
യുവജനങ്ങളുടെ പരാതികളില്‍ സൗജന്യ നിയമ സഹായം ലഭ്യമാക്കുമെന്ന് യുവജന കമ്മീഷനംഗം പി പി രണ്‍ദീപ്. കളക്ടട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ വേതന കുടിശ്ശിക ലഭ്യമാകാത്ത സാഹചര്യം, അധിക സമയ ജോലിക്ക് വേതനം നല്‍കാത്ത സംഭവങ്ങള്‍ തുടങ്ങി നിരവധി പരാതികളാണ് യുവജന കമ്മീഷന് മുമ്പാകെ വരുന്നത്. വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പിനിരയാകുന്ന കേസുകളും ഏറിവരികയാണ്. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളി വിരുദ്ധ നടപടികള്‍, കോളേജിലെയും ഹോസ്റ്റലിന്റെയും ശോചനീയാവസ്ഥ പരിഹരിക്കുന്നത് സംബന്ധിച്ചുള്ള പരാതികള്‍ തുടങ്ങി വീട് അറ്റകുറ്റപ്പണികള്‍ നടത്തിയതിന്റെ തുക ലഭിക്കാത്ത പരാതികള്‍ വരെ കമ്മീഷന് മുമ്പില്‍ പരിഗണനയ്ക്ക് വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാപനങ്ങളില്‍ നിന്ന് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ മറ്റു ജോലികള്‍ തരപ്പെടാതെ പോകുന്നവര്‍ ഏറെയുണ്ട്. ഇതിന് പരിഹാരം കാണണമെന്ന്് ആവശ്യപ്പെട്ടും വിവിധ ജില്ലകളില്‍ നിന്നും യുവജന കമ്മീഷന് പരാതികള്‍ ലഭിക്കാറുണ്ട്. സാമൂഹ്യമാധ്യമങ്ങള്‍ വ്യാപകമാവുന്നതിനനുസരിച്ച് അതുവഴിയുള്ള കുറ്റകൃത്യങ്ങളും സൈബര്‍ തട്ടിപ്പിന് ഇരയാകുന്ന യുവജനങ്ങളുടെ എണ്ണവും ഏറിവരുകയാണ്. പി.എസ്.സി യുമായി ബന്ധപ്പെട്ട പരാതികളിലും യുവജനങ്ങള്‍ നീതി തേടി കമ്മീഷന് മുന്നിലെത്തുന്നു. പരാതിയുടെ ഗൗരവം അനുസരിച്ച് ശക്തമായ നടപടികള്‍ക്ക് കമ്മീഷന്‍ ശുപാര്‍ശചെയ്യുന്നുണ്ടെന്നും പി.പി.രണ്‍ദീപ് പറഞ്ഞു.
സംസ്ഥാന യുവജന കമ്മീഷന്‍ കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാ അദാലത്തില്‍ 17 പരാതികള്‍ പരിഗണിച്ചു. 8 പരാതികള്‍ പരിഹരിച്ചു. 9 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയ 3 പരാതികള്‍ ലഭിച്ചു. അദാലത്തില്‍ യുവജന കമ്മീഷന്‍ അഡ്മിനിട്രേറ്റീവ് ഓഫീസര്‍ എ ഷഹന്‍ഷാ, ലീഗല്‍ അഡൈ്വസര്‍ അഡ്വ. പി കൃഷ്ണപ്രസാദ്, അസിസ്റ്റന്റ് പി അഭിഷേക് എന്നിവരും പങ്കെടുത്തു.














