Hivision Channel

Kerala news

വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു

രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. കൊച്ചിയിലെ വില 1810 രൂപ 50 പൈസയാണ്. നേരത്തെ 1749 രൂപയായിരുന്നു.

ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കൊല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില ഉയര്‍ന്നത്.

കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. സെപ്തംബറില്‍ 39 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്.

എഡിഎമ്മിന്റെ മരണം; പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയില്‍ ഹാജരാക്കണമെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. രണ്ട് ദിവസത്തേക്കാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആദ്യ ദിവസം അറസ്റ്റിലായപ്പോള്‍ തന്നെ ചോദ്യം ചെയ്തതിനാല്‍ ഇനിയും കൂടുതല്‍ സമയം ആവശ്യമാണോയെന്ന് കോടതി ചോദിച്ചു. അതിനിടെ ജിവ്യയുടെ ജാമ്യ ഹര്‍ജി ഇന്ന് തലശേരി കോടതി പരിഗണിക്കും. ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും. കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനു പിന്നാലെയാണ് കഴിഞ്ഞദിവസം ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിലാണ് കഴിഞ്ഞിരുന്നത്. കെ.വിശ്വനാണ് ദിവ്യയ്ക്ക് വേണ്ടി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.

ആര്‍ക്കും നിര്‍ഭയം കടന്നുചെല്ലാവുന്ന സ്ഥലമായി പൊലീസ് സ്റ്റേഷനുകള്‍ മാറിയെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ സംസ്ഥാനത്തെ പൊലീസില്‍ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ക്കും നിര്‍ഭയം കടന്നുചെല്ലാവുന്ന സ്ഥലമായി പൊലീസ് സ്റ്റേഷനുകള്‍ മാറി. കുറ്റവാളികള്‍ക്കെതിരെ മുഖംനോക്കാതെ പൊലീസ് നടപടിയെടുക്കുന്നുണ്ടെന്നും ഒരിക്കലും പിടികൂടില്ലെന്ന് കരുതിയവരെ വരെ പൊലീസ് കല്‍ത്തുറുങ്കിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് തടയാന്‍ പൊലിസ് നല്ല പ്രചരണം നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസിന്റെ പോര്‍ട്ടലില്‍ 31107 പരാതികളാണ് സെപ്തംബര്‍ വരെ എത്തിയത്. 79 കോടിയിലധികം രൂപ തിരിച്ചു പിടിച്ചു. 37807 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പൊലീസില്‍ ചിലര്‍ ജനങ്ങളുടെ യജമാനന്മാരെന്ന ഭാവത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 108 പൊലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന ആരും സേനയില്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. പിരിച്ചുവിടല്‍ നടപടികള്‍ ഇനിയും തുടരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി കുറ്റവാളികളായ ആരെയും പൊലീസില്‍ തുടരാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

കേരളത്തിന് ഇന്ന് അറുപത്തിയെട്ടാം പിറന്നാള്‍

ഇന്ന് നവംബര്‍ ഒന്ന്, കേരളപ്പിറവി ദിനം. ദൈവത്തിന്റെ സ്വന്തം നാടായ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 68 വര്‍ഷം തികയുന്നു. 1956 നവംബര്‍ ഒന്നിനാണ് മലബാര്‍, കൊച്ചി, തിരുവതാംകൂര്‍ എന്നീ നാട്ടുരാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് കേരളം രൂപീകരിക്കുന്നത്.

ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിന് ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള മലയാളികള്‍ ഇന്ന് കേരളപ്പിറവി ദിനം കൊണ്ടാടുന്നു. ഇത്തവണ സംസ്ഥാനം ഉപതിരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുമ്പോഴാണ് കേരളപ്പിറവി ദിനം എത്തിയിരിക്കുന്നത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് കേരളം ഉണ്ടാകുന്നത്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനര്‍സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

വീട്ടില്‍ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനിടയില്‍ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം

കോട്ടയത്ത് വീട്ടില്‍ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനിടയില്‍ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം. കരൂര്‍ സ്വദേശി പോള്‍ ജോസഫ് ആണ് മരിച്ചത്. വീട്ടില്‍ പണിക്ക് എത്തിച്ച ഹിറ്റാച്ചിയില്‍ കയറി സ്വയം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം.

പുരയിടം നിരപ്പാക്കാനെത്തിയ മണ്ണുമാന്തി യന്ത്രത്തിനുള്ളില്‍ പോളിന്റെ തല കുടുങ്ങുകയായിരുന്നു. വിവരമറഞ്ഞ് പൊലീസും അഗ്‌നിസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫോള്‍ ജോസഫിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ആദിവാസി മേഖലയിലെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കും; ആരോഗ്യ മന്ത്രി

സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ് എന്നീ വകുപ്പുകള്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്.

ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഫലപ്രദമായി നടപ്പിലാക്കാന്‍ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (എസ്.ഒ.പി.) തയ്യാറാക്കും. ആദിവാസി മേഖലയിലെ പോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അമ്മയും കുഞ്ഞും പദ്ധതി, മാതൃ ശിശു മരണങ്ങള്‍ കുറയ്ക്കുക, അരിവാള്‍ രോഗികളുടെ പ്രശ്നങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍, മാനസികാരോഗ്യം, വിമുക്തി തുടങ്ങിയ വിവിധ പ്രശ്നങ്ങള്‍ വിലയിരുത്തിയാകും ആക്ഷന്‍പ്ലാനും എസ്.ഒ.പിയും തയ്യാറാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് ദീപാവലി; വെളിച്ചത്തിന്റെ ഉത്സവം ആഘോഷിച്ച് രാജ്യം

ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. ദീപം കൊളുത്തിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ഇന്ന് രാജ്യത്തുടനീളം ദീപാവലി ആഘോഷിക്കുന്നു.

തിന്മയുടെ ഇരുളിന്‍ മേല്‍ നന്മയുടെ വെളിച്ചം നേടുന്ന വിജയമാണ് ദീപാവലി. ലക്ഷ്മിദേവീ അവതരിച്ച ദിവസമാണെന്നും ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണെന്നും ശ്രീരാമന്‍ രാവണനിഗ്രഹം നടത്തി അയോധ്യയില്‍ തിരിച്ചെത്തിയ ദിനമാണെന്നുമൊക്കെ ഐതിഹ്യങ്ങള്‍ പലതുണ്ട്. ദീപാവലി വ്രതം അനുഷ്ഠിച്ചാല്‍ സര്‍വ ഐശ്വര്യങ്ങളും വരുമെന്നും വിശ്വാസമുണ്ട്.

കണ്ണൂര്‍ എഡിഎം ആയി സി.പത്മചന്ദ്ര കുറുപ്പ് ചുമതലയേറ്റു

കണ്ണൂര്‍: അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) ആയി സി. പത്മചന്ദ്ര കുറുപ്പ് (55) ചുമതലയേറ്റു. കൊല്ലം പുനലൂര്‍ സ്വദേശിയാണ്. കൊല്ലം കളക്ടറേറ്റില്‍ ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മലപ്പുറം, എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ സ്വപ്ന പുനലൂര്‍ വി എച്ച് എസ് എസില്‍ ഇന്‍സ്ട്രക്ടറാണ്. വിദ്യാര്‍ത്ഥികളായ ഐശ്വര്യ, അഭിഷേക് എന്നിവര്‍ മക്കളാണ്.

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

കാസര്‍കോട് നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. അഞ്ഞൂറ്റമ്പലം വീരര്‍കാവിലെ കളിയാട്ടത്തിനിടെ ഉണ്ടായ അപകടത്തില്‍ നൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതന്‍, സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരന്‍, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരുടെ അറസ്റ്റാണ് നീലേശ്വരം പൊലീസ് ഇന്നലെ രേഖപ്പെടുത്തിയത്. കളിയാട്ട മഹോത്സവത്തിനായി സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ക്ക് തീപിടിച്ച് 154 പേര്‍ക്കാണ് പരിക്കേറ്റത്. 16 പേരുടെ നില ഗുരുതരമാണ്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപം തന്നെ പടക്കം പൊട്ടിച്ചതാണ് അപകടത്തിന് വഴി വച്ചതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവര്‍ കേരളത്തിലെയും കര്‍ണാടകയിലെയും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ചൂരല്‍മല,മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി

വയനാട്:ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പുനരധിവാസം വൈകുന്നത് ഉള്‍പ്പെടെ വിഷയങ്ങള്‍ ഉന്നയിച്ചാണ് ഒരു വിഭാഗം പ്രതിഷേധിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായി മൂന്ന് മാസം പൂര്‍ത്തിയാകുമ്പോഴാണ് ദുരന്തബാധിതര്‍ സമര രംഗത്ത് ഇറങ്ങുന്നത്. മൂന്ന് വാര്‍ഡുകളിലെ മുഴുവന്‍ ആളുകളെയും ദുരന്തബാധിതരായി പ്രഖ്യാപിക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പാക്കേജ് അനുവദിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.