ങളായ കെ വി ശരത്ത്, അനില്‍കുമാര്‍, ജോമോന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.