Hivision Channel

Kerala news

സ്വാതന്ത്ര്യദിനാഘോഷം

ഇരിട്ടി:പടിയൂര്‍ ശ്രീനാരായണ എ.യു.പി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിന ആഘോഷം സംഘടിപ്പിച്ചു.പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഏ.കെ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി രാജിവ് ,വാര്‍ഡ് മെമ്പര്‍ കെ.വി. തങ്കമണി ,എ.എന്‍ കൃഷ്ണന്‍ കുട്ടി ,ശശിധരന്‍,ദീക്ഷിത ദിലീപ് ,ഹെഡ്മിസ്ട്രസ് സിന്ധു,രശ്മി എന്നിവര്‍ സംസാരിച്ചു.

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഇരിട്ടി:ബെന്‍ഹില്‍ ഇംഗ്ലീഷ് സ്‌കൂളിലെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ റിട്ട. ക്യാപ്റ്റന്‍ പ്രഭാകര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് തോമസ് പതാക ഉയര്‍ത്തി. ക്യാപ്റ്റന്‍ പ്രഭാകര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.സ്റ്റാഫ് സെക്രട്ടറി തോമസ് എംഎഫ്, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ നേഹ മരിയ ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ ദേശഭക്തിഗാനം, സ്‌കിറ്റ്, കലാപരിപാടികള്‍, മധുരപലഹാരവിതരണം എന്നിവ ഉണ്ടായിരുന്നു.

ഇരിട്ടി എസ്എന്‍ഡിപി യൂണിയന്‍ സ്വാതന്ത്ര്യ ദിനാഘോഷം

ഇരിട്ടി എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനത്തിന്റെ എണ്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇരിട്ടി യൂണിയന്‍ ഓഫീസിന് മുന്‍പില്‍ യൂണിയന്‍ സെക്രട്ടറി പി എന്‍ ബാബു ദേശീയ പതാക ഉയര്‍ത്തി.യൂണിയന്‍ വൈസ് പ്രസിഡണ്ട് കെ കെ സോമന്‍ ,എ എന്‍ സുകുമാരന്‍ മാസ്റ്റര്‍, പി പി കുഞ്ഞുഞ്ഞ്,ചന്ദ്രമതി ടീച്ചര്‍, എ എം കൃഷ്ണന്‍കുട്ടി,അനൂപ് പനക്കല്‍, കെ.എം സജിത എന്നിവര്‍ സംസാരിച്ചു

2047ല്‍ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

2047ല്‍ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 12 വര്‍ഷത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. കഴിഞ്ഞ 12 വര്‍ഷം രാജ്യത്തിന്റെ എല്ലാ വിഭാഗങ്ങളും രാജ്യത്തെ പുതിയ ഉയരങ്ങളില്‍ എത്താന്‍ പ്രയത്‌നിച്ചു. 140 കോടി ജനതയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നു. ലോകം ഇന്ത്യയെയും ഇന്ത്യയുടെ നേട്ടങ്ങളെയും നോക്കിക്കാണുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ചെറിയ സ്വപ്നങ്ങളല്ല, വലിയ സ്വപ്നങ്ങള്‍ കാണണം. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തില്‍ വികസിത രാജ്യമാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 140 കോടി ജനങ്ങള്‍ ഇതിനായി പ്രയത്‌നിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. 25 കോടി ആളുകളെ ദാരിദ്ര്യത്തില്‍നിന്ന് കൈപിടിച്ചുയര്‍ത്തി. വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുകയാണ്. ശക്തമായ ഇന്ത്യയെയാണ് ഇന്ന് ലോകം കാണുന്നത്. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി

ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ സംവിധാനത്തില്‍ ആരുടെയും ഔദാര്യമല്ല, അത് അവകാശമാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദുരന്തമുഖത്തുനിന്ന് അതിജീവിച്ചാണ് നമ്മള്‍ കടന്നുവന്നത്. നഷ്ടങ്ങള്‍ക്ക് പകരമാകാന്‍ ഒന്നിനും സാധിക്കില്ല. സര്‍ക്കാര്‍ ആ കുടുംബങ്ങളെ ചേര്‍ത്തു നിര്‍ത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഒറ്റക്കെട്ടായി ഏത് പ്രതിസന്ധിയും നമ്മള്‍ അതിജീവിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയദുരന്തങ്ങളെ നേരിടാന്‍ ശാസ്ത്രീയമായ സമീപനങ്ങളെയാണ് സര്‍ക്കാര്‍ തേടുന്നതെന്ന് അദേ?ഹം കൂട്ടിച്ചേര്‍ത്തു. ജാതിയും മതവും ലിംഗവിവേചനവും രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നേറാന്‍ ആകണം. മതേതരത്വവും ജനാധിപത്യ ബോധവും തുല്യതയുമാണ് നമ്മുടെ കരുത്തും ഊര്‍ജ്ജവും. അതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.

പട്ടിണി രോഗം തൊഴിലില്ലായ്മ എന്നിവ ഏതു ജനതയെയും പിന്നോട്ട് വലിക്കുന്ന മൂന്ന് കാര്യങ്ങള്‍. 79 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കേരളത്തിലും നമ്മുടെ രാജ്യത്തും ഇവ ഇന്നും അവശേഷിക്കുന്നു എന്നുള്ളത് യാഥാര്‍ത്ഥ്യം. രാജ്യവും ലോകവും കേരളവും ഇന്ന് പ്രത്യേകമായ ഘട്ടത്തിലൂടെ കടന്നു പോകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ യുവതയാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്ത്. സമീപകാല സംഭവങ്ങള്‍ അതാണ് തെളിയിക്കുന്നത്. തിരുത്തല്‍ ശക്തി ആകാനും ഭാവിയില്‍ തെളിമയോടെ രാജ്യത്തെ നയിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2026ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

2026ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 281 പൊലീസുദ്യോഗസ്ഥരാണ് മെഡലിന് അര്‍ഹരായത്. സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിന്റെയും അടിസ്ഥാനത്തിലാണ് പുരസ്‌കാരം. പതിവായി സ്വാതന്ത്ര്യദിന തലേന്നാണ് മെഡല്‍ പ്രഖ്യാപിക്കുന്നതെന്നിരിക്കെ ഇന്നലെ വൈകിയാണ് പട്ടിക പ്രഖ്യാപിച്ചത്.

സംസ്ഥാന പൊലീസ് മേധാവിയുടേയും സംസ്ഥാനതല സ്‌ക്രീനിങ് സമിതിയുടേയും ശുപാര്‍ശ പരിഗണിച്ചാണ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. അസി. പൊലീസ് കമ്മീഷണര്‍, ഇന്‍സ്പെക്ടര്‍, സബ് ഇന്‍സ്പെക്ടര്‍, അസി. സബ് ഇന്‍സ്പെക്ടര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, സിവില്‍ പൊലീസ് ഓഫീസര്‍, വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ റാങ്കിലുള്ളവരാണ് പട്ടികയിലുള്ളത്.

ഓണക്കാലത്തെ തിരക്ക്; കേരളത്തിലേക്ക് 112 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ഓണക്കാലത്തെ യാത്രാ തിരക്ക് മുന്‍നിര്‍ത്തി കേരളത്തിലേക്ക് 112 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രാലയം. ദക്ഷിണ റെയില്‍വേയില്‍ നിന്ന് 54 ഓണം സ്പെഷ്യല്‍ സര്‍വീസുകളും മറ്റ് സോണുകള്‍ 58 സര്‍വീസുകളും നടത്തും. സ്പെഷ്യല്‍ ട്രെയിനുകള്‍ സെപ്റ്റംബര്‍ ആദ്യവാരം വരെ സര്‍വീസ് നടത്തും. കേരളത്തിലേക്ക് ചെന്നൈ, ബെംഗളൂരു, ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്നാണ് സ്പെഷ്യല്‍ സര്‍വീസ് നടത്തുന്നത്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുമെന്നും റെയിവേ മന്ത്രാലയം അറിയിച്ചു.

അതേമയം, കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് 150 കെഎസ്ആര്‍ടിസി (കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍) ബസുകള്‍ സര്‍വീസ് നടത്തുമെന്ന് കര്‍ണാടക ഗതാഗത മന്ത്രിയുടെ ഉത്തരവില്‍ വ്യക്തമാക്കിയത്. ഓണക്കാലത്തെ തിരക്ക് ഒഴിവാക്കാനാണ് പ്രത്യേക ബസുകള്‍ അനുവദിച്ചിരിക്കുന്നത്. കര്‍ണാടക ഗതാഗത മന്ത്രി ബി എസ് ബൈരതി സുരേഷാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ എം പി നല്‍കിയ നിര്‍ദ്ദേശം പരിഗണിച്ചാണ് ഈ തീരുമാനം. ട്രെയിനുകളില്‍ ടിക്കറ്റ് ലഭ്യമല്ലാത്തതും സ്വകാര്യ ബസുകളില്‍ അമിത നിരക്ക് ഈടാക്കുന്നതും യാത്രക്കാര്‍ക്ക് വലിയ പ്രതിസന്ധിയാകുന്നത് മുന്‍നിര്‍ത്തിയായിരുന്നു എംപിയുടെ ഇടപെടല്‍. ആദ്യം പ്രഖ്യാപിച്ചിരുന്നത് 60 ബസുകളായിരുന്നു.

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്, കോട്ടയം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കാസര്‍കോട് എന്നീ പ്രധാന ജില്ലകളിലേക്കാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഓണം ആഘോഷിക്കാനായി നാട്ടിലേക്ക് പോകുന്നവര്‍ക്കായി ഈ മാസം 21 മുതല്‍ 25 വരെയാണ് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്ന്, ഇവിടങ്ങളില്‍ നിന്ന് കര്‍ണാടകയിലേക്ക് തിരികെ പോകേണ്ടവര്‍ക്കായി 27 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലും മടക്ക സര്‍വീസുകളും ലഭ്യമാക്കിയിട്ടുണ്ട്.

80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം

ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം. അടിമത്തത്തിന്റെ ഒരു യുഗത്തിന് അന്ത്യമായതിനൊപ്പം പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണര്‍ന്നെഴുന്നേറ്റ ദിവസം.

1947 ഓഗസ്റ്റ് 14 അര്‍ധരാത്രി. കൊളോണിയല്‍ ഭരണത്തിന്റെ അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും പ്രകാശത്തിലേക്ക് ഇന്ത്യ ഉണര്‍ന്നെഴുന്നേറ്റ ദിവസം. ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെയാണ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ വാക്കുകള്‍ കേട്ടത്.

ചമ്പാരന്‍ സത്യഗ്രഹവും ഖിലാഫത്തും നിസ്സഹകരണപ്രസ്ഥാനവും ദണ്ഡിയാത്രയും ക്വിറ്റ് ഇന്ത്യ സമരവും. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ എണ്ണമറ്റ സഹനസമരങ്ങള്‍. എത്രയെത്ര ദേശസ്‌നേഹികളുടെ സഹനത്തിന്റെയും കഷ്ടപ്പാടുകളുടേയും ചെറുത്തുനില്‍പിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.

സ്വാതന്ത്രാനന്തരഭാരതത്തിന് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. വിഭജനത്തിന്റെ മുറിവുകളും അടിയന്തരാവസ്ഥയും ചരിത്രത്തിലെ കറുത്ത ദിനങ്ങളായി. എന്നാല്‍ പിന്നീടിങ്ങോട്ട് രാജ്യം വികസനത്തിന്റെ പാതയില്‍ മുന്നേറി. ശാസ്ത്രസാങ്കേതികരംഗത്തും ബഹിരാകാശ ഗവേഷണത്തിലും പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു. സാമ്പത്തികരംഗത്തും പ്രതിരോധരംഗത്തും ഇന്ത്യ കുതിച്ചു. എന്നാല്‍ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനൊപ്പം വെല്ലുവിളികളെപ്പറ്റി നാം ബോധവാന്മാരാകുക കൂടി വേണം. സുസ്ഥിരവും സ്വയംപര്യാപ്തവുമായ വികസിതഭാരതമാകണം നമ്മുടെ സ്വപ്നം. ഐക്യവും ഒരുമയുമാകണം വളര്‍ച്ചയിലേക്കുള്ള നമ്മുടെ വഴികാട്ടി.

യുവജനങ്ങളുടെ പരാതികളില്‍ സൗജന്യ നിയമസഹായം നല്‍കും: യുവജന കമ്മീഷന്‍

യുവജനങ്ങളുടെ പരാതികളില്‍ സൗജന്യ നിയമ സഹായം ലഭ്യമാക്കുമെന്ന് യുവജന കമ്മീഷനംഗം പി പി രണ്‍ദീപ്. കളക്ടട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ വേതന കുടിശ്ശിക ലഭ്യമാകാത്ത സാഹചര്യം, അധിക സമയ ജോലിക്ക് വേതനം നല്‍കാത്ത സംഭവങ്ങള്‍ തുടങ്ങി നിരവധി പരാതികളാണ് യുവജന കമ്മീഷന് മുമ്പാകെ വരുന്നത്. വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പിനിരയാകുന്ന കേസുകളും ഏറിവരികയാണ്. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളി വിരുദ്ധ നടപടികള്‍, കോളേജിലെയും ഹോസ്റ്റലിന്റെയും ശോചനീയാവസ്ഥ പരിഹരിക്കുന്നത് സംബന്ധിച്ചുള്ള പരാതികള്‍ തുടങ്ങി വീട് അറ്റകുറ്റപ്പണികള്‍ നടത്തിയതിന്റെ തുക ലഭിക്കാത്ത പരാതികള്‍ വരെ കമ്മീഷന് മുമ്പില്‍ പരിഗണനയ്ക്ക് വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാപനങ്ങളില്‍ നിന്ന് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ മറ്റു ജോലികള്‍ തരപ്പെടാതെ പോകുന്നവര്‍ ഏറെയുണ്ട്. ഇതിന് പരിഹാരം കാണണമെന്ന്് ആവശ്യപ്പെട്ടും വിവിധ ജില്ലകളില്‍ നിന്നും യുവജന കമ്മീഷന് പരാതികള്‍ ലഭിക്കാറുണ്ട്. സാമൂഹ്യമാധ്യമങ്ങള്‍ വ്യാപകമാവുന്നതിനനുസരിച്ച് അതുവഴിയുള്ള കുറ്റകൃത്യങ്ങളും സൈബര്‍ തട്ടിപ്പിന് ഇരയാകുന്ന യുവജനങ്ങളുടെ എണ്ണവും ഏറിവരുകയാണ്. പി.എസ്.സി യുമായി ബന്ധപ്പെട്ട പരാതികളിലും യുവജനങ്ങള്‍ നീതി തേടി കമ്മീഷന് മുന്നിലെത്തുന്നു. പരാതിയുടെ ഗൗരവം അനുസരിച്ച് ശക്തമായ നടപടികള്‍ക്ക് കമ്മീഷന്‍ ശുപാര്‍ശചെയ്യുന്നുണ്ടെന്നും പി.പി.രണ്‍ദീപ് പറഞ്ഞു.

സംസ്ഥാന യുവജന കമ്മീഷന്‍ കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാ അദാലത്തില്‍ 17 പരാതികള്‍ പരിഗണിച്ചു. 8 പരാതികള്‍ പരിഹരിച്ചു. 9 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയ 3 പരാതികള്‍ ലഭിച്ചു. അദാലത്തില്‍ യുവജന കമ്മീഷന്‍ അഡ്മിനിട്രേറ്റീവ് ഓഫീസര്‍ എ ഷഹന്‍ഷാ, ലീഗല്‍ അഡൈ്വസര്‍ അഡ്വ. പി കൃഷ്ണപ്രസാദ്, അസിസ്റ്റന്റ് പി അഭിഷേക് എന്നിവരും പങ്കെടുത്തു.

പ്രളയ പ്രതിരോധത്തിന് ശാസ്ത്രീയ സമീപനം; ‘കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാന്‍ സര്‍ക്കാര്‍

കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ ‘കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഐ.ഐ.ടികളിലെ വിദഗ്ധര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

രാജ്യത്തിനുതന്നെ മാതൃകയാകുന്ന വിധത്തില്‍ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മികച്ച പ്രളയ പ്രതിരോധ സംവിധാനം സംബന്ധിച്ച സമഗ്ര രൂപരേഖ ഐ.ഐ.ടി റൂര്‍ക്കി, ഐ.ഐ.ടി പാലക്കാട്, ഐ.ഐ.ഐ.ടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധര്‍ അടങ്ങിയ സംഘം മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.

സംസ്ഥാനത്തുണ്ടാകുന്ന തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ വിവിധ തരം പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ശാസ്ത്രീയമായ മുന്നൊരുക്കങ്ങളാണ് വിദഗ്ധ സംഘം നിര്‍ദ്ദേശിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, റിമോട്ട് സെന്‍സിംഗ്, ഹൈഡ്രോഡൈനാമിക് മോഡലിംഗ്, കൃത്യതയാര്‍ന്ന മഴ പ്രവചന സംവിധാനങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി പ്രളയ സാധ്യതയുള്ള പ്രദേശങ്ങള്‍ നേരത്തെ കണ്ടെത്താനും കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാനും പദ്ധതി വഴി സാധിക്കും. പുഴകള്‍, തടാകങ്ങള്‍, കായലുകള്‍ എന്നിവയിലെ എക്കലും മണ്ണും നീക്കം ചെയ്യുന്ന നടപടികള്‍ പ്രകൃതിയെയും ജലത്തിന്റെ ഒഴുക്കിനെയും എങ്ങനെ ബാധിക്കുമെന്നത് ശാസ്ത്രീയമായി പഠിച്ചശേഷമെ നടപ്പാക്കാവൂ എന്നും ഐ.ഐ.ടി സംഘം ചൂണ്ടിക്കാട്ടി.