Hivision Channel

Kerala news

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഓര്‍ത്തോപീഡിക്‌സ് വിഭാഗം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു. സാധാരണ ഇത്തരം ഒടിവുമായെത്തുന്ന രോഗികള്‍ക്ക് നല്‍കുന്ന സ്റ്റാന്‍ഡേര്‍ഡ് ചികിത്സയും സര്‍ജറിയുമാണ് ഇവിടെയും നടത്തിയിട്ടുള്ളതെന്നും കൈയിലെ മുട്ടിന് താഴെ ഒടിവുണ്ടായതിനാല്‍ വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയ നടത്തി പ്ലേറ്റ് ഇടുകയായിരുന്നുവെന്നും ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

”കയ്യിലെ ഒടിവിന് താഴെയുള്ള ജോയിന്റ് ഇളകിയതിനാല്‍ അത് ഉറപ്പിക്കാനായി മറ്റൊരു കമ്പി കൂടി ഇട്ടു. തൊലിപ്പുറത്ത് നിന്നും എല്ലിനോട് ചേര്‍ന്നാണ് താല്‍ക്കാലികമായി 4 ആഴ്ചയ്ക്ക് വേണ്ടി ഈ കമ്പി ഇട്ടത്. ഈ കമ്പി പിന്നീട് മാറ്റുന്നതാണ്. ആദ്യമിട്ട പ്ലേറ്റ് അവിടെ തുടരും. അല്ലാതെ കമ്പി മാറിയതല്ല. മറ്റു രോഗികള്‍ക്കും സാധാരണ എങ്ങനെയാണോ ചെയ്യുന്നത് അതാണ് ഈ രോഗിയ്ക്കും ചെയ്തത്. ശസ്ത്രക്രിയ വിജയമാണ്. ഈ മാസം തന്നെ ഇതേ മെഡിക്കല്‍ കോളേജില്‍ ഇത്തരത്തിലുള്ള ഒടിവിനുള്ള ശസ്ത്രക്രിയകള്‍ നടത്തിയ മറ്റു രോഗികളുടെ എക്‌സ്‌റേകളും ഇതിന് തെളിവാണ്’. വസ്തുതകള്‍ അറിയാതെ മെഡിക്കല്‍ കോളേജിനെ മോശമായി ചിത്രീകരിക്കുന്ന തെറ്റിദ്ധാരണ പരത്തുന്ന ആരോപണങ്ങള്‍ നടത്തരുതെന്നും ഡോക്ടര്‍മാര്‍ അഭ്യര്‍ത്ഥിച്ചു.

കണ്ണൂര്‍ ആസ്റ്റര്‍ സ്പോര്‍ട്സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചു

കണ്ണൂര്‍: കായികമേഖലയില്‍ നിന്ന് സംഭവിക്കുന്ന പരിക്കുകളെ ശാസ്ത്രീയമായി സമീപിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ പരിശീലനം നല്‍കുന്നതിനുവേണ്ടി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഓര്‍ത്തോപീഡിക്സ് ആന്റ് സ്പോര്‍ട്സ് മെഡിസിന്‍ സംഘടിപ്പിച്ച ‘കാസികോണ്‍ 2024 ‘ (കണ്ണൂര്‍ ആസ്റ്റര്‍ സ്പോര്‍ട്സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024) സമാപിച്ചു. കായിക പരിശീലനവുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന വിവിധ തരം പരിക്കുകളെയും അനുബന്ധമായ ചികിത്സാ രീതികളെയും സംബന്ധിച്ച വിശദമായ ക്ലാസുകള്‍ക്ക് സ്പോര്‍ട്സ് ഇഞ്ചുറി മാനേജ്മെന്റില്‍ വൈദഗ്ദ്ധ്യം നേടിയ ഡോക്ടര്‍മാര്‍ നേതൃത്വം വഹിച്ചു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഓര്‍ത്തോപീഡിക് ഡോക്ടര്‍മാര്‍, കായിക പരിശീലകര്‍, കായികാദ്ധ്യാപകര്‍, ഫിസിയോതെറാപ്പിസ്റ്റുമാര്‍, കായികതാരങ്ങള്‍ തുടങ്ങിയവര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു. തലശ്ശേരി സബ് കളക്ടര്‍ സന്ദീപ് കുമാര്‍ ഐ എ എസ് മുഖ്യാതിഥിയായിരുന്നു. ഓര്‍ത്തോപീഡിക്, റോബോട്ടിക് ജോയിന്റ് റീപ്ലേസ്മെന്റ് & സ്പോര്‍ട്സ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. നാരായണ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.സീനിയര്‍ കണ്‍സല്‍ട്ടന്റ് ജനറല്‍ മെഡിസിന്‍ വിഭാഗം ഡോ. മുരളിഗോപാല്‍, ഡോ. കണ്ണൂര്‍ ഓര്‍ത്തോ സൊസൈറ്റി പ്രസിഡണ്ട് എ ജെ ഷരീഫ് ,വിവിന്‍ ജോര്‍ജ്ജ് ,സ്‌പോര്‍ട്‌സ് മെഡിസിന്‍ & ആര്‍ത്രോസ്‌കോപിക് സര്‍ജന്‍ ഡോ. ശ്രീഹരി സി കെ എന്നിവര്‍ സംസാരിച്ചു.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാന്‍ സാധ്യത; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാന്‍ സാധ്യത. ഇന്ന് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അടുത്ത 3 ദിവസവും റെഡ് അലേര്‍ട്ടുണ്ട്. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ യെല്ലോ ആലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 19, 20, 21 തിയതികളിലും ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.

മാലദ്വീപ്, കൊമോറിന്‍ മേഖല, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപുകള്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളിലെ ചില മേഖലയില്‍ കാലവര്‍ഷം ഇന്ന് എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയിലും 3 ദിവസം മുന്നേ (മെയ് 22) ആണ് ഇത്തവണ കാലവര്‍ഷ തുടക്കം. കേരളത്തില്‍ മെയ് 31ന് കാലവര്‍ഷം എത്തിച്ചേരുമെന്നാണ് പ്രവചനം.

എറണാകുളത്തെ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പിടിയില്‍

എറണാകുളത്തെ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ എറണാകുളം സ്വദേശികളായ നാലുപേരെയാണ് വൈത്തിരി പോലീസ് പിടികൂടിയത്.

എറണാകുളം മുളന്തുരുത്തി ഏലിയാട്ടേല്‍ വീട്ടില്‍ ജിത്തു ഷാജി, ചോറ്റാനിക്കര വാഴപ്പറമ്പില്‍ വീട്ടില്‍ അലന്‍ ആന്റണി, പറവൂര്‍ കോരണിപ്പറമ്പില്‍ വീട്ടില്‍ ജിതിന്‍ സോമന്‍, ആലുവ അമ്പാട്ടില്‍ വീട്ടില്‍ രോഹിത് രവി എന്നിവരെയാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ലക്കിടി സ്‌കൂളിന് സമീപം പിടികൂടിയത്. ഇവരില്‍ മൂന്നുപേര്‍ കൊലപാതകം, വധ ശ്രമം, മോഷണം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.

കാലിന് ഇടേണ്ട വലിയ കമ്പി കൈയില്‍ ഇട്ടു; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. അപകടത്തില്‍ പരുക്കേറ്റ യുവാവിന് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചിരിക്കുന്നത്. കൈയിലെ എല്ല് പൊട്ടിയതിനെ തുടര്‍ന്ന് കോതിപ്പാലം സ്വദേശി അജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. കൈയിലെ എല്ലു പൊട്ടിയതിന് കാലിന് ഇടേണ്ട വലിയ കമ്പിയാണ് ശസ്ത്രക്രിയ നടത്തി കൈയില്‍ ഇട്ടത്.
വാഹനപകടത്തില്‍ പരുക്കേറ്റ അജിത്തിനെ ഇന്നലെ 12 മണിക്കാണ് ഓപ്പറേഷന്‍ നടത്തിയത്. തുടര്‍ന്ന് എക്സ് റേ പരിശോധിച്ചചതിന് പിന്നാലെ രാത്രി 10 മണിക്ക് അജിത്തിനോട് അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നും പിഴവ് സംഭവിച്ചെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടതായി കുടുംബം പറഞ്ഞു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ അജിത്തിന്റെ കുടുംബം പരാതി നല്‍കി.

കനത്ത മഴയ്ക്കിടെ സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു; കല്ലറ പൊളിഞ്ഞ് മൃതദേഹം പെട്ടിയോടെ പുറത്തുവന്നു

പത്തനംതിട്ടയില്‍ കനത്ത മഴയ്ക്കിടെ പളളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാര്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയുടെ മതിലാണ് തകര്‍ന്നത്. ശവപ്പെട്ടി പിന്നീട് മറ്റൊരിടത്തേയ്ക്ക് മാറ്റി.

വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചിത്രങ്ങളും വീഡിയോയും പുറത്തുവന്നു. എന്നാല്‍ കല്ലറയ്ക്ക് കേടുപാട് പറ്റിയതായി സമ്മതിച്ച പളളി അധികൃതര്‍, ശവപ്പെട്ടി പുറത്തുവന്നുവെന്ന വിവരം നിഷേധിച്ചു.

36 മണിക്കൂറില്‍ കാലവര്‍ഷമെത്തും, ആദ്യമെത്തുക തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും നിക്കോബര്‍ ദ്വീപിലും, കേരളത്തില്‍ 31ന്

കാലവര്‍ഷം അടുത്ത 36 മണിക്കൂറിനുള്ളില്‍ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യത. തുടര്‍ന്ന് മെയ് 31 ഓടെ കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കന്‍ തമിഴ്‌നാടിന് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ ഛത്തീസ്ഗഢില്‍ നിന്ന് തെക്കന്‍ കര്‍ണാടക വരെ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടിരിക്കുന്നു. മറ്റൊരു ന്യൂനമര്‍ദ്ദപാത്തി മറാത്തുവാഡയില്‍ നിന്ന് തെക്കന്‍ തമിഴ്‌നാട് വഴി ചക്രവാത ചുഴിയിലേക്ക് നീണ്ടുനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 6 – 7 ദിവസം ഇടിമിന്നലോടെയും കാറ്റോടും ( 4950 കി മീ / മണിക്കൂര്‍) കൂടിയ മിതമായ, ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മെയ് 19, 20, 21 തിയ്യതികളില്‍ അതി തീവ്രമായ മഴയ്ക്കും മെയ് 19 മുതല്‍ 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ, അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 22 ഓടെ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. വടക്ക് കിഴക്കന്‍ ദിശയില്‍ സഞ്ചരിച്ച് മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിമാനത്തില്‍ തീ; ബെംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി നിലത്തിറക്കി

വിമാനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട പുണെ-ബെംഗളൂരു കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസിനാണ് തീപിടിച്ചത്. യാത്രക്കാര്‍ സുരക്ഷിതരാണ്. തീ കണ്ട ഉടനെ അടിയന്തരമായി വിമാനം തിരിച്ചിറക്കിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം.

വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് തീ കണ്ടത്. 179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പുണെയില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയതായിരുന്നു വിമാനം. ഇവിടെ യാത്രക്കാരെ ഇറക്കി രാത്രി 9.40ന് കൊച്ചിയിലേക്ക് പറക്കേണ്ട വിമാനം രാത്രി പതിനൊന്ന് വരെ വൈകുകയായിരുന്നു. ഇതിനിടെയാണ് സംഭവം.

അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് 12 ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍ കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ രണ്ട് ദിവസവും ഓറഞ്ച് മുന്നറിയിപ്പുമുണ്ട്. അതി തീവ്രമായ മഴ ബുധനാഴ്ച വരെ തുടരാനാണ് സാധ്യത. ചൊവ്വയും ബുധനും 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

കാലവര്‍ഷം ഇന്ന് ആന്‍ഡമാനില്‍ എത്തിച്ചേരുമെന്നാണ് പ്രവചനം. തുടക്കത്തില്‍ വൈകുന്നേരങ്ങളിലും രാത്രിയിലും സജീവമാകുന്ന മഴ, അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് അനുകൂലമാകുന്നത്തോടെ പകല്‍ സമയങ്ങളിലും ലഭിച്ചു തുടങ്ങും. മലയോര മേഖലകളില്‍ മഴ കനക്കാനാണ് സാധ്യത. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ദുരന്തസാധ്യതയുള്ള മേഖലകളില്‍നിന്ന് നിന്ന് ആവശ്യമെങ്കില്‍ ജനങ്ങള്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. കേരള തെക്കന്‍ തമിഴ്നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

പ്ലസ് വണ്‍ സീറ്റ്, വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധം; എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍

വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തില്‍ പ്രതിഷേധിച്ച എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്ലസ് വണ്‍ സീറ്റുകളുടെ ലഭ്യത കുറവുമായി ബന്ധപ്പെട്ടായിരുന്നു നൗഫലിന്റെ പ്രതിഷേധം.

സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി യോഗം വിളിച്ചത്. വിദ്യാര്‍ഥി സംഘടനകള്‍, തൊഴിലാളി യൂണിയനുകള്‍, മഹിളാ സംഘടനകള്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തിയായിരുന്നു യോഗം. മലബാര്‍ മേഖലയില്‍ ആവശ്യത്തിന് ഹയര്‍സെക്കന്‍ഡറി സീറ്റുകളില്ലെന്ന് ചൂണ്ടികാട്ടി പ്രതിഷേധ മുദ്രാവാക്യങ്ങളെഴുതിയ ടീഷര്‍ട്ട് യോഗത്തില്‍ നൗഫല്‍ ഉയര്‍ത്തിക്കാട്ടി.

യോഗം തുടങ്ങിയതും നൗഫല്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. 45530 സീറ്റുകള്‍ മലബാറിന്റെ അവകാശമാണ്. മലബാര്‍ കേരളത്തിലാണെന്നും ടീ ഷര്‍ട്ടില്‍ എഴുതിയിരുന്നു. യോഗത്തില്‍ പ്രതിഷേധിച്ചതിന് നൗഫലിനെ മന്ത്രി വിമര്‍ശിച്ചു. യോഗത്തില്‍ പങ്കെടുക്കാതെ പ്രതിഷേധം തുടര്‍ന്നതോടെ നൗഫലിനെ ഹാളില്‍ നിന്ന് പുറത്താക്കി. എന്നാല്‍ ഹാളിന് പുറത്തുനിന്നും പ്രതിഷേധം തുടര്‍ന്നതോടെ കന്റോണ്‍മെന്റ് പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

മലബാര്‍ മേഖലയില്‍ ഇനിയും കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞ തവണ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ ഇത്തവണ അനുവദിച്ചിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കില്ലെന്ന നിലപാടിനെതിരെ മുസ്ലീം ലീഗ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു നൗഫലിന്റെ പ്രതിഷേധം.