Hivision Channel

Kerala news

കൗണ്ടിംഗ് ഉദ്യോഗസ്ഥർക്കുള്ള ആദ്യ ഘട്ട പരിശീലനം നടന്നു

കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ ഒന്നാം ഘട്ട പരിശീലനം പൂർത്തിയായി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു.

കോൺഫറൻസ് ഹാളിലും കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളിലുമായി അഞ്ച് സെക്ഷനിലായിരുന്നു പരിശീലനം. 178 കൗണ്ടിംഗ് സൂപ്പർവൈസേഴ്സ് 222 കൗണ്ടിംഗ് അസിസ്റ്റൻറ് 178 മൈക്രോ ഒബ്സർവർമാർ എന്നിവരാണ് പരിശീലനത്തിൽ പങ്കെടുത്തത്.

രണ്ടാം ഘട്ട പരിശീലനം മെയ് 28 നും അവസാന ഘട്ട പരിശീലനം ജൂൺ ഒന്നിനും നടക്കും. വോട്ടെണ്ണൽ ജൂൺ 4 നാണ്.

കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കോഴിക്കോട് ഗാന്ധിനഗര്‍ കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് ജൂണ്‍ 25ന് പരിഗണിക്കും.
സംഭവത്തില്‍ സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയെന്ന് കെഎസ്ഇബി കണ്ടെത്തിയിരുന്നു. തലേ ദിവസം പകല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ലെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉദ്യോഗസ്ഥരുടെ അടക്കം മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രിക്ക് കൈമാറും.

കെഎസ്ഇബി ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ ആണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിലാണ് സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയുണ്ടെന്ന് കണ്ടെത്തിയത്. മഴയത്ത് സര്‍വീസ് വയര്‍ തകര ഷീറ്റില്‍ തട്ടിയതോടെ തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചതാകാന്‍ സാധ്യത ഉണ്ട്. കടയുടെ പുറത്ത് ബള്‍ബ് ഉണ്ടായിരുന്നു. ഇതിനായി വലിച്ച വയറിലെ ചോര്‍ച്ചയിലൂടെയും തൂണിലേക്ക് വൈദ്യുതി എത്തിയെന്നും സംശയം ഉണ്ട്.

കടയുടമയുടെ പരാതിയില്‍ തലേന്ന് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ല. നിലവില്‍ ഒരു ഉദ്യോഗസ്ഥന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്. കോവൂര്‍ കെ എസ് ഇ ബി സെക്ഷനിലെ ബാക്കിയുള്ളവരുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാകും വിശദമായ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രിക്ക് കൈമാറുക.

ഇന്നലെ ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നതിനാല്‍ മഴ നനയാതിരിക്കാന്‍ കടയില്‍ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദേശം റദ്ദാക്കി ഹൈക്കോടതി

കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദേശത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. സെനറ്റിലേക്കുള്ള നാല് അംഗങ്ങളുടെ ഗവര്‍ണറുടെ നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി. ആറാഴചയ്ക്കകം പുതിയ നാമനിര്‍ദേശം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് പുതിയ നടപടി.

കേരള സര്‍വകലാശാല നിയമപ്രകാരം ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളില്‍ ഉന്നത മികവ് പുലര്‍ത്തുന്ന നാല് പേരെ ചാന്‍സ്ലറായ ഗവര്‍ണര്‍ക്ക് സെനറ്റിലേക്ക് ശുപാര്‍ശ ചെയ്യാം. സര്‍വകലാശാലയില്‍ നിന്ന് നല്‍കുന്ന പട്ടികയിലെ യോഗ്യരായ വിദ്യാര്‍ത്ഥികളെ ചാന്‍സലര്‍ നാമനിര്‍ദേശം ചെയ്യുന്നതാണ് കീഴ് വഴക്കം. സര്‍വകലാശാല എട്ട് പേരെ നാമനിര്‍ദേശം ചെയ്തിരുന്നു. ഈ ലിസ്റ്റിലെ എട്ട് പേരില്‍ ഒരാളെയും പരിഗണിക്കാതെയാണ് ചാന്‍സലര്‍ നാല് പേരെ നാമനിര്‍ദേശം ചെയ്തത്.

റാങ്ക് ജേതാക്കളെ തള്ളി സര്‍വകലാശാല പരീക്ഷാ ഫലം കാത്ത് നില്‍ക്കുന്ന വിദ്യാര്‍ത്ഥിയെയാണ് പഠന മികവിന്റെ പേരില്‍ നാമ നിര്‍ദേശം ചെയ്തത്. കലാപ്രതിഭയെ പോലും സെനറ്റിലേയ്ക്ക് തിരഞ്ഞെടുക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല.മതിയായ യോഗ്യത ഇല്ലാത്തവരെയായിരുന്നു ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തിരുന്നത്.

രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

ഇരിട്ടി:ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വള്ളിത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ്. വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. മെമ്പര്‍ മട്ടിണി വിജയന്‍ അനുസ്മരണ പ്രഭാഷണം നടത്തി

സോഫ്റ്റ് ബേസ് ബോള്‍ ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം അംഗം അനശ്വര രാജേഷിന് മാടത്തില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി

ഇരിട്ടി:മെയ് 13 മുതല്‍ 17 വരെ നേപ്പാളില്‍ വച്ച് നടന്ന സിനിയര്‍ സോഫ്റ്റ് ബേസ് ബോള്‍ വുമണ്‍ ഏഷ്യ കപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം അംഗമായ മാടത്തില്‍ വാഴപ്പറമ്പിലെ അനശ്വര രാജേഷിന് മാടത്തില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മാടത്തില്‍ ടൗണില്‍ വെച്ച് നടന്ന സ്വികരണ പരിപാടി പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: എം വിനോദ് കുമാര്‍,പഞ്ചായത്ത് അംഗങ്ങളായ പി സാജിത് ,ബിജു കോങ്ങാടന്‍, എന്‍ രവിന്ദ്രന്‍,പി സി പോക്കര്‍, മൃദുല രൂപേഷ്,വി പ്രജീഷ്,രൂപേഷ് സുനില്‍ എന്നിവര്‍ സംസാരിച്ചു

കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ നിയമ നടപടി തുടരുമെന്ന് ഇ പി ജയരാജന്‍

തന്നെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ നിയമ നടപടി തുടരുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കും. അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിനോടും ആവശ്യപ്പെടും. പ്രതികള്‍ക്ക് തന്നോട് നേരിട്ട് വിരോധമില്ല. പിണറായി വിജയനായിരുന്നു അവരുടെ ലക്ഷ്യം. പ്രതികളെ വാടകക്കെടുത്ത് സുധാകരനും സംഘവും ആസൂത്രിതമായി ചെയ്ത സംഭവമാണ്. തങ്ങളുടെ ഭാഗം വ്യക്തമാക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞോയെന്ന് പരിശോധിക്കണം.
ഹൈക്കോടതി അവസാനത്തെ കോടതിയല്ല. തെളിവുകള്‍ ഹാജരാക്കുന്നതില്‍ വിജയിച്ചില്ല എന്ന് വേണം മനസ്സിലാക്കാന്‍. കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

100 മേനി വിജയം നേടിയ സ്‌കൂളുകള്‍ക്ക് കെ.എസ്.യു ആദരവ്

പേരാവൂര്‍:കെ.എസ്.യു മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ ശിവപുരം സ്‌കൂളിന് ഷുഹൈബ് മെമ്മോറിയല്‍ എക്‌സലന്‍സ് അവാര്‍ഡ് നല്‍കി. കോണ്‍ഗ്രസ് ശിവപുരം മണ്ഡലം സെക്രട്ടറി ഹനീഫ ഉപഹാരം പ്രധാന അധ്യാപിക പ്രമീള ടീച്ചര്‍ക്ക് കൈമാറി, കെ.എസ്.യു നേതാക്കളായ ഹരികൃഷ്ണന്‍ പൊറോറ, റൈഹാന്‍ എന്നിവര്‍ സംബന്ധിച്ചു.

ഇ.പി. ജയരാജന്‍ വധശ്രമക്കേസ്; കെ. സുധാകരന്‍ കുറ്റവിമുക്തന്‍

ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ കെ. സുധാകരനെ കുറ്റവിമുക്തനാക്കി. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന സുധാകരന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് സിയാസ് റഹ്മാന്റെതാണ് ഉത്തരവ്.

സുധാകരനെതിരെ ഗൂഢാലോചനകുറ്റമായിരുന്നു ചുമത്തിയിരുന്നത്. 1995 ഏപ്രില്‍ 12-നാണ് സംഭവം. ഇ.പി. ജയരാജന്‍ ചണ്ഡിഗഢില്‍നിന്ന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തീവണ്ടിയില്‍ കേരളത്തിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം.

രാവിലെ പത്തുമണിയോടെ ഇ.പി. ജയരാജന്‍ തീവണ്ടിയിലെ വാഷ് ബേസിനില്‍ മുഖംകഴുകുന്നതിനിടെ ഒന്നാംപ്രതിയായ വിക്രംചാലില്‍ ശശി വെടിയുതിര്‍ക്കുകയായിരുന്നു. ഇ.പി. ജയരാജന്റെ കഴുത്തിനാണ് വെടിയേറ്റത്.

ശശിക്കുപുറമേ പേട്ട ദിനേശന്‍, ടി.പി. രാജീവന്‍, ബിജു, കെ. സുധാകരന്‍ എന്നിവരാണ് മറ്റു പ്രതികള്‍. പ്രതികള്‍ തിരുവനന്തപുരത്ത് താമസിച്ച് ഗൂഢാലോചന നടത്തിയെന്നും തുടര്‍ന്ന് ശശിയെയും ദിനേശനെയും ജയരാജനെ ആക്രമിക്കാന്‍ നിയോഗിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഈ കേസില്‍നിന്ന് തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സുധാകരന്‍ ഹര്‍ജി ഫയല്‍ചെയ്തത്.

അവയവക്കടത്ത് കേസ്; സബിത്ത് രണ്ടാഴ്ച മുന്‍പ് പോലും ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയെന്ന് വിവരം

കൊച്ചി അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ സബിത്ത് രണ്ടാഴ്ച മുന്‍പ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയി. സബിത്ത് അവയവക്കച്ചവടം നടത്തിയ ആളുകളെ കണ്ടെത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് തീരുമാനം.

ഏതൊക്കെ അവയവങ്ങള്‍ നഷ്ടപ്പെട്ടു എന്ന് കണ്ടെത്തുന്നതിനാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത്. വൃക്കയ്ക്ക് പുറമേ കരളിന്റെ ഭാഗവും കച്ചവടം ചെയ്തതായി സംശയമുണ്ട്. അവയവ കച്ചവടത്തിന് പോയ ഇതര സംസ്ഥാന തൊഴിലാളികളില്‍ ചിലര്‍ തിരികെ വന്നില്ല. ഇവര്‍ക്ക് എന്ത് സംഭവിച്ചു എന്ന് കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുകയാണ്.

മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്വന്തം ചെലവില്‍; ഖജനാവില്‍ നിന്ന് പണം മുടക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ

മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്വന്തം ചെലവിലെന്ന് വിവരാവകാശ രേഖ. യാത്രയ്ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം മുടക്കിയിട്ടില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ സുരക്ഷാ ഉദ്യോഗസ്ഥരോ ഒപ്പമുണ്ടായിരുന്നില്ല. മുഹമ്മദ് റിയാസ്, ഗണേഷ് കുമാര്‍ എന്നിവരുടെ യാത്രയും സ്വന്തം ചെലവിലാണ്. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ യാത്ര സ്വന്തം ചിലവില്‍ ആയിരുന്നു എന്നും വിവരാവകാശ രേഖയില്‍ പറയുന്നു.